Top

പിണറായി സര്‍ക്കാർ 'മുഖം മിനുക്കുന്നു', സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ മന്ത്രിസഭയിലേക്ക്?

പിണറായി സര്‍ക്കാർ

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ എൽഡിഎഫ് സർക്കാറിന്റെ കാലാവധി അവസാനിക്കാൻ ഒന്നരവർഷം മാത്രം ബാക്കി നിൽക്കെ മന്ത്രിസഭ മുഖം മിനുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാബിനറ്റിലെ രണ്ട് സിപിഎം മന്ത്രിമാരെ മാറ്റിയേക്കും. മാസങ്ങൾക്കിപ്പുറം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയെയും സർക്കാറിനെയും ശക്തിപ്പെടുത്തുക ഉൾപ്പെടെ മുന്നിൽ കണ്ടാണ് നീക്കമെന്നാണ് സൂചന. പുനഃസംഘടനയിൽ ടൂറിസം മന്ത്രി എ.സി മൊയ്തീനും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയേക്കുമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, രണ്ട് പേർ പുറത്തേക്ക് പോവുമ്പോൾ മൂന്ന് പുതുമുഖങ്ങൾ മന്ത്രിസഭയിലെത്തിയേക്കുമെന്നും റിപ്പോർട്ട് പറയുന്നു. ഇതോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം 20-ല്‍ നിന്ന് 21 ആയി ഉയരും. സ്പീക്കര്‍ സ്ഥാനത്തും മാറ്റം ഉണ്ടായേക്കും. ഇതോടെ നിലവിലെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മന്ത്രിസഭയിലെത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. പകരം മുതിര്‍ന്ന അംഗങ്ങളായ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കര്‍ സ്ഥാനത്തെത്തിയേക്കും. മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാനും സാധ്യതയുണ്ട്. ‌നിലവിലെ വനിതാ അംഗങ്ങളായ കെ.കെ.ശൈലജയും ജെ. മേഴ്‌സിക്കുട്ടിയമ്മയും സ്ഥാനത്ത് തുടരും. ഇവർക്ക് പുറമെയായിരിക്കും പുതിയ അംഗം. മുതിർന്ന അംഗവും കൊട്ടാരക്കര എംഎല്‍എയുമായ ആയിഷാ പോറ്റിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.

ഇതിനിടെ, സര്‍ക്കാരുമായി അകന്ന് നില്‍ക്കുന്ന എന്‍എസ്എസിനെ അടുപ്പിക്കാനാനുള്ള ശ്രമങ്ങളുടെ ഭാഗമായി കെ.ബി. ഗണേഷ് കുമാറിന് മന്ത്രിപദം നല്‍കുമെന്നുമുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ബാലകൃഷ്ണപിള്ളയുടെ നിരന്തര ആവശ്യവും പരിഗണിച്ചാൽ ഗണേഷ് കുമാറിനും സാധ്യയേറെയാണ്. കൂടുതൽ മന്ത്രിമാർ സ്ഥാനമൊഴിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ, എം. സ്വരാജ്, എ. എൻ. ഷംഷീർ എന്നിവരുൾപ്പെടെ വിജയന്റെ അടുപ്പക്കാരായ യുവ നേതാക്കളും മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കും. സി. കെ. ശശീന്ദ്രനും അവസരം ലഭിച്ചേക്കും.

അതേസമയം, അനാരോഗ്യത്തിന്റെ പേരിൽ സ്ഥാന സി.പിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ചുമതലയിൽ നിന്നും വിട്ടുനിൽക്കാൻ സാധ്യതയുണ്ട്. ഈ സാധ്യത നിലനിൽക്കെ വ്യവസായ മന്ത്രി ജയരാജൻ പകരം താൽക്കാലിക ചുമതലയേറ്റേക്കും. ആ സാഹചര്യം ഉണ്ടായാൽ മറ്റൊരു കാബിനറ്റ് സീറ്റ് ഒഴിഞ്ഞ് നിൽക്കും. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തത്വത്തിൽ അനുമതി നൽകാൻ തീരുമാനമായെന്നാണ് വിവരം. 13 ദിവസത്തെ വിദേശയാത്രയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തുന്നതോടെ വരുന്ന ആഴ്ച ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നേക്കും.


Next Story

Related Stories