TopTop
Begin typing your search above and press return to search.

മാണിയുള്ളപ്പോള്‍ മത്സരിച്ച എല്ലാ സീറ്റും വേണമെന്ന് പിജെ ജോസഫ്, യുഡിഎഫിന് പുതിയ തലവേദന

മാണിയുള്ളപ്പോള്‍ മത്സരിച്ച എല്ലാ സീറ്റും വേണമെന്ന് പിജെ ജോസഫ്, യുഡിഎഫിന് പുതിയ തലവേദന

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയതോടെ യുഡിഎഫില്‍ സമ്മര്‍ദ്ദം ശക്തമാക്കി പി ജെ ജോസഫ് വിഭാഗം. ജോസ് വിഭാഗം വിട്ട് പോയ സാഹചര്യത്തിലും കേരള കോണ്‍ഗ്രസ് മുന്നണിയിലുണ്ടായിരുന്ന സമയത്ത് ലഭിച്ച മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് പി ജെ ജോസഫിന്റെ നിലപാട്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് പിജെ ജോസഫ് നിലപാട് വ്യക്തമാക്കുന്നത്. ജോസ് കെ മാണി ദിശാബോധമില്ലാത്ത നേതാവാണ്. ജോസ് പക്ഷത്ത് നിന്നും കൂടുതല്‍ പേര്‍ മടങ്ങുകയാണ്. ദിശാബോധമില്ലാതെ ഒഴുകിനടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ് കെ മാണി വിഭാഗം. അത് എപ്പോള്‍ വേണമെങ്കിലും മുങ്ങാം. റോഷി അഗസ്റ്റിന്‍ ജോസിന്റെ വെറും കുഴലൂത്തുകാരനാണെന്നും അര്‍ഥമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും ചൂണ്ടിക്കാട്ടുന്ന ജോസഫ് മാണിയുള്ളപ്പോള്‍ കേരള കോണ്‍ഗ്ര്‌സ മത്സരിച്ച സീറ്റുകള്‍ മുഴുവന്‍ തങ്ങള്‍ക്ക് വേണമെന്ന് നിലപാടാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഐക്യമുന്നണിയുടെ ഭാഗമായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ഇവയെല്ലാം വരുന്ന തിരഞ്ഞെടുപ്പിലും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നാണ് പി ജെ ജോസഫ് പറയുന്നത്. മാണിസാറിന്റെ പാര്‍ട്ടി മത്സരിച്ച സീറ്റുകളില്‍ തങ്ങള്‍ത്തന്നെ മത്സരിക്കുന്നതാണ് ഉചിതം. വിജയസാധ്യതയാണ് പരിഗണിക്കേണ്ടത്. നിലവിലുള്ള സ്ഥിതി അതുപോലെ തുടരണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, പുതിയ സാഹചര്യത്തില്‍ യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കമാണ് പിജെ ജോസഫിന്റെ ഭാഗത്ത് നിന്നും നടക്കുന്നതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ കേരള കോഗ്രസ് എമ്മിന് നീക്കിവച്ച 15 സീറ്റുകളില്‍ നാലെണ്ണത്തിലായിരുന്നു ജോസഫ് വിഭാഗം മല്‍സരിച്ചത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പറയുന്നതിലൂടെ ജോസിന്റെ മുന്നണി വിടല്‍ തങ്ങളെ ബാധിച്ചിട്ടില്ലെന്ന വ്യക്തമാക്കുക കൂടിയാണ് ജോസ്ഫ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Next Story

Related Stories