സംസ്ഥാനത്ത് ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ധന. അഞ്ച് തവണയാണ് ഈ മാസം ഇന്ധനവില വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് വില റെക്കോര്‍ഡില്‍ എത്തി. ദിവസേനയുള്ള നേരിയ വര്‍ധനവിലൂടെ വലിയ തുകയാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ പമ്പുകളില്‍ നല്‍കേണ്ടി വരുന്നത്. അവസാന വര്‍ധനയ്ക്ക് മൂന്ന് ദിവസത്തിന് ശേഷമാണ് വില വീണ്ടും ഉയര്‍ന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതമാണ് കൂടിയത്.
തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ്. ഈ മാസം 19നായിരുന്നു നേരത്തെ വില ഉയര്‍ന്നത്. അതിനുശേഷം മൂന്ന് ദിവസം വില മാറ്റമില്ലാതെ തുടരുകയായിരുന്നു.അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്.
ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയെയും രൂപയുടെ ഡോളര്‍ മൂല്യത്തെയും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിര്‍ണയിക്കുന്നത്. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 52-53 ഡോളര്‍ നിലവാരത്തില്‍ നില്‍ക്കുമ്പോഴും രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്.