TopTop
Begin typing your search above and press return to search.

ഞങ്ങള്‍ ഒരുമിച്ച് നായനാര്‍ മന്ത്രിസഭയില്‍ ഇരുന്നിട്ടുണ്ട്; പിണറായി അന്ന് ഗൗരവക്കാരനായിരുന്നെങ്കില്‍ ഇന്ന് ശ്രദ്ധ പോര; ഓര്‍മ്മകള്‍ പങ്കുവച്ച് പി.ജെ ജോസഫ്‌

ഞങ്ങള്‍ ഒരുമിച്ച് നായനാര്‍ മന്ത്രിസഭയില്‍ ഇരുന്നിട്ടുണ്ട്; പിണറായി അന്ന് ഗൗരവക്കാരനായിരുന്നെങ്കില്‍ ഇന്ന് ശ്രദ്ധ പോര; ഓര്‍മ്മകള്‍ പങ്കുവച്ച് പി.ജെ ജോസഫ്‌
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയിലെത്തിയതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലായിരുന്നു കേരളവും മാധ്യമങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍. നിരവധി പ്രമുഖ നേതാക്കളാണ് 1970-ല്‍ നിയമസഭയില്‍ അരങ്ങേറ്റം കുറിച്ചത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ എ കെ ആന്റണിയും മുഖ്യമന്ത്രി പിണറായി വിജയനും കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫുമൊക്കെ അക്കൂട്ടത്തില്‍ ചിലര്‍ മാത്രം. അമ്പത് വര്‍ഷം തുടര്‍ച...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയിലെത്തിയതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലായിരുന്നു കേരളവും മാധ്യമങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍. നിരവധി പ്രമുഖ നേതാക്കളാണ് 1970-ല്‍ നിയമസഭയില്‍ അരങ്ങേറ്റം കുറിച്ചത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ എ കെ ആന്റണിയും മുഖ്യമന്ത്രി പിണറായി വിജയനും കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫുമൊക്കെ അക്കൂട്ടത്തില്‍ ചിലര്‍ മാത്രം. അമ്പത് വര്‍ഷം തുടര്‍ച്ചയായി സഭാംഗമായതിന്റെ നേട്ടം അവകാശപ്പെടാനാകില്ലെങ്കിലും നാല്‍പ്പത് വര്‍ഷം തൊടുപുഴ എംഎല്‍എയായ നേട്ടവുമായി സജീവ രാഷ്ട്രീയത്തില്‍ തുടരുകയാണ് തൊടുപുഴയുടെ സ്വന്തം ഔസേപ്പച്ചന്‍ . ആദ്യമായി സഭയിലെത്തിയതിന്റെ അമ്പതാം വാര്‍ഷികത്തില്‍ തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചും സഹപ്രവര്‍ത്തകരെ കുറിച്ചും സമകാലിക രാഷ്ട്രീവിഷയങ്ങളെ കുറിച്ചും അരുണ്‍ ടി വിജയനോട് സംസാരിക്കുകയാണ് പിജെ ജോസഫ്.

? അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് താങ്കള്‍ ആദ്യമായി എത്തിയ നിയമസഭയെ കുറിച്ചുള്ള ഓര്‍മ്മകള്‍? ഇപ്പോഴത്തെ നിയമസഭയെയുമായി ഒന്ന് താരതമ്യം ചെയ്യാമോ?
ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും ഞാനും മാത്രമല്ല, എ കെ ആന്റണിയും എം വി രാഘവനും ആ തെരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭയിലെത്തിയത്. അന്നൊക്കെ രാഷ്ട്രീയ വ്യത്യാസം നിലനിര്‍ത്തിക്കൊണ്ട് തന്നെ എംഎല്‍എമാര്‍ തമ്മില്‍ കുറെക്കൂടി അടുപ്പമുണ്ടായിരുന്നു. നിയമസഭയുടെ ബസിലാണ് ബഹുഭൂരിപക്ഷം ആളുകളും പോകുകയും വരികയും ചെയ്തുകൊണ്ടിരുന്നത്. ഉച്ചയ്ക്ക് നിയമസഭാ കാന്റീനില്‍ വന്ന് എല്ലാവരും കൂടി ഭക്ഷണം കഴിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും കാര്‍ ആയി. നിയമസഭയുടെ ബസ് ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ വളരെ ചുരുക്കമാണ്. പണ്ട് തൊണ്ണൂറ് ശതമാനം പേരും നിയമസഭയ്ക്ക് വേണ്ടി ഓടിയിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ആയിരുന്നു യാത്ര ചെയ്തിരുന്നത്. അക്കാലത്ത് നീണ്ട സെഷന്റെ സമയങ്ങളിലെല്ലാം എംഎല്‍എമാര്‍ക്ക് വേണ്ടി കലാപരിപാടികളും നാടകങ്ങളും മത്സരങ്ങളും നടത്തിയിരുന്നു. നടത്ത മത്സരത്തില്‍ ഒരിക്കല്‍ മുപ്പത് എംഎല്‍എമാരാണ് പങ്കെടുത്തത്. അതില്‍ ഉമ്മന്‍ ചാണ്ടി ഒന്നാം സ്ഥാനത്തും ഞാന്‍ രണ്ടാം സ്ഥാനത്തും എത്തി. അക്കാലത്ത് പിരപ്പന്‍കോട് മുരളി എഴുതിയ നാടകത്തില്‍ എല്ലാ പാര്‍ട്ടിയിലെയും അംഗങ്ങള്‍ അഭിനയിച്ചു. അതിന്റെ റിഹേഴ്‌സല്‍ എംഎല്‍എമാര്‍ക്ക് അടുത്ത് ഇടപഴകാനുള്ള അവസരമായിരുന്നു.
ഇപ്പോള്‍ അത്തരം ബന്ധങ്ങളൊന്നും എംഎല്‍എമാര്‍ തമ്മില്‍ ഇല്ല. നിയമസഭയില്‍ വരുന്നു പോകുന്നു എന്നതിന് അപ്പുറത്തുള്ള ബന്ധം എംഎല്‍എമാര്‍ തമ്മിലില്ല. മുമ്പ് വ്യക്തിബന്ധങ്ങള്‍ കുറെക്കൂടി ശക്തമായിരുന്നു. അതിനുള്ള അന്തരീക്ഷം സഭയിലും ഉണ്ടായിരുന്നു. പിന്നീട് വന്ന സ്പീക്കര്‍മാര്‍ക്കൊന്നും അതിലൊന്നും താല്‍പര്യമില്ലാതെ വന്നു. നിയമസഭയിലെ നീണ്ട സെഷനിടയിലുള്ള കലാപരിപാടികളും കായിക പരിപാടികളും എല്ലാം ഓര്‍മ്മ മാത്രമായിരുന്നു. പണ്ട് ടാഗോര്‍ തിയറ്ററില്‍ നടത്തിയ കലാപരിപാടി വളരെ ശ്രദ്ധേയമായിരുന്നു. പാട്ട് പാടുന്ന അരഡസന്‍ എംഎല്‍എമാര്‍ എങ്കിലും അക്കാലത്തുണ്ടായിരുന്നു. എംഎല്‍എമാര്‍ പാട്ട് പാടുന്നതും നാടകങ്ങളില്‍ അഭിനയിക്കുന്നതുമെല്ലാം വളരെ ഹൃദ്യമായി എനിക്ക് തോന്നിയിരുന്നു. ഒരു ഇരുപത് കൊല്ലക്കാലം എനിക്ക് അത് ആസ്വദിക്കാന്‍ സാധിച്ചിട്ടുണ്ട്. തൊണ്ണൂറുകള്‍ മുതല്‍ ആ ബന്ധങ്ങളിലെല്ലാം വിള്ളല്‍ വീണു.
അക്കാലത്ത് മാധ്യമങ്ങളും നിയമസഭാ റിപ്പോര്‍ട്ടിംഗിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു. കേരള കൗമുദിയൊക്കെ എല്ലാ എംഎല്‍എമാരുടെയും പ്രസംഗങ്ങള്‍ പ്രത്യേകം പ്രത്യേകം കൊടുക്കുമായിരുന്നു. എല്ലാ പത്രങ്ങളും അത് ചെയ്യുമായിരുന്നു. പിന്നീട് അത് കുറഞ്ഞുകുറഞ്ഞ് വന്നു. അതോടെ മികച്ച പെര്‍ഫോമന്‍സിനുള്ള താല്‍പര്യം എംഎല്‍എമാര്‍ക്കും കുറഞ്ഞു വന്നു. എല്ലാവര്‍ക്കും കുറെക്കൂടി കാര്യങ്ങള്‍ പഠിച്ച് ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നു. ഏത് ബില്ലുകളില്‍ ഭേദഗതി കൊണ്ടുവന്നാലും അതിന്റെ ആദ്യത്തെ ഒരു പ്രാസംഗികന്‍ എ കെ ആന്റണിയായിരുന്നു. പിന്നീട് എന്‍ ഐ ദേവസിക്കുട്ടി, ടി എം ജേക്കബ് തുടങ്ങിയവരും ബില്ലുകളുടെ ചര്‍ച്ചയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ശ്രദ്ധയോടെ ബില്ലുകള്‍ പഠിക്കുന്ന കുറെയധികം എംഎല്‍എമാര്‍ അക്കാലത്തുണ്ടായിരുന്നു.
കൂടുതല്‍ ഇടപെടാനുള്ള അവസരമുണ്ടായിരുന്നതിനാല്‍ തന്നെ എല്ലാവര്‍ക്കുമിടയില്‍ ദൃഢമായ സൗഹൃദം ഉണ്ടായിരുന്നു. ഞാന്‍ ആദ്യമായി സഭയിലെത്തുമ്പോള്‍ കാണുന്ന കാഴ്ച അച്യുത മേനോന്‍ മുഖ്യമന്ത്രിയും ഇഎംഎസ് പ്രതിപക്ഷ നേതാവും ആയിരിക്കുന്നതാണ്. രണ്ട് പേരും തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരം ഉണ്ടായിരുന്നു. ഒരു അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ അച്യുത മേനോന്‍ പറഞ്ഞത് നേരെ ചര്‍ച്ചയിലേക്ക് കടന്നേക്കാമെന്നാണ്. ഗ്യാപ്പ് കൊടുക്കാതെ അന്ന് തന്നെ ചര്‍ച്ച ആരംഭിച്ചു. ആരോഗ്യകരമായ ചര്‍ച്ചകളായിരുന്നു അന്ന് നടന്നിരുന്നത്.? താങ്കള്‍ ആദ്യമായി നിയമസഭയിലെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന പിണറായി വിജയന്‍ ഇന്ന് മുഖ്യമന്ത്രിയാണ്. അന്നത്തെ പിണറായിയെയും ഇന്നത്തെ പിണറായിയെയും താരതമ്യപ്പെടുത്താന്‍ സാധിക്കുമോ?

തൊണ്ണൂറ്റിയാറില്‍ പിണറായിയും ഞാനും ഒരുമിച്ച് നായനാര്‍ മന്ത്രിസഭയില്‍ ഇരുന്നിട്ടുണ്ട്. അന്ന് ഗൗരവക്കാരനായ പിണറായിയെയാണ് എല്ലാവരും കണ്ടത്. ഇത്തവണ മുഖ്യമന്ത്രിയായതിന് ശേഷം അദ്ദേഹം വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല. അല്ലെങ്കില്‍ കള്ളുകുടിച്ച് ബഹളമുണ്ടാക്കുന്ന ശിവശങ്കറിനെ പോലെ ഒരാള്‍ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നാല് വര്‍ഷം തുടരും. മുഖ്യമന്ത്രി ഇതൊക്കെ ശ്രദ്ധിക്കേണ്ടേ? ശിവശങ്കര്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമാണ് ഐടി സെക്രട്ടറിയുമാണ്. അത് അന്വേഷിക്കേണ്ടതല്ലേ? അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയുമോ?
? എകെ ആന്റണിക്കൊപ്പം സഭയിലെത്തിയ താങ്കള്‍ പിന്നീട് അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. രാജിവയ്‌ക്കേണ്ടി വരികയും ചെയ്തു അദ്ദേഹത്തിന്. അദ്ദേഹത്തിന് സംഭവിച്ച പാളിച്ചകള്‍ അല്ലേ അതിന് കാരണം?
തുടര്‍ച്ചയായ രാജിക്കൊക്കെ കാരണം വ്യക്തിപരമായ സമീപനങ്ങളാണ്. അത് ഓരോരുത്തരുടെ സമീപനമാണ്. ഇന്ദിരാഗാന്ധി ചിക്കമംഗലൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചതുകൊണ്ട് അദ്ദേഹം രാജിവച്ചു. അതിലെത്രമാത്രം യുക്തിയുണ്ടെന്ന് നമുക്ക് പറയാനാകില്ല. എങ്കിലും ആന്റണി സംശയത്തിന് അതീതനായിരുന്നു.
? താങ്കളുടെ രാഷ്ട്രീയ വളര്‍ച്ച എങ്ങനെയായിരുന്നു? ആരുടെ സ്വാധീനമാണ് താങ്കളുടെ പൊതുജീവിതത്തില്‍ ഏറ്റവുമധികമുള്ളത്?
എന്റെ പിതാവ് ഒരു പഞ്ചായത്ത് മെമ്പറായിരുന്നു. എല്ലാവരും പഞ്ചായത്ത് പ്രസിഡന്റാകാന്‍ പറഞ്ഞിട്ടും അതിന് തയ്യാറാകാതെ മാറിനിന്ന വ്യക്തിയാണ് അദ്ദേഹം. എങ്കിലും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. 68-69 കാലഘട്ടത്തില്‍ കേരള കോണ്‍ഗ്രസിന്റെ സ്‌റ്റേറ്റ് കമ്മിറ്റി അംഗമായിരുന്നപ്പോളാണ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുമ്പോള്‍ എന്നെക്കാള്‍ കൂടുതല്‍ അറിയപ്പെട്ടിരുന്നത് പിതാവായിരുന്നു. അതുകൊണ്ട് പ്രചരണത്തിലെല്ലാം അദ്ദേഹമൊരു സ്വാധീന ശക്തിയായിരുന്നു. ത്രികോണ മത്സരമാണ് അക്കുറി നടന്നത്. സിപിഎം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എന്നിവരാണ് മത്സരിച്ചത്. 1635 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് അക്കുറി വിജയിച്ചത്.
മഹാത്മ ഗാന്ധിയുടെ നൂറാം ജന്മവാര്‍ഷികമായിരുന്ന 1969ലിറങ്ങിയ എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. ഗ്രാമസ്വരാജ് എന്ന സിദ്ധാന്തത്തിലാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. വൃക്ഷത്തൈകള്‍ വിതരണം ചെയ്യുകയും കാലിസമ്പത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിലും വ്യാപൃതനായിരുന്നു. 69ലെ ഗ്രാമീണ വായനശാലകളുടെ വാര്‍ഷികങ്ങളില്‍ ഞാന്‍ സ്ഥിരമായി പ്രസംഗിക്കുമായിരുന്നു. അന്ന് ഗാന്ധിയന്‍ പള്‍സാണ് എന്നെ സ്വാധീനിച്ചിട്ടുള്ളത്. നിയമസഭയിലെത്തിയപ്പോള്‍ ഏറ്റവുമധികം ആകര്‍ഷിച്ചത് ലൈബ്രറി ആണ്. മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള എല്ലാ പുസ്തകങ്ങളും അവിടെയിരുന്ന് ധാരാളമായി വായിക്കുമായിരുന്നു. 78ല്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ നിയമത്തിന്റെ ഭരണം(Rule of Law)യിലാണ് വിശ്വസിച്ചിരുന്നത്. ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്, ഒരു കുറ്റവാളിയും രക്ഷിക്കപ്പെടരുത് എന്ന നിര്‍ബന്ധത്തിലാണ് എട്ട് മാസക്കാലം ആഭ്യന്തരമന്ത്രിയായിരുന്നത്. എട്ട് മാസവും അത് പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചു. ഞാന്‍ രാജിവച്ച് ഒഴിയുന്നത് വരെയും ഒരു നിരപരാധിയെയും കേസില്‍ കുടുക്കിയിട്ടില്ല. ഒരു കുറ്റവാളിയെയും രക്ഷിക്കാനും എനിക്ക് പറയേണ്ടി വന്നിട്ടില്ല. മന്ത്രിയായി ചുമതലയേറ്റപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ വിശ്വസിക്കാമോയെന്ന് ഒരു പോലീസുകാരന്‍ ചോദിച്ചു. നൂറ് ശതമാനവും വിശ്വസിക്കാമെന്നാണ് ഞാന്‍ ഉറപ്പ് നല്‍കിയത്. അത് പ്രാവര്‍ത്തികമാക്കാനും സാധിച്ചു. റൂള്‍ ഓഫ് ലോയെക്കുറിച്ച് അടുത്തുതന്നെ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ട്. എട്ട് മാസം എങ്ങനെ ഈ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിച്ചുവെന്നാണ് ആ പുസ്തകത്തില്‍ പറയുന്നത്. നിയമസഭയിലും മാധ്യമങ്ങളിലും ആഭ്യന്തരവകുപ്പ് പ്രശംസ ഏറ്റുവാങ്ങിയ കാലമായിരുന്നു അത്. ആഭ്യന്തരമന്ത്രിക്ക് പൂച്ചെണ്ടുകള്‍ എന്ന് അക്കാലത്ത് മലയാള മനോരമ ഒന്നാം പേജില്‍ തലക്കെട്ടോടെ വാര്‍ത്ത കൊടുത്തു. നിഷ്പക്ഷമതിയായി പ്രവര്‍ത്തിക്കുന്ന ഒരു ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ തങ്ങള്‍ക്ക് എതിര്‍പ്പുകളൊന്നും ഇല്ലെന്ന് ഇന്ദിരാ ഗാന്ധി പറഞ്ഞു.

? 35-ാം വയസ്സില്‍ ഒരു പരാതിക്കും ഇടകൊടുക്കാതെ താങ്കള്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തു. പക്ഷെ പിന്നീട് രണ്ട് മുന്നണികളിലും മന്ത്രിയായിട്ടുണ്ടെങ്കിലും ഒരിക്കലും താങ്കള്‍ക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ സാധിച്ചിട്ടില്ലല്ലോ?
അന്ന് ഞങ്ങള്‍ക്ക് ഇരുപത് എംഎല്‍എമാര്‍ ഉണ്ടായിരുന്നു. കെ എം മാണിക്കാണ് ആഭ്യന്തര വകുപ്പ് ലഭിച്ചത്. എന്നാല്‍ കേസ് വന്നപ്പോള്‍ അദ്ദേഹത്തിന് സഭാംഗത്വം നഷ്ടമായി. അങ്ങനെയാണ് എനിക്ക് ആ ഉത്തരവാദിത്വം ലഭിച്ചത്. പിന്നീട് സാഹചര്യങ്ങള്‍ മാറി. 82 ആയപ്പോഴേക്കും ഞങ്ങളുടെ പാര്‍ട്ടി രണ്ടായി. പിന്നീട് ഞാന്‍ തെരഞ്ഞെടുത്തത് റെവന്യൂ, ഹൗസിംഗ് വകുപ്പുകളാണ്. 96ലായപ്പോഴേക്കും ഒരു മന്ത്രി തന്നെ പൊതുമരാമത്തും ഹൗസിംഗും വിദ്യാഭ്യാസവും കൂടി തന്നു. അത്രയും വകുപ്പുകള്‍ ഒന്നിച്ച് ഭരിച്ച ഒരു മന്ത്രിയും കേരളത്തിലുണ്ടായിട്ടില്ല. ഒരു പരാതിയൊന്നും കൂടാതെ തന്നെ മൂന്ന് വകുപ്പുകളും കൈകാര്യം ചെയ്തു.
? താങ്കളുടെ കുട്ടിക്കാലവും വിദ്യാഭ്യാസവും എങ്ങനെയായിരുന്നു?
സ്‌കൂള്‍ വിദ്യാഭ്യാസം വീടിന് തൊട്ടടുത്തുള്ള പ്രൈമറി സ്‌കൂളില്‍ ആയിരുന്നു. നമ്മുടെ സ്വത്ത് ദൈവം സൂക്ഷത്തില്‍ ഏല്‍പ്പിച്ചിരിക്കുന്നതാണെന്ന് എന്റെ അമ്മൂമ്മ പറയുമായിരുന്നു. നമ്മുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളതെല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി നല്‍കണം. അങ്ങനെ പറഞ്ഞും പഠിപ്പിച്ചുമാണ് അമ്മൂമ്മ വളര്‍ത്തിയത്. അതിപ്പോഴും ഞാന്‍ പ്രാവര്‍ത്തികമാക്കുന്നു. കയ്യില്‍ കൂടുതല്‍ കാശ് വന്നാല്‍ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവര്‍ക്ക് വീടുകള്‍ വയ്ക്കാനും ഗാന്ധിയന്‍ ആശയപ്രചരണത്തിനും എല്ലാമായി ഉപയോഗിക്കും. 25 കൊല്ലമായി ഗാന്ധിയന്‍ സ്റ്റഡി സെന്ററുകളില്‍ കാര്‍ഷികമേള നടത്തുന്നുണ്ട്. കേരളത്തില്‍ ആദ്യമായി ജൈവകൃഷിയെന്ന ആശയം മുന്നോട്ടുവച്ചത് ഞാനാണ്.
? 40 വര്‍ഷം താങ്കള്‍ തൊടുപുഴയുടെ എംഎല്‍എയായിരുന്നു. ഇക്കാലത്തിനിടയില്‍ തൊടുപുഴയ്ക്ക് വേണ്ടി എന്തൊക്കെ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്?
ഒറ്റനോട്ടത്തില്‍ പറയാന്‍ സാധിക്കില്ല. എങ്കിലും തൊടുപുഴയില്‍ 182 വാര്‍ഡുകള്‍ ആണ് ഉണ്ടായിരുന്നു. അതില്‍ 179ലും എനിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. മുന്‍സിപ്പിലിറ്റിയിലെ 35 വാര്‍ഡുകളില്‍ ഒന്നില്‍ ഒഴികെ എല്ലാത്തിലും ഭൂരിപക്ഷമുണ്ടായിരുന്നു. മുന്‍സിപ്പാലിറ്റിയിലെ കക്ഷിനില നോക്കിയാല്‍ എട്ട് ബിജെപി കൗണ്‍സിലര്‍മാരുണ്ട്. ആ എട്ട് വാര്‍ഡിലും എനിക്കായിരുന്നു ഭൂരിപക്ഷം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജയിച്ച വാര്‍ഡിലും എനിക്കായിരുന്നു ഭൂരിപക്ഷം. നിഷ്പക്ഷമായി മണ്ഡലത്തിലെ എല്ലാവരോടും പെരുമാറാന്‍ സാധിച്ചുവെന്നതിന്റെ തെളിവാണ് അത്. പുറപ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മാലിന്യരഹിത വാര്‍ഡ് ആക്കി മാറ്റിയിരിക്കുകയാണ്. ഒരു കിലോഗ്രാം മാലിന്യം പോലും പുറത്തേക്ക് പോകാതെ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനുള്ള പദ്ധതിയാണ് അത്. ഒരു കൊല്ലത്തിനുള്ളില്‍ ആ പദ്ധതി 182 വാര്‍ഡുകളിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഞാന്‍ തന്നെ ഓരോ വാര്‍ഡുകളിലും പോയി അതിനുള്ള പ്രചരണം നടത്തി അവിടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. കോളേജിലെ അധ്യാപകരും കുട്ടികളും ഈ പ്രചരണത്തില്‍ പങ്കെടുക്കും. ഒരുവര്‍ഷം മുഴുവന്‍ അതില്‍ കേന്ദ്രീകരിച്ചാല്‍ ഇന്ത്യയിലെ ആദ്യത്തെ മാലിന്യരഹിത നിയോജക മണ്ഡലം തൊടുപുഴയായിരിക്കും. മാലിന്യമാണ് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നം. അതുകൊണ്ട് മാലിന്യമില്ലാത്ത മലയാള നാട് എന്ന മുദ്രാവാക്യം ഞാന്‍ മുഴക്കിയിരുന്നു. അത് ഈ നിയോജക മണ്ഡലത്തില്‍ പ്രാവര്‍ത്തികമാക്കാനാണ് ശ്രമം.
? താങ്കള്‍ സഭയില്‍ വന്ന കാലത്തെ അപേക്ഷിച്ച് ആ ആരോഗ്യകരമായ മത്സരങ്ങളും എതിര്‍പ്പുകളും ഇന്ന് ഇല്ലാതായിട്ടുണ്ടല്ലോ? അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളെല്ലാം കഴമ്പില്ലാത്തതാണെന്നാണോ താങ്കള്‍ പറയുന്നത്?
നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണം കടത്തിയെന്ന കേസ് വന്നതോടെ അതിന്റെ സ്വഭാവം ആകെ മാറി. ഗൗരവകരമായ ചോദ്യം ചെയ്യല്‍ നടന്നിട്ടില്ല. ശിവശങ്കറിനെ പോലെ ഒരാള്‍ നാല് കൊല്ലം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരിക്കുന്നതും അയാള്‍ കള്ളുകുടിച്ച് മറ്റുള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ ചെന്ന് വഴക്കുണ്ടാക്കിയതും അവിടുത്തെ ആളുകള്‍ പരാതിപ്പെടുകയും ഒക്കെ ഉണ്ടാകുന്നത് എങ്ങനെയാണ്. പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാതെ വന്നപ്പോഴാണ് സിപിഐയെ പോലെ ഒരു പാര്‍ട്ടി അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായത്. എന്തോ ഒളിച്ചുവയ്ക്കാനുണ്ടെന്നത് സത്യമാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കൂടിയതോടെ ആക്ഷേപങ്ങളുടെ ശക്തി കൂടുകയും ചെയ്തു. 42 പേരെ അനധികൃതമായി നിയമിച്ചു. ഒരു നിയമനത്തിന്റെ പേരിലാണ് ഇ പി ജയരാജന്‍ രാജിവച്ചത്. എന്നാല്‍ അതിന് ശേഷം 42 പേരെയാണ് വീണ്ടും നിയമിച്ചത്. ഒന്നേ മുക്കാല്‍ ലക്ഷം രൂപയില്‍ കൂടുതല്‍ ശമ്പളമുള്ളവരാണ് ഇവര്‍. ശിവശങ്കറിന്റെ ഓഫീസില്‍ നടന്ന ഈ നിയമനം മുഖ്യമന്ത്രി അറിയാതെ പോകില്ലല്ലോ. അത്തരം കാര്യങ്ങള്‍ വന്നതോടെ സംഗതി ഗൗരവകരമായി. എല്ലാ ഭാഗത്തും വീഴ്ച വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാഗത്തും പാര്‍ട്ടി സെക്രട്ടറിയുടെ ഭാഗത്തും എല്ലാം വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് നടന്നേക്കാം പക്ഷെ താന്‍ അറിഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ ജലീല്‍ പറയുന്നത്. അപ്പോള്‍ ഇതിലെല്ലാം അര്‍ദ്ധസത്യങ്ങള്‍ ഉണ്ടെന്ന് വരികയാണ്. അതുകൊണ്ട് തന്നെ ആരോപണങ്ങളെല്ലാം കഴമ്പില്ലാത്തവയാണെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. സംശയത്തിന്റെ നിഴലിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.
? ഉമ്മന്‍ ചാണ്ടി മന്ത്രിസഭ ഇതിനേക്കാള്‍ വലിയ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ?
ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭ നേരിട്ട ആരോപണങ്ങളില്‍ തെളിവെടുത്തല്ലോ. എന്നെയും അക്കൂട്ടത്തില്‍ ചോദ്യം ചെയ്തിരുന്നു. ഒരു സ്ത്രീ ഒരുമ്പെട്ടാല്‍ ആരെയും ബ്ലാക്ക്‌മെയില്‍ ചെയ്യാവുന്ന ഒരു സ്ഥിതി ഉണ്ടായിട്ടുണ്ട്. എല്ലാവരുമായും ബന്ധം സ്ഥാപിക്കുകയും ബന്ധമില്ലെങ്കിലും ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ഫോട്ടോയും മറ്റും തെളിവായി നല്‍കുകയുമാണ് ചെയ്യുന്നത്. യോഗസ്ഥലങ്ങളില്‍ വച്ച് എടുക്കുന്ന ഫോട്ടോകളാണ് ഇത്. ഒരു ഫോട്ടോയില്‍ ഞാനും ഉണ്ടായിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ ജലനിധിയുടെ പരിപാടിയില്‍ കയറി വന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുറകിലൂടെ വന്ന് സംസാരിക്കുന്ന ഒരു ചിത്രമുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് ആ സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് പറയാനാകില്ല. മുഖ്യമന്ത്രിയുടെ വീട്ടില്‍ തന്നെ വച്ചുണ്ടായ സംഭവത്തെയൊന്നും ഇത്രയും നാളായി തെളിയിക്കാന്‍ ആയിട്ടില്ല.
പിണറായിക്കെതിരെ വന്ന ആരോപണങ്ങള്‍ അങ്ങനെയല്ല. ശിവശങ്കര്‍ കള്ളുകുടിച്ച് കൂത്താടി സ്വപ്‌നയെന്ന സ്ത്രീയുടെ ഫ്‌ളാറ്റില്‍ പോയി വഴക്കുണ്ടാക്കുകയായിരുന്നു. അടുത്തുള്ള ഫ്‌ളാറ്റുകാര്‍ അതില്‍ പരാതിപ്പെട്ടു. പരാതിപ്പെട്ടിട്ടും ആ കേസ് തേച്ചുമാച്ച് കളയുകയാണ് ചെയ്തത്. അതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാകില്ല. എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലാണെന്ന് പറയുന്നത്. വളരെ സമ്മര്‍ദ്ദത്തിന് ശേഷമാണ് ശിവശങ്കരനെ രാജിവയ്പ്പിച്ചത്. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യല്‍ അവസാനിച്ചിട്ടില്ല. എല്ലാം പരസ്പരം ബന്ധപ്പെട്ട കാര്യങ്ങളാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലില്‍ നിന്നും മാറണം. അതിന് ശിവശങ്കരന്‍ നാല് കൊല്ലം ആ ഓഫീസിലുണ്ടായിരുന്നതിന് വിശദീകരണം നല്‍കണം. പി എസ് സി നിയമനങ്ങളെ മറികടന്നാണ് 42 നിയമനങ്ങള്‍ നടന്നത്. പത്താം ക്ലാസ് പോലും പാസാകാത്ത സ്വപ്‌നയ്ക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപ ശമ്പളം നല്‍കുകയായിരുന്നു. ഒരു ജനാധിപത്യ രാജ്യത്ത് എങ്ങനെയാണ് ഇതൊക്കെ നടക്കുന്നത്.? ഒരു സെക്കുലര്‍ പാര്‍ട്ടി എന്ന പ്രഖ്യാപനത്തോടെയാണ് മന്നത്ത് പത്മനാഭന്‍ കേരള കോണ്‍ഗ്രസിന് തിരിതെളിച്ചത്. എന്നാല്‍ അത് പാലിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ടോ?

സെക്കുലര്‍ പാര്‍ട്ടിയല്ലെങ്കില്‍ 182 വാര്‍ഡുകളില്‍ 179ലും എനിക്ക് എങ്ങനെ ഭൂരിപക്ഷം ലഭിക്കും. അത് മാത്രമല്ല, ഇപ്പോള്‍ ഞങ്ങളുടെ യൂത്ത് ഫ്രണ്ടിന്റെ പ്രസിഡന്റ് അജിത്ത് മുദ്രമുഴയാണ്. നാരപ്പുഴ നാരായണക്കുറുപ്പിന്റെ ബന്ധുവാണ്. കെ എസ് സി പ്രസിഡന്റ് രാകേഷ് ഒരു ഈഴവ സമുദായാംഗമാണ്. 76ല്‍ ആദ്യമായി മന്ത്രിസഭയിലെത്തിയപ്പോള്‍ കെ നാരായണക്കുറുപ്പ് മന്ത്രിയായിരുന്നു. അടുത്ത മന്ത്രിസഭയിലും അദ്ദേഹം മന്ത്രിയായിരുന്നു. ക്രിസ്ത്യാനികളും ഹിന്ദുക്കളും എല്ലാം ഉള്‍പ്പെട്ട ഒരു സമീപനമാണ് പാര്‍ട്ടിയുടേത്. ബാലകൃഷ്ണ പിള്ള ഇടയ്ക്ക് പാര്‍ട്ടിയുടെ മന്ത്രിയായിരുന്നു. ഞാന്‍ പാര്‍ട്ടി ചെയര്‍മാനായതിന് ശേഷം യുവജന വിഭാഗത്തിലെ നേതാക്കളെല്ലാം മറ്റ് സമുദായാംഗങ്ങളാണ്. കേരളത്തിന്റെ സമഗ്ര വികസനമെന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ഞാനാണ്. വികസനത്തില്‍ സമുദായവും രാഷ്ട്രീയവും പാടില്ലെന്ന് പ്രചരിപ്പിക്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ആ അടിസ്ഥാന തത്വത്തില്‍ അടിയുറച്ച് പോകണമെന്ന് തന്നെയാണ് ഇപ്പോഴത്തെ ആഗ്രഹം.
? ജോസ് കെ മാണിയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം അധികാരത്തിന് വേണ്ടിയുള്ള വടംവലിയല്ലേ?
ജോസ് കെ മാണി ഒരു വിഷയമല്ല, കാരണം ഭരണഘടനയില്ലാതെ പ്രവര്‍ത്തിക്കുന്ന ആളാണ് അദ്ദേഹം. പാര്‍ട്ടി കമ്മിറ്റി വിളിക്കാന്‍ ചെയര്‍മാനും വര്‍ക്കിംഗ് ചെയര്‍മാനും മാത്രമാണ് അധികാരമുള്ളത്. അതുകൊണ്ടാണ് അവര്‍ കേസിലെല്ലാം പരാജയപ്പെടുന്നത്. അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുത്ത യോഗത്തിന്റെ തീരുമാനം ഇടുക്കി മുന്‍സിഫ് കോടതിയും കട്ടപ്പന സബ് കോടതിയും സ്‌റ്റേ ചെയ്തിട്ട് അദ്ദേഹത്തോട് ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് പറഞ്ഞു. ഇന്നുവരെ അതില്‍ അവര്‍ അപ്പീല്‍ പോലും കൊടുത്തിട്ടില്ല. ഭരണഘടനയെയും നിയമവ്യവസ്ഥയെയും അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാനാണ് ജോസ് കെ മാണിയുടെ ശ്രമം. ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളായതിനാല്‍ തന്നെ അദ്ദേഹം നിലനില്‍ക്കുകയില്ല.

Next Story

Related Stories