Top

"ഇനിയൊരു പ്രളയം കൊച്ചി അതിജീവിക്കില്ല"; ആസൂത്രണമില്ലായ്മയുടെയും കഴിവുകേടിന്റെയും കോർപ്പറേഷൻ ഭരണത്തിൽ മെട്രോവാസികളുടെ ദുരിത ജീവിതം

"ഇനിയൊരു പ്രളയം കൊച്ചി അതിജീവിക്കില്ല"; ആസൂത്രണമില്ലായ്മയുടെയും കഴിവുകേടിന്റെയും കോർപ്പറേഷൻ ഭരണത്തിൽ മെട്രോവാസികളുടെ ദുരിത ജീവിതം

ഒക്ടോബര്‍ 21 പുലര്‍ച്ചെ, രണ്ടര മണിയോടെ ആരംഭിച്ച് രാവിലെ ഏഴു മണിയോടടുത്ത് വരെ പെയ്ത കനത്ത മഴയാണ് കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയെ വെള്ളത്തില്‍ മുക്കിയത്. കേവലം നാല് മണിക്കൂറോളം മാത്രം നീണ്ടു നിന്ന മഴ. ആ മഴ, തുടക്കത്തില്‍ ഉണ്ടായിരുന്ന അതേ ശക്തിയില്‍ ഉച്ചവരെയെങ്കിലും പെയ്തിരുന്നെങ്കിലോ എന്ന ആശങ്കയും, അങ്ങനെ സംഭവിക്കാതിരുന്നതിന്റെ ആശ്വാസവുമാണ് കൊച്ചി നഗരത്തിലെ ജനങ്ങളുടെ മുഖത്തും വാക്കുകളിലും ഉള്ളത്. ജില്ലാ ഭരണകൂടത്തിനും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും എല്ലാം ഇതേ ആശങ്കയുണ്ടായിരുന്നുവെന്ന് അറിയുന്നിടത്താണ് കൊച്ചി എന്ന മഹാനഗരം എത്രമാത്രം അപകടാവസ്ഥയിലാണ് എന്ന യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ കഴിയുന്നത്.

കേരളത്തില്‍ ഏറ്റവും മോശമായ രീതിയില്‍ നഗരാസൂത്രണം നടക്കുന്ന നഗരം എന്നും, നഗരാസൂത്രണം എന്നൊന്ന് ഇതുവരെ നടപ്പാക്കിയിട്ടില്ലാത്ത 'മഹാനഗരം' എന്നും ജനങ്ങളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒരുപോലെ ഉയര്‍ത്തുന്ന വിമര്‍ശനത്തിന്റെ നാണക്കേട് കൂടി കൊച്ചി പേറുന്നുണ്ട്. അടുത്തടുത്ത വര്‍ഷങ്ങളിലായി കേരളം നേരിട്ട രണ്ടു പ്രളയങ്ങളിലും പൊതുവെ സുരക്ഷിതമായിരുന്നു കൊച്ചി കോര്‍പ്പറേഷന്‍ പ്രദേശങ്ങള്‍. എന്നാല്‍ ഒക്ടോബര്‍ 21 തിങ്കളാഴ്ച്ചയിലെ നഗരത്തിന്റെ അവസ്ഥ അക്ഷരാര്‍ത്ഥത്തില്‍ പ്രളയസമാനം തന്നെയായിരുന്നു. ഇത് രക്ഷാപ്രവവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ച കേരള ഫയര്‍ ആന്‍ഡ് റസക്യു വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന കാര്യമാണ്. ജനങ്ങള്‍ക്കും പറയാനുള്ളത് മറിച്ചല്ല. വെള്ളക്കെട്ടിന്റെ ഉത്തരാവാദിത്വം ആര്‍ക്കെന്ന പേരില്‍ കോര്‍പ്പറേഷന്‍ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം കുറ്റപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പരസ്പരമുള്ള പഴിചാരലുകള്‍ നിര്‍ത്തി ഇനിയെങ്കിലും കൃത്യമായ പദ്ധതിയാവിഷ്‌കരണങ്ങളും അവയുടെ നടപ്പാക്കലുകളുമായി മുന്നോട്ടു പോകുന്നില്ലെങ്കില്‍ കൊച്ചി വെള്ളത്തില്‍ മുങ്ങിപ്പോകുമെന്നു പറയുന്നത് സമീപഭാവിയില്‍ തന്നെ സംഭവിക്കുമെന്നാണ് പരിസ്ഥിതി വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.

സ്വന്തം കര്‍ത്തവ്യങ്ങള്‍ പാലിക്കാന്‍ പരാജയപ്പെട്ടവരാണ് കൊച്ചി കോര്‍പ്പറേഷന്‍ ഭരിക്കുന്നതെന്നു ഹൈക്കോടതിയില്‍ നിന്നുവരെ വിമര്‍ശനം ഉയര്‍ന്നു. അതിരൂക്ഷമായ ഭാഷയിലാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ കൊച്ചി കോര്‍പ്പറേഷനെതിരേ നിലപാട് എടുത്തത്. 'ജനങ്ങള്‍ ദുരിതക്കയത്തിലാണ്, ചെളി നീക്കാന്‍ കോടികളാണ് കോര്‍പ്പറേഷന്‍ ചിലവഴിക്കുന്നത്. എന്നിട്ടും ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്നില്ല. കൊച്ചിയെ സിംഗപ്പൂര്‍ ആക്കണമെന്നല്ല, ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ഒരു ഭരണം നടത്താന്‍ കഴിയാത്ത കോര്‍പ്പറേഷന്‍ എന്തിനാണ്, സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഈ കോര്‍പ്പറേഷനെ പിരിച്ചുവിടാത്തത് എന്നായിരുന്നു' ഹൈക്കോടതിയുടെ വിമര്‍ശനം. എന്നാല്‍ കോര്‍പ്പറേഷന്‍ മേയര്‍ ഉള്‍പ്പെടെയുള്ള ഭരണപക്ഷാംഗങ്ങള്‍ കാലാവസ്ഥാ വ്യതിയാന പ്രതിഭാസത്തിന്റെയും അതിതീവ്ര മഴയുടെയും 'മാലിന്യം വലിച്ചെറിയുന്ന' ജനങ്ങളുടെയും പേരു പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുന്നതാണ് ഈ സാഹചര്യത്തിലും കാണാന്‍ കഴിയുന്നത്.

മേയര്‍ ഉയര്‍ത്തുന്ന വാദ 'പ്രതിഭാസങ്ങള്‍'

നഗരം വെള്ളത്തില്‍ മുങ്ങിയതില്‍ കൊച്ചി കോര്‍പ്പറേഷനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നാണ് മേയര്‍ സൗമിനി ജയിന്‍ പറയുന്നത്. അപ്രതീക്ഷിതമായി സംഭവിച്ച കാലാവസ്ഥാ വ്യതിയാനമാണ് കൊച്ചിയിലെ വെള്ളക്കെട്ടിന് കാരണമെന്നാണ് മേയറുടെ വാദം. കാലാവസ്ഥയിലുണ്ടായ പ്രത്യേക പ്രതിഭാസം മൂലമാണ് ശക്തമായ മഴയും അതിരൂക്ഷമായ വെള്ളക്കെട്ടും നഗരത്തില്‍ ഉണ്ടായതെന്ന് ഇന്നലെ മുതല്‍ പറയുന്ന വാദം മാധ്യമങ്ങള്‍ക്കു മുന്നില്‍ വീണ്ടും ആവര്‍ത്തിക്കുകയാണ് മേയര്‍.
'ഇരട്ട ന്യൂനമര്‍ദ്ദവും വേലിയേറ്റവും കാര്യങ്ങള്‍ കുഴപ്പത്തിലാക്കി. ശക്തമായ മഴ പെയ്തതിന്റെ വെള്ളം കായലിലേക്ക് ഒഴുകിപ്പോകാന്‍ തടസം നേരിട്ടു'
എന്നു പറയുന്ന മേയര്‍, വെള്ളത്തിന്റെ ഒഴുക്കിന് തടസം നേരിട്ടതിന് കുറ്റപ്പെടുത്തുന്നത് ജനങ്ങളെയാണ്. അലക്ഷ്യമായി കാനകളിലും തോടുകളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതാണ് വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നതെന്നാണ് മേയര്‍ ഉയര്‍ത്തുന്ന ആരോപണം. 'മഴക്കാലം ആരംഭിക്കുന്നതിനു മുന്നേ തന്നെ, മേയ് മാസത്തോടെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ നഗരസഭ ആരംഭിക്കാറുണ്ട്. നീക്കം ചെയ്താലും പിന്നീടും മാലിന്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മഴക്കാലത്തും മാലിന്യങ്ങള്‍ വന്നടിയുമ്പോള്‍, അവ നീക്കം ചെയ്യാന്‍ ഓരോ ഡിവിഷനിലും ഇതിന്റെ ഉത്തരവാദിത്വം നല്‍കിയിരിക്കുന്ന കരാറുകാരെക്കൊണ്ട് അവ വീണ്ടും നീക്കം ചെയ്യിപ്പിക്കാറുണ്ട്. മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യാറുണ്ടന്നു പറയാന്‍ കഴിയാത്തത് വീണ്ടും വീണ്ടും മാലിന്യങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നതുകൊണ്ടാണ്
'. മറ്റൊരു വാദം കൂടി മേയര്‍ ഉയര്‍ത്തുന്നുണ്ട്; 'അപ്രതീക്ഷിതമായ കാലാവസ്ഥമാറ്റമാണ് പ്രശ്നം സൃഷ്ടിക്കുന്നത്. മുന്‍കാലങ്ങളില്‍ മഴയ്ക്കും വേനലിനുമെല്ലാം ഓരോ സമയമുണ്ടായിരുന്നു. ഇപ്പോഴങ്ങനെയല്ല സംഭവിക്കുന്നത്. വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും മഴക്കാല പൂര്‍വശുചീകരണങ്ങള്‍ക്കും മുന്‍കൂട്ടി തന്നെ നടപടികള്‍ സ്വീകരിക്കാറുണ്ടെങ്കിലും പ്രതീക്ഷിക്കാത്ത സമയത്തുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ നഗരസഭയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്'.

ജനങ്ങളും കാലാവസ്ഥയുമാണോ കൊച്ചിയിലെ കുറ്റക്കാര്‍?
കോര്‍പ്പറേഷന്‍ ഭണസംവിധാനത്തിന് വീഴ്ച്ച വന്നിട്ടില്ലെന്ന തരത്തില്‍ തിങ്കളാഴ്ച്ചയുണ്ടായ വെള്ളക്കെട്ടിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും തലയൂരാന്‍ മേയര്‍ നിരത്തുന്ന വാദങ്ങളെ ജനങ്ങള്‍ തന്നെ തള്ളിക്കളയുന്നുണ്ട്. 'ഭരണക്കാരുടെ വീഴ്ച്ച തന്നെയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അല്ലായെന്നു പറയാന്‍ എന്തു കാരണങ്ങള്‍ പറഞ്ഞാലും അതിനെ പരിഹസിച്ചു തള്ളിക്കളയും. ദുരിതം അനുഭവിച്ചത് ഞങ്ങളാണ്. ഇതാദ്യമായിട്ടല്ല നഗരത്തില്‍ മഴ പെയ്തു കഴിഞ്ഞാല്‍ വെള്ളക്കെട്ട് ഉണ്ടാകുന്നത്. വര്‍ഷങ്ങളായി ഇതിന്റെ ദുരിതം അനുഭവിക്കുന്നവരാണ് ഇവിടെയുള്ള ജനങ്ങള്‍. വ്യാപാരികള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളും വേറെയുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുന്നതെങ്കില്‍ കോര്‍പ്പറേഷന്‍ പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാമായിരുന്നു. ഇതുവരെ ശാശ്വതമായൊരു പരിഹാരവും നഗരസഭയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മഴ പെയ്യുന്നത് മേയറെയും ഭരണക്കാരെയും മുന്‍കൂട്ടി അറിയിച്ചിട്ട് വേണമെന്നാണോ ഇവര്‍ പറയുന്നത്. കാന ശുചീകരണം, കനാല്‍ നവീകരണം എന്നൊക്കെ പറഞ്ഞു കോടികള്‍ ചെലവാക്കുന്നുണ്ട്. ഇതൊക്കെ ജനങ്ങളുടെ പണമാണ്. എന്നിട്ടും ഒരു മഴ പെയ്താല്‍ നഗരം മുഴുവന്‍ മുങ്ങുന്ന സ്ഥിതിയാണ് ഇപ്പോഴും. ഇതിന്റെയൊന്നും ഉത്തരവാദിത്വം ഞങ്ങള്‍ക്കില്ലെന്നാണ് പറയുന്നതെങ്കില്‍ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇനിയൊരു പ്രളയം ഉണ്ടായാല്‍ കൊച്ചി കാണുമോയെന്നു പോലും അറിയില്ല. അപ്പോഴും ഈ മേയറും രാഷ്ട്രീയക്കാരുമൊക്കെ സുരക്ഷിതരായിക്കും. എല്ലാം പോകുന്നത് സാധാരണക്കാര്‍ക്ക് മാത്രമാണ്'
; വെള്ളക്കെട്ടിന്റെ രൂക്ഷത കഴിഞ്ഞ ദിവസം കൂടുതല്‍ അനുഭവിച്ച കലൂര്‍ സ്വദേശി മൈക്കിളിന്റെ വാക്കുകളാണിത്.
പണം കിട്ടാനുള്ള വഴികള്‍ മാത്രം ആസൂത്രണം ചെയ്യുന്ന നഗരസഭ
കോര്‍പ്പറേഷന്‍ മേയറുടെ വാദങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അല്‍പ്പമെങ്കിലും മര്യാദ ബാക്കിയുണ്ടെങ്കില്‍ മേയര്‍ സ്ഥാനം രാജിവച്ച് ഒഴിയുകയാണ് വേണ്ടതെന്നുമാണ് ഹൈക്കോടതി അഭിഭാഷകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ അഡ്വ. ഹരീഷ് വാസുദേവനും പറയുന്നത്.
'ഒരു ഭരണകൂടം പ്രശ്നരഹിതമായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് നിയമങ്ങള്‍ ഉണ്ടാക്കുന്നത്. നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ല. മുന്‍സിപ്പല്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എന്നൊരു നിയമം ഇവിടെയുണ്ട്. എങ്ങനെ വേണം മാലിന്യങ്ങള്‍ കൃത്യമായി നിര്‍മാര്‍ജ്ജനം ചെയ്യേണ്ടതെന്ന് ഈ നിയമത്തില്‍ കൃത്യമായി പറയുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു നിയമം എറ്റവും കുറഞ്ഞ രീതിയില്‍ പാലിക്കപ്പെടുന്ന സ്ഥലമാണ് കൊച്ചി നഗരം. വേസ്റ്റ് ഡിസ്പോസിംഗ് സിസ്റ്റം എന്നൊന്ന് ഇവിടെയില്ല. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവരുണ്ടെങ്കില്‍ അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാവുന്നതാണ്. ഇതൊന്നും കൊച്ചിയില്‍ നടക്കുന്നേയില്ല. ജനങ്ങള്‍ മാലിന്യം വലിച്ചെറിയുന്നതാണ് വെള്ളക്കെട്ടിന് കാരണം എന്നു മേയര്‍ പറയുന്നു. ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും വിരല്‍ ചൂണ്ടാന്‍ എളുപ്പമാണ്. ഇവിടെ ആര്‍ക്കാണ് പ്രധാന ഉത്തരവാദിത്വം? കോര്‍പ്പറേഷന്‍ നിയമം പാലിക്കുന്നുണ്ടോ? വ്യക്തികള്‍ക്ക് നിയമപരമായ ഉത്തരവാദിത്വമല്ല, അവര്‍ മോറല്‍ ഡ്യൂട്ടിയാണ് ചെയ്യേണ്ടത്. ജനങ്ങള്‍ അവരുടെ സാമൂഹികോത്തരവാദിത്വം പാലിക്കുന്നില്ലെന്നു പറയുന്നത് നിയമപരമായ ഉത്തരവാദിത്വം ചെയ്യാത്തവരാണെന്നോര്‍ക്കണം. നിയമപരമായി തങ്ങളില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വം നിറവേറ്റുന്നതിനു വേണ്ടി ശമ്പളം വാങ്ങുന്നവരാണ് മേയറും കൗണ്‍സിലര്‍മാരുമെല്ലാം. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാം. എന്നാല്‍, ഇത്തരത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാകുന്നുണ്ടോ? മാലിന്യസംസ്‌കരണ നിയമം ലംഘിച്ചതിന്റെ പേരില്‍ ഒരാളെയെങ്കിലും ശിക്ഷിച്ചിട്ടുണ്ടോ? മേയറുടെ നിര്‍ദേശപ്രകാരം ഇത്തരം സംഭവങ്ങളില്‍ ഒരു എഫ് ഐആര്‍ എങ്കിലും ഇട്ടിട്ടുള്ള സംഭവം കാണിക്കാമോ? മേയര്‍ തന്നില്‍ നിക്ഷിപ്തമായ ഉത്തരവദിത്വം നിറവേറ്റാതെയാണ് ജനങ്ങളുടെ മേല്‍ കുറ്റം പറയുന്നത്.
കേരളത്തില്‍ നഗരാസൂത്രണം കൃത്യമായി പാലിക്കുന്നതിനെതിരേ കഴിഞ്ഞ 20 കൊല്ലത്തോളമായി നിരന്തരം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കൊച്ചി കോര്‍പ്പറേഷന്‍. സാമ്പത്തിക താത്പര്യം മാത്രമാണ് അതിന്റെ പിന്നില്‍. ലോകത്ത് എല്ലായിടത്തും ടൗണ്‍ പ്ലാനിംഗ് അടിസ്ഥാനമാക്കിയാണ് നഗരവികസനം. അനധികൃതമായ നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നത് ഉള്‍പ്പെടെ ശാസത്രീയമായ ആസൂത്രണമാണ് ഓരോ നഗരത്തിനും വേണ്ടത്. ഇത് ചെയ്യാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തയ്യാറല്ല. 20 കൊല്ലം മുമ്പ് വെള്ളം കെട്ടിനിന്നിരുന്നിടത്തെല്ലാം ഇപ്പോള്‍ കെട്ടിടങ്ങളാണ്. വെള്ളത്തിന് നില്‍ക്കാന്‍ സ്ഥലമില്ലാതെയായി. ആ വെള്ളം കാനകളിലേക്ക് ഒഴുക്കി. എന്നാല്‍ വെള്ളം എത്തുന്നതിനുസരിച്ച് ഇവിടുത്തെ കാനകള്‍ വിപുലപ്പെടുത്തുന്നില്ല. ശുചീകരണമെന്ന പേരില്‍ കാനകളില്‍ നിന്നും കോരുന്ന വെള്ളവും മണ്ണും കാനകളുടെ വശങ്ങളില്‍ തന്നെയിടുകയാണ്. മഴ പെയ്യുമ്പോള്‍ അവയെല്ലാം തിരിച്ച് കാനകളിലേക്ക് തന്നെ പോകും. മാലിന്യം കൊണ്ടുപോയി ഇടാനുള്ള സംവിധാനം ഇല്ലായെന്നാണ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞിട്ടുണ്ട്. അതായത്, കാനകളില്‍ നിന്നും കോരുന്ന മണ്ണോ ചെളിയോ മാലിന്യമോ മറ്റെവിടെയും കൊണ്ടുപോയി ഇടാറില്ലെന്നും കാനകളുടെ ഓരങ്ങളില്‍ തന്നെ അവ നിക്ഷേപിക്കുകയാണെന്നും കോര്‍പ്പറേഷന്‍ സമ്മതിക്കുകയാണ്. മാലിന്യം ഇടാന്‍ സ്ഥലം ഇല്ലെങ്കില്‍ കണ്ടുപിടിക്കേണ്ടത് കോര്‍പ്പറേഷന്റെ ചുമതലയാണ്, അതവര്‍ ഇതുവരെ ചെയ്തിട്ടില്ല. കോര്‍പ്പറേഷന്റെ ഉത്തരവാദിത്വങ്ങളില്‍ പ്രധാനപ്പെട്ടവയാണ് സ്വീവേജും ഡ്രെയിനേജും മെയിന്റന്‍സ് ചെയ്യുക എന്നത്. ഇതു രണ്ടും ഇവിടെ നടക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.
അപ്രതീക്ഷിതമായ കാലാവസഥ വ്യതിയാനമാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നു പറഞ്ഞ് തലയൂരാനും കോര്‍പ്പറേഷന് കഴിയില്ല. കഴിഞ്ഞ മഴക്കാലത്തും അതിനു മുമ്പത്തെ മഴക്കാലത്തും കൊച്ചിയില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ മഴ പെയ്തപ്പോഴും നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടായി. കൊച്ചിയില്‍ എപ്പോള്‍ മഴ പെയ്താലും അവസ്ഥ ഇതു തന്നെയാണ്. നോര്‍ത്ത് പാലം ഇറങ്ങുന്നതിന്റെ വശങ്ങളില്‍ പൊതുമേഖല എണ്ണ കമ്പനികളുടെ രണ്ടു പെട്രോള്‍ ബങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളക്കെട്ട് മൂലം ആ പെട്രോള്‍ ബങ്കുകള്‍ എത്ര ദിവസം അടച്ചിടേണ്ടി വരുന്നുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതാണവസ്ഥ. പ്രളയം വന്നതുകൊണ്ടോ അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനം കൊണ്ടോ ആണോ ഇത് സംഭവിക്കുന്നത്?. ഹൈക്കോടതി ഭാഗത്ത് നിന്നും ഗോശ്രീ പാലത്തിലേക്ക് എത്തുന്ന സ്ഥലത്ത് പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള പ്രദേശം മറ്റൊരു ഉദ്ദാഹരണമാണ്. കായലിലേക്ക് പരമാവധി നൂറു മീറ്റര്‍ മാത്രമാണുള്ളത്. മഴ പെയ്താല്‍ അവിടെ മുട്ടിനു മുകളിലായി വെള്ളക്കെട്ട് ഉണ്ടാകും. വെറും നൂറു മീറ്റര്‍ ദൂരത്തില്‍ ഒരു ഡ്രെയിനേജ് നിര്‍മിച്ചാല്‍ ഈ വെള്ളം കായലില്‍ എത്തിക്കാവുന്നതേയുള്ളൂ. കഴിഞ്ഞ രണ്ടു മൂന്നൂവര്‍ഷമായി വലിയ തോതില്‍ പണം ചെലവഴിച്ച് ഇവിടെ റീ ടാറിംഗ് നടത്താറുണ്ട്. എന്നാല്‍ ഒരു ഡ്രെയിനേജ് ഉണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വെള്ളം കെട്ടിനിന്നാല്‍ റീ ടാറിംഗ് ചെയ്യുന്നതിന് ചെലവവാക്കിയ പണവും നഷ്ടമാണ്. രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്താല്‍ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കോര്‍പ്പറേഷന്റെ അനാസ്ഥയല്ലേ ഇതെല്ലാം കാണിക്കുന്നത്.'


പ്രളയസമാനമായിരുന്നു ആ ദിവസം
കൊച്ചിയില്‍ തിങ്കളാഴ്ച്ച ഉണ്ടായ വെളളക്കെട്ട് നിസ്സാരമായി കാണാന്‍ കഴിയില്ലെന്നാണ് ഫയര്‍ ആന്‍ഡ് റസ്ക്യു വിഭാഗം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസിലാകുന്നത്. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ആരംഭിക്കുന്നതിനും മുന്നേ തങ്ങളുടെ ജോലിയുമായി ഇറങ്ങിയ ഫയര്‍ ആന്‍ഡ് റസ്ക്യു ടീം പറയുന്നത്, സാഹചര്യങ്ങള്‍ പ്രളയസമാനമായിരുന്നുവെന്നാണ്. ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫിസര്‍ പ്രേംനാഥ് മേനോന്‍ അഴിമുഖത്തോട് തിങ്കളാഴ്ച്ചത്തെ വെള്ളക്കെട്ടിനെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്;
'തിങ്കളാഴ്ച്ച രാവിലെ ഏഴു മണിയോടെ ഫയര്‍ ആന്‍ഡ് റസ്ക്യു സംഘം വെള്ളക്കെട്ടും മഴ മൂലം ഉണ്ടായ പ്രശ്നങ്ങളും നേരിടാന്‍ രംഗത്ത് ഇറങ്ങിയിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു തിങ്കളാഴ്ച്ചത്തെ സാഹചര്യങ്ങള്‍. കാര്യങ്ങള്‍ രൂക്ഷമാണെന്നു മനസിലാക്കിയതോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ നിന്നിരുന്ന സേനാംഗങ്ങള്‍ ഉള്‍പ്പെടെ രംഗത്തിറങ്ങി. ഇവിടെയുള്ള ഫോഴ്സിനെ കൊണ്ട് മാത്രം മതിയാകില്ലെന്ന് മനസിലായതോടെ നോര്‍ത്ത് പറവൂര്‍, ആലുവ, ഏലൂര്‍, വൈപ്പിന്‍, ക്ലബ്ബ് റോഡ്, തൃക്കാക്കര, തൃപ്പൂണിത്തറ, പിറവം, മൂവാറ്റുപുഴ തുടങ്ങി പതിനെട്ടോളം സ്റ്റേഷനുകളില്‍ നിന്നും സേനാംഗങ്ങള്‍ എത്തി.
കലൂര്‍ സബ് സ്റ്റേഷനിലെ വെള്ളക്കെട്ടായിരുന്നു പ്രധാന വെല്ലുവിളി. ഇവിടെ രാവിലെ ഏഴു മണി മുതല്‍ ജോലി തുടങ്ങി. ചെറിയ പമ്പുകള്‍ ഉപയോഗിച്ചായിരുന്നു വെള്ളം വറ്റിക്കാന്‍ ആദ്യം ശ്രമിച്ചത്. വെള്ളത്തിന്റെ ഒഴുക്ക് കൂടുതലായതോടെ വൈകുന്നേരത്തോടെ മറ്റ് ജില്ല സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പമ്പുകള്‍ കൊണ്ടുവരേണ്ടി വന്നു. ഹൈ പ്രഷര്‍ പമ്പുകള്‍ ഉപയോഗിച്ചായി പിന്നീടുള്ള ജോലി. സബ് സ്റ്റേഷന്‍ കൊച്ചി-ആലുവ ദേശീയപാതയ്ക്ക് അരികിലായതിനാല്‍ വലിയ തോതില്‍ ഇതിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്. ഗതാഗത കുരുക്ക് ഉണ്ടാകാതെ നോക്കുക എന്ന വെല്ലുവിളിയും ഏറ്റെടുക്കേണ്ടി വന്നു. വലിയ ഹോസുകള്‍ റോഡിലൂടെ ഇട്ടാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാതെ വരും. അതുകൊണ്ട് വലിയ ഏണി കയറുകെട്ടി സ്ഥാപിച്ച് അതിന്റെ മകളില്‍ക്കൂടി ഹോസ് വലിച്ച് അപ്പുറത്ത് കൊണ്ടു പോയി ഇട്ടാണ് വെള്ളം പമ്പ് ചെയ്ത് കളഞ്ഞത്. ഒഴുക്കി വിടുന്ന വെള്ളം റോഡിലേക്ക് കയറി വരാതിരിക്കാന്‍ മണല്‍ ചാക്കുകള്‍ സ്ഥാപിക്കേണ്ടി വന്നു. 135 ഓളം സേനാംഗങ്ങള്‍ ഒരുമിച്ച് നിന്നാണ് ഈ പ്രവര്‍ത്തികള്‍ ചെയ്തത്.


സബ് സ്റ്റേഷനിലെ വെള്ളക്കെട്ട് ഒഴിവാക്കേണ്ടതിനൊപ്പം തന്നെയാണ് പലയിടങ്ങളിലായി വെള്ളത്തില്‍ ഒറ്റപ്പെട്ടവരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റേണ്ട ഉത്തരവാദിത്വവും. നൂറോളം പേരെയാണ് വിവിധയിടങ്ങളില്‍ നിന്നായി മാറ്റേണ്ടി വന്നത്. കമ്മട്ടിപ്പാടത്ത് നിന്നും ഏകദേശം 30 പേരെ ഒഴിപ്പിക്കേണ്ടി വന്നു. ഇളമക്കരയില്‍ കറുകപള്ളി ഭാഗത്തു നിന്നും ഇരുപതോളം പേരെ മാറ്റി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ഹോംലി ഫീസ്റ്റ് എന്ന ഹോട്ടലില്‍ വെള്ളം കയറി. അവിടെ താമസിച്ചിരുന്നവരെയും ഒഴിപ്പിക്കേണ്ടി വന്നു. കടവന്ത്ര മാര്‍ക്കറ്റിന്റെ പിറകിലായി ഒരു വീട്ടില്‍ വെള്ളം കയറി, അവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചു. വിവിധ ഭാഗങ്ങളിലായി വീടുകളിലും ഫ്ളാറ്റുകളിലുമെല്ലാം റസ്ക്യു ഓപ്പറേഷന്‍ നടത്തേണ്ടി വന്നു. തമ്മനം ഭാഗത്തെ ഒരു വില്ലയില്‍ നിന്നും പ്രളയകാലത്ത് ഉപയോഗിച്ച ഡിങ്കി ബോട്ടുകളിലാണ് ആളുകളെ മാറ്റിയത്. അരയ്ക്കൊപ്പം വെള്ളമാണ് വീടുകളിലേക്ക് കയറിയത്. ഇതിനൊപ്പമാണ് പോളിംഗ് ബൂത്തുകളില്‍ വെള്ളം കയറുന്നതും. ചിറ്റൂര്‍ ഗവ.എല്‍പി സ്‌കൂള്‍, സെന്റ് മേരീസ് എച്ച് എസ്, അയ്യപ്പന്‍കാവ് സ്‌കൂള്‍, കഠാരി ബാഗ്, എന്നിവിടങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ നിന്നെല്ലാം വെള്ളം പമ്പ് ചെയ്തു കളയേണ്ടി വന്നു. ഇതുകൂടാതെ പനമ്പള്ളി നഗറില്‍ ഉള്‍പ്പെടെ പലഭാഗത്തും മരങ്ങള്‍ വീണ സംഭവവും ഉണ്ടായി. ശരിക്കും പ്രളയകാലത്തേതിനു സമാനമായിരുന്നു സാഹചര്യങ്ങള്‍'.

കാനകള്‍ ബ്ലോക് ആയി വെള്ളം പോകാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ഫയര്‍ ടീം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ടാണ് വെള്ളം പമ്പ് ചെയ്തു കളയേണ്ടി വന്നത്. കലൂര്‍ സബ് സ്റ്റേഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനൊക്കെ ബുദ്ധിമുട്ട് നേരിട്ടത് കാനകളിലൂടെ വെള്ളമൊഴുക്ക് നടക്കാതെ വന്നതുകൊണ്ടാണ്. സ്ലാബുകള്‍ പൊട്ടിച്ച് അകം കുത്തിയിളക്കിയൊക്കെ വെള്ളം ഒഴുക്കി വിടാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് സേനാംഗങ്ങള്‍ പറയുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലും സമാന അനുഭവമാണ് നേരിടേണ്ടി വന്നിരുന്നതെന്നു കൂടി ഫയര്‍ ആന്‍ഡ് റസക്യു സംഘാംഗങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോഴാണ് കോര്‍പ്പറേഷന്‍ അനാസ്ഥ ഇക്കാര്യത്തില്‍ കൂടുതല്‍ വെളിവാകുന്നത്.

ഭാഗം 2 : ഒരാസൂത്രണവും ഇല്ലാതെ 'വികസിക്കുന്ന' കൊച്ചി; 'ഇതിനെല്ലാം കോടതിയില്‍ സമാധാനം പറയേണ്ടി വരും'-ഭാഗം 2


Next Story

Related Stories