വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ പൊലീസിനെ ഉപയോഗിക്കാനുള്ള പിണറായി വിജയന് സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന് ഉള്‍പ്പെടെ ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരേ ചോദ്യങ്ങളുമായി രംഗത്തെത്തി. മാധ്യമ സെന്‍സര്‍ഷിപ്പിനുള്ള ഓരോരോ വഴികള്‍ തേടുകയാണ് പിണറായി സര്‍ക്കാര്‍ എന്നാണ് ആക്ഷേപം. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പൊതുജന ജീവിതത്തെയും ബാധിക്കുന്ന വ്യാജവാര്‍ത്തകള്‍ കണ്ടെത്താനെന്ന പേരില്‍ ആരംഭിച്ച പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫാക്ട് ചെക്ക് കേരളയുടെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമായി മാറി വിവാദത്തില്‍ കുടുങ്ങിയതിനു പിന്നാലെയാണ് മാധ്യമങ്ങളെ തടയിടാന്‍ പൊലീസിനെ ഉപയോഗിക്കുന്നത്. വ്യാജവാര്‍ത്തകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നു പി ആര്‍ഡി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാണ് പ്രഖ്യാപിച്ചത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് 'വ്യാജ വാര്‍ത്തകള്‍' കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ഇറങ്ങുക.
സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് മാധ്യമങ്ങളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പോലീസിനെ ചുമതലയേല്‍പ്പിക്കുന്നത്. പിആര്‍ഡിയുടെ ഫാക്ട് ചെക്ക് പ്രവര്‍ത്തനം മാധ്യമ സെന്‍സര്‍ഷിപ്പിന് വഴിയൊരുക്കുകയാണെന്ന വിമര്‍ശനം നിലനില്‍ക്കെ തന്നെയാണ് പോലീസിനെയും രംഗത്തിറക്കിയിരിക്കുന്നത്. ശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ ഉയര്‍ന്നു കഴിഞ്ഞു. 'സര്‍ക്കാരിന്റെ അനുഗ്രഹാശ്ശിസുകളോടെ പോലീസ് മാധ്യമപ്രവര്‍ത്തകരുടെ കഴുത്തിന് കുത്തിപ്പിടിക്കാന്‍ പോകുന്നു' എന്നാണ് സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് റജി കെ പി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
ബോധപൂര്‍വം സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നുവെന്നതാണ് പിണറായി വിജയന് സര്‍ക്കാരിന്റെ പരാതി. ഇത് തടയിടാന്‍ വേണ്ടിയാണ് ഫാക്ട് ചെക് തുടങ്ങിയത്. പിആര്‍ഡി വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വാട്സ് ആപ്പ് നമ്പറിലേക്ക് വ്യാജ വാര്‍ത്തകള്‍ അയച്ചുകൊടുത്താന്, അത്തരം വാര്‍ത്തകള്‍ 'വ്യാജവാര്‍ത്ത' എന്ന ലേബല്‍ ഒട്ടിച്ച് ഫാക്ട് ചെക് കേരള സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സര്‍ക്കാര്‍-സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളുടെ വീഴ്ച്ചകളും അഴിമതികളും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ക്കു പോലും 'വ്യാജവാര്‍ത്ത'യെന്ന ലേബല്‍ നല്‍കുകയായിരുന്നു പിആര്‍ഡി ചെയ്തത്. ഇതിന്റെ ഉദാഹരണമായിരുന്നു പി എസ് സി യുടെ ഒ എം ആര് ഷീറ്റുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ തിരുവനന്തപുരത്തെ സെന്‍ട്രല്‍ പ്രസില്‍ നിന്നും നഷ്ടമായ കാര്യം മാധ്യമം ദിനപത്രത്തിന്റെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ അനുരു അശോകന്റെ റിപ്പോര്‍ട്ട് ചെയ്തത് വ്യാജവാര്‍ത്തയാക്കി മുദ്ര കുത്തിയത്. ലേഖകനോട് വിശദീകരണം പോലും ചോദിക്കാതെയായിരുന്നു പിആര്‍ഡിയുടെ ഏകപക്ഷീയമായ വിധിയെഴുത്ത്. അനുരു തന്റെ വാര്‍ത്തയുടെ യാഥാര്‍ത്ഥ്യങ്ങള്‍ തെളിവുകള്‍ സഹിതം വിശദീകരിച്ചപ്പോള്‍ പി ആര് ഡി യുടെ ഫാക്ട് ചെക് പേജില്‍ നിന്നും അവര്‍ക്ക് ആ 'വ്യാജവാര്‍ത്ത' പിന്‍വലിക്കേണ്ടിയും വന്നു. പിആര്‍ഡി ഉപയോഗിച്ചുള്ള മാധ്യമ സെന്‍സര്‍ഷിപ്പ് എന്നായിരുന്നു അന്നുയര്‍ന്ന വിമര്‍ശനം.
എന്നാല്‍, സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കെതിരേയുള്ള നിലപാടില്‍ മാറ്റം വരുത്തിയില്ല. അതിനുള്ള തെളിവായിരുന്നു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കാനുള്ള നീക്കം. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ചില പത്രങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുവെന്നാരോപിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമ മന്ത്രി എ കെ ബാലന് പറഞ്ഞിരുന്നു. അവിടംകൊണ്ട് തീരുന്നില്ല എന്നപോലെയാണ് ഇപ്പോള്‍ പോലീസിനെ തന്നെ മാധ്യമങ്ങള്ക്കെതിരേ ഉപയോഗിക്കാന്‍ തീരുമാനം എടുത്തിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പത്രപ്രവര്‍ത്തക യൂണിയനും രംഗത്തു വന്നിരിക്കുന്നത്.
"വാര്‍ത്തകള്‍ക്കു മൂക്കുകയറിടാന്‍ ഭരണകൂടങ്ങള്‍ പല പ്രകാരങ്ങളില്‍ മുമ്പും ശ്രമം നടത്തിയിട്ടുണ്ട്. തീര്‍ത്തും സദുദ്ദേശപരമെന്ന മുഖംമൂടിക്കുള്ളില്‍നിന്നാണ് മുമ്പെല്ലാം ഇത്തരം പത്രമാരണ നടപടികള്‍ ഉണ്ടായിട്ടുള്ളതും. അതുകൊണ്ടുതന്നെ ഭരണകൂട നടപടികളെ ന്യായീകരിക്കാന്‍ നല്ലൊരു ശതമാനം ആളുകള്‍ അന്നും മുന്നില്‍ നിന്നിട്ടുണ്ട്. പക്ഷേ, അവര്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു വരുമ്പോഴേക്കും മാധ്യമ സ്വാതന്ത്ര്യം മാത്രമല്ല, ജനാധിപത്യംതന്നെ ഊര്‍ധന്‍ വലിച്ചു തുടങ്ങിയിട്ടുണ്ടാവും. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും കുച്ചുവിലങ്ങ് ഇട്ടുകൊണ്ടാണ് ലോകെമങ്ങും ഏകാധിപത്യം അതിന്റെ പടികള്‍ ചവിട്ടിക്കയറിത്തുടങ്ങിയത് എന്ന ചരിത്ര പശ്ചാത്തലത്തില്‍നിന്നു വേണം വാര്‍ത്തകള്‍ക്കു മേലുള്ള പോലീസ് പരിശോധനയെയും വിലയിരുത്തേണ്ടത്' എന്നാണ് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് ചൂണ്ടിക്കാണിക്കുന്നത്.
സര്‍ക്കാര്‍ നടപടിക്കെതിരേ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാണിച്ചും കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് റജി കെ പി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്:
വാര്‍ത്തകള്‍ക്കു ലിറ്റ്മസ് ടെസ്റ്റ് നടത്താനും മുദ്രണം ചാര്‍ത്താനും രംഗത്തിറങ്ങിയ പൊതുജന സമ്പര്‍ക്ക വകുപ്പിന് തുടക്കത്തിലേ പിഴച്ചതുകൊണ്ടാവാം ഇപ്പോള്‍ പരിശോധനയ്ക്കു സാക്ഷാല്‍ പൊലീസിനെ തന്നെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ തീരുമാനം ഉണ്ടായിരിക്കുന്നു. വ്യാജവാര്‍ത്തകള്‍ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയുമാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ദൗത്യമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന് തന്നെ വ്യക്തമാക്കിയത്.
ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയേറ്റിനു മുന്നില്‍ സമരക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷം കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ കേരള കൗമുദിയിലെ ഫോേട്ടാഗ്രാഫര്‍ നിശാന്ത് ആലുകാടിനെ കഴുത്തിനു പിടിച്ച പൊലീസ് ഇനി സര്‍ക്കാറിന്റെ അനുഗ്രഹാശിസുകളോടെ മാധ്യമപ്രവര്‍ത്തകരുടെ കഴുത്തിനു കുത്തിപ്പിടിക്കുമെന്നു സാരം.
വാര്‍ത്തകള്‍ക്കു മൂക്കുകയറിടാന്‍ ഭരണകൂടങ്ങള്‍ പലപ്രകാരങ്ങളില്‍ മുമ്പും ശ്രമം നടത്തിയിട്ടുണ്ട്. തീര്‍ത്തും സദുദ്ദേശപരമെന്ന മുഖംമൂടിക്കുള്ളില്‍നിന്നാണ് മുെമ്പല്ലാം ഇത്തരം പത്രമാരണ നടപടികള്‍ ഉണ്ടായിട്ടുള്ളതും. അതുകൊണ്ടുതന്നെ ഭരണകൂട നടപടികളെ ന്യായീകരിക്കാന്‍ നല്ലൊരു ശതമാനം ആളുകള്‍ അന്നും മുന്നില്‍ നിന്നിട്ടുണ്ട്. പക്ഷേ, അവര്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു വരുേമ്പാഴേക്കും മാധ്യമ സ്വാതന്ത്ര്യം മാത്രമല്ല, ജനാധിപത്യംതന്നെ ഊര്‍ധന്‍ വലിച്ചു തുടങ്ങിയിട്ടുണ്ടാവും. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും കുച്ചുവിലങ്ങ് ഇട്ടുകൊണ്ടാണ് ലോകെമങ്ങും ഏകാധിപത്യം അതിന്റെ പടികള്‍ ചവിട്ടിക്കയറിത്തുടങ്ങിയത് എന്ന ചരിത്ര പശ്ചാത്തലത്തില്‍നിന്നു വേണം വാര്‍ത്തകള്‍ക്കു മേലുള്ള പൊലീസ് പരിശോധനയെയും വിലയിരുത്തേണ്ടത്.
ഹിതകരമല്ലാത്ത വാര്‍ത്തകളെയും അപ്രിയ സത്യങ്ങളെയും മാത്രമല്ല, അസത്യ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതിനെയും പ്രതിരോധിക്കാന്‍ ജനാധിപത്യപരമായ വഴികള്‍ ഉണ്ടായിരിക്കെയാണ് സര്‍ക്കാര്‍ പൊലീസിനെ കുട്ടുപിടിക്കുന്നത്. ഭരണകര്‍ത്താക്കളുടെ ആജ്ഞാനുവര്‍ത്തികളായ പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്തകളുടെ തെറ്റും ശരിയും പരിശോധിച്ചു മാധ്യമപ്രവര്‍ത്തകരെ കഴുത്തുപിടിക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ നമ്മുടെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ഗതിയെന്താവും? വിശ്വാസ്യതയാണു മാധ്യമങ്ങളുടെ കൈമുതലും സെല്ലിങ് പോയന്റുമെങ്കില്‍ കൂച്ചുവിലങ്ങുകളില്ലാത്ത മാധ്യമസ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. അടിസ്ഥാനമില്ലാത്ത വാര്‍ത്തകളും പ്രചാരണങ്ങളുമായി ഏതെങ്കിലും മാധ്യമമോ മാധ്യമപ്രവര്‍ത്തകരോ ഇറങ്ങിത്തിരിക്കുന്നുവെങ്കില്‍ അവരുടെ തന്നെ വിശ്വാസ്യതയാണു തകരുന്നത്. ജനങ്ങള്‍ അതു കൈകാര്യം ചെയ്തുകൊള്ളും. വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങളുടെ നിലനില്‍പ്പ് ഭരണകൂടം ആശങ്കപ്പെടേണ്ട വിഷയമല്ല.
ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥരുടെ കൈയൂക്കിനു മുന്നില്‍ കഴുത്തൊടിഞ്ഞു നില്‍ക്കേണ്ടവരല്ല കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍. അവര്‍ ചാര്‍ത്തുന്ന വ്യാജമുദ്രക്കു മുന്നില്‍ നെട്ടല്ല് തകര്‍ന്നു ശയ്യാവലംബിയായി കിടക്കേണ്ടതല്ല നമ്മുടെ മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും.