TopTop
Begin typing your search above and press return to search.

AZHIMUKHAM PLUS | പാന്‍ അറബി ദേശീയതയില്‍ നിന്നും രാഷ്ട്രീയ ഇസ്ലാമിലേക്ക്; പെട്രോളിയത്തിന്റെ സാധ്യത അറേബ്യന്‍ രാജ്യങ്ങള്‍ തിരിച്ചറിയുന്നു

AZHIMUKHAM PLUS | പാന്‍ അറബി ദേശീയതയില്‍ നിന്നും രാഷ്ട്രീയ ഇസ്ലാമിലേക്ക്; പെട്രോളിയത്തിന്റെ സാധ്യത അറേബ്യന്‍ രാജ്യങ്ങള്‍ തിരിച്ചറിയുന്നു


(ആഗോള സമ്പദ്‌വ്യവസ്ഥ കടുത്ത മാന്ദ്യത്തിന്റേയും പ്രതിസന്ധികളുടേയും മധ്യേയാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഗ്രേറ്റ് ഡിപ്രഷനു ശേഷം ലോകം നേരിടുന്ന ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധി. കോവിഡ്-19 മഹാമാരിയായി പടരുന്നതിനു മുമ്പുതന്നെ ലോക ബാങ്കും, അന്താരാഷ്ട്ര നാണയ നിധിയുമടക്കമുള്ളവ സാമ്പത്തിക പ്രതിസന്ധിയെ പറ്റിയുള്ള വ്യാകുലതകളില്‍ പെട്ടിരുന്നു. കോവിഡിന്റെ വ്യാപനത്തോടെ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി. ആഗോളപ്രതിസന്ധിയുടെ പൊതു ദുരിതങ്ങളോടൊപ്പം നമ്മുടെ സവിശേഷമായ പ്രശ്നങ്ങള്‍ കൂടി ചേരുമ്പോള്‍ കേരളത്തിന്റെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണം. ഈ പശ്ചാത്തലത്തിലാണ് നമ്മുടെ സാമ്പത്തികമേഖലയുടെ സവിശേഷതയായ 'റെമിറ്റന്‍സ് എക്കോണമി'യുടെഭാവി എന്താവുമെന്നതടക്കമുള്ള ചോദ്യങ്ങള്‍. പ്രവാസികള്‍ മടങ്ങിവരുമെന്ന ആശങ്കകള്‍ക്കപ്പുറം ഈ വിഷയത്തെപ്പറ്റി കേരളത്തില്‍ ഗൗരവമായ ആലോചനകള്‍ നടക്കുന്നതിന്റെ സൂചനകളില്ല. ഗള്‍ഫ് മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങളും അത് പ്രവാസി സമൂഹങ്ങളില്‍ സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങളെയും ദൂരവ്യാപകമായ മാറ്റങ്ങളെയും പറ്റി ആഴത്തിലുള്ള ആലോചനകള്‍ സംഭവിക്കുന്നുമില്ല. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ
കെ.പി. സേതുനാഥ്
ആ പ്രശ്‌നങ്ങള്‍ വിശദമായി പരിശോധിക്കുകയാണ് നാലു ഭാഗങ്ങളിലായി പൂര്‍ത്തിയാകുന്ന 'എണ്ണ വഴുക്കലില്‍ കാലിടറുന്ന കേരള മാതൃക' എന്ന ലേഖനപരമ്പരയിലൂടെ.
ആദ്യ ഭാഗം ഇവിടെ വായിക്കാം
)

ഇന്ധനമെന്ന നിലയില്‍ പെട്രോളിയത്തിന്റെ ശേഷിയും, തന്ത്ര പ്രധാനമായ പങ്കും പൂര്‍ണ്ണമായും തിരിച്ചറിയുന്നത് ഒന്നാം ലോകയുദ്ധത്തിനു ശേഷമാണ്. അമേരിക്കയിലും, ലാറ്റിനമേരിക്കയിലുമെല്ലാം പെട്രോളിയം കണ്ടെത്തിയതിനു ശേഷമാണ് പശ്ചിമേഷ്യയുടെ ഭൂഗര്‍ഭത്തില്‍ മറഞ്ഞിരുന്ന പെട്രോളിയം സമ്പത്തിന്റെ സാധ്യത പ്രത്യക്ഷമായത്. അറേബ്യന്‍ മണലാരണ്യത്തിലായിരുന്നില്ല അതിന്റെ തുടക്കം. ഇപ്പോള്‍ ഇറാന്‍ എന്നറിയപ്പെടുന്ന പേര്‍ഷ്യയാണ് പശ്ചിമേഷ്യയില്‍ പെട്രോളിയത്തിന്റെ സാധ്യത തിരിച്ചറിഞ്ഞ ആദ്യദേശം.

ഒന്നാംലോക യുദ്ധത്തിനു മുമ്പു തന്നെ പെട്രോളിയം ഉല്‍പ്പാദനത്തിന്റെ ഒരു തന്ത്രപ്രധാന ദേശമായി പേര്‍ഷ്യ ഉരുത്തിരിഞ്ഞു. പില്‍ക്കാലത്തു പ്രശസ്തമായ ഷെല്‍ ആയിരുന്നു ഈ സംരംഭത്തിന്റെ മുന്നണിപ്പടയാളി. ഇന്നത്തെ ജിസിസി രാജ്യങ്ങള്‍ അടങ്ങുന്ന അറേബ്യന്‍ മണലാരണ്യം പെട്രോളിയം സമ്പത്തിന്റെ ഉറവിടമാണെന്ന തിരിച്ചറിവ് അത്രയെളുപ്പം കൈവന്നതല്ല. ഒന്നാം ലോകയുദ്ധം കഴിഞ്ഞതിനു ശേഷമാണ് അതിന്റെ തുടക്കം.

യുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തില്‍ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ആയിരുന്ന ഫ്രാങ്ക് ഹോംസ് എന്ന അതികായനാണ് അറേബ്യയിലെ എണ്ണ കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങളുടെ പുറകിലുണ്ടായിരുന്ന ഒരു ഉത്സാഹി. കാളയറിച്ചി വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാര്‍ ഉറപ്പിക്കുന്നുതിനു 1918ല്‍ എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍ എത്തിയപ്പോഴാണ് അറേബ്യയിലെ എണ്ണ നിക്ഷേപത്തെ പറ്റിയുള്ള സൂചന ഹോംസിനു ലഭിക്കുന്നത്. ഒരു അറബി വ്യാപാരിയാണ് പേര്‍ഷ്യന്‍ ഗള്‍ഫിന്റെ അറേബ്യന്‍ തീരങ്ങളില്‍ എണ്ണ കിനിഞ്ഞിറങ്ങുന്നതിനെ പറ്റി ഹോംസിനോടു പറയുന്നത്.

ന്യുസിലാണ്ടില്‍ ജനിച്ച് ദക്ഷിണാഫ്രിക്കയിലെ സ്വര്‍ണ്ണ-തകര ഖനികളില്‍ എഞ്ചിനീയറായി ജീവിതം തുടങ്ങിയ ഹോംസ് ബ്രട്ടീഷ് പട്ടാളത്തില്‍ എത്തുമ്പോഴേക്കും മെക്സിക്കോ, ഉറുഗ്വേ, മലയ, റഷ്യ, നൈജീരിയ തുടങ്ങിയ ദേശങ്ങളിലെ ഖനനവ്യവസ്യായ മേഖലയില്‍ പരിചയ സമ്പന്നത നേടിയിരുന്നു. യുദ്ധാനന്തരം അറേബ്യയില്‍ എണ്ണ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഭാഗ്യപരീക്ഷണം നടത്താന്‍ ഹോംസിനെ പ്രാപ്തനാക്കിയത് ഈ അനുഭവങ്ങളുടെ ബലമായിരുന്നു. ഈസ്റ്റേണ്‍ ആന്റ് ജനറല്‍ സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനത്തിന്റെ പേരില്‍ യെമനിലെ ഏദനില്‍ 1920ല്‍ ഒരു ഔഷധകട തുറുന്നുകൊണ്ട് ഹോംസ് തന്റെ ഭാഗ്യപരീക്ഷണത്തിനു തുടക്കമിടുമ്പോള്‍ പശ്ചിമേഷ്യ വലിയൊരു മാറ്റത്തിന്റെ പടിവാതില്‍ക്കലായിരുന്നു.

ഇറാന്‍ ഒഴികെയുള്ള പശ്ചിമേഷ്യയിലെ മറ്റു ഭൂരിഭാഗം പ്രദേശങ്ങളും തുര്‍ക്കിയുടെ അധീനതയിലുള്ള ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയുടെ സഖ്യകക്ഷിയായിരുന്ന തുര്‍ക്കിയുടെ തകര്‍ച്ചയെ തുടര്‍ന്ന് ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അറേബ്യയിലെ പ്രവിശ്യകളിലെ ഷെയ്ഖുമാരെല്ലാം സ്വയംഭരണം പ്രഖ്യാപിക്കുന്ന കാലമായിരുന്നു. ഒന്നാം ലോകയുദ്ധത്തിലെ വിജയികളായ ബ്രിട്ടനും, ഫ്രാന്‍സും ഈ പ്രദേശങ്ങള്‍ തങ്ങളുടെ സ്വാധീനമേഖലകളായി പങ്കിട്ടെടുക്കുന്നതിന്റെ തിരക്കിലുമായിരുന്നു. ബ്രിട്ടനും, ഫ്രാന്‍സും അക്കാലയളവില്‍ വരഞ്ഞ സ്വാധീനമേഖലകളുടെ പുതിയ ഭൂപടങ്ങളാണ് വലിയ വ്യത്യാസങ്ങളൊന്നും ഇല്ലാതെ മേഖലയിലെ ദേശരാഷ്ട്രങ്ങളുടെ അതിര്‍ത്തികളായി ഇപ്പോഴും സ്ഥിതി ചെയ്യുന്നത്.

പേര്‍ഷ്യന്‍ ഗള്‍ഫിലെ അറബി തീരത്ത് പെട്രോളിയം നിക്ഷേപങ്ങള്‍ കണ്ടെത്തിയാല്‍ ലഭിക്കുന്ന സമൃദ്ധിയെ പറ്റിയുള്ള വാഗ്ദാനങ്ങളുമായി ഹോംസ് പ്രദേശത്തെ ഷേഖുമാരെ സന്ദര്‍ശിക്കുവാന്‍ തുടങ്ങിയെങ്കിലും വലിയ സമ്പത്തൊന്നുമില്ലാതിരുന്ന ഷേഖുമാര്‍ വിഷയത്തില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചില്ല. ഏദനില്‍ നിന്നും ബഹറിനിലേക്കു ആസ്ഥാനം മാറ്റിയ ഹോംസ് അവിടുത്തെ ഷേഖുമായി പെട്രോളിയത്തിന്റെ വിഷയം അവതരിപ്പിച്ചു.

'എണ്ണക്കു പകരം വെള്ളം' പര്യവേക്ഷണം

പെട്രോളിയത്തിനെക്കാള്‍ ഷേഖിനു താല്‍പര്യം ശുദ്ധമായ കുടിവെള്ളത്തിന്റെ ശ്രോതസ്സ് കണ്ടെത്തുന്നതിലായിരുന്നു! പെട്രോളിയത്തിനു പകരം വെള്ളത്തിന്റെ ശ്രോതസ്സു കണ്ടെത്തുന്ന പക്ഷം എണ്ണപര്യവേക്ഷണം നടത്തുന്നതിനുള്ള കണ്‍സെഷന്‍ കരാര്‍ (വരുമാനം പങ്കുവെയ്ക്കുന്നതു സംബന്ധിച്ച ധാരണാപത്രം) ഹോംസിനു നല്‍കാമെന്നു അദ്ദേഹം വാഗ്ദാനം ചെയ്തു. അങ്ങനെ എണ്ണക്കു പകരം വെള്ളത്തിന്റെ പര്യവേക്ഷണത്തിന് തുടക്കമിട്ട ഹോംസ് അതില്‍ വിജയിച്ചതോടെ എണ്ണ പര്യവേക്ഷണത്തിനുള്ള കണ്‍സെഷന്‍ കരാര്‍ 1925 ല്‍ ഹോംസിനു ലഭിച്ചു. അതേ കാലയളവില്‍ തന്നെ സൗദി അറേബ്യയുടെ കിഴക്കന്‍ പ്രദേശമായ അല്‍-ഹസയിലും, സൗദി അറേബ്യയും, കുവൈറ്റും സംയുക്തമായി ഭരണം നടത്തിയിരുന്ന ഒരു പ്രദേശത്തും പര്യവേക്ഷണത്തിനുള്ള കണ്‍സെഷന്‍ കരാര്‍ ഹോംസിന്റെ ഈസ്റ്റേണ്‍ ജനറല്‍ സിന്‍ഡിക്കേറ്റ് 1923-24 വര്‍ഷങ്ങളില്‍ നേടിയിരുന്നു. കരാറുകള്‍ ലഭ്യമായെങ്കിലും സിന്‍ഡിക്കേറ്റിന്റെ സാമ്പത്തികനില പരിതാപകരമായിരുന്നു.

പര്യവേക്ഷണത്തിനുള്ള പണം കണ്ടെത്തുന്നതിനായി ഹോംസ് ബ്രിട്ടനില്‍ തിരികെയെത്തി വളരെയധികം ശ്രമിച്ചുവെങ്കിലും മുതല്‍മുടക്കുവാന്‍ ആരും തയ്യാറായില്ല. പണം തേടി ന്യൂയോര്‍ക്കിലെത്തിയ ഹോംസ് വളരെ പണിപ്പെട്ടതിനു ശേഷം അമേരിക്കയിലെ പെട്രോളിയം കമ്പനികളില്‍ ഒന്നായ ഗള്‍ഫ് ഓയിലിനെ ബഹറിനിലെ സംരംഭത്തില്‍ നിക്ഷേപകരാക്കുന്നതില്‍ വിജയിച്ചു. അതിന്റെ വിശദാംശങ്ങള്‍, അമേരിക്കന്‍ കമ്പനി മേഖലയില്‍ വരുന്നതില്‍ ബ്രിട്ടന്റെ എതിര്‍പ്പ്, പെട്രോളിയം ശേഖരങ്ങളുടെ ശ്രോതസ്സുകള്‍ കുത്തകയാക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയവ നമ്മുടെ വിഷയവുമായി നേരിട്ടു ബന്ധമില്ലാത്തതിനാല്‍ വിടുന്നു. അറേബ്യന്‍ മേഖലയിലെ ജിസിസി രാജ്യങ്ങളുടെ തലവര മാറ്റിവരച്ച എണ്ണ പര്യവേക്ഷണം 1931 ഒക്ടോബറില്‍ തുടങ്ങുന്നു. അപ്പോഴേക്കും ഹോംസ് പങ്കാളിയായ കമ്പനിയുടെ പേര് ബഹറിന്‍ പെട്രോളിയം കമ്പനി എന്നായി മാറിയിരുന്നു.

1932 മെയ് 31 ല്‍ ഇവിടെ എണ്ണ കണ്ടെത്തിയതോടെ അറേബ്യന്‍ മണലാരണ്യത്തിന്റെ ചരിത്രത്തിലെ പുതിയ അദ്ധ്യായം തുടങ്ങുന്നു. ചെറിയ ദ്വീപു മാത്രമായിരുന്ന ബഹറിനില്‍ എണ്ണ നിക്ഷേപം ഉണ്ടെങ്കില്‍ അതിന്റെ വെറും 20-മൈല്‍ അകലെയുള്ള അറേബ്യന്‍ ഭൂതടത്തില്‍ പെട്രോളിയത്തിന്റെ നിക്ഷേപം ഉണ്ടെന്നു ഉറപ്പായിരുന്നു. പെട്രോളിയം മുതലാളിത്തത്തിന്റെ ഉപജ്ഞാതാവായ റോക്ക്ഫെല്ലര്‍ സ്ഥാപിച്ച സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ കമ്പനി സൗദി അറേബ്യയിലെത്തിയതോടെ പെട്രോളിയത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടന അറേബ്യന്‍ മണലാരണ്യങ്ങളുടെ മുഖച്ഛായ മാറ്റിയെന്നു മാത്രമല്ല ആഗോള ഭൗമരാഷ്ട്രീയത്തിലെ നിര്‍ണ്ണായക ഘടകമാവുകയും ചെയ്തു.

പെട്രോളിയം ഉല്‍പ്പാദകരെന്ന നിലയില്‍ അറബി രാജ്യങ്ങള്‍ക്ക് സാമ്പത്തികവും, രാഷ്ട്രീയവുമായ അപ്രമാദിത്വം കൈവരുന്നത് 1973 ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തോടെയാണ്. ഇസ്രായേലിനെ പിന്തുണക്കുന്നവര്‍ക്ക് എണ്ണ നല്‍കില്ലെന്ന അറബ് രാജ്യങ്ങളുടെ പ്രഖ്യാപനവും, അവക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധവും തന്ത്രപ്രധാന വിഭവമെന്ന നിലയിലുള്ള പെട്രോളിയത്തിന്റെ പ്രാധാന്യം പുതിയ തലത്തില്‍ എത്തിച്ചു. 1973 സെപ്റ്റംബറില്‍ ബാരലിന് മൂന്നു ഡോളറില്‍ താഴെ വിലയുണ്ടായിരുന്ന അസംസ്‌കൃത എണ്ണയുടെ വില ഒക്ടോബറില്‍ ഉപരോധം വന്നതോടെ 300 ശതമാനം ഉയര്‍ന്നു 12 ഡോളറെത്തി.

ജിസിസി രാജ്യങ്ങളുടെ സമൃദ്ധി, പാന്‍ അറബി ദേശീയത, രാഷ്ട്രീയ ഇസ്ലാം

1974 മാര്‍ച്ചില്‍ ഉപരോധം പിന്‍വലിച്ചുവെങ്കിലും അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. എണ്ണയുല്‍പ്പാദനത്തെ മുന്‍നിര്‍ത്തിയുള്ള ജിസിസി രാജ്യങ്ങളുടെ സാമ്പത്തിക സമൃദ്ധിയുടെ ഈയൊരു തുടക്കത്തിനു പശ്ചാത്തലമായി സങ്കീര്‍ണ്ണമായ രാഷ്ട്രീയ പ്രക്രിയയുടെ സമാന്തര ചരിത്രവും അരങ്ങേറുന്നുണ്ടായിരുന്നു. കൊളോണിയല്‍ അധിനിവേശത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ദേശാതിര്‍ത്തികളെ ഉല്ലംഘിക്കുന്ന പാന്‍ അറബി ദേശീയതയുടെ ആവിഷ്‌ക്കാരങ്ങള്‍ 1950 കള്‍ മുതല്‍ മേഖലയില്‍ സജീവമായിരുന്നു. ഈജിപ്തില്‍ 1954 ല്‍ അബ്ദുല്‍ ഗമാല്‍ നാസ്സര്‍ അധികാരത്തിലെത്തിയതോടെ പാന്‍ അറബി ദേശീയത പുതിയ തലങ്ങളിലെത്തി. ഈജിപ്തും, സിറിയയും, ഇറാഖും ഒന്നു ചേര്‍ന്ന ഐക്യ അറബി റിപ്പബ്ലിക് എന്ന ഫെഡറല്‍ രാജ്യം 1958 ല്‍ ഭാഗികമായെങ്കിലും യാഥാര്‍ത്ഥ്യമായത് പാന്‍ അറബി ദേശീയതയുടെ സ്വാധീനത്തിന്റെ ഉദാഹരണമാണ്. അറബി ദേശീയതയുടെ ഈ ഉണര്‍വില്‍ ഏറ്റവുമധികം വെട്ടിലായത് ജിസിസി രാജ്യങ്ങളിലെ രാജഭരണങ്ങളായിരുന്നു.

ഈജിപ്തിലും, ഇറാഖിലുമെല്ലാം രാജഭരണങ്ങള്‍ പുറത്തായതും ഇവരുടെ ആശങ്കകള്‍ ഉയര്‍ത്തുന്നതായിരുന്നു. പെട്രോളിയം വിഭവസ്രോതസ്സിന്റെ സമൃദ്ധി നിറഞ്ഞ രാജ്യങ്ങള്‍ അവയുടെ വരുമാനം പെട്രോളിയം വിഭവങ്ങള്‍ ഇല്ലാത്ത തങ്ങളുടെ അറബി സഹോദരരാജ്യങ്ങളുടെ ഉന്നമനത്തിനു കൂടി വിനിയോഗിക്കണമെന്നും അതുവഴി മൊത്തം അറബി ലോകത്തിന്റെ സമൃദ്ധിക്കും, ക്ഷേമത്തിനും വഴിതെളിക്കണമെന്നുമുള്ള വീക്ഷണം പാന്‍ അറബി ദേശീയതയുടെ വികാരമായിരുന്നു. പല അടരുകളുള്ള ഇടതുപക്ഷ ആശയങ്ങളും, സാമ്രാജ്യത്വ വിരുദ്ധതയും അതിന്റെ അവിഭാജ്യ ഘടകമായിരുന്നു. സൂയസ് കനാലിന്റെ ദേശസാല്‍ക്കരണവും, ജവഹര്‍ലാല്‍ നെഹ്രു, മാര്‍ഷല്‍ ടിറ്റോ, സുകാര്‍ണോ തുടങ്ങിയവരോടൊപ്പം ചേരിചേരാ പ്രസ്ഥാനത്തിലെ നേതൃത്വപരമായ പങ്കും നാസ്സറിനെ മേഖലയിലെ സാമ്രാജത്വ വിരുദ്ധ രാഷ്ട്രീയത്തിന്റെ മികച്ച ജനപ്രിയ ചിഹ്നമാക്കിയിരുന്നു. എന്നാല്‍ 1967 ലെ ഇസ്രായേല്‍-അറബി യുദ്ധത്തില്‍ ഇസ്രായേല്‍ നേടിയ അനായാസ വിജയം പാന്‍ അറബി ദേശീയതയുടെ സങ്കല്‍പ്പനങ്ങള്‍ക്ക് ഔപചാരിക തലത്തില്‍ വലിയ തിരിച്ചടി സൃഷ്ടിച്ചുവെങ്കിലും മേഖലയിലെ ജനങ്ങളുടെ ഇടയില്‍ വലിയ രാഷ്ട്രീയ ഉണര്‍വിനു കാരണമായി.

യുദ്ധത്തിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധികാരമൊഴിയന്‍ തയ്യാറായ നാസ്സറിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു 10 ലക്ഷത്തിലധികം പേര്‍ കെയ്റോയില്‍ മാത്രം പ്രകടനം നടത്തിയെന്നു 'ക്ലാഷ് ഓഫ് ഫണ്ടമെന്റലിസംസ്' എന്ന തന്റെ പുസ്തകത്തില്‍ താരിഖ് അലി നിരീക്ഷിക്കുന്നു. പാന്‍ അറബി ദേശീയതയുടെ ഭാഗമായി മേഖലയില്‍ പ്രത്യക്ഷമായ ജനകീയ പ്രക്ഷോഭങ്ങളുടെയും, ഉയര്‍ത്തെഴുന്നേല്‍പ്പുകളുടെയും ഉപോല്‍പ്പന്നമായിരുന്നു കേരളത്തിനു തുറന്നു കിട്ടിയ ജിസിസി രാജ്യങ്ങളിലെ തൊഴില്‍ വിപണി. ഈജിപ്റ്റ്, യെമന്‍, പാലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു 1972 വരെ ജിസിസി രാജ്യങ്ങളിലെ തൊഴില്‍ വിപണയില്‍ ആധിപത്യം പുലര്‍ത്തിയത്. ഇടതുപക്ഷ ആശയങ്ങളുടെ ശക്തമായ സ്വാധീനമുള്ള പാന്‍ അറബി രാഷ്ട്രീയത്തില്‍ ഉത്തേജിതരായ ഇവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ തദ്ദേശീയരായ ജനങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചുകൊണ്ടു തങ്ങളെ സ്ഥാനഭ്രഷ്ടരാക്കുമെന്നു ജിസിസിയിലെ രാജഭരണാധികാരികള്‍ ശരിക്കും ആശങ്കപ്പെട്ടിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ബഹറിന്‍, പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ഒമാന്‍, പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ഒക്കുപൈഡ് ഗള്‍ഫ് തുടങ്ങിയ സംഘടനകള്‍ ജിസിസി രാജ്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്നു പറഞ്ഞാല്‍ ഇപ്പോള്‍ പലര്‍ക്കും അവിശ്വസനീയമായി തോന്നും. ജിസിസി-ഇതര അറബി രാജ്യങ്ങളില്‍ നിന്നുള്ള നിരവധി തൊഴിലാളികളെ 1970-80 കളില്‍ ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ടുവെന്ന പേരില്‍ തുറുങ്കിലടക്കുകയും, രാജ്യഭ്രഷ്ടരാക്കുകയും ചെയ്തു. ന്യൂ ലെഫ്റ്റ് റിവ്യൂവിന്റെ പത്രാധിപ സമിതി അംഗമായിരുന്ന ഫ്രെഡ് ഹാലിഡേ 1974-ല്‍ എഴുതിയ സുല്‍ത്താന്മാരില്ലാത്ത അറേബ്യ (അറേബ്യ വിത്തൗട്ട് സള്‍ട്ടന്‍സ്) എന്ന പുസ്തകത്തിന്റെ പശ്ചാത്തലം മേഖലയിലെ ഈ ഉണര്‍വുകളായിരുന്നു. ജിസിസി രാജ്യങ്ങളിലെ പ്രവാസി ജനസംഖ്യയുടെ അനുപാതങ്ങളില്‍ വന്ന ഏറ്റക്കുറച്ചില്‍ ഈ മാറ്റം വ്യക്തമായും അനാവരണം ചെയ്യുന്നു. 1975-ല്‍ പ്രവാസി ജനസംഖ്യയുടെ 72 ശതമാനം ജിസിസി ഇതര അറബി രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ 1985 ല്‍ അവരുടെ എണ്ണം 52 ശതമാനമായി കുറഞ്ഞു.

1970-ല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള തൊഴിലാളികള്‍ ജിസിസി രാജ്യങ്ങളില്‍ വെറും 12 ശതമാനമായിരുന്നുവെങ്കില്‍ 1980 ല്‍ അവരുടെ സംഖ്യ 41 ശതമാനമായി കുത്തനെ ഉയര്‍ന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അത് 63 ശതമാനമായി എന്ന് ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക-സാമൂഹ്യ കാര്യ വിഭാഗത്തിനു വേണ്ടി ആന്ദ്രേ കാപ്സിവേസ്‌കി 2006 ല്‍ തയാറാക്കിയ പ്രബന്ധത്തില്‍ വിശദീകരിക്കുന്നു. അതായത് തൊഴില്‍ വിപണിയില്‍ നിന്നും ജിസിസി ഇതര അറബി രാജ്യങ്ങളില്‍ നിന്നുള്ളവരെ ബോധപൂര്‍വം ഒഴിവാക്കി അറബി-ഇതര തൊഴിലാളികളെ വ്യാപകമായി നിയമിക്കുന്നതിന്റെ ഗുണഭോക്താക്കളായിരുന്നു മലയാളികള്‍. 1980 കളുടെ അവസാനത്തോടെ ഇടതുപക്ഷ ആശയങ്ങളുടെ സ്വാധീനമുള്ള പാന്‍ അറബി ദേശീയതയുടെ പ്രഭാവം കെട്ടടങ്ങുകയും അതിനുപകരം രാഷ്ട്രീയ ഇസ്ലാം മേഖലയില്‍ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു.

(അടുത്തഭാഗം: ജിസിസി രാജ്യങ്ങളിലെ മാറ്റങ്ങളും കേരളത്തിലെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക പ്രതിഫലനങ്ങളും)


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories