TopTop
Begin typing your search above and press return to search.

'83 ലക്ഷത്തിന്റെ വാദവും,' ഒമ്പത് മാസമായി തുടരുന്ന അനിശ്ചിതത്വവും, പേരിയ ഇരട്ടകൊലപാതക കേസ് അന്വേഷണം സ്തംഭിക്കാനുള്ള കാരണങ്ങൾ

83 ലക്ഷത്തിന്റെ വാദവും, ഒമ്പത് മാസമായി തുടരുന്ന അനിശ്ചിതത്വവും,  പേരിയ  ഇരട്ടകൊലപാതക കേസ് അന്വേഷണം സ്തംഭിക്കാനുള്ള കാരണങ്ങൾ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെട്ട കാസറഗോഡ് പെരിയ ഇരട്ട കൊലപാതക കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഒമ്പത് മാസമായിട്ടും വിധി പറയാതെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ഹര്‍ജിയില്‍ വിധി പറയുന്നതുവരെ അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ ചീഫ് ജസ്റ്റീസ് തന്നെ പറഞ്ഞിട്ടുള്ളതിനാല്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലണ് സിബിഐ. ആ നിസ്സഹായതയാണ് അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള ചോദ്യത്തിന് സിബിഐ പ്രതിനിധി ഇന്നു കോടതിയെ അറിയിച്ചത്. കേസ് ചാര്‍ജ് ചെയ്ത് എഫ് ഐ ആറും സമര്‍പ്പിച്ചശേഷമാണ് സിബിഐയ്ക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് തടസം നേരിട്ടത്. വളരെ പ്രമാദമായി മാറിയൊരു കേസില്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുന്നത് അസാധാരണമാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

സിബിഐ വേണ്ടായെന്ന സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിയാണ് അന്വേഷണത്തെ തടസപ്പെടുത്തിയിരിക്കുന്നതെന്നാണ് വാദിഭാഗം അഭിഭാഷകനായ അഡ്വ. ബാബുരാജ് അഴിമുഖത്തോട് പറഞ്ഞത്. സംസ്ഥാന ഖജനാവില്‍ നിന്നും ഒരു കോടിക്കടുത്ത് രൂപ ചെലവാക്കി സുപ്രിം കോടതിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടു വന്നാണ് സര്‍ക്കാര്‍ കേസ് വാദിച്ചത്. അതിന്റെയൊക്കെ സമ്മര്‍ദ്ദം കേസിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുണ്ടാകാമെന്നാണ് അഭിഭാഷകന്‍ പറയുന്നത്. ' മൂന്നു ദിവസം നടന്ന വാദത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 83 ലക്ഷം രൂപയോളമാണ്. ഇതിന്റെ രേഖകളുണ്ട്. ഇത്രയും തുക മുടക്കി സുപ്രീം കോടതിയില്‍ നിന്നും രണ്ട് സീനിയര്‍ അഭിഭാഷകരെ കൊണ്ടുവന്ന് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കണമെങ്കില്‍ അതിനു തക്കതായ കാരണങ്ങള്‍ പിന്നിലുണ്ടാകും. കേരളത്തില്‍ നടന്നിട്ടുള്ളതില്‍ വളരെ പ്രമാദമായൊരു കേസാണ് പെരിയ ഇരട്ട കൊലപാതകം. അത്തരമൊരു കേസുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയില്‍ വിധി പറയാന്‍ ഒമ്പത് മാസത്തോളം താമസം വരുന്നുവെന്നു പറയുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണേണ്ട കാര്യമാണ്' അഡ്വ. ബാബുരാജ് പറയുന്നു.

കേസ് അന്വേഷണം സിബി ഐ അവസാനിപ്പിച്ചു എന്നതരത്തില്‍ കാര്യങ്ങള്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അഡ്വ. ബാബുരാജ് പറഞ്ഞു. 'സിബി ഐ പ്രതിനിധി കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ജഡ്ജി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അനുകൂലമായൊരു തീരുമാനമാണത്. ഹര്‍ജിയില്‍ ഉടന്‍ തന്നെ കോടതിക്ക് തീരുമാനം പറയേണ്ടി വരും. ഹര്‍ജി തള്ളിക്കളയുകയാണെങ്കില്‍ എന്തിനാണ് ഇത്രയും കാലതാമസം അതിനുവേണ്ടി വന്നതെന്നും കോടതി വിശദമാക്കണം'.

ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നു കാണിച്ചായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. സിപിഎം നേതാക്കളെ മനഃപൂര്‍വം പ്രതി ചേര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പരാതി. ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകത്തിനു പിന്നില്‍ പറഞ്ഞുകേട്ടിരുന്ന സിപിഎം നേതാക്കളുടെ പേരുകള്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ ഒഴിവാക്കപ്പെട്ടിരുന്നു. ആരോപണവിധേയരായിരുന്ന സിപിഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, വിപിപി മുസ്തഫ എന്നിവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. മുഖ്യപ്രതി പീതാംബരന്റെ വ്യക്തി വിരോധം മാത്രമാണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. തന്നെ മര്‍ദ്ദിച്ചതിലുള്ള വൈരാഗ്യം മൂലമാണ് പീതാംബരന്‍ തനിക്ക് അടുപ്പമുള്ള സിപിഎം പ്രവര്‍ത്തകരുടെ സഹായത്തോടെ കൃപേഷിനെയും ശരത്തിനെയും കൊലപ്പെടുത്തിയതെന്നായിരുന്നു അന്വേഷണ ചുമതലയുണ്ടായിരുന്ന മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പീതാംബരനെക്കൂടാതെ സജി സി ജോര്‍ജ്, സുരേഷ്, അനില്‍ കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, മുരളി രഞ്ജിത്ത്, പ്രദീപന്‍, മണികണ്ഠന്‍, ബാലകൃഷ്ണന്‍ എന്‍, മണികണ്ഠന്‍ ബി എന്നിവരെയാണ് പ്രതികളായി ക്രൈം ബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. പീതാംബരന്‍ പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്നുവെന്നും തന്നെ മര്‍ദ്ദിച്ചിട്ടും പാര്‍ട്ടിയില്‍ നിന്നും പിന്തുണ കിട്ടാത്തതുകൊണ്ടാണ് വ്യക്തിപരമായി സഹായം തേടി കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് പീതാംബരനെതിരേ ക്രൈം ബ്രാഞ്ച് നിരത്തിയ വാദങ്ങള്‍. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്റെ സഹായം പ്രതികളിലൊരാളായ സജി സി ജോര്‍ജിന് കിട്ടിയെന്ന ആരോപണവും ക്രൈം ബ്രാഞ്ച് തള്ളിക്കളഞ്ഞിരുന്നു. കൃപേഷും ശരത്തും കൊല്ലപ്പെടുന്നതിനു മുമ്പ് സിപിഎം നേതാവായ വിപിപി മുസ്തഫ കൊല്ലപ്പെട്ടവര്‍ക്കെതിരേ നടത്തിയെന്നു പറയുന്ന പ്രസംഗത്തിന് തെളിവില്ലെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ക്രൈം ബ്രാഞ്ച് രാഷ്ട്രീയ പക്ഷപാതപരമായാണ് അന്വേഷണം നടത്തിയെന്നു കാണിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് വിടുന്നത്. കേസ് അന്വേഷണത്തില്‍ അപാകതളുണ്ടെന്നായിരുന്നു സിബി ഐ അന്വേഷണം കൈമാറിക്കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ചൂണ്ടിക്കാണിച്ചത്. സാക്ഷികളെക്കാള്‍ പ്രതികള്‍ പറഞ്ഞ കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് വിശ്വസിക്കുന്നതെന്നും ഗൂഢാലോചനയില്‍ പങ്കെടുത്തവരെ പ്രതി ചേര്‍ത്തിട്ടില്ലെന്നും സിംഗിള്‍ ബഞ്ച് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ സംസ്ഥാന പൊലീസിന്റെ മനോവീര്യം കെടുത്തുമെന്നതായിരുന്നു പൊതുഖജനാവിലെ പണം ചെലവാക്കി സീനിയര്‍ സുപ്രീം കോടതി അഭിഭാഷകരെ വച്ച് സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തത്.


Next Story

Related Stories