Top

'പിണറായി വിജയനും ആഭ്യന്തര വകുപ്പിനും ബുദ്ധിഭ്രംശം ബാധിച്ചിരിക്കുന്നു'

അട്ടപ്പാടി മാവോയിസ്റ്റ് വധത്തില്‍ കേരള പോലീസിനും കേരള സര്‍ക്കാരിനും സംഭവിച്ച വീഴ്ചകളില്‍ പ്രതിഷേധിച്ചുകൊണ്ട് സിപിഎം അനുഭാവികളായിരുന്ന ഏതാനും പേര്‍ പന്തീരാങ്കാവില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചു. ഈ പോസ്റ്ററുകളുടെ സ്രോതസ് തേടിപ്പോയ പോലീസ് ഈ ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തുവെന്നുമാണ് ഞാന്‍ അറിഞ്ഞത്. എന്ന് മാത്രമല്ല, ടാഡാ, പോട്ടാ എന്നിവ റദ്ദ് ചെയ്ത് അവയിലെ ഗുരുതരമായ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കുകയും 1969ല്‍ പാര്‍ലമെന്റ് പാസാക്കുകയും ചെയ്ത യുഎപിഎ എന്ന കരിനിയമം ഇവരുടെ മേല്‍ ചുമത്തുകയും ചെയ്തിരിക്കുകയാണ്. കേരള പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പ്, ആഭ്യന്തരവകുപ്പിന്റെ ഉപദേശകന്മാര്‍, ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്ന പിണറായി വിജയന്‍ എന്നിവര്‍ക്ക് ബുദ്ധിഭ്രംശം സംഭവിച്ചിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ദ്രദാസ്Xസ്റ്റേറ്റ് ഓഫ് ആസാം കേസില്‍ ഭരണഘടനയിലെ 141 അനുച്ഛേദം സുപ്രിംകോടതി നടത്തിയ വിധി പ്രകാരം ഒരു വ്യക്തി മാവോയിസ്റ്റ് ആശയം ഉള്‍ക്കൊള്ളുന്നത് കൊണ്ടോ മാവോയിസ്റ്റ് ലഘുലേഖകള്‍ വായിച്ചതുകൊണ്ടോ അല്ലെങ്കില്‍ അതില്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചതുകൊണ്ടോ ഒരിക്കലും മാവോയിസ്റ്റായി ചിത്രീകരിക്കാനാകില്ല. രണ്ട് വര്‍ഷം മുമ്പ് മാനന്തവാടിയ്ക്കടുത്ത് ഒരു ഫാം നടത്തിക്കൊണ്ടിരുന്ന ശ്യാം ബാലകൃഷ്ണന്‍ എന്ന യുവാവിനെ സമാനമായ സാഹചര്യത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനെതിരെ ശ്യാം ഹൈക്കോടതിയില്‍ പോകുകയും മുഫ്ത്താഫ് മുഹമ്മദ് എന്ന ജഡ്ജി അദ്ദേഹത്തിന് ഒരു ലക്ഷം രൂപ കേരള പോലീസ് നഷ്ടപരിഹാരം നല്‍കണമെന്നും വിധിക്കുകയുണ്ടായി. മാവോയിസ്റ്റ് ആശയം മനസില്‍ സൂക്ഷിക്കുന്നതുകൊണ്ടോ ലഘുലേഖകള്‍ വീട്ടില്‍ സൂക്ഷിക്കുന്നതുകൊണ്ടോ ആശയം പ്രചരിപ്പിക്കുന്നതുകൊണ്ടോ ഒരാള്‍ മാവോയിസ്റ്റ് ആകുന്നില്ലെന്നും കരിനിയമപ്രകാരം അയാളെ കസ്റ്റഡിയില്‍ വയ്ക്കാനോ പാടില്ലെന്നും ആ വിധിയില്‍ പ്രഖ്യാപിച്ചിരുന്നു. കേരള സര്‍ക്കാര്‍ ആ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

മനുഷ്യമന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവാണ് അട്ടപ്പാടിയില്‍ നടന്നത്. 2016 നവംബര്‍ 24ന് നിലമ്പൂരില്‍ രണ്ട് പേരെ വെടിവച്ചു കൊന്നു. അതിനെതിരെ സമാനമായ പ്രതിഷേധങ്ങള്‍ കേരളത്തിലെമ്പാടുമുണ്ടായി. അതിന് ശേഷം സി പി ജലീല്‍ എന്ന യുവാവിനെ വൈത്തിരി പോലീസ് നിഷ്‌കരുണം പോലീസ് പിന്‍ഭാഗത്തുനിന്നും വെടിവച്ച് കൊലപ്പെടുത്തുകയുണ്ടായി. ഇപ്പോള്‍ വീണ്ടും അട്ടപ്പാടിയില്‍ നിരപരാധികളും നിസഹായരും നിരായുധരുമായ നാലുപേരെ അതിഭീകരമായ രൂപത്തില്‍ വെടിവച്ചു കൊന്നിരിക്കുന്നു. എന്ന് മാത്രമല്ല, പോലീസിന് അനുകൂലമായ തെളിവുകളുണ്ടാക്കാന്‍ ഏകദേശം നാല്‍പ്പത് മണിക്കൂറിലധികം സമയം വെടിയുതിര്‍ത്ത സ്ഥലത്ത് മുഴുവനായും പോലീസിന്റെ ഒരു വലയം സൃഷ്ടിച്ചുകൊണ്ട് ജനങ്ങള്‍ക്കും ബന്ധുക്കള്‍ക്കും എന്തിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം അനുവദിച്ചത്. ഇത്രയും സുതാര്യതയില്ലാതെ നാല് പേരുടെ നെഞ്ചത്ത് വെടിയുതിര്‍ത്ത് കഴിഞ്ഞാല്‍ അതിനെതിരെ പ്രതിഷേധിക്കാന്‍ പോലും കേരളത്തിലെ മൂന്ന് കോടി മുപ്പത് ലക്ഷം വരുന്ന ജനങ്ങള്‍ക്ക് അധികാരമില്ലേ അവകാശമില്ലേ എന്ന ചോദ്യമാണ് ഇവിടെ ഉയര്‍ത്തേണ്ടത്.

പന്തീരാങ്കാവില്‍ അറസ്റ്റിലായ രണ്ട് യുവാക്കളുടെയും കുടുംബാംഗങ്ങള്‍ വളരെക്കാലമായി സിപിഎം അനുഭാവികളാണെന്നാണ് അറിഞ്ഞത്. അവരുടെ മനസ് പോലും മാറിയിരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് കേരളത്തിലെ മുഴുവന്‍ ജനങ്ങളും പോലീസിന്റെ നരനായാട്ടിനെതിരെയും പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെയും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയനെതിരെയും രംഗത്ത് വന്നിരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറില്‍ക്കൂടി അധികാരത്തില്‍ വന്നത് കേരളത്തിലാണ്. അധികകാലം അവര്‍ക്ക് തുടരാന്‍ സാധിച്ചിരുന്നില്ല. അന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്നത് ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാടായിരുന്നു. പക്ഷെ, ഐക്യമുന്നണിയില്‍ ഇടതുപക്ഷത്തിന്റെ ഭരണത്തെപ്പറ്റിയും പ്രത്യേകിച്ച് ആഭ്യന്തരവകുപ്പിനെക്കുറിച്ചും വിമര്‍ശനമുയര്‍ന്നപ്പോള്‍ ആഭ്യന്തരവകുപ്പ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് കൈമാറിയ ചരിത്രം നമുക്കുണ്ട്. അതിനേക്കാള്‍ രൂക്ഷമായ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുത്ത് വിട്ട പ്രതിനിധികള്‍ രൂപംകൊടുത്ത ഭരണകൂടത്തെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അധികാരമില്ലെങ്കില്‍ ആര്‍ക്കാണ് അധികാരം. അതുകൊണ്ട് തന്നെ വിമര്‍ശന അതീതമല്ല കേരള സര്‍ക്കാരും പിണറായി വിജയനും കേരള പോലീസും. അതുകൊണ്ട് തന്നെ വിമര്‍ശനത്തിന് വിധേയമായിക്കൊണ്ട് ജനങ്ങളെ നയിക്കാനുള്ള ബാധ്യതയാണ് സര്‍ക്കാരിനുള്ളത്. വിമര്‍ശിച്ചുകൊണ്ട് സര്‍ക്കാരിന് നേര്‍വഴി ചൂണ്ടിക്കാട്ടാനുള്ള ജനങ്ങളുടെ ഉത്തരവാദിത്വമാണ് പോസ്റ്ററുകളില്‍ കൂടി പുറത്തുവരുന്നത്. ആ ഉത്തരവാദിത്വമാണ് സമൂഹമാധ്യമങ്ങളില്‍ കൂടിയും ചര്‍ച്ചകളില്‍ കൂടിയും പുറത്തുവരുന്നത്. ആ വിമര്‍ശനങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ആഭ്യന്തരവകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നത്. കേരള സംസ്ഥാനം രൂപപ്പെട്ടതിന്റെ 63-ാം വാര്‍ഷികം ആഘോഷിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇതുണ്ടായതെന്നും ഓര്‍ക്കേണ്ടതുണ്ട്.

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ സിപിഎമ്മിനുള്ളില്‍ പോലും അഭിപ്രായ ഭിന്നത രൂപപ്പെട്ടുവെന്നതിന്റെ ഏറ്റവും നല്ല തെളിവാണ് ഇന്നത്തെ അറസ്റ്റ്. വര്‍ഷങ്ങളായി സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായിരുന്നവരാണ് അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ ഉയര്‍ത്തിക്കാട്ടുന്നത് ചെഗുവേരയെയാണ്. ക്യൂബയിലെ മന്ത്രിയും ഡോക്ടറുമായിരുന്ന അദ്ദേഹം ഈ സ്ഥാനങ്ങളെല്ലാം വലിച്ചെറിഞ്ഞുകൊണ്ടാണ് ബൊളീവിയന്‍ കാടുകളില്‍ വിപ്ലവം നടത്താനായി പോയത്. അവിടെ കഷ്ടതയനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് അഭയം നല്‍കാനും അവരുടെ ജീവിതരീതിക്ക് പരിഷ്‌കരണം നല്‍കാന്‍ വേണ്ടിയുമാണ് അദ്ദേഹം അത് ചെയ്ത്. അദ്ദേഹത്തെ നായകസ്ഥാനത്ത് കണ്ടാണ് ഡിവൈഎഫ്‌ഐയിലെ ചെറുപ്പക്കാര്‍ അദ്ദേഹത്തിന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ടും തൊപ്പിയും ധരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. പിണറായി വിജയന് റാന്‍ മൂളുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പല ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും അതില്‍ നിന്നും പിന്മാറിയിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പന്തീരാങ്കാവില്‍ കണ്ടത്. അത് കേരളത്തില്‍ ഇനിയും ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

(അഡ്വ. പി എ പൗരനുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്)


അഡ്വ. പി എ പൗരന്‍

അഡ്വ. പി എ പൗരന്‍

അഭിഭാഷകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍

Next Story

Related Stories