"ഞങ്ങള്‍ വനത്തിലേ താമസിക്കുകയുള്ളൂ, ഞങ്ങളുടെ മലദൈവങ്ങളൊക്കെ വനത്തിലാണുളളത്, ഞങ്ങള്‍ അതിന് ശരിക്ക് കൊടുതി കൊടുക്കാത്തത് കൊണ്ടാണ് ഞങ്ങളുടെ മൂന്നാളുകള്‍ കഴിഞ്ഞ പ്രാവശ്യം കാട്ടില്‍ നിന്ന് മരിച്ച് പോയത്. ഞങ്ങള്‍ക്ക് നിങ്ങള്‍ ടൗണില്‍ എത്ര ഭൂമി തന്നിട്ടും കാര്യമില്ല, ഞങ്ങള്‍ക്ക് ടൗണില്‍ ഭൂമി വേണ്ട... ഞങ്ങള്‍ക്കത് പറ്റൂല, ഞങ്ങളുടെ ജീവിതമൊക്കെ കാടിനുള്ളിലാണ്... മരുന്നൊക്കെ ശേഖരിച്ചാണ് ഞങ്ങളുടെ ജീവിതം. നാട്ടിലിറങ്ങിയാല്‍ നാട്ടിലെ പണിയൊന്നും ഞങ്ങള്ക്കറിയൂല... കാട് വിട്ട് പോവാന്‍ ഞങ്ങള്‍ക്ക് പറ്റൂല...", നിലമ്പൂരിലെ എടക്കര മുത്തേടം പൂളക്കപ്പാറയിലെ ഊര് മൂപ്പത്തി വെള്ളാകയുടെ വാക്കുകളാണിവ.
മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന ഊരുനിവാസികളെ പുനരധിവസിപ്പിക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസമാണ് വെള്ളാകയുടെ നേതൃത്വത്തില്‍ ഊരുവാസികള്‍ നിലമ്പൂര്‍ പൂളക്കപ്പാറയിലെ വനഭൂമി കൈയേറി കുടില്‍ കെട്ടിയത്. മൂത്തേടം ഗ്രാമപ്പഞ്ചായത്തില്‍പ്പെട്ട നെല്ലിക്കുത്ത്, പൂളക്കപ്പാറ ഊരുകളില്‍ നിന്നുള്ള 24 കുടുംബങ്ങളാണ് പടുക്ക ഫോറസ്റ്റ് സ്റ്റേഷനു സമീപം കുടില്‍കെട്ടി സമരം തുടങ്ങിയത്. തങ്ങള്‍ക്ക് ഭൂമി ലഭിക്കാതെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍. കാട്ടുനായ്ക്ക, പണിയ വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് സമരത്തിലുള്ളത്. എല്ലാ വര്‍ഷവും വെള്ളപ്പൊക്കവും മഴക്കെടുതിയും ഉണ്ടാവുന്നതിനാല്‍ പുഴയോരത്തെ ഊരുകളില്‍ താമസിക്കുന്നത് ജീവനു ഭീഷണിയാണെന്നും വിഷയത്തില്‍ അധികൃതര്‍ നിസ്സംഗത കാണിക്കുകയാണെന്നാണ് ഊരുവാസികള്‍ പറയുന്നത്. വെള്ളിഴാഴ്ച വൈകീട്ട് ചര്‍ച്ച നടത്താമെന്ന ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ നല്കിയ ഉറപ്പിന്മേലാണ് പ്രതിഷേധക്കാര്‍ താത്ക്കാലികമായി സമരത്തില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ തങ്ങളെ ചര്‍ച്ചക്ക് വിളിച്ച് അധികൃതര്‍ അപമാനിക്കുകയായിരുന്നു എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഊരുവാസിയായ നിശാന്തിനി അഴിമുഖത്തോട് പറഞ്ഞത്.
ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചിത്ര നിലമ്പൂര്‍, ഊര് മൂപ്പത്തി വെള്ളക, ഊരുവാസികളായ നിശാന്തിനി, ലീല എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 2010ല്‍ നിലമ്പൂരിലെ 503 ഏക്കര്‍ വനഭൂമി ഭൂരഹിതര്‍ക്ക് നല്കാന് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ 278 ഏക്കര്‍ ഭൂമി മാത്രമാണ് വനംവകുപ്പ് ഇതുവരെ കണ്ടെത്തി സര്‍വ്വേ നടപടികള്‍ ആരംഭിച്ചത്. ബാക്കി ഭൂമി കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ലെന്നാണ് വനംവകുപ്പ് അധികൃതരുടെ വാദം. 16528 കുടുംബങ്ങളാണ് നിലമ്പൂരിലുള്ളത്. ഇവരില്‍ പലര്‍ക്കും ഭൂമിയില്ല. രേഖ പോലും ഇല്ലാത്ത രണ്ട് സെന്റ് ഭൂമിയാണ് കാട്ടുനായ്കര്‍ക്കുള്ളത്. ഇതിനു അധികൃതര്‍ പരിഹാരം കാണണമെന്നാണ് സമരക്കാരുടെ ആവശ്യം.
ചര്‍ച്ചക്ക് ശേഷം നിശാന്തിനി അഴിമുഖത്തോട് പറഞ്ഞത് ഇങ്ങനെ: "നിങ്ങള്‍ക്ക് ഭൂമി നല്കാന് ഞങ്ങള്‍ക്കാവില്ല, അതിന് ഞങ്ങളുടെ മേലുദ്യോഗസ്ഥര്ക്കേ പറ്റുകയുള്ളു, അതിന് തന്നെ നിങ്ങള്‍ കുറേ നിയമനടപടികള്‍ നടത്തേണ്ടി വരും. ഞങ്ങളോട് കാട്ടിലേക്ക് പോവേണ്ട എന്നൊക്കെയാണ് അവര്‍ പറയുന്നത്. അങ്ങോട്ട് പോയാല്‍ അവര്‍ എന്തൊക്കെയോ ചെയ്യുമത്രെ. ഞങ്ങള്‍ അങ്ങോട്ട് തന്നെയാണ് പോകുന്നത്. പൂളക്കപ്പാറ, നെല്ലിക്കുത്ത് കോളനികള്‍ ഈ പുഴയുടെ വക്കത്തല്ലേ. ഈ കുഞ്ഞുക്കുട്ടികളെയും കൊണ്ട് കാട്ടിലേക്കല്ലാതെ എങ്ങട്ടാ ഞങ്ങള്‍ പോകുക. ഇക്കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പാക്കി തരാമെന്ന് പറഞ്ഞാണ് അവര്‍ ഞങ്ങളെ ചര്‍ച്ചക്ക് വിളിച്ചത്. ഒരു ഒത്തു തീര്പ്പുമുണ്ടാക്കാതെ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അവിടെ നിന്ന് ഇറങ്ങി പോകുകയായിരുന്നു. അതിനിടെ, അവര്‍ ഞങ്ങളെ കൊണ്ട് വെള്ള പേപ്പറില്‍ പേരെഴുതി ഒപ്പിടിച്ച് വാങ്ങിയിട്ടുണ്ട്. അതില്‍ എഴുതിയ കാര്യം ഞങ്ങള്‍ക്ക് വായിക്കാന്‍ തന്നിട്ടില്ല. ഞങ്ങള്‍ എവിടെ സമരം തുടങ്ങിയോ അവിടേക്ക് തന്നെ പോകുകയാണ്" - നിശാന്തിനി പറഞ്ഞു നിര്‍ത്തി.
ചര്‍ച്ച പരാജയപ്പെട്ടതോടെ സമരക്കാര്‍ ഇന്നലെ രാത്രി തന്നെ കാട്ടിലേക്ക് പോയി. വനംവകുപ്പ് ഉദ്യോഗസ്ഥരും സമരക്കാരും മുഖാമുഖം നില്ക്കുന്ന അവസ്ഥയാണ് പടുക്ക ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ കാട്ടില്‍. "ഇന്നലെ രാത്രി ഞങ്ങള്‍ ഇവിടെ എത്തി. അവര്‍ ഞങ്ങളെ ഭക്ഷണം കഴിക്കാനൊന്നും അയച്ചില്ല. ഞങ്ങളോട് അവര്‍ ഇറങ്ങി പോകണം എന്നവശ്യപ്പെട്ടു. ഞങ്ങള്‍ ഇറങ്ങില്ല എന്നും പറഞ്ഞു. കുട്ടികള്‍ ഒക്കെ ഇന്നലെ വിശന്നാണ് കിടന്നുറങ്ങിയത്. ഞങ്ങള്‍ കെട്ടിയ രണ്ടു ഷെഡ്ഡുകളുടെ മേല്‍ക്കൂരയും അവര്‍ പൊളിച്ച് കൊണ്ടു പോയി. കുറേ ആളുകളുടെ അരിയും ചോറും സാധനങ്ങളും എല്ലാം നനഞ്ഞ് നാശമായി. ഇന്ന് കാലത്ത് കുട്ടികള്‍ക്ക് പഴഞ്ചോറ് കൊടുക്കാമെന്ന് കരുതി വെച്ച് ചോറാണ് നാശമായത്. ഞങ്ങള്‍ എതിര്‍ക്കാനൊന്നും പോയില്ല, അവര്‍ ചെയ്യുന്നത് ചെയ്യട്ടെ എന്ന് കരുതി, ഊരുവാസിയായ രഞ്ജിനി പറഞ്ഞു.
ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചിത്ര നിലമ്പൂര്‍ പൂളക്കപ്പാറയിലെ സമരത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ''ഇത് പെട്ടെന്നുണ്ടായ സമരമല്ല. പൂളക്കപ്പാറയിലെ കോളനി കാട്ടുനായ്ക്ക സമുദായമാണ്. പിന്നെ തൊട്ടടുത്ത് തന്നെ നെല്ലിക്കുത്ത് എന്ന ഒരു കോളനിയുണ്ട്. അത് പണിയ കോളനിയാണ്. രണ്ടും തൊട്ടടുത്താണ്. അത് സമുദായമായതിനാല്‍ വേര്‍തിരിച്ചതാണ്. പ്രളയക്കാലത്ത് ഇവരുടെ കുടിലുകള്‍ എല്ലാം വെള്ളത്തിലാവും. മാത്രമല്ല, ടോയ്ലറ്റുണ്ടാക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. ടോയ്ലറ്റൊക്കെ പൊട്ടി ആകെ നാശമായി കിടക്കുകയാണ്. അതിനടുത്തു കൂടി പോലും പോവാന്‍ പറ്റില്ല. ഇവര്‍ക്ക് കുടിലുകള്‍ മാത്രമേയുള്ളു, ഭൂമിയില്ല. പ്രളയം വരുമ്പോള്‍ എല്ലാം ഇവരെ കാട്ടിനുള്ളില്‍ ഒരു ബദല്‍ സ്കൂളിലേക്ക് മാറ്റി താമസിപ്പിക്കാറാണ്. അവിടെ ആണെങ്കില്‍ ഒരു സൗകര്യവും നല്‍കില്ല. മഴ പോകമ്പോള്‍ വീണ്ടും പഴയ കുടിലുകളിലേക്ക് തന്നെ തിരിച്ചു കൊണ്ടു വരും. ഇതാണ് സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും സ്ഥിരം കലാപരിപാടി.
അപ്പോള്‍ ഇത് സഹിച്ച് സഹിച്ച് അവര്‍ ഈ വര്‍ഷം തീരുമാനിച്ചിട്ടുണ്ടാവും, ഞങ്ങള്‍ മാറിപ്പോയി താമസിക്കുമെന്ന്, അപ്പോള്‍ അവര്‍, വിളിച്ച് പറഞ്ഞത്, ഞങ്ങള്‍ ഇവിടെ കുടില്‍ കെട്ടിയിട്ടുണ്ട് ഇപ്പോള്‍ പോലീസും ഫോറസ്റ്റും വന്നിട്ട് ഞങ്ങളെ തടയുകയാണ് എന്നാണ്. ഞങ്ങളെ ഇറക്കിവിടും അറസ്റ്റ് ചെയ്യുമെന്നൊക്കെ പറയുന്നുണ്ട്. വരണം എന്ന് പറഞ്ഞു. ഞാന്‍ പോയിനോക്കുമ്പോള്‍ അവര്‍ ഒരു ഷീറ്റ് വലിച്ച് കെട്ടി ഒരു കുടില്‍ കെട്ടിയിട്ടുണ്ട്. ഫോറസ്റ്റ് സ്റ്റേഷന്റെ തൊട്ട് തന്നെ, തേക്കിന് തോട്ടത്തില്‍. അപ്പോള്‍ ഫോറസ്റ്റുകാരൊക്കെ അവിടെയുണ്ട്. അവര്‍ കാട് വിട്ട് പോകാത്തതിന് പറയുന്നത് അവരുടെ ദൈവസങ്കല്പ്പമാണ് എന്നാണ്. അവര്‍ വനാവകാശ നിയമം ഒക്കെ കുറച്ച് അറിയുന്നവരാണ്. വനാവകാശ നിയമപ്രകാരം 13 തെളിവുകളും ഇവര്‍ നിരത്തുന്നുണ്ട്. ഇവര്‍ താമസിച്ച വീടിന്റെ അവശിഷ്ടങ്ങള്‍, കുളങ്ങള്‍, കിണര്‍, ശ്മശാനം, ആരാധിച്ച മരങ്ങള്‍, പാറകള്‍ അതെല്ലാം കാണിച്ച് തരാം. വനാവകാശ നിയമപ്രകാരം തങ്ങള്‍ക്ക് ആ ഇടം വേണമെന്നാണ് മൂപ്പത്തി പറയുന്നത്.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട്, കേരളത്തിലെ അഞ്ചു ജില്ലകളില്‍ 2010ല്‍ സുപ്രിം കോടതി ഭൂരഹിതരായ ഗോത്ര വര്‍ഗങ്ങള്‍ക്ക് നല്കാന് കുറച്ച് ഭൂമി വിധിച്ചിട്ടുണ്ട്. അതില്‍ 503 ഏക്കര്‍ ഭൂമിയാണ് മലപ്പുറം ജില്ലയിലുള്ളത്. നിലമ്പൂരില്‍ ഒരു തുണ്ട് ഭൂമി ഇല്ലാത്ത അവസ്ഥയാണ്. കുറച്ച് സമരവും ഇടപെടലും നടത്തിയതിന്റെ ഭാഗമമായി ഈ 503ല്‍ നിന്ന് 278 ഏക്കര്‍ വനഭൂമിയേ അധികൃതര്‍ നമുക്ക് മാറ്റി തന്നിട്ടുള്ളു. അതിന്റെ സര്‍വ്വേ നടന്ന് കൊണ്ടിരിക്കുകയാണ്. ബാക്കി 225 ഏക്കര്‍ എന്താ തരാത്തത് എന്ന് ചോദിച്ചപ്പോള്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ പറയുന്നത്, അത് എവിടെ എന്ന് അവര്‍ക്ക് അറിയില്ല എന്നാണ്. ഞങ്ങള്‍ക്ക് വേണ്ടി സുപ്രീം കോടതി മാറ്റി വെച്ച ഈ 225 ഏക്കര്‍ വന ഭൂമി ഇവിടെ ഉണ്ടായിരിക്കെ തന്നെ ഊരുവാസികള്‍ ഇതുപോലെ വെട്ടിപ്പിടിക്കേണ്ട അവസ്ഥയിലാണ്. അവിടെ വെട്ടിപ്പിടിക്കുമ്പോള്‍ ഏതൊരാള്‍ക്കും അത് നിയമപരമായി തെറ്റാണെന്ന് പറയാം. അങ്ങനെയാണെങ്കില്‍, ഞങ്ങളുടെ 225 ഏക്കര്‍ വനഭൂമി എവിടെയാണ്. അത് ഇവര്‍ കാണിച്ച് തരണ്ടേ?
അതിന്റെ കോപ്പി നമ്മള്‍ക്ക് ഐറ്റിഡിപി തന്നതാണ്. അതില്‍ ഇന്ന ഇന്ന പ്രദേശത്താണ് ഇത് കിടക്കുന്നത് എന്ന് പറയുന്നുണ്ട്. അതിന്റെ കോപ്പി ജില്ലാ ഫോറസ്റ്റ് ഓഫീസിനും ജില്ലാ കലക്ടര്‍ക്കും കൈമാറിയതാണ്. അത് നമുക്ക് തരണ്ടേ. വയനാട്ടിലും അട്ടപ്പാടിയിലും എല്ലാം അത്യാവശ്യത്തിന് ഭൂമി കൊടുത്തിട്ടുണ്ട്. വനാവകാശ നിയമപ്രകാരം 10 ഏക്കര്‍ ഭൂമി വരെ അട്ടപ്പാടിയില്‍ കിട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അട്ടപ്പാടിയിലാണ് കിട്ടിയത്. പക്ഷെ, നിലമ്പൂരിലെ അവസ്ഥ എന്ന് പറയുന്നത്, ഈ കുടില്‍ നില്ക്കുന്ന 360 സ്ക്വയര്‍ ഫീറ്റ് അല്ലാതെ ഒരു ടോയ്ലറ്റ് നിര്‍മ്മിക്കാനോ കിണര്‍ നിര്‍മ്മിക്കാനോ സ്ഥലമില്ല. കിണര്‍ കുഴിക്കാന്‍ സ്ഥലമില്ലാത്തത് കൊണ്ടാണ് പൈപ്പ് ലൈനും മറ്റും. ഇപ്പോള്‍ ടോയ്ലറ്റ് കെട്ടാന്‍ പറ്റാത്തത് കൊണ്ട്, കോമണായിട്ടുള്ള ടോയ്ലറ്റ് ആണ്. ഇതിന്റെയൊക്കെ ആവശ്യം എന്താണ്. ആദിവാസിക്ക് ടോയ്ലറ്റിന് ഇടമില്ല എന്ന് പറയുമ്പോള്‍ കോമണായിട്ടുള്ള ടോയ്ലറ്റ്. അല്ലെങ്കിലെ പീഡനത്തിന്റെ കാലമാണ്. രാത്രിയൊരു പെണ്‍കുട്ടി പോകമ്പോള്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ പറ്റുമോ?
അതു പോലെ ഭൂമി ഇല്ലാ എന്ന് പറഞ്ഞ് ഫ്ലാറ്റ് കൊടുക്കുന്നു.. രണ്ടു നില, മൂന്നു നില...അപ്പോഴും കെട്ടിയതിന്മേല്‍ കെട്ടുക എന്നല്ലാതെ, ഭൂമി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഈ സമരത്തിന് പിന്നില്‍ നമ്മള് ഒരു രാഷ്ട്രീയവും കളിക്കുന്നില്ല, പാവപ്പെട്ട കാടിന്റെ മക്കളായ, കാട്ടുനായ്ക്കയൊക്കെ ഇങ്ങനെ ശബ്ദിക്കണമെങ്കില്‍, അവരുടെ പിന്നിലും മുന്നിലുമൊന്നും ആരുമില്ല, അവര്‍ അനുഭവിച്ച് മടുത്തത് കൊണ്ടാണ് ഇപ്പോഴത്തെ ഈ സമരം. ഇന്നലെ ഞാന്‍ പറഞ്ഞത് കൊണ്ടാണ് അവര്‍ അവിടെ നിന്ന് മാറിനിന്നത്, എന്നിട്ട്, അവര്‍ പറയുന്നത്, ചിത്രേ, നീയും രാഷ്ട്രീയക്കാര്‍ക്ക് കൂട്ട് നില്ക്കുകയാണോ എന്നാണ്. അവിടെ ആന ഇറങ്ങും ഒന്ന് മാറി നില്ക്കൂ എന്ന് പറഞ്ഞിട്ടാണ് അവരെ അവിടെ നിന്ന് മാറ്റിയത്. ഇന്ന് നാലു മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ അവര്‍ക്ക് അനുകൂലമായി വനം വകുപ്പ് പറഞ്ഞിട്ടില്ലെങ്കില്‍, അവിടെ കാട് വെട്ടി നിരത്തും, തേക്ക് മുറിക്കും, വീട്ടി മുറിക്കും എന്നൊക്കെയാണ് അവര്‍ പറയുന്നത്. ഇനി എന്തൊക്കെ ആവുമെന്ന് ആര്‍ക്കറിയാം" ചിത്ര പറയുന്നു.
അതേസമയം, നിലമ്പൂരില്‍ ഇപ്പോള്‍ പെട്ടൊന്ന് സമരം തുടങ്ങുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് ചില ആദിവാസി സംഘടനകള്‍ ആരോപിക്കുന്നത്. ആദിവാസി വനിതാ പ്രസ്ഥാനം അടക്കമുള്ള സംഘടനകളുമായി കൂടിയാലോചിക്കാതെയാണ് സമരം ചെയ്യുന്നതെന്നാണ് ആരോപണം. എന്നാല്‍, ഊരുവാസികള്‍ തന്നെ വിളിച്ച് സഹായം തേടിയപ്പോള്‍ തന്നെ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന് അടക്കമുള്ളവരെ വിളിച്ചറിയിച്ചിട്ടുണ്ട് എന്ന് ചിത്ര പറയുന്നു. "ഇത് കല്ല്യാണമൊന്നുമല്ലല്ലോ, എല്ലാവരേയും അറിയിച്ചു കൊണ്ട് നടത്താന്‍, ഞാന്‍ കാട്ടുനായ്ക്കയാണ്, ഇവര്‍ എന്റെ ആളുകളാണ്, എന്റെ ആളുകളെ പോലീസ് വന്ന് തടയും എന്ന് പറയുമ്പോള്‍ ഞാന്‍ നാടൊട്ടുക്ക് ക്ഷണക്കത്തും കൊടുത്തിട്ടല്ലല്ലോ അവിടെ പോവേണ്ടത്", ചിത്ര പറയുന്നു
നിലമ്പൂരിലെ ഊരുവാസികള്‍ക്ക് കൃഷി ചെയ്യാനായി ചുരുങ്ങിയത് ഒരു ഏക്കര്‍ ഭൂമി എങ്കിലും കൊടുക്കണമെന്നാണ് ആദിവാസി അവകാശ പ്രവര്‍ത്തകയായ ബിന്ദു അമ്മിണി പറയുന്നത്. ''അവര്‍ക്ക് ആവശ്യമായ സാധനങ്ങളെങ്കിലും കൃഷി ചെയ്ത് ജീവിക്കാന്‍ പറ്റണം. കാട്ടിനകത്ത് താമസിക്കുന്ന കാട്ട്നായ്ക്ക സമുദായങ്ങള്‍ക്ക് ഫ്ലാറ്റുകള്‍ ഉണ്ടാക്കിക്കൊടുത്തു, ഫ്ലാറ്റ് എന്ന് പറയുമ്പോള്‍ പേരു മാത്രമേ ഫ്ലാറ്റ് എന്നുള്ളൂ. ഒരു ബഹുനില കെട്ടിടം. അവര്‍ക്ക് ഒരു തുണ്ട് ഭൂമിയില്ല. എന്നിട്ട്, അവരുടെ സ്ഥലം, ക്ഷേത്രം, (ക്ഷേത്രം എന്ന് പറയുമ്പോള്‍ പരമ്പരാഗതമായ ഹിന്ദു ദൈവങ്ങള്‍ ഒന്നുമല്ല ആദിവാസികളുടെ ദൈവങ്ങള്‍, അവര്‍ പ്രകൃതിയെയൊക്കെയാണ് ആരാധിക്കുന്നത്) അതൊക്കെ ഇവര്‍ പിടിച്ചെടുത്തിട്ട് ഇപ്പോള്‍ ആ ക്ഷേത്രം അങ്കണ്വാടിയാക്കി മാറ്റി. ഇവിടുത്തെ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും അങ്കണ്‍വാടികളും സ്കൂളുകളും ആശുപത്രികളുമായി മാറുന്നത് നല്ല കാര്യം തന്നെ. പക്ഷെ, ഇത് ആദിവാസികളുടെ ആരാധനലായങ്ങളുടെ കാര്യം വരുമ്പോള്‍ മാത്രമേയുള്ളു എന്നതാണ് നമ്മുടെ സംശയം. മറ്റുള്ള ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്കുമ്പോള് ആദിവാസികളുടെ അമ്പലങ്ങള്‍ പിടിച്ചെടുത്ത് അങ്കണ്വാടിയാക്കുക എന്ന പറയുന്നത് ഇരട്ടത്താപ്പാണ്. ഇന്ത്യയിലെ ആദിവാസികളും ദലിതുകളും ഒന്നും ഹിന്ദുക്കളല്ല, അവരെ ഹിന്ദുത്വവത്ക്കരിക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. അവരുടെ ക്ഷേത്രങ്ങള്‍ തകര്‍ത്ത് അവര്‍ക്ക് പുതിയ ക്ഷേത്രങ്ങളും പുതിയ ദൈവങ്ങളെയും ഉണ്ടാക്കികൊടുക്കുന്ന ഒരു സാംസ്കാരിക അധിനിവേശമാണ് ഇപ്പോള്‍ നടക്കുന്നത്. കാടുകളില്‍ സ്വതന്ത്രമായി ജീവിച്ചിരുന്ന ഈ മനുഷ്യരെ ആട്ടിപ്പായിച്ച് ഒരു കോളനിയില്‍ കൊണ്ടിട്ടിരിക്കുകയാണ്. ഒരു ചെറിയ മഴ വന്നാല്‍ പോലും അവര്‍ക്ക് ഈ കോളനികളില്‍ നില്ക്കാന് പറ്റില്ല. കൈക്കുഞ്ഞുങ്ങളെയും പ്രായമായവരെയും കൊണ്ട് ഇവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുകയാണ്. ഇതില്‍ മനം മടുത്താണ് ഇന്നലെ അവര്‍ വനഭൂമിയിലേക്ക് പോയത് ആരുടെയും ആഹ്വാനപ്രകാരമല്ല അവര്‍ പോയത്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് അവര്‍ അവിടെ പോയി ഇരുന്നത്".