നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉമ്മന്‍ ചാണ്ടിയെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്ന് കെ മുരളീധരന് എംപി. കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണക്കുന്നവര്‍ മുഖ്യമന്ത്രിയാവുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വീതം വെച്ചത് പോലെ ഇത്തവണ ആവര്‍ത്തിക്കരുതെന്നും മുരളീധരന് എംപി നിര്‍ദേശിച്ചു.
താഴെ തട്ടില്‍ പാര്‍ട്ടിക്ക് ചലനമുണ്ടാക്കാനായില്ല, ക്രിസ്ത്യന്‍ മത നേതാക്കളുമായി യുഡിഎഫ് നേതാക്കളുടെ കൂടിക്കാഴ്ച എത്രമാത്രം അവര്‍ വിശ്വാസത്തിലെടുത്തു എന്ന് അറിയില്ല. ഹൃദയം തുറന്ന ചര്‍ച്ചയിലൂടെ അവരുടെ ആശങ്ക പരിഹരിക്കണമെന്ന് മുരളീധരന് പറഞ്ഞു. വെല്‍ഫെയര്‍ ബന്ധം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തന്നെയാണ് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും വിശദമായ ചര്‍ച്ച നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വടകരക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനില്ലെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുരളീധരന്റെ പ്രതികരണം.
അതേസമയം മുഖ്യമന്ത്രി ആരാവണമെന്ന് തീരുമാനിക്കുന്നത് എംഎല്‍എമാരാണെന്നും അവര്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ ഹൈക്കമാന്‍ഡ് മുന്‍കൈ എടുക്കുമെന്നും എല്ലാവരേയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡ് അടിച്ചേല്പ്പിക്കില്ലെന്നുമായിരുന്നു വിഷയത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ താരിഖ് അന്‍വര്‍ പറഞ്ഞത്.