TopTop
Begin typing your search above and press return to search.

AZHIMUKHAM PLUS | പെട്രോളിയം സമൃദ്ധിയുടെ നാളുകള്‍ എണ്ണപ്പെടുന്നു? കേരളത്തിലേക്കൊഴുകുന്ന ഗള്‍ഫ് പണത്തിന്റെയും?

AZHIMUKHAM PLUS | പെട്രോളിയം സമൃദ്ധിയുടെ നാളുകള്‍ എണ്ണപ്പെടുന്നു? കേരളത്തിലേക്കൊഴുകുന്ന ഗള്‍ഫ് പണത്തിന്റെയും?


(ആഗോള സമ്പദ്‌വ്യവസ്ഥ കടുത്ത മാന്ദ്യത്തിന്റേയും പ്രതിസന്ധികളുടേയും മധ്യേയാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഗ്രേറ്റ് ഡിപ്രഷനു ശേഷം ലോകം നേരിടുന്ന ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധി. കോവിഡ്-19 മഹാമാരിയായി പടരുന്നതിനു മുമ്പുതന്നെ ലോക ബാങ്കും, അന്താരാഷ്ട്ര നാണയ നിധിയുമടക്കമുള്ളവ സാമ്പത്തിക പ്രതിസന്ധിയെ പറ്റിയുള്ള വ്യാകുലതകളില്‍ പെട്ടിരുന്നു. കോവിഡിന്റെ വ്യാപനത്തോടെ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി. ആഗോളപ്രതിസന്ധിയുടെ പൊതു ദുരിതങ്ങളോടൊപ്പം നമ്മുടെ സവിശേഷമായ പ്രശ്നങ്ങള്‍ കൂടി ചേരുമ്പോള്‍ കേരളത്തിന്റെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണം. ഈ പശ്ചാത്തലത്തിലാണ് നമ്മുടെ സാമ്പത്തികമേഖലയുടെ സവിശേഷതയായ 'റെമിറ്റന്‍സ് എക്കോണമി'യുടെഭാവി എന്താവുമെന്നതടക്കമുള്ള ചോദ്യങ്ങള്‍. പ്രവാസികള്‍ മടങ്ങിവരുമെന്ന ആശങ്കകള്‍ക്കപ്പുറം ഈ വിഷയത്തെപ്പറ്റി കേരളത്തില്‍ ഗൗരവമായ ആലോചനകള്‍ നടക്കുന്നതിന്റെ സൂചനകളില്ല. ഗള്‍ഫ് മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങളും അത് പ്രവാസി സമൂഹങ്ങളില്‍ സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങളെയും ദൂരവ്യാപകമായ മാറ്റങ്ങളെയും പറ്റി ആഴത്തിലുള്ള ആലോചനകള്‍ സംഭവിക്കുന്നുമില്ല. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കെ.പി. സേതുനാഥ് ആ പ്രശ്‌നങ്ങള്‍ വിശദമായി പരിശോധിക്കുകയാണ് നാലു ഭാഗങ്ങളിലായി പൂര്‍ത്തിയാകുന്ന 'എണ്ണ വഴുക്കലില്‍ കാലിടറുന്ന കേരള മാതൃക' എന്ന ലേഖനപരമ്പരയിലൂടെ.
ആദ്യ ഭാഗ
ങ്ങള്‍ ഇവിടെ വായിക്കാം)

പെട്രോളിയം സമ്പത്തിന്റെ ബലത്തില്‍ 1970 കള്‍ മുതല്‍ ജിസിസി രാജ്യങ്ങളില്‍ പ്രകടമായ സാമ്പത്തികസമൃദ്ധിയുടെ 50 വര്‍ഷത്തെ ഒരു ഘട്ടം അവസാനിക്കുന്നതിന്റെയും മറ്റൊരുഘട്ടം തുടങ്ങുന്നതിന്റെയും പശ്ചാത്തലമാണ് മുന്‍ ഭാഗത്തില്‍ വിവരിച്ചത്. ഈയൊരു മാറ്റം മേഖലയിലെ മലയാളി പ്രവാസി സമൂഹത്തെ ഏതു നിലയിലാവും ബാധിക്കുക? ജിസിസി രാജ്യങ്ങളിലെ മാറ്റങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക മേഖലകളില്‍ എങ്ങനെയാവും പ്രതിഫലിക്കുക? പ്രവാസി തൊഴിലാളികള്‍ മടങ്ങിവരുമെന്ന ആശങ്കകള്‍ക്കപ്പുറം ഈ വിഷയത്തെപ്പറ്റി ഒരു സമൂഹമെന്ന നിലയില്‍ കേരളത്തില്‍ ഗൗരവമായ ആലോചനകള്‍ നടക്കേണ്ടതുണ്ട്. കേരളത്തിലെ ഭരണകൂട സംവിധാനത്തിന്റെ ഭാഗത്തുനിന്നു മാത്രമല്ല പൊതുബോധത്തിലും അങ്ങനെയുള്ള ആലോചനകളും, ചിന്തകളും ഗൗരവമായി രൂപപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ ലഭ്യമല്ല.

ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ-സമ്പദ്ഘടനയില്‍ അരങ്ങേറുന്ന ദൂരവ്യാപകമായ മാറ്റങ്ങളെപ്പറ്റിയുള്ള മലയാളി പ്രവാസി സമൂഹത്തിലെ ചെറിയ ന്യൂനപക്ഷത്തിനു മാത്രമാണ് ചില ധാരണകള്‍ ഉള്ളത്. ഈ മാറ്റങ്ങള്‍ സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങളെപ്പറ്റി കാര്യമായ ധാരണകള്‍ ഇല്ലാത്തവരാണ് പ്രവാസികളില്‍ ഭൂരിഭാഗവും. വരാനിരിക്കുന്ന വിപത്തിനെ പറ്റിയുള്ള പരിമിതമായ ബോധ്യം അവര്‍ക്കുണ്ടെങ്കിലും അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന കാര്യത്തില്‍ നിശ്ചയമില്ല. പ്രശ്നങ്ങളെല്ലാം അതിന്റേതായ നിലയില്‍ പരിഹരിക്കപ്പെടും എന്ന വിധിവാദപരമായ വീക്ഷണമാണ് അവരില്‍ ഭൂരിപക്ഷവും പുലര്‍ത്തുന്നത്. അതിനുമപ്പുറം ഈവക കാര്യങ്ങളെപറ്റി വ്യാകുലപ്പെടുന്നതില്‍ പ്രയോജനമില്ലെന്ന നിസ്സഹായത മാത്രമാണ് അവരുടെ കൈമുതല്‍. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ കക്ഷികളും, സാമ്പത്തിക പണ്ഡിതരും സമാനമായ സ്ഥിതിയിലാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനിര്‍വഹണ സംവിധാനങ്ങളിലെ സകല പിടിപ്പുകേടുകളും, കെടുകാര്യസ്ഥതയും പ്രവാസികളുമായി ബന്ധപ്പെട്ട വിഷയത്തിലും ബാധകമാണ്. പ്രവാസികളിലെ അതിസമ്പന്നരുടെയും, സമ്പന്നരുടെയും താല്‍പര്യങ്ങള്‍ മൊത്തം പ്രവാസികളുടെ താല്‍പര്യമായി മാറിയതൊഴിച്ചാല്‍ സര്‍ക്കാര്‍ സംവിധാനം മുറപോലെ എന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നു.

ജിസിസി രാജ്യങ്ങളിലെ തൊഴില്‍ വിപണി 1970 കളില്‍ മലയാളികള്‍ക്ക് തുറന്നു കിട്ടിയതിനുള്ള പ്രേരണകളില്‍ പ്രധാനം ജിസിസി ഇതര അറബി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ ബോധപൂര്‍വ്വം ഒഴിവാക്കിയതിന്റെ ഭാഗമായിരുന്നു എന്ന വിഷയം ഇപ്പോഴും പലര്‍ക്കും അജ്ഞാതമാണ്. ഇടതുപക്ഷ ആശയങ്ങളുടെ പിന്‍ബലമുള്ള പാന്‍-അറബി ദേശീയതയുടെ സ്വാധീനം തദ്ദേശവാസികളില്‍ ഇല്ലാതാക്കുന്നതിനു വേണ്ടി ബോധപൂര്‍വ്വം നടപ്പിലാക്കിയ ഒഴിവാക്കല്‍ നയത്തിന്റെ ഗുണഭോക്താക്കളായിരുന്നു മലയാളികള്‍. മലയാളികളുടെ ഗള്‍ഫ് പ്രവാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും, സംവാദങ്ങളിലും ഈ വസ്തുതക്ക് പൊതുവെ ഇടം ലഭിക്കാറില്ല.

പെട്രോളിയം സമ്പത്തിന്റെ പിന്‍ബലത്തില്‍ നടന്ന അതിവേഗത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും, അടിസ്ഥാന സൗകര്യ വികസനങ്ങളും മേഖലയില്‍ സൃഷ്ടിച്ച ഭീമമായ തൊഴിലവസരങ്ങളും ഈ പ്രക്രിയയക്ക് വേണ്ട ഉത്തേജനം നല്‍കിയിരുന്നു. പാന്‍-അറബി ദേശീയത ഉയര്‍ത്തിയ രാഷ്ട്രീയ വെല്ലുവിളികളല്ല ഇപ്പോള്‍ ജിസിസി മേഖല നേരിടുന്നത്. എളുപ്പത്തില്‍ ലഭ്യമായതും, ചെലവു കുറഞ്ഞതുമായ ഇന്ധനമെന്ന നിലയിലുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നിലനില്‍പ്പിന്റെ ഭാവിയാണ് ജിസിസി രാജ്യങ്ങളെ അലട്ടുന്ന ഒന്നാമത്തെ പ്രധാന പ്രശ്നം. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പരിസ്ഥിതി വിനാശത്തിന്റെ മുഖ്യകാരണങ്ങളില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഗണത്തില്‍ വരുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളാണെന്ന തിരിച്ചറിവാണ് അടുത്ത വിഷയം. സാമ്പത്തികമായും, സാങ്കേതികമായും നേരിടുന്ന ഈ ദ്വിമുഖ വെല്ലുവിളിയാണ് ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ സമ്പദ്ഘടനയുടെ രൂപഭാവങ്ങള്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ നിശ്ചയിക്കുക.

പെട്രോളിയം സമൃദ്ധിയുടെ നാളുകള്‍ എണ്ണപ്പെടുന്നു?

പെട്രോളിയത്തില്‍ നിന്നുള്ള ജിസിസി രാജ്യങ്ങളുടെ മൊത്തം വരുമാനം 2012-20 കാലഘട്ടത്തിലെ ഒരു ലക്ഷം കോടി ഡോളറില്‍ നിന്നും 300 ബില്യണ്‍ ഡോളറായി കുറഞ്ഞതായി എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ പാട്രിക് കൊബേണ്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ അസംസ്‌കൃത എണ്ണയുടെ വില ചരിത്രത്തിലാദ്യമായി പൂജ്യത്തിനു താഴെ എത്തിയ അസാധാരണമായ സ്ഥിതിവിശേഷം പെട്രോളിയം സമൃദ്ധിയുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന ധാരണ ശക്തിപ്പെടുത്തുന്നു. ലോകത്തെ ഇന്ധന ഉപഭോഗത്തിനെ പറ്റിയുള്ള അന്താരാഷ്ട്ര എനര്‍ജി ഏജന്‍സി (ഐഇഎ) പുതിയ വിലയിരുത്തലുകളം അതുപോലെ പ്രധാനമാണ്.

2019 ലെ ഐഇഎയുടെ വേള്‍ഡ് എനര്‍ജി ഔട്ട്ലുക്ക് റിപ്പോര്‍ടിന്റെ നിഗമനം ആഗോളതലത്തിലെ ഇന്ധന ഉപഭോഗത്തിന്റെ ഒന്നാംസ്ഥാനം 2040 ഓടെ സൗരോര്‍ജ്ജം പോലുള്ള 'റിന്യൂവബിള്‍' അഥവാ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നാവും എന്നായിരുന്നു. എന്നാല്‍ കോവിഡിന്റെ വ്യാപനത്തോടെ സ്ഥിതി മാറുമെന്ന് ഈ വിഷയം സംബന്ധിച്ച പഠനങ്ങളില്‍ പ്രമുഖനായ മൈക്കല്‍ ടി ക്ലയര്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ധന ഉപഭോഗത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഒന്നാം സ്ഥാനം അടുത്ത 10 വര്‍ഷത്തിനകം ഇല്ലാതായാല്‍ അത്ഭുതപ്പെടാനില്ല എന്നാണ്. പെട്രോളിയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നിരവധി വ്യവസായ വാണിജ്യ മേഖലകള്‍ കോവിഡിന്റെ വ്യാപനത്തോടെ പൂര്‍ണ്ണമായും നിശ്ചലമായതിന്റെ പശ്ചാത്തലത്തിലാണ് ഈ നിഗമനം.

നിത്യജീവിതവുമായി ബന്ധപ്പെട്ട പെട്രോള്‍ ഡീസല്‍ ഉപഭോഗത്തിന്റെ പ്രധാന മേഖലകളായിരുന്നു വ്യോമഗതാഗതം, മോട്ടോര്‍ വാഹനങ്ങള്‍, വിനോദ സഞ്ചാരം തുടങ്ങിയവ. ഈ മേഖലകളില്‍ നിന്നുളള ഇന്ധന ഉപഭോഗം അമേരിക്കയില്‍ ഗണ്യമായി കുറഞ്ഞപ്പോള്‍ 'ടെലിവര്‍ക്കുമായി' ബന്ധപ്പെട്ട വ്യക്തിഗത ഉപഭോഗം പതിന്മടങ്ങ് വര്‍ദ്ധിച്ചുവെന്നു ക്ലയര്‍ ചൂണ്ടിക്കാട്ടുന്നു. ടെലി കോണ്‍ഫറന്‍സ്, വിദൂരപഠനം, വിനോദ ഉപാധികളുടെ ഉപഭോഗം തുടങ്ങിയ മേഖലകളിലാണ് വ്യക്തിഗത ഉപഭോഗത്തിന്റെ വര്‍ദ്ധന. മൈക്രോ സോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് സൗകര്യങ്ങളുടെ ഉപഭോഗത്തില്‍ കോവിഡിന്റെ മൂര്‍ദ്ധന്യത്തില്‍ ഇറ്റലിയില്‍ മാത്രം 775-ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്നു അദ്ദേഹം പറയുന്നു.

വളരെയധികം വൈദ്യുതി ആവശ്യപ്പെടുന്ന മേഖലയാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ്. വ്യക്തിഗത ഇന്ധന ഉപഭോഗത്തിന് പുനരുപയോഗ സ്രോതസ്സുകള്‍ കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കാനാവും എന്ന വിലയിരുത്തലും പെട്രോളിയം ഉപഭോഗത്തിന്റെ തോത് കുറയ്ക്കുമെന്നു കരുതുന്നു. അമേരിക്കയിലെ ഊര്‍ജ്ജ വകുപ്പിന്റെ കണക്കനുസരിച്ച് പെട്രോളിയം ഉപഭോഗം 2020 ല്‍ ആഗോളതലത്തില്‍ പ്രതിദിനം 100.2 ദശലക്ഷം ബാരല്‍ എത്തുമെന്നായിരുന്നു. 2019 നെക്കാള്‍ 1.1 ദശലക്ഷം ബാരല്‍ കൂടുതല്‍. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പെട്രോളിയത്തിന്റെ ഉപഭോഗം ക്രമാനുഗതമായ വളര്‍ച്ച രേഖപ്പെടുത്തുമെന്ന വിലയിരുത്തലായിരുന്നു ഊര്‍ജ്ജ വകുപ്പു നടത്തിയത്. അതനുസരിച്ച് എണ്ണയുടെ ഉപഭോഗം 2025 ല്‍ പ്രതിദിനം 104 ദശലക്ഷം ബാരലും, 2030-ല്‍ 106 ദശലക്ഷം ബാരലും എത്തുമെന്നായിരുന്നു.

(അടുത്ത ഭാഗം: കീഴ്‌മേല്‍ മറിയുന്ന കണക്കുകള്‍, ഗള്‍ഫ് മലയാളികളുടെ ഭാവി,കേരളത്തിലെ പ്രതിഫലനങ്ങള്‍)


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories