TopTop
Begin typing your search above and press return to search.

'അവിടെ കാര്യങ്ങള്‍ അറിയാവുന്നവരൊക്കെ മണ്ണിനടിയിലാണ്, ഉരുള്‍ പൊട്ടി വരുമെന്ന് ആര്‍ക്കുമൊരു സൂചനയില്ലായിരുന്നു', വിറങ്ങലിച്ച് പെട്ടിമുടി

അവിടെ കാര്യങ്ങള്‍ അറിയാവുന്നവരൊക്കെ മണ്ണിനടിയിലാണ്, ഉരുള്‍ പൊട്ടി വരുമെന്ന് ആര്‍ക്കുമൊരു സൂചനയില്ലായിരുന്നു, വിറങ്ങലിച്ച് പെട്ടിമുടി

"എവിടെ നിന്നും ഇടമലക്കുടിയിലേക്ക് ആളുകൾ പോയാലും സഹകരിക്കുകയും വിശ്രമിക്കാൻ ഇടം കൊടുക്കുകയും ചൂട് ചായ കൊടുക്കുകയും ചെയ്തിരുന്ന ചിരിക്കുന്ന കുറെ മുഖങ്ങളാണ് ഇപ്പോൾ പെട്ടിമുടിയിലെ മണ്ണിനടിയിൽ കിടക്കുന്നത്. അവിടുത്തെ കാര്യങ്ങൾ കൃത്യമായി പറയാൻ പറ്റുന്നവർ എല്ലാവരും മണ്ണിനടിയിലായി. ക്യാന്റീനിൽ ഉണ്ടായിരുന്ന നാലോ അഞ്ചോ പേർ മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. അവർക്ക് ഇപ്പോൾ കൃത്യമായും വ്യക്തമായും കാര്യങ്ങൾ പറയാവുന്ന സാഹചര്യം ആയിട്ടില്ല", മഹിളാ സമുച്ചയുടെ ജില്ലാ റിസോഴ്സ് പേഴ്സൺ ആയ ബിന്ദു പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്.

മൂന്നാർ ഗ്രാമപഞ്ചായത്തിലെ ഒന്നാമത്തെ വാർഡിലാണ് ഉരുൾപൊട്ടലുണ്ടായ പെട്ടിമുടി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തരയോടെ ഉണ്ടായ ഉരുൾപൊട്ടലില്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ അഞ്ച് ലൈൻ ലയങ്ങളും ഒരു കാന്റീനുമാണ് മണ്ണിനടിയിലായത്. "എട്ട് മണിയാകുമ്പോഴേക്കും വീടുകളുടെ വാതിൽ അടച്ച് കിടക്കുന്ന രീതിയാണ് തോട്ടം തൊഴിലാളികളുടേത്. പണിയെല്ലാം കഴിഞ്ഞ് വന്ന് തൊഴിലാളികൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ഈ സംഭവം. 81 പേരാണ് അന്നത്തെ ദിവസം ഈ ലയങ്ങളിൽ ഉണ്ടായിരുന്നത്. അന്ന് രാത്രി തന്നെ കമ്പനി അറിയിച്ചതനുസരിച്ച് പോലീസുദ്യോഗസ്ഥരും ആരോഗ്യ വകുപ്പിൽ നിന്നുള്ളവരും കമ്പനി മാനേജ്മെന്റിൽ നിന്നുള്ളവരും എത്തിച്ചേർന്നിരുന്നു. എന്നാൽ ശക്തമായ മഴയും മഞ്ഞും ഉണ്ടായിരുന്നതിനെ തുടർന്ന് മുന്നിലുള്ള യാതൊന്നും കാണാനാകാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട് പിറ്റേന്ന് രാവിലെ മുതലാണ് തെരച്ചിൽ ആരംഭിക്കാൻ സാധിച്ചത്. നിരവധി പേർ ഒലിച്ചു പോയിട്ടുണ്ടെന്ന് മനസ്സിലായെങ്കിലും കുറേപ്പേർ മണ്ണിനടിയിലുണ്ട്, അവരെ കണ്ടെത്താമെന്ന പ്രതീക്ഷയിലായിരുന്നു പരിശോധന", മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് ആർ കറുപ്പസ്വാമി അഴിമുഖത്തോട് പറഞ്ഞു.

തോട്ടം മേഖലയിൽ മുമ്പ് ഇതുപോലൊരു ദുരന്തം നടന്നിട്ടില്ലന്നും തോട്ടം തൊഴിലാളി കൂടിയായ കറുപ്പസ്വാമി പറയുന്നു. "പെട്ടിമുടി പോലെ മൂന്നാർ മേഖലയിൽ 110 ഡിവിഷനുകളാണ് ഉള്ളത്. ഇതിലെ എല്ലാ ലൈനുകളിലും ആളുകൾ താമസിക്കുന്നുണ്ട്. എല്ലാവരും തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഒരാൾക്ക് ജോലിയുള്ളതിനാൽ ലഭിച്ച ലയത്തിൽ കുടുംബക്കാരായി ചിലപ്പോൾ പത്ത് പേരൊക്കെ കാണും. കൂട്ടത്തിൽ അഞ്ച് ലൈനുകൾ ഒലിച്ചു പോയപ്പോൾ എല്ലാവർക്കും പേടിയുണ്ട്. എല്ലാവർക്കും സങ്കടങ്ങളുമുണ്ട് ആശങ്കകളും ഉണ്ട്. പക്ഷെ എന്തായിരുന്നാലും ഞങ്ങൾ ഇവിടെ ജീവിക്കാൻ വന്നവരാണ്, ഞങ്ങൾക്ക് ഇവിടെ ജീവിച്ചേ പറ്റത്തുള്ളൂ", അദ്ദേഹം പറയുന്നു. ഉടൻ തന്നെ ഈ തൊഴിലാളികളെയെല്ലാം സ്ഥലം മാറ്റാനോ മാറ്റി പാർപ്പിക്കാനോ സാധിക്കില്ലെന്നും. ഭാവിയിൽ മാത്രമേ അതിനെക്കുറിച്ച് ആലോചിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറയുന്നു.

മുൻ പഞ്ചായത്ത് മെമ്പർ അനന്തശിവൻ ഉൾപ്പെടെ കുടുംബത്തിലെ 14 പേരാണ് ഒലിച്ചു പോയത്. അനന്തശിവന്റെ ദ്ദേഹത്തിന്റെ മകൻ ഭാരതിരാജയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അതേസമയം ദുരന്തത്തിന് കാരണമായി യാതൊന്നും പറയാനാകില്ല എന്നാണ് ജില്ലാ പഞ്ചായത്ത് അംഗമായ വിജയകുമാർ പറയുന്നത്. ഏകദേശം മൂവായിരം മീറ്റർ മുകളിൽ ഉൾവനത്തിൽ നിന്നുമാണ് ഉരുൾ പൊട്ടി ഒലിച്ചു വന്നത്. ആനമുടിയുടെ ശിഖരമാണ് ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ ആ മലയും.

വിജയകുമാറും കറുപ്പസ്വാമിയും

"നാലും അഞ്ചും തലമുറകളായി തോട്ടം തൊഴിലാളികളായിരുന്നവരാണ് ഒലിച്ചു പോയത്. 42 കൊല്ലം തോട്ടം തൊഴിലാളിയായിരുന്നയാളാണ് ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ്. തൊഴിലാളികൾ മാത്രമാണ് ഈ ഉരുൾപൊട്ടലിൽ ഒലിച്ചു പോയിരിക്കുന്നത്. അവരുടെ ആകെയുള്ള സമ്പത്ത് എന്നത് ഉള്ള സ്വർണ്ണവും വീട്ടിൽ ഉണ്ടായിരുന്ന സമ്പാദ്യങ്ങളും മാത്രമാണ്. ലയങ്ങൾ പോലും അവരുടേതല്ല. അവർക്ക് മറ്റ് സമ്പാദ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്ന് പറഞ്ഞാൽ അവരുടെ മുഴുവൻ സമ്പാദ്യവുമാണ് ഒലിച്ചു പോയിരിക്കുന്നത്. 11 പേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താൻ ആയത്. മൂന്ന് പേർ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിരുന്നു. രക്ഷപ്പെട്ടവർക്ക് ഉടുതുണി മാത്രമാണ് തിരിച്ചു കിട്ടിയത്. അവരുടെ വാഹനങ്ങളും വളർത്തുമൃഗങ്ങളും എല്ലാം നഷ്ടപ്പെട്ടു", അദ്ദേഹം പറയുന്നു.

തന്റെ കൂടെ ജീപ്പ് ഓടിക്കുന്ന ചിലർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് മൂന്നാറിൽ ജീപ്പ് ഓടിക്കുന്ന രാജമല സ്വദേശി രാജ പറയുന്നു. "ഇതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കിട്ടിയത്. ബാക്കിയുള്ളവരും അവരുടെ കുടുംബാംഗങ്ങളും എല്ലാം മിസ്സിംഗ് ആണ്. രണ്ടും മൂന്നും മുറികൾ മാത്രമുള്ള ഒരു വീട്ടിൽ ഏഴും എട്ടും പേരാണ് താമസിച്ചിരുന്നത്. 2011 മുതൽ മൂന്നാറിൽ ഇത്തരം അപകടങ്ങൾ പതിവാണ്. മുമ്പ് പെരിയാവുറ പാലം തകർന്നതോടെ ഞങ്ങൾക്ക് എങ്ങോട്ടും പോകാനാകാതെ വന്നു. മൂന്ന് കൊല്ലമായിട്ടും ഈ പാലം നന്നാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അത്യാവശ്യത്തിന് ആശുപത്രിയിൽ പോകാനോ സാധനങ്ങൾ വാങ്ങാനോ പോകാൻ പറ്റാത്ത അവസ്ഥയായി പോയി. കൊറോണ വന്നപ്പോൾ ആ ദുരിതം ഇരട്ടിച്ചിരിക്കുകയായിരുന്നു. മൺസൂൺ സീസണിൽ നന്നായി പണിയുണ്ടാകേണ്ടതായിരുന്നു. എന്നാൽ കൊറോണയും ലോക് ഡൗണും മൂലം ആർക്കും എങ്ങോട്ടും പോകാനായില്ല", അതിനിടയിലാണ് ഈ ദുരന്തമെന്നും രാജ പറയുന്നു

രാജ

"പണ്ട് കമ്പനിയുടെ സ്ഥലത്ത് ഉരുൾ പൊട്ടിയതായി കേട്ടിട്ടുണ്ട്. പക്ഷെ അടുത്ത കാലത്ത് അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ അടുപ്പിച്ച് അടുപ്പിച്ച് വർഷങ്ങളിൽ ഉരുൾപൊട്ടുന്നുണ്ട്. ഈ പാലം നല്ലതായിരുന്നെങ്കിൽ ആളുകളെ പെട്ടെന്ന് രക്ഷപ്പെടുത്താനെങ്കിലും പറ്റുമായിരുന്നു", അതേസമയം ദുരന്തത്തെക്കുറിച്ച് യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും രാജ പറയുന്നു. "ഞങ്ങളൊക്കെ സാധാരണ തോട്ടം തൊഴിലാളികൾ ആണ്. സർക്കാർ ആണ് അത്തരം കാര്യങ്ങളൊക്കെ ചെയ്യേണ്ടത്. ഇപ്പോൾ ഉരുൾപൊട്ടിയതിന് താഴെ മുമ്പ് മൂന്ന് ഡിവിഷനുകൾ അടച്ചിട്ടുണ്ട്. അത് മുന്നറിയിപ്പുണ്ടായിട്ടായിരിക്കുമല്ലോ. എന്നാൽ ഇത്തവണ ഒരു മുന്നറിയിപ്പും തന്നില്ല. അതുപോലെ ഈ ഡിവിഷനുകൾ അടച്ചിരുന്നെങ്കിൽ ഇത്രയും ആളുകളെ നഷ്ടമാകില്ലായിരുന്നു" രാജ പറയുന്നു.

രാജമലയിൽ ആദ്യമായാണ് ഇത്തരമൊരു ദുരന്തമുണ്ടായതെന്ന് മൂന്നാറിൽ കച്ചവടക്കാരനായ ജോസി ഡിക്കോത്ത് പറയുന്നു. 1985ൽ ഇടമലക്കുടിയിൽ ഒരു സർക്കാർ സ്കൂളും വാട്ടർ ടാങ്കും ഹെൽത്ത് സെന്ററും പണിതത് ഇദ്ദേഹം കോൺട്രാക്ട് എടുത്താണ്. പെട്ടിമുടിയിൽ നിർമ്മാണ സാമഗ്രികൾ എത്തിച്ച് തലച്ചുമടായാണ് അന്ന് ഇടമലക്കുടിയിൽ എത്തിച്ചത്. ഒരു നിരപ്പായ സ്ഥലമാണ് പെട്ടിമുടി. അവിടെ ഉരുൾപൊട്ടേണ്ട കാര്യമില്ല. അവിടെ ഉരുൾ പൊട്ടിയാൽ എവിടെയും അത് സംഭവിക്കാമെന്നും അദ്ദേഹം പറയുന്നു. വർഷങ്ങളായി കുറെ ആളുകൾ താമസിക്കുന്നുണ്ടെങ്കിലും റിസോർട്ട് പണിയുകയോ മറ്റ് ആക്ടിവിറ്റികളോ ഒന്നും അവിടെയുണ്ടായിട്ടില്ല. മണ്ണ് മാന്തി മാറ്റുകയോ ചെങ്കുത്തായ ഇടിവുകൾ ഉണ്ടാക്കുകയോ ചെയ്താൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ട്. കഴിഞ്ഞ കൊല്ലം മൂന്നാർ എൻജിനിയറിംഗ് കോളേജിൽ ഉരുൾപൊട്ടിവീണത് അത്തരം കാരണങ്ങൾ കൊണ്ടായിരുന്നു. എന്നാൽ ഇവിടെ എന്തുകൊണ്ട് സംഭവിച്ചുവെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

ജോസി ഡിക്കോത്ത

1983ലും 2005ലുമാണ് മുമ്പ് മൂന്നാറിൽ ഇത്തരത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതെന്ന് മൂന്നാറിൽ ചായക്കട നടത്തുന്ന സുശീല പറയുന്നു. 83-ലേത് താൻ കുട്ടിയായിരിക്കുമ്പോഴാണ്. 2005ൽ അന്തോണിയാർ കോളനിയിലുണ്ടായ ഉരുൾപൊട്ടലിൽ ആറ് വീടുകൾ പൂർണ്ണമായി തകർന്ന് പോയി. നാല് പേർ മരിച്ചു. അവർക്ക് മൂന്ന് സെന്റ് വീതം സ്ഥലം സർക്കാർ കൊടുത്തു. അതുകഴിഞ്ഞ് 2018ൽ പ്രളയം വന്നു. അതിന് ശേഷം ഇപ്പോഴത്തെ സംഭവവുമെന്നാണ് അവർ ഓർത്തെടുക്കുന്നത്. പെട്ടിമുടി ദുരന്തത്തിൽ സുശീലയുടെ ബന്ധുക്കളായ അഞ്ച് പേരുടെ ജീവനുകൾ ആണ് ഒലിച്ചു പോയത്. "എന്റെ മാമന്റെ മോന്റെ കുടുംബമാണ് അവിടെ കുടുംബമായി ഉണ്ടായിരുന്നത്", സുശീല പറയുന്നു. പെട്ടിമുടിയിൽ മരിച്ച കുട്ടിരാജ്, ഭാര്യ വിജില, മക്കളായ സേവക് (മണികണ്ഠൻ), ദീപക് എന്നിവരും വിജിലയുടെ അമ്മ ചിന്നത്തായിയുമാണ് ഇവരുടെ ബന്ധുക്കൾ. അഞ്ച് തലമുറകളായി തോട്ടം തൊഴിലാളികളായിരുന്ന ഇവരുമായി കഴിഞ്ഞ പതിനാല് ദിവസങ്ങളായി ബന്ധപ്പെടാൻ ആയിരുന്നില്ല എന്ന് സുശീല പറയുന്നു. മൊബൈൽ ടവറുകളും വൈദ്യുതി പോസ്റ്റുകളും നശിച്ചത് കാരണം ഫോണുകളൊന്നും പ്രവർത്തിക്കാത്ത അവസ്ഥയായിരുന്നു. ദുരന്തമുണ്ടായതിന്റെ പിറ്റേന്ന് ഉച്ചയായപ്പോഴാണ് ഇവർ വിവരം അറിഞ്ഞത്.

അന്തോണിയാർ കോളനിയും ഉരുൾപൊട്ടാൻ സാധ്യതയുള്ള സ്ഥലം അല്ലെന്നാണ് ഇവർ പറയുന്നത്. "2005 ജൂൺ 29ന് മുകളിൽ നിന്നും ഉരുൾപൊട്ടി മണ്ണും കല്ലുമായി താഴേക്ക് പതിക്കുകയായിരുന്നു. വൈകിട്ട് ആറ് മണിയോടെ പെട്ടെന്ന് ഒരു ശബ്ദം കേട്ട് നോക്കുമ്പോൾ ഉരുൾ പൊട്ടി വരികയായിരുന്നു. അപ്പോൾ വീട്ടിൽ തന്റെ അമ്മയും മോളും മോനും സഹോദരിയുടെ മോനും ആണ് ഉണ്ടായിരുന്നത്. അവരെല്ലാം മണ്ണിനടിയിലായി. തൊട്ടടുത്ത വീട്ടിലെ നാല് പേരാണ് മരിച്ചത്. പെട്ടിമുടിയിലും സമാനമായ സാഹചര്യമാണ് ഉണ്ടായത്. എന്നാൽ രാത്രി എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയം ആയിരുന്നതിനാൽ ആർക്കും രക്ഷപ്പെടാൻ സാധിച്ചില്ലെന്നാണ് ഞാൻ മനസ്സിലാക്കിയത്", അവര്‍ പറഞ്ഞു.

"ചെറിയ കൂലിക്കാണ് അവർ ജീവിച്ചിരുന്നത്. പണിക്ക് പോയാൽ മാത്രമേ അന്നന്നത്തെ കഞ്ഞിയ്ക്കുള്ളത് കിട്ടുമായിരുന്നുള്ളൂ. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ കമ്പനിയുടെ ലയങ്ങളിൽ തന്നെയായിരുന്നു ഇവരുടെയും താമസം. സമ്പാദ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അവരുടെ അച്ഛൻ ജനിച്ചതും എല്ലാം ഇവിടെയാണ്. നേരത്തെ സഹോദരങ്ങൾ എല്ലാം അടുത്തടുത്ത വീടുകളിൽ ആയിരുന്നു. പിന്നീട് പലരും പല എസ്റ്റേറ്റുകളിലേക്ക് ജോലി തേടിപ്പോയി. ഇവിടെ കുട്ടിരാജും കുടുംബവും മാത്രമായി. കുട്ടിരാജിന് അമ്മയും ചേച്ചിയും അനുജത്തിയും അനുജനുമാണ് ഉള്ളത്. സഹോദരിമാരിൽ ഒരാളും അനുജനും കല്ലാർ എസ്റ്റേറ്റിലും ഒരു സഹോദരി നടയാർ എസ്റ്റേറ്റിലും കൂലി തൊഴിലാളികളാണ്", സർക്കാർ എത്ര കാശ് കൊടുത്താലും പോയവർ പോയില്ലേയെന്നാണ് സുശീല ചോദിക്കുന്നത്.

സുശീല

രാജമല എന്നാൽ ഗതാഗത സൗകര്യങ്ങളോ കറന്റോ ഇല്ലാത്ത നാടാണെന്ന് സുശീല പറയുന്നു. "ചെറിയ ഒരു ആശുപത്രിയാണ് ഉള്ളത് വലിയ ആശുപത്രിയിൽ വരാൻ മൂന്നാർ വരണം. എന്തെങ്കിലും വാങ്ങാനും മൂന്നാറിൽ വരണം. അത് എത്ര മഴയായാലും. അത്രമാത്രം വിഷമിച്ചായിരുന്നു ജീവിതം. ഒന്നിലും രണ്ടിലും പഠിക്കാൻ പെട്ടിമുടിയിൽ സ്കൂൾ ഉണ്ട്. മൂന്നിലും നാലിലും പഠിക്കാൻ രണ്ട് കിലോമീറ്ററോളം കാട്ടിലൂടെ നടന്ന് രാജമലയിൽ എത്തണം. നാല് കഴിഞ്ഞ് പഠിക്കണമെങ്കിലും മൂന്നാറിൽ വരണം. ആകെ ചെറിയ ചില കടകൾ മാത്രമേയുള്ളൂ. വലിയ എസ്റ്റേറ്റ് ആണെങ്കിലും ഒരു പലചരക്ക് കടയും കാന്റീനും മാത്രമാണ് പെട്ടിമുടിയിൽ ഉള്ളത്. പെട്ടിമുടിയിൽ ആകെയുണ്ടായിരുന്ന കാന്റീനും ഉരുൾപൊട്ടലിൽ തകർന്നു. ആ കാന്റീൻ നടത്തിയിരുന്ന കുടുംബത്തിലാണ് ഏറ്റവും അധികം ആളുകൾ മരിച്ചത്. 27 പേരാണ് ഇവിടെ മണ്ണിനടിയിൽപ്പെട്ടത്. ഒരു പെൺകുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായതിനാൽ കോട്ടയത്തേക്ക് കൊണ്ടുപോയിരിക്കുന്നതായാണ് താൻ കേട്ട"തെന്നും അവർ പറഞ്ഞു. അധികൃതർ കടത്തിവിടാതിരുന്നതിനാൽ തനിക്ക് തന്റെ പ്രിയപ്പെട്ടവരെ അവസാനമായി ഒന്ന് കാണാൻ സാധിച്ചില്ലെന്ന വിഷമവും അവരുടെ വാക്കുകളിൽ നിറയുന്നു. മണ്ണെടുപ്പോ ഒന്നും നടക്കാത്ത സ്ഥലത്ത് ഇത്തരമൊരു ദുരന്തം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സുശീലയുടെ ഭർത്താവും പെട്ടിമുടിയിൽ ജനിച്ച് വളർന്ന വ്യക്തിയുമായ സഹായ ദാസും പറയുന്നു.

അതേസമയം പശിമയുള്ള മണ്ണാണ് ഇവിടുത്തേതെന്നും അവിടെ മരങ്ങൾ ഒന്നും തന്നെയില്ലെന്നും ബിന്ദു ചൂണ്ടിക്കാട്ടുന്നു. തേയിലയ്ക്ക് രാസവളം ചെയ്ത് മണ്ണിന്റെ ഘടന നഷ്ടമായതാകാം ഇപ്പോഴത്തെ ദുരന്തത്തിന് കാരണമെന്നും അവർ പറയുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി പെമ്പിളൈ ഒരുമ സമര നായിക ഗോമതിയും ചൂണ്ടിക്കാട്ടി.


Next Story

Related Stories