പൗരത്വനിയമ ഭേദഗതിക്കെതിരെ സിപിഎമ്മുമായി ചേര്‍ന്ന് ഇനി സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധങ്ങളിലൂടെ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാനാണ് പ്രതിപക്ഷം സമരഭങ്ങളുടെ ഭാഗമായി ശ്രമിച്ചത്. എന്നാല്‍ സംയുക്ത സമരത്തിന് ശേഷം സിപിഎം ഏകപക്ഷീയമായി മുന്നോട്ടു പോവുകയായിരുന്നു. കൂടാതെ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന് വരുത്തി സമരത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് ചെന്നിത്തല പ്രതികരിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മും സര്‍ക്കാരും ഇപ്പോള്‍ ചെയ്യുന്നത് നിലവില്‍ കൈവരിച്ച എല്ലാ നേട്ടവും തങ്ങളുടേതെന്ന് അവകാശപ്പെടുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. സമരത്തെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റിനെ മുഖ്യമന്ത്രി ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിന്നാലെയാണ് ഇനി സിപിഎമ്മുമായി സഹകരിച്ചുള്ള സമരത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കോണ്‍ഗ്രസിനകത്ത് പ്രശ്നങ്ങളുണ്ടെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൗരത്വ പ്രക്ഷോഭത്തിലെ കോണ്‍ഗ്രസില്‍ നിലന്നിരുന്ന ഭിന്നതയില്‍ ഹൈക്കമാന്‍ഡ് നടത്തിയ ഇടപെടലിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. പൗരത്വ വിഷയത്തിലെ കോണ്‍ഗ്രസിലെ ഇരട്ട നിലപാട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി സോണിയയെ ധരിപ്പിച്ചതായാണ് സൂചന. ഇതിന് പിന്നാലെ മുല്ലപ്പള്ളിയുടെ നിലപാടിനോട് ചേര്‍ന്ന് മുന്നോട്ടുപോയാല്‍ മതിയെന്ന് സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും താനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പറയുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചു. പൗരത്വ വിഷയത്തില്‍ ഫെബ്രുവരി ആദ്യവാരം രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ച് കേരളത്തിലെ മഹാറാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് പ്രതിസന്ധിയിലായി കെപിസിസി പുനസംഘടന എത്രയും പെട്ടെന്ന് പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചു.