TopTop
Begin typing your search above and press return to search.

'സന്തോഷ് രക്തസാക്ഷിയാണ്', "കേരളത്തിൻ്റെ നെല്ലറ'യിൽ കർഷകരുടെ ജീവിതം വഴിമുട്ടുന്നത് ഇങ്ങനെയാണ്

സന്തോഷ് രക്തസാക്ഷിയാണ്, "കേരളത്തിൻ്റെ നെല്ലറയിൽ കർഷകരുടെ ജീവിതം വഴിമുട്ടുന്നത് ഇങ്ങനെയാണ്

മുഴുവന്‍ സമയ കര്‍ഷകനായിരുന്നു പാലക്കാട് ജില്ലയിലെ പാലത്തുള്ളി കറുത്താട്ടുകളത്തില്‍ സന്തോഷ്. 56 വയസ്സ്. ഭാര്യയും അമ്മയും സഹോദരങ്ങളുമടങ്ങുന്ന വലിയ കുടുംബത്തിലെ അംഗം. നാലരയേക്കര്‍ വയല്‍ മാത്രമാണ് സ്വന്തമായുണ്ടായിരുന്നത്. ഏതാണ്ട് 20 വയസ്സ് മുതല്‍ അവിടെ കൃഷി ചെയ്ത് ഉപജീവനം നടത്തി. കഴിഞ്ഞ മാസം 12ന് വീട്ടുവളപ്പിലെ മരത്തില്‍ കെട്ടിയ സാരിത്തുമ്പില്‍ കെട്ടിത്തൂങ്ങി ജീവിതം അവസാനിപ്പിച്ചു. കൊയ്ത്ത് കാലത്ത് സജീവമായി പാടത്തുണ്ടാവേണ്ട സന്തോഷിനെ അന്നേ ദിവസം രാവിലെ മുതല്‍ കാണാതായി. ബന്ധുക്കളും സഹോദരനും പലയിടങ്ങളില്‍ അന്വേഷണം നടത്തി. ഒടുവില്‍ രാത്രി ഒമ്പത് മണിയോടെ അച്ഛന്റെ സഹോദരന്റെ മകനാണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന സന്തോഷിനെ കണ്ടത്. വലിയ നഷ്ടമോ വലിയ ലാഭമോ ഇല്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോവാനുള്ള പണം സന്തോഷിന് കൃഷിയില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി കൃഷിയില്‍ നിന്ന് തിരിച്ചടികളാണുണ്ടായത്. വിളനാശവും കടങ്ങളും പെരുകി ജീവിക്കാന്‍ വഴിയില്ലാതെ ആത്മഹത്യ ചെയ്യുകയായിരുന്നു സന്തോഷ്

മൂലക്കര ഡാമിനോട് ചേര്‍ന്ന നാലരയേക്കറില്‍ ഓരോ തവണയും കൃഷിയിറക്കുമ്പോള്‍ ബാങ്കിലെ കടം വീട്ടാമെന്ന പ്രതീക്ഷയാണ് സന്തോഷിനുുണ്ടായിരുന്നത്. എന്നാല്‍ മൂലക്കര ഇറിഗേഷന്‍ പ്രോജക്ട് അവസാനിക്കുന്നയിടമായതിനാല്‍ വെള്ളം വളരെ കുറവ് മാത്രമേ കിട്ടിയിരുന്നുള്ളൂ. വരള്‍ച്ച ബാധിച്ച് കൃഷിയെല്ലാം നശിക്കും. കഴിഞ്ഞ നാല് വര്‍ഷങ്ങളായി പ്രതിബന്ധങ്ങളെ എതിരിട്ടും കൃഷി ചെയ്ത സന്തോഷിന് വര്‍ഷാവര്‍ഷം കടം പെരുകുകയാണ് ചെയ്തത്. കാലാവസ്ഥയിലുണ്ടായ പല മാറ്റങ്ങളും കൃഷി നഷ്ടം കൂട്ടി. കാര്‍ഷിക വായ്പകള്‍ അടക്കാന്‍ കഴിയാതെ വന്നതോടെ ബാങ്കുകള്‍ ജപ്തി നടപടികള്‍ക്കൊരുങ്ങി. റവന്യൂ റിക്കവറി നോട്ടീസുകള്‍ ലഭിച്ചെങ്കിലും കടം തിരിച്ചടക്കാനാവാത്ത വിധം സാമ്പത്തിക ഞെരുക്കത്തിലായിരുന്നു സന്തോഷ്. കുടുംബസ്വത്ത് ഭാഗം ചെയ്ത് കിട്ടിയ ഇരുപത് സെന്റോളം വരുന്ന ഭൂമിയില്‍ 650 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഒരു വീട് പണിത് സന്തോഷും ഭാര്യ പ്രസന്നയും താമസമാക്കിയിട്ട് മൂന്ന് വര്‍ഷം തികഞ്ഞിട്ടില്ല. വീട് പണി പൂര്‍ത്തീകരിക്കാന്‍ പോലും ഇയാള്‍ക്കായിരുന്നില്ല. വിവിധ ബാങ്കുകളിലായി ഏകദേശം എട്ടരലക്ഷം രൂപ കടമുണ്ടായിരുന്നു. കാനറാ ബാങ്ക് സുല്‍ത്താന്‍പേട്ട ശാഖയില്‍ നിന്ന് സ്വര്‍ണപണയ വായ്പകളായി 2,28,000 രൂപയുടെ ബാധ്യതയാണ് സന്തോഷിനുണ്ടായിരുന്നത്. . പെരുവമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ അഗ്രികള്‍ച്ചര്‍ മോര്‍ട്ടഗേജ് വായ്പയില്‍ 5,57,538 രൂപയും കെ സി സി വായ്പയില്‍ 58,873 രൂപയും സ്വര്‍ണ പണയ വായ്പയില്‍ 56,894 രൂപയും ഇയാള്‍ അടക്കാനുണ്ടായിരുന്നു. കടം പെരുകിയതോടെ കൃഷിക്ക് ബാങ്ക് വായ്പ നല്‍കാതെയായി. ഒടുവില്‍ ജപ്തി നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ കടബാധ്യത തീര്‍ക്കാന്‍ വഴിയില്ലാതെ വന്നപ്പോഴാണ് സന്തോഷ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതുന്നത്. കൃഷി ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ രണ്ട് ബാങ്കുകളിലെ കാര്‍ഷിക വായ്പകള്‍ക്ക് പുറമെ സ്വര്‍ണ പണയ വായ്പകളും അടക്കാനുണ്ടായിരുന്നു എന്ന് വ്യക്തമായി. ഇരു ബാങ്കുകളിലുമായി 8,97,305 രൂപയുടെ ബാധ്യതയുണ്ടെന്നും കൃഷി ഓഫീസര്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ബാങ്ക് വായ്പകള്‍ക്ക് പുറമെ കാര്‍ഷിക നഷ്ടം സന്തോഷിനെ വീണ്ടും ഉലച്ചു. 2016-17 വര്‍ഷത്തില്‍ 1.36 ഹെക്ടറും 2017-18, 2018-19 വര്‍ഷങ്ങളില്‍ ഒരു ഹെക്ടര്‍ വീതവും രണ്ടാം വിളയില്‍ നാശമുണ്ടായതായാണ് കൃഷിവകുപ്പിന്റെ കണക്ക്. വരള്‍ച്ച ബാധിച്ചായിരുന്നു കൃഷി നാശം. 2018-19 വര്‍ഷത്തില്‍ അര ഹെക്ടര്‍ വെള്ളം കയറിയും നശിച്ചു. 'സന്തോഷ് രക്തസാക്ഷിയാണ്' പാലക്കാട്ടെ കര്‍ഷകനും കര്‍ഷക മുന്നേറ്റം സംഘടനയുടെ ഭാരവാഹിയുമായ ഹേമേഷ് പറയുന്നു. 'സന്തോഷിനെപ്പോലെ ഇനിയും രക്തസാക്ഷികളോ ഇരകളോ ഉണ്ടായേക്കാം' മറ്റൊരു കര്‍ഷകനായ സജീഷ് പറയുന്നു. കേരളത്തിന്റെ നെല്ലറ എന്ന് വിശേഷിക്കപ്പെടുമെങ്കിലും സമൃദ്ധിയുടേതല്ലാത്ത ജീവിതമാണ് പാലക്കാടിന് പറയാനുള്ളത്. റവന്യൂ റിക്കവറി നോട്ടീസുകളും ജപ്തി അറിയിപ്പുകളും ലഭിച്ച ഭൂരിഭാഗം കര്‍ഷകരും സ്വയം മരണത്തില്‍ നിന്ന് തങ്ങളെ രക്ഷിക്കാനായി നെട്ടോട്ടമോടുകയാണ്. ബാങ്കുകളില്‍ കടം, കൃഷിയിറക്കാന്‍ പണമില്ല, വില്‍ക്കാനോ പണയം വക്കാനോ പണ്ഡവും ബാക്കിയില്ല, നെല്ല് സംഭരിക്കാനെത്തുന്നവര്‍ പണം നല്‍കുന്നില്ല, ഇതെല്ലാം മുതലെടുത്ത് ഇടനിലക്കാരുടെ ചൂഷണവും. കര്‍ഷക ജീവിതങ്ങള്‍ ചുരുക്കി പറഞ്ഞാല്‍ ഇത്രയുമാണ്. പാലക്കാട് ഒന്നാം കൃഷി കൊയ്ത്ത് കഴിഞ്ഞ സമയമാണ്. പ്രളയത്തില്‍ കൃഷി നാശമുണ്ടായെങ്കിലും തെറ്റില്ലാത്ത വിളവ് ലഭിച്ചതിന്റെ ആശ്വാസം കര്‍ഷകര്‍ക്കുണ്ട്. എന്നാല്‍ ഈ ആശ്വാസം വിളവില്‍ മാത്രമാണെന്ന് അവര്‍ പറയുന്നു. സെപ്തംബര്‍ മാസം അവസാനത്തോടെ കൊയ്ത്ത് പൂര്‍ത്തിയായി. മുമ്പ് നിശ്ചയിച്ച പ്രകാരം സപ്ലൈകോ ആണ് കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നത്. സംഭരണം ഇനിയും മുപ്പത് ശതമാനം പോലുമായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഒക്ടോബര്‍ നവംബര്‍ മാസത്തില്‍ തുടങ്ങേണ്ട രണ്ടാം കൃഷി ഇതേവരെ തുടങ്ങാനുമായിട്ടില്ല. പണമില്ലായ്മയല്ലാതെ അതിന് മറ്റൊരു കാരണവും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നില്ല. ബാങ്കുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരാണ് മിക്കവരും. സംഭരിച്ച നെല്ലിനുള്ള പണം സര്‍ക്കാര്‍ നല്‍കിയാല്‍ ഇവരുടെ കടബാധ്യത പകുതിയിലധികം ഒഴിയും. അടുത്ത കൃഷി തുടങ്ങാന്‍ ബാങ്ക് വായപകളും തേടാം. സര്‍ക്കാര്‍ നടപടികള്‍ വൈകും തോറും തങ്ങള്‍ തെരുവിലേക്കിറങ്ങേണ്ടി വരുന്ന നാളുകള്‍ കുറഞ്ഞ് വരികയാണെന്ന് ഇവര്‍ തങ്ങളുടെ അവസ്ഥ വിവരിക്കുന്നു. കഴിഞ്ഞ രണ്ടാം കൃഷിയ്ക്ക് സംഭരിച്ച നെല്ലിന്റെ തുക ഇനിയും സപ്ലൈകോ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടില്ല. സപ്ലൈകോയും ബാങ്കുകളും തമ്മില്‍ എത്തിയ ധാരണ പ്രകാരം കര്‍ഷകന് ലഭിക്കേണ്ട തുക ബാങ്കുകള്‍ കര്‍ഷകന് അഡ്വാന്‍സ് ആയി നല്‍കും. പിന്നീട് സപ്ലൈകോ ആ തുക ബാങ്കിന് കൈമാറും. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ആ പണം ലഭ്യമാവുകയും ചെയ്തു. എന്നാല്‍ സപ്ലൈകോ ബാങ്കുകള്‍ക്ക് പണം നല്‍കിയില്ല. പാലക്കാട് ജില്ലയില്‍ മാത്രം നാല് കോടിയോളം രൂപ ബാങ്കിന് കൈമാറാനുണ്ട്. നെല്ല് സംഭരണം കാര്യക്ഷമമായി നടക്കാത്തതും സംഭരിച്ചതിന്റെ പണം കിട്ടാത്തതും ഉണ്ടാക്കിയ സാമ്പത്തിക ബാധ്യത ചെറുതല്ലെന്ന് കര്‍ഷകര്‍ പറയുന്നു. അതിന് പുറമെയാണ് മറ്റ് ബാങ്കുകളില്‍ നിന്ന് പോലും വായ്പയെടുക്കാനാവത്ത സ്ഥിതി. കര്‍ഷക സംഘം പ്രസിഡന്റ് മുതലംകോട് മണി പറയുന്നു ' നെല്ലു സംഭരിച്ചതിന്റെ പണം ബാങ്ക് കര്‍ഷകന് തന്നത് വായ്പയായാണ്. സര്‍ക്കാര്‍ അത് ബാങ്കുകള്‍ക്ക് നല്‍കുമ്പോള്‍ മാത്രം ആ വായ്പ ഇല്ലാതാവും. അത് സര്‍ക്കാര്‍ തിരിച്ചടക്കാത്തതുകൊണ്ട് കര്‍ഷകനാണ് ബാങ്കിന്റെ മുന്നില്‍ കടക്കാരനാവുന്നത്. കഷ്ടപ്പെട്ട് കൃഷി ചെയ്ത് നെല്ലളന്ന് കിട്ടുന്ന പണം വായ്പയായി കര്‍ഷകന് തന്നെ വാളായി തീരുന്നു. ഇത്തവണ സംഭരിച്ച നെല്ലിന്റെ രസീതുമായി ചെല്ലുന്ന കര്‍ഷകന് ഇത് മൂലം ബാങ്ക് പണം നല്‍കുന്നില്ല. സര്‍ക്കാര്‍ വരുത്തിവച്ച വായ്പ നിലനില്‍ക്കുന്നതിനാല്‍ രണ്ടാം കൃഷി തുടങ്ങാന്‍ മറ്റ് ബാങ്കുകളില്‍ പോലും പോയി വായ്പയെടുക്കാന്‍ കഴിയുന്നില്ല.'. അഡ്വാന്‍സ് നല്‍കിയ തുക തിരിച്ചടക്കാത്തതിനാല്‍ ബാങ്കുകളില്‍ നിന്ന് റവന്യൂ റിക്കവറിക്ക് അറിയിപ്പ് ലഭിച്ചിട്ടുള്ളതായി കര്‍ഷകര്‍ പറയുന്നു. ബാങ്ക് പണം നല്‍കി ആറ് മാസം കഴിയുമ്പോള്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ വായ്പകള്‍ക്ക് യോഗ്യനല്ലാത്തയാള്‍ എന്ന് രേഖപ്പെടുത്തി ബാങ്ക് തങ്ങളോട് ക്രൂരത കാണിക്കുകയാണെന്നും ഇവര്‍ പറയുന്നു. യഥാസമയം പണം കിട്ടാത്തതിനാല്‍ പല ബാങ്കുകളില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നുമെടുത്ത വായ്പകളുടെ അടവും പ്രതിസന്ധിയിലായിരിക്കുകയാണ്. സര്‍ക്കാര്‍ പണം നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സപ്ലൈക്കോ അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തിന് ശേഷം സര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ടില്ലെന്ന് ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ യു മോളി പറഞ്ഞു. പണം വരുന്നതിനനുസരിച്ച് സപ്ലൈകോ ബാങ്കുകള്‍ക്ക് പണം നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കേന്ദ്ര സര്‍ക്കാരിന്റെയോ ഫണ്ട് ഇതേവരെ ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പണം നല്‍കാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമായതെന്ന് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അഴിമുഖത്തോട് പറഞ്ഞു. 'നെല്ല് സംഭരണത്തില്‍ കേന്ദ്രത്തിന്റെ വിഹിതം മാത്രം 250 കോടി രൂപ കേരളത്തിന് കി്ട്ടാനുണ്ട്. അത് ഇതേവരെ വന്നിട്ടില്ല. സംസ്ഥാന സര്‍ക്കാരും പണം നല്‍കുന്നതില്‍ കാലതാമസം വന്നിട്ടുണ്ട്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ 68 കോടി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യും. അത് വന്നാൽ കര്‍ഷകരുടെ കടബാധ്യതകള്‍ തീര്‍ക്കാനാവും. കഴിഞ്ഞ വര്‍ഷം ഉത്പാദനം വളരെ കൂടുതലായിരുന്നു. ഏഴ് ലക്ഷം മെട്രിക് ടണ്‍ നെല്ല് ലഭിച്ചു. അതിനാല്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ നല്‍കേണ്ട തുകയും കൂടുതലാണ്. നോണ്‍ പെര്‍ഫോമിങ് അസറ്റ് ആക്കുന്നതിന് മറ്റ് ബാങ്കുകള്‍ ആറും ഒമ്പതും മാസം വരെ സമയം നല്‍കാം എന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ എസ് ബി ഐ മൂന്ന് മാസം മാത്രമാണ് സമയം നല്‍കിയിരിക്കുന്നത്. അതാണ് കര്‍ഷകര്‍ക്ക് പ്രശ്നമായിരിക്കുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധം കാര്യങ്ങള്‍ പരിഹരിക്കും.' മന്ത്രി പ്രതികരിച്ചു. സംഭരണം,ചൂഷണം,അഴിമതി പാലക്കാട് ഒന്നാം വിള കൊയ്ത്ത് സെപ്തംബര്‍ മാസം അവസാനത്തോടെ പൂര്‍ത്തിയായി. 49,222 കര്‍ഷകരാണ് സപ്ലൈക്കോയിലും കൃഷി വകുപ്പിലും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നവംബര്‍ മാസം പകുതിയോടടുക്കുമ്പോഴും ഇതില്‍ പകുതിപ്പേരുടെ പോലും നെല്ല് സംഭരിക്കാന്‍ സപ്ലൈക്കോയ്ക്ക് കഴിഞ്ഞിട്ടില്ല. ആദ്യഘട്ടത്തില്‍ മില്ലുകളുടെ നിസ്സഹകരണമുണ്ടായതാണ് സംഭരണം വൈകാന്‍ കാരണമായതെന്ന് സപ്ലൈക്കോ അധികൃതര്‍ പറയുന്നു. മില്ലുകളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടക്കണമെന്ന ആവശ്യമാണ് മില്ലുടമകള്‍ ഉന്നയിച്ചത്. കൊയ്ത്ത് പൂര്‍ത്തിയായ ഘട്ടത്തില്‍ മില്ലുടമകള്‍ ഈ ആവശ്യമുന്നയിക്കുകയും തങ്ങള്‍ നെല്ലെടുക്കില്ലെന്ന് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മില്ലുടമകളുമായി സിവില്‍ സപ്ലൈസ് കൃഷി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രീമിയം അടക്കാനുള്ള നടപടികള്‍ ചെയ്യും എന്ന് ഉറപ്പ് നല്‍കി. തുടര്‍ന്ന് നെല്ല് സംഭരണം തുടങ്ങി. ഇതിനിടെ ജില്ലാ കളക്ടറും മന്ത്രിയും ഇടപെട്ട് തമിഴ്നാട്ടിലെ ചില മില്ലുകളേയും സംഭരണം ഏല്‍പ്പിച്ചു. എന്നാല്‍ കൊയ്ത്ത് കഴിഞ്ഞ് ഇരുപത് ദിവസങ്ങള്‍ കഴിഞ്ഞാണ് മില്ലുകള്‍ സംഭരണം തുടങ്ങിയതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. ഇതുവഴി കര്‍ഷകര്‍ പ്രതിസന്ധിയിലാവുകയും ചുരുങ്ങിയ വിലക്ക് ഓപ്പണ്‍ മാര്‍ക്കറ്റില്‍ നെല്ല് കൊടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. സപ്ലൈക്കോ നെല്ല് സംഭരിക്കുമ്പോള്‍ 26.95 രൂപ ലഭിക്കുമെങ്കില്‍ പൊതുവിപണിയിൽ കിലോയ്ക്ക് 17-22 രൂപയ്ക്കാണ് കര്‍ഷകര്‍ നെല്ലളന്ന് നല്‍കിയത്. ജ്യോതി നെല്ലാണ് പാലക്കാടന്‍ മട്ടയരിക്ക് ഉപയോഗിക്കുക. പാലക്കാടന്‍ മട്ടയ്ക്ക് പൊതു വിപണിയില്‍ നല്ല മാര്‍ക്കറ്റാണ്. എന്നാല്‍ ഈ നെല്ല് പോലും 22 രൂപയ്ക്ക് കര്‍ഷകര്‍ വില്‍ക്കേണ്ടി വരുന്നു. പ്രതികൂല കാലാവസ്ഥയിലും ജലക്ഷാമത്തിലും കൃഷി നടത്തിപ്പ് ബുദ്ധിമുട്ടിലായ തങ്ങള്‍ക്ക് വിപണിയി. വിലകുറച്ച് വിള നല്‍കേണ്ടി വരുന്നത് കനത്ത സാമ്പത്തിക നഷ്ടമാണുണ്ടാക്കുകയെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകമുന്നേറ്റം സംഘടന സെക്രട്ടറി സജീഷ് കുത്തന്നൂര്‍ പറയുന്നു ' എല്ലാ സീസണിലും മില്ലുടമകള്‍ എന്തെങ്കിലും കാര്യം നിരത്തി സംഭരണം വൈകിപ്പിക്കുക പതിവാണ്. സംഭരണം ആരംഭിക്കുന്നത് വരെ കാത്തിരിക്കാന്‍ പല കാരണങ്ങളാല്‍ കര്‍ഷകര്‍ക്കാവുന്നുമില്ല. ചിലര്‍ക്ക് ഒണക്കാന്‍ സൗകര്യമുണ്ടാവില്ല. അല്ലാത്തവര്‍ക്ക് നെല്ല് അളന്ന് കൊടുത്ത് കടം വീട്ടാനുണ്ടാവും. അതുകൊണ്ട് നഷ്ടം സഹിച്ചും കര്‍ഷകര്‍ ഓപ്പണ്‍ മാര്‍ക്കറ്റിലേക്ക് നെല്ല് കൊടുക്കുകയാണ്. ഉണക്കാന്‍ സൗകര്യമില്ലാത്തവര്‍ പച്ച നെല്ല് അളന്ന് കൊടുക്കും. അതിന് 15 രൂപയൊക്കെയാണ് പലപ്പോഴും കിട്ടുക. കര്‍ഷകനെ സംബന്ധിച്ച് ഒരു കിലോയ്ക്ക് പത്ത് രൂപ വരെ കുറവാണ് ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് കിട്ടുക. പക്ഷെ സംഭരണം വൈകുന്നതും സംഭരിച്ച നെല്ലിന്റെ പണം നല്‍കാന്‍ കാലതാമസം ഉണ്ടാവുന്നതും മൂലം നഷ്ടം സഹിച്ചും വിപണിയെ ആശ്രയിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയാണ്.' എന്നാല്‍ സംഭരണം വൈകുന്നത് ഉദ്യോഗസ്ഥരും മില്ലുടമകളും ഇടനിലക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് ഒരു കൂട്ടം കര്‍ഷകര്‍ ആരോപിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ് സംഭരണം വൈകുന്ന സാഹചര്യം മുതലെടുത്ത് ഇടനിലക്കാരെത്തും. ഇവര്‍ വില പറഞ്ഞുറപ്പിച്ച് കര്‍ഷകരില്‍ നിന്ന് നെല്ല് വാങ്ങും. കിട്ടിയ വിലക്ക് കര്‍ഷകര്‍ വില്‍ക്കുന്ന നെല്ല് തിരിച്ച് സപ്ലൈക്കോ വിപണിയില്‍ തന്നെ എത്തുന്നതായും ഏജന്റുമാരും മില്ലുടമകളും ചേര്‍ന്ന് ഇതുവഴി ലാഭം കൊയ്യുന്നതായും കര്‍ഷകര്‍ ആരോപിക്കുന്നു. ഇതിന് ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുകയാണെന്നും അവര്‍ പറയുന്നു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ജില്ലാ ജനറല്‍ കണ്‍വീനര്‍ വി പി നിജാമുദ്ദീന്‍ പറയുന്നു ' നെല്ല് സംഭരണം എന്ന് പറഞ്ഞ് ഇവിടെ വലിയ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. കര്‍ഷകന്റെ ഗതികേടാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്. കുറഞ്ഞ വിലക്ക് ഇടനിലക്കാര്‍ വന്ന് കര്‍ഷകന്റെ കയ്യില്‍ നിന്ന് നെല്ല് വാങ്ങും. അവരത് മില്ലുകള്‍ വഴി സപ്ലൈക്കോ വിപണിയിലെത്തിക്കും. കര്‍ഷകരുടെ പെര്‍മിറ്റിലേക്ക് അനധികൃതമായി ഈ നെല്ല് എഴുതി ചേര്‍ത്താണ് തട്ടിപ്പ്. സപ്ലൈക്കോ ബാങ്ക് വഴി കര്‍ഷകന്റെ അക്കൗണ്ടിലേക്കാണ് സംഭരണ വില നല്‍കുക. കിലോയ്ക്ക് രണ്ട് രൂപ കര്‍ഷകന് കമ്മീഷന്‍ നല്‍കും. ഓപ്പണ്‍ മാര്‍ക്കറ്റില്‍ നഷ്ടത്തില്‍ നെല്ല് നല്‍കിയ കര്‍ഷകന് ആ രണ്ട് രൂപയും വലുതാണ്. ചെക്കില്‍ ഒപ്പിട്ട് പണം കൈപ്പറ്റി അത് ഇടനിലക്കാരെയും മില്ലുകളേയും ഏല്‍പ്പിക്കും.' പാലക്കാട് അറുപത് ശതമാനം കര്‍ഷകരും ഇതുപോലെ ഇടനിലക്കാര്‍ വഴി പൊതു വിപണിയില്‍ നെല്ല് വില്‍ക്കുന്നവരാണ്. സപ്ലൈക്കോയില്‍ സംഭരണത്തിന് രജിസ്റ്റര്‍ ചെയ്ത ഈ കര്‍ഷകരുടെ പെര്‍മിറ്റിലേക്ക് അനധികൃതമായി തോന്നും പടി നെല്ലെഴുതി ചേര്‍ക്കുകയാണെന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന പരാതി. മുഴുവന്‍ നെല്ലും സംഭരിച്ചതായും ചിലപ്പോള്‍ അളവില്‍ കൂടുതലും നെല്ലെഴുതി ചേര്‍ത്ത് തട്ടിപ്പ് നടക്കുന്നതായും പരാതിയുണ്ട്. ഇതിനെതിരെ വിജിലന്‍സിലും കളക്ടര്‍ക്കും മന്ത്രിമാര്‍ക്കും, കൃഷി വകുപ്പിനും, സപ്ലൈക്കോയ്ക്കും പരാതി നല്‍കിയെങ്കിലും വേണ്ടത്ര പരിശോധനയോ അന്വേഷണമോ ഉണ്ടായില്ല. അഴിമതിക്ക് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥരെ തന്നെ അന്വേഷണം ഏല്‍പ്പിച്ച് 'വേലി തന്നെ വിളവ് തിന്നുന്ന' ഏര്‍പ്പാട് തുടരുകയാണെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ കര്‍ഷകര്‍ അറിയാതെ ഇത്തരത്തില്‍ ഒരു തട്ടിപ്പ് നടക്കില്ലെന്ന് സപ്ലൈക്കോ അധികൃതര്‍ പ്രതികരിച്ചു. തങ്ങള്‍ അന്വേഷണം നടത്താറുണ്ടെങ്കിലും തെളിവുകള്‍ ലഭിക്കാറില്ല. ചുരുക്കം ചില കേസുകളില്‍ ഇത്തരത്തില്‍ ക്രമക്കേട് ശ്രദ്ധയില്‍ പെട്ടപ്പോള്‍ പെര്‍മിറ്റ് റദ്ദാക്കിയിരുന്നു. എന്നാല്‍ ഇതിന് കൂട്ട് നില്‍ക്കുന്ന കര്‍ഷകര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തില്ല. സംഭരിച്ച നെല്ലെല്ലാം അവരുടേതാണെന്ന് പറയുന്ന സാഹചര്യമുണ്ട്. അതിനാല്‍ തന്നെ നടപടിയെടുക്കാന്‍ പറ്റാറില്ല. എന്നാല്‍ തന്നെയും പരാതി വന്നാല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും സപ്ലൈക്കോ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ പറഞ്ഞു. ഇഡിസംബര്‍ അവസാനത്തോടെ 70,000മെട്രിക് ടണ്‍ നെല്ല് സംഭരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതേവരെ 35,000 മെട്രിക് ടണ്‍ സംഭരിച്ചതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആരോപണങ്ങള്‍ സംബന്ധിച്ച് പ്രതികരണത്തിന് മില്ലുടമകളെ സമീപിച്ചെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. കര്‍ഷകരില്‍ നിന്ന് ഇടനിലക്കാര്‍ വാങ്ങുന്ന നെല്ലിനൊപ്പം തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള നെല്ലും പൊതുവിപണിയിലെത്താനുള്ള സാധ്യതകളാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 'നാലായിരം കിലോ മാത്രം ഉത്പാദിപ്പിക്കുന്ന കര്‍ഷകന്റെ പേരില്‍ ആറായിരവും ഏഴായിരവും കിലോ എഴുതിച്ചേര്‍ക്കും. അത്രയും നെല്ല് പുറത്തുനിന്ന് കൊണ്ടുവന്ന് സപ്ലൈക്കോയില്‍ എത്തിച്ച് ഇരട്ടി ലാഭം ഉണ്ടാക്കുന്ന ഏര്‍പ്പാടും നടക്കുന്നുണ്ട്. ഞാന്‍ നേരിട്ട് അനുഭവസ്ഥനാണ്. കഴിഞ്ഞ വിളയില്‍ എനിക്ക് നാലായിരം കിലോ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആറായിരം എഴുതിച്ചേര്‍ത്ത് അതിനുള്ള പണം അക്കൗണ്ടിലേക്കെത്തിച്ച് ഇടനിലക്കാരനും മില്ലുകാരും ലാഭമുണ്ടാക്കി. അറിയാതെ പെട്ടുപോയതാണ്. പിന്നീടാണ് തട്ടിപ്പ് മനസ്സിലായത്. എന്നാല്‍ ഇപ്പോഴും പേടിച്ചിട്ട് എനിക്ക് മിണ്ടാന്‍ പറ്റില്ല. മിണ്ടിയാല്‍ എന്റെയും പെര്‍മിറ്റ റദ്ദാവും.' കുഴല്‍മന്ദം പ്രദേശത്തെ ഒരു കര്‍ഷകന്‍ പറയുന്നു. കുഴല്‍മന്ദം, കുത്തന്നൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് കൂടുതലും ഇടനിലക്കാരുടെ ചൂഷണവും ക്രമക്കേടും നടക്കുന്നതെന്നും ഇദ്ദേഹം ആരോപിക്കുന്നു. പാലക്കാടന്‍ മട്ടയെന്ന പേരില്‍ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നത് പലപ്പോഴും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പതിനഞ്ചും പതിനാറും രൂപയ്ക്ക് വാങ്ങി സപ്ലൈക്കോ വിപണിയിലെത്തിക്കുന്ന അരിയാണെന്നും കര്‍ഷകര്‍ ആക്ഷേപമുന്നയിക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് പാലക്കാടന്‍ മട്ടയെന്ന പേരില്‍ റെഡ്ഓക്സൈഡ് ചേര്‍ത്ത അരി വിപണിയിലെത്തുന്നത് സപ്ലൈക്കോ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. വിജിലന്‍സ് മുപ്പതിലധികം മില്ലുകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ അന്ന് വിജിലന്‍സ് നടപടിക്കെതിരെ ഭക്ഷ്യസുരക്ഷ വിഭാഗം രംഗത്തെത്തുകയും അരിയില്‍ കൃത്രിമത്വം നടക്കുന്നില്ലെന്ന് മറുപടി നൽകുകയും നല്‍കി. സപ്ലൈക്കോ വഴി സംഭരിക്കുന്ന നെല്ലില്‍ 64.5 ശതമാനം അരിയാക്കി പൊതുവിതരണത്തിന് നല്‍കണമെന്നാണ് മില്ലുകളുമായുള്ള കരാര്‍. പാലക്കാടന്‍ മട്ടയരി കയറ്റുമതി ലക്ഷ്യമാക്കി എറണാകുളം ജില്ലയിലെ മില്ലുകാര്‍ക്ക് കൈമാറുകയാണ് പതിവെന്ന് കര്‍ഷകര്‍ പറയുന്നു. ഇതിന് പകരം മായം ചേര്‍ത്ത് അരിയാണ് മട്ടയെന്ന പേരില്‍ റേഷന്‍കടകളില്‍ എത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, പൊതുവിതരണ വകുപ്പ്, ഭക്ഷ്യ സുക്ഷാ അതോറിറ്റി എന്നിവരുടെ മൂന്ന് തലങ്ങളിലുള്ള പരിശോധനക്ക് ശേഷമാണ് അരി പൊതു വിതരണത്തിനെത്തുന്നതെന്നും കൃത്രിമത്വം നടക്കുന്നില്ലെന്നും സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ പ്രതികരിച്ചു. ആത്മഹത്യ ചെയ്ത സന്തോഷിന്റെ എല്ലാ കടങ്ങളും എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് വിവിധ കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒന്നാംവിളയിറക്കിയെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളിപ്പോലെ തന്നെ കൊയ്യാന്‍ വയലില്‍ നെല്ല് മാത്രമില്ല. അതിനാല്‍ തന്നെ കൃഷിയില്‍ നിന്ന് പണം കിട്ടില്ല. ഉള്ള സ്ഥലവും വീടും വില്‍ക്കാതെ ബാങ്കിലെ കടങ്ങള്‍ വീട്ടാനുമാവില്ല. സ്വന്തമായുണ്ടായിരുന്നതെല്ലാം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് സന്തോഷിന്റെ ഭാര്യ പ്രസന്ന. ഇനിയും സന്തോഷുമാര്‍ ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യമാണ് കര്‍ഷക സംഘടനകളുടേത്.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories