TopTop
Begin typing your search above and press return to search.

"ആരുടെയെങ്കിലും മുണ്ടിന്റെ കോന്തലയില്‍ കെട്ടിയിടാവുന്നതല്ല വോട്ടര്‍മാരെ, വട്ടിയൂര്‍ക്കാവ് ദിശാസൂചകം": മുഖ്യമന്ത്രി

"ആരുടെയെങ്കിലും മുണ്ടിന്റെ കോന്തലയില്‍ കെട്ടിയിടാവുന്നതല്ല വോട്ടര്‍മാരെ, വട്ടിയൂര്‍ക്കാവ് ദിശാസൂചകം": മുഖ്യമന്ത്രി

ആരുടെയെങ്കിലും മുണ്ടിന്റെ കോന്തലയില്‍ കെട്ടിയിടാന്‍ പറ്റില്ല തങ്ങളെയെന്ന് വോട്ടര്‍മാര്‍ തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. യാതൊരു വിവേചനങ്ങള്‍ക്കും വേര്‍തിരിവുകള്‍ക്കും സംസ്ഥാനത്ത് സ്ഥാനമില്ലെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ജാതിമത-സങ്കുചിത ശക്തികള്‍ക്ക് സംസ്ഥാനത്ത് വേരോട്ടമില്ലെന്നും ആ ശക്തികളുടെ മേലെ മതനിരപേക്ഷ രാഷ്ട്രീയം വന്‍ വിജയം നേടുന്നുവെന്നുമാണ് ഈ തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്.

വട്ടിയൂര്‍‌ക്കാവിലെ തെരഞ്ഞെടുപ്പുഫലം ഒരു ദിശാസൂചകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വളരില്ലെന്നും ഈ തെരഞ്ഞെടുപ്പു ഫലം തെളിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വ്യക്തമായ ഒരു ത്രികോണമത്സരം പോലും കാഴ്ച വെക്കാന്‍ ബിജെപിക്കായില്ല. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് അപ്രസക്തമാകുന്നു എന്ന സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം പുറംകരാര്‍ നടക്കുന്നുവെന്നത് ദയനീയമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് ജയിച്ച മണ്ഡലങ്ങളില്‍ മാത്രമല്ല യുഡിഎഫിന് തളര്‍ച്ചയുണ്ടായിട്ടുള്ളത്. എറണാകുളത്ത് 3750 വോട്ടുകള്‍ക്കു മാത്രമാണ് ഡിസിസി പ്രസിഡണ്ട് കൂടിയായ വിനോദ് ജയിച്ചത്. എല്‍‌ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേരിനോട് സമാനതയുള്ള അപരന് 2500ലധികം വോട്ടുകള്‍ നേടിയെന്നതും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എറണാകുളം മണ്ഡലത്തില്‍ 20,000ത്തിലധികം വോട്ടുകളുടെ കുറവുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാളും നില മെച്ചപ്പെടുത്താന്‍ അവിടെ സിപിഎമ്മിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ വാദങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും വലിയ തിരിച്ചടി നേരിട്ടുവെന്നതാണ് ഹരിയാനയിലെ ഫലം കാണിക്കുന്നത്. ഏകകക്ഷി മോഹം പൊലിയുകയാണ്. മിഷന്‍ 75 എന്ന മുദ്രാവാക്യവുമായാണ് അവിടെ ബിജെപി പ്രചാരണം നടത്തിയത്. കേവലഭൂരിപക്ഷം തികയ്ക്കാന്‍ അവര്‍ക്കവിടെ സാധിച്ചിട്ടില്ല. മിക്ക എക്സിറ്റ് പോളുകളും അഭിപ്രായ സര്‍വ്വേകളും ഹരിയാനയില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ തുടരുമെന്നാണ് പ്രവചിച്ചിരിക്കുന്നത് എന്നത് ശ്രദ്ധിക്കണം. ആര്‍എസ്‌എസ് നയിക്കുന്ന ബിജെപി കടുത്ത ജനരോഷത്തിന് ഇരയാകുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത്. ഒറ്റക്കക്ഷി മോഹത്തെ തകര്‍ക്കുന്ന ജനവിധിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.

എല്‍ഡിഎഫിന് അഭിമാനകരമായ വിജയം സമ്മാനിച്ച ജനങ്ങളെ മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു. തങ്ങളുടെ അനുഭവങ്ങളെ വോട്ടാക്കിയ വോട്ടര്‍മാര്‍ക്ക് നന്ദി പറയുകയും ചെയ്തു അദ്ദേഹം. ഈ തെരഞ്ഞെടുപ്പു വിജയം ഭാരിച്ച ഉത്തരവാദിത്വം തങ്ങളില്‍ ഏല്‍പ്പിക്കുന്നുവെന്ന തിരിച്ചറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അരൂരിലുണ്ടായ പ്രത്യേക സാഹചര്യത്തിന് കാരണമെന്നത് വിശദമായി പരിശോധിക്കും.

നമ്മുടെ സമൂഹത്തിന്റെ മതനിരപേക്ഷതയാണ് ഇപ്പോഴത്തെ ജനവിധി കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും വരയ്ക്കുന്നിടത്ത് തങ്ങള്‍ നില്‍ക്കില്ലെന്ന് ജനങ്ങള്‍ തീരുമാനിച്ചു. സമുദായ നേതാക്കള്‍ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Next Story

Related Stories