TopTop

നിയമപരമായ സ്റ്റേ, ഫലത്തിൽ സ്റ്റേ, പ്രായോഗിക സ്റ്റേ! ശബരിമല വിഷയത്തിൽ എ കെ ബാലന്റെ വാദങ്ങൾ

നിയമപരമായ സ്റ്റേ, ഫലത്തിൽ സ്റ്റേ, പ്രായോഗിക സ്റ്റേ! ശബരിമല വിഷയത്തിൽ എ കെ ബാലന്റെ വാദങ്ങൾ

ശബരിമലയിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടുള്ള അവ്യക്തതകൾ തുടരുന്നതിനിടെ വിചിത്രമായ വാദങ്ങളുമായി നിയമ മന്ത്രി എ കെ ബാലൻ. യുവതി പ്രവേശനത്തിന് ഫലത്തിൽ സ്റ്റേയുണ്ടെന്നും എന്നാൽ നിയമപരമായി സ്റ്റേ ഉണ്ടെന്നുമാണ് മന്ത്രിയുടെ നിലപാട്. ശബരിമല കയറേണ്ട യുവതികൾ കോടതി ഉത്തരവുമായി വന്നാലെ സംരക്ഷണം നൽകേണ്ടുവന്നെ സിപിഎം നിലപാടിന് തൊട്ടുപിന്നാലെയാണ് നിയമപരമായ സ്റ്റേ, ഫലത്തിൽ സ്റ്റേ, പ്രായോഗിക സ്റ്റേ തുടങ്ങിയ വാദങ്ങളുമായി മന്ത്രി രംഗത്തെത്തിയത്.

യുവതീ പ്രവേശനത്തിന് നിയമപരമായി സ്റ്റേ ഇല്ലെന്നും എന്നാല്‍ പ്രായോഗികമായി സ്‌റ്റേ ഉണ്ടെന്നും നിയമമന്ത്രി എ കെ ബാലന്‍. വിശാല ബെഞ്ചിലേക്ക് വിട്ടതോടെ 2018ലെ വിധി എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്ന പ്രശ്‌നം നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നവോത്ഥാന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തന്നെ മുന്നോട്ട് പോകുമെന്നും മന്ത്രി പാലക്കാട് അറിയിച്ചു. ശബരിമലയില്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ സ്ത്രീകളെ കയറ്റില്ലെന്ന് നേരത്തെ ബാലനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു. ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കേണ്ടി വന്നത് പഴയ കാര്യമാണെന്നും ആക്ടിവിസം പ്രകടിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നും കടകംപള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ശബരിമലയില്‍ പ്രവേശിക്കണമെന്നുള്ളവര്‍ കോടതി ഉത്തരവുമായി വരണം. വ്യക്തിതാല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും കടകംപള്ളി പറഞ്ഞു. വിധിയുമായി ബന്ധപ്പെട്ട് അവ്യക്തതയുണ്ടെന്നതില്‍ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ശബരിമല യുവതീ പ്രവേശനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ നിലപാടാണ് തന്റേതെന്ന് ഇന്ന് ദേവസ്വംമന്ത്രി തിരുത്തിയിട്ടുണ്ട്. ദര്‍ശനം നടത്താനെത്തിയ യുവതികളെ തിരിച്ചയച്ചതിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. യുവതീ പ്രവേശനം സംബന്ധിച്ച മുന്‍ സുപ്രിംകോടതി വിധി സ്‌റ്റേ ചെയ്തിട്ടില്ലെന്നും അതിനാല്‍ ആ വിധി നിലനില്‍ക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മലകയറാന്‍ യുവതികളെത്തിയാല്‍ എന്തുചെയ്യുമെന്ന് പിന്നീട് തീരുമാനിക്കാമെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ തല്‍ക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതനുസരിച്ചാണ് പോലീസ് യുവതികളെ നിലയ്ക്കലിലും പമ്പയിലും തടയുന്നതും.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പോളിറ്റ്ബ്യൂറോയും സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എല്ലാ രംഗത്തും ലിംഗ സമത്വം ഉയര്‍ത്തിപ്പിടിക്കുമെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്. 1991ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2018 സെപ്തംബര്‍ 28 വരെ ശബരിമല സ്ത്രീ പ്രവേശന കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്. സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നതിന് ശേഷം അത് നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിച്ചുവെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സുപ്രിംകോടതി വിധിയും നടപ്പാക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. എന്നാല്‍ ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളില്‍ ഉള്‍പ്പെടെയുണ്ട്. അതുകൊണ്ട് ആശയവ്യക്തത വരുത്തി എന്താണോ സുപ്രിംകോടതിയുടെ ഭൂരിപക്ഷ വിധി നിഷ്‌കര്‍ഷിക്കുന്നത് അത് നടപ്പാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ലിംഗ സമത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോയും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനും മറിച്ചൊരു നിലപാടില്ലെന്നും പിബി വിലയിരുത്തി. സുപ്രിംകോടതി വിധിയില്‍ അവ്യക്തതയുണ്ട്. നിയമോപദേശം തേടുകയോ കോടതിയില്‍ നിന്നും വ്യക്തത വരുത്തുകയോ വേണമെന്നും പിബി നിര്‍ദ്ദേശിച്ചു.

അതേസമയം ശബരിമലയിലെത്തുന്ന യുവതികളെ തടയാന്‍ നിലയ്ക്കലും പമ്പയിലും കര്‍ശന പരിശോധന തുടരുകയാണ്. തീര്‍ത്ഥാടകരെ നിരീക്ഷിക്കാന്‍ മഫ്ത്തിയിലും വനിതാ പോലീസ് രംഗത്തുണ്ട്. ഇതിനിടെ ബസ് സര്‍വീസ് വൈകുന്നത് മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെ എസ് ആര്‍ ടി സി ടോക്കണ്‍ സംവിധാനം ഉപേക്ഷിച്ചു. കൂടുതല്‍ സര്‍വീസ് ഏര്‍പ്പാടാക്കുമെന്ന് മനേജിംഗ് ഡയറക്ടര്‍ എം പി ദിനേശ് പറഞ്ഞു. കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് മാത്രമാണ് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് പ്രവേശനമുള്ളത്. പ്രത്യേകം തയ്യാറാക്കിയിരുന്ന കൗണ്ടറില്‍ പണമടച്ച് ടോക്കണെടുത്ത് വേണമായിരുന്നു തീര്‍ത്ഥാടകര്‍ ബസില്‍ കയറാന്‍. ഇതുമൂലം ഒട്ടേറെ നേരം കാത്തിരിക്കേണ്ടി വരുന്നതായി തീര്‍ത്ഥാടകരില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നോടെയാണ് ടോക്കണ്‍ സംവിധാനം ഉപേക്ഷിക്കുന്നത്. ഇതിന് പകരം എല്ലാ ബസുകളിലും കണ്ടക്ടര്‍മാരെ നിയോഗിക്കും.

മുന്‍ എംഡി ടോമിന്‍ തച്ചങ്കരിയാണ് ടോക്കണ്‍ സമ്പ്രദായം കൊണ്ടുവന്നത്. ഇനിമുതല്‍ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കുള്ള എല്ലാ സര്‍വീസുകളിലും കണ്ടക്ടര്‍മാരുടെ സേവനമുണ്ടാകും. ഇത് നിലയ്ക്കലില്‍ അയ്യപ്പന്മാര്‍ നേരിടുന്ന കാലതാമസത്തിന് പരിഹാരമുണ്ടാക്കും.


Next Story

Related Stories