TopTop
Begin typing your search above and press return to search.

പുതിയ നികുതി നിര്‍ദേശങ്ങളില്ല; പ്രവാസി ക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതം 170 കോടിയായി ഉയര്‍ത്തി

പുതിയ നികുതി നിര്‍ദേശങ്ങളില്ല; പ്രവാസി ക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതം 170 കോടിയായി ഉയര്‍ത്തി

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ നികുതി വര്‍ധനവ് അനിവാര്യമാണെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. പതിനാലാം നിയമസഭയുടെ കാലാവധി കഴിഞ്ഞപ്പോള്‍ 2021ലെ ധനകാര്യ ബില്ലിലെ വ്യവസ്ഥകല്‍ കാലഹരണപ്പെട്ടു. ഈ ബില്ലിലെ എല്ലാ ഖണ്ഡങ്ങളും പുനസ്ഥാപിക്കുവാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ, 2020ലെ ആംനസ്റ്റി പദ്ധതിയില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും അടയ്ക്കുകയും ബാക്കിയുള്ളവയില്‍ വീഴ്ച വരുത്തുകയും ചെയ്ത നികുതിദായകര്‍ക്ക്, തവണയായി അടച്ച തുക കുടിശ്ശികകളില്‍ ഏറ്റവും പഴയ കുടിശ്ശികയിലേക്കുള്ള നികുതി അടവായി ക്രമീകരിക്കുമെന്നും ബജറ്റ് പറയുന്നു.

ചരക്കു സേവന നികുതി നിയമത്തില്‍ ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്ത ഭേദഗതികള്‍ 2021ലെ കേന്ദ്ര ധനകാര്യ നിയമപ്രകാരം സിജിഎസ്ടി നികുതി നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. സമാന ഭേദഗതികള്‍ സംസ്ഥാന ജിഎസ്ടി നിയമത്തിലും വരുത്തും.

കോവിഡ് പ്രവാസികള്‍ക്കിടയില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുവരെ 14,32,736 പ്രവാസികള്‍ തിരികെയെത്തി. ഏറെപ്പേര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതിന് പ്രാപ്തരാക്കുന്നതിനുമുള്ള പുനരധിവാസ പദ്ധതിയാണ് നോര്‍ക്ക സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം. പദ്ധതി പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് കുറഞ്ഞ പലിശയ്ക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കും. പലിശ ഇളവ് നല്‍കുന്നതിനായി 25 കോടി രൂപ വകയിരുത്തി. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടിയായി ഉയര്‍ത്തി.


Next Story

Related Stories