TopTop

കേരളത്തിൽ ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ്‌, പുറത്തുപോകുന്നവർ തിരിച്ചറിയൽ കാർഡോ പാസോ കരുതണം

കേരളത്തിൽ ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ്‌, പുറത്തുപോകുന്നവർ തിരിച്ചറിയൽ കാർഡോ പാസോ കരുതണം

കേരളത്തില്‍ ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് 19 (കൊറോണ) വൈറസ് പോസിറ്റീവ് ആയി കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് 1, പാലക്കാട് - 2, എറണാകുളം 3, ഇടുക്കി 1, പത്തനംതിട്ട - 2 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകൾ. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ നാല് പേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ ഫ്രാന്‍സില്‍ നിന്നും ഒരാള്‍ യുകെയില്‍ നിന്നും എത്തിയതാണ്. മറ്റ് മൂന്ന് പേർക്ക് ഇവരുമായുള്ള സമ്പർക്കത്തിൽ നിന്നാണ് വൈറസ് പകർന്നിരിക്കുന്നത്. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 76542 പേരാണ്. 532 പേർ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലും. 12 പേര്‍ രോഗവിമുക്തി നേടി. ഇന്ന് ആശുപത്രികളിലെത്തിയത് 112 പേരാണ്. ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. സർക്കാരിന് കൂടുതൽ അധികാരങ്ങളുണ്ടാകും. മതസ്ഥാപനങ്ങളിലടക്കം ആൾക്കൂട്ടത്തിന് നിരോധനമേർപ്പെടുത്തി. പരിപാടികൾ നിയന്ത്രിക്കാനും അതിർത്തികൾ അടക്കാനും സർക്കാരിന് അധികാരമുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടിന് പുറത്തിറങ്ങുന്നവർ തിരിച്ചറിയൽ കാർഡോ പാസോ കയ്യിൽ കരുതണം. ഇത് പൊലീസ് ആവശ്യപ്പെടുമ്പോൾ നൽകണം. അവശ്യയാത്രകള്‍ക്ക് ഓണ്‍ലൈന്‍ വഴി പാസ് നല്‍കും. ഒഴിവാക്കാനാകാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം യാത്ര ചെയ്യുക. ഇതര സംസ്ഥാനത്ത് താമസിക്കുന്ന മലയാളികള്‍ കഴിയുന്നതും കേരളത്തിലേയ്ക്കുള്ള യാത്ര ഒഴിവാക്കണം. 21 ദിവസത്തെ ലോക്ക് ഡൌണിന് ശേഷം വരുന്നതായിരിക്കും ഉചിതം. പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത് പോലെ എവിടെയാണോ നിങ്ങളുള്ളത് അവിടെത്തന്നെ നിൽക്കുക - മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൌൺ ഏറെക്കുറെ ഫലപ്രദമാണ്. കൂടുതൽ കർശനമായി നടപ്പാക്കാനുള്ള അധികാരം ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയിട്ടുണ്ട്.

കേരളത്തിൽ ഒരാളും പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാകാൻ അനുവദിക്കില്ല. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഉണ്ടാകും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ഉറപ്പുവരുത്തണം. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഫോണ്‍ വഴി ആവശ്യപ്പെട്ടാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭക്ഷണമെത്തിക്കും. വിതരണക്കാരേയും പാചകക്കാരേയും തദ്ദേശ സ്ഥാപനങ്ങൾ തീരുമാനിക്കും. എല്ലാവര്‍ക്കും സൗജന്യ പലവ്യഞ്ജന കിറ്റ് നല്‍കും. മുൻഗണനാലിസ്റ്റ് അനുസരിച്ച് അരി നൽകും. മുൻഗണനാ ലിസ്റ്റിലുള്ളവർക്ക് 35 കിലോ അരിയും അല്ലാത്തവർക്ക് 15 കിലോ അരിയും. വിലക്കയറ്റം ഒരു കാരണവശാലും അംഗീകരിക്കില്ല. വിലക്കയറ്റത്തിന് ശ്രമിക്കുന്നവർക്കെതിരെ കർശനനടപടിയുണ്ടാകും.

സമൂഹവ്യാപനം (കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ) സംബന്ധിച്ച ഭീഷണി എപ്പോളും നമ്മുടെ തലയ്ക്ക് മുകളിലുണ്ട്. അത് നേരിടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഏത് സാഹചര്യത്തേയും നേരിടാൻ സംസ്ഥാനം സജ്ജമാണ് - മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജ, റെവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ മുഖ്യമന്ത്രിയോടൊപ്പം വാർത്താസമ്മേളനതതിൽ പങ്കെടുത്തു.

Next Story

Related Stories