'' തിങ്കള്‍ രാത്രി 10.25ന് ഒരു ഫോണ്‍ കാള്‍ വന്നു.. പ്രതീക്ഷിച്ച പോലെ തന്നെ, ഡോക്ടര്‍ ഷിനാഷ് ബാബു സാറിന്റെതായിരിന്നു ആ കാള്‍...താങ്കള്‍ നെഗറ്റീവ് ആയിട്ടുണ്ട് വീട്ടില്‍ പോകാം'. സന്തോഷകരമായ വാര്‍ത്ത. മഞ്ചേരി ഹോസ്പിറ്റലിലുള്ള എല്ലാവരും കേള്‍ക്കാന്‍ കാതോര്‍ത്തു നില്ക്കുന്ന വാര്‍ത്ത. അങ്ങനെ വെള്ളിയാഴ്ച രാവിലെ ഒമ്ബത് മണിക്ക് ഡോര്‍ തുറന്ന് പുറത്ത് ഇറങ്ങാന്‍ നേരം ഞാന്‍ വീണ്ടും റൂമിലേക്ക് തന്നെ തിരിഞ്ഞ് നോക്കി 26 ദിവസം കിടന്ന റൂം.. ഒരു നിമിഷം ഞാന്‍ എന്റെ മനസ്സില്‍ ഒന്ന് പ്രാര്‍ത്ഥിച്ചു, റബ്ബേ..! ഇനി ആരും ഈ റൂമില്‍ രോഗവുമായി വരരുതെ എന്ന്. അങ്ങനെ ഞാന്‍ റൂമില്‍ നിന്ന് ഇറങ്ങി.. നേരെ ആശുപത്രിയുടെ റിസപ്ഷനിലേക്കായിരുന്നു എന്നെ എന്റെ ഡോക്ടര്‍ കൂട്ടി കൊണ്ട് പോയത്. അവിടെ എന്റെ സുഹൃത്തുക്കള്‍ അടക്കം അറിയുന്നവരും അറിയാത്തവരുമായി കുറെ ആളുകള്‍ ഉണ്ടായിരിന്നു... എനിക്ക് പ്ലാസ്മ തന്ന ഞാന്‍ ഇതിന് മുന്‍പ് ഒരിക്കലും കാണാത്ത ആളെ കണ്ട് ഒരുപാട് നന്ദി പറഞ്ഞു... പിന്നെ ഡോ. ഷിനാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമിനോടും നന്ദി പറഞ്ഞു. വീട്ടുക്കാര് കൊണ്ടു വന്ന കുറച്ച് മധുരം അവിടെ കൂടി നിന്ന എല്ലാവര്ക്കും നല്കി പിരിഞ്ഞു പോന്നു"
പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ കോവിഡ് മുക്തനായ 36 കാരനായ മലപ്പുറം കണ്ണമംഗലം സ്വദേശി മുഹമ്മദ് ശിഹാബ് തന്റെ 26 ദിവസത്തെ ആശുപത്രി വാസത്തിന്റെ അവസാന മിനിറ്റിലെ അനുഭവങ്ങള്‍ പങ്കു വെച്ചുകൊണ്ടാണ് സംസാരിച്ച് തുടങ്ങിയത്.
പള്‍മണറി ട്യൂബര്‍ കുലോസിസ്, ന്യൂമോണിയ, വാതം, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രം തുടങ്ങിയ രോഗമുള്ള ശിഹാബ് ജൂണ്‍ 19നാണ് സൗദി അറേബ്യയില്‍ നിന്ന് വന്നത്. നാട്ടിലെ സുഹൃത്തുക്കളും ബന്ധുക്കളും ഒരുക്കിയ സ്വകാര്യ ക്വൊറന്റൈന്‍ സൗകര്യത്തിലേക്ക് ശിഹാബ് നേരെ എത്തിയത്. രണ്ടു ദിവസം കഴിഞ്ഞതോടെ ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടു തുടങ്ങിയതോടെ, 22ാം തിയ്യതി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശിഹാബിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കോവിഡ് മുക്തി നേടി ഇപ്പോള്‍ വീട്ടില്‍ ക്വൊറന്റൈനില്‍ കഴിയുകയാണ് ശിഹാബ്.
ഇതുവരെ സംസ്ഥാനത്ത് കോവിഡിന് പ്ലാസ്മ തെറാപ്പി നടത്തിയ അഞ്ചു പേരില്‍ അഞ്ചാമനാണ് ശിഹാബ്. തെറാപ്പിക്ക് വിധേയരായ അഞ്ചു പേരില്‍ നാലു പേരുടെ രോഗവും ഭേദമായിട്ടുണ്ട്.
പണ്ടു കാലം തൊട്ടെ വൈറസ് ഇന്ഫെക്ഷന് പ്ലാസ്മ തെറാപ്പി ഉപയോഗിച്ച് വരുന്നുണ്ടെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലെ നോഡല്‍ ഓഫീസര്‍ ഡോ. പി. ഷിനാസ് ബാബു അഴിമുഖത്തോട് പറഞ്ഞത്.
'' പോളിയോ, മീസില്‍സ് തുടങ്ങിയ രോഗങ്ങള്‍ക്കും എല്ലാം ഉപയോഗിച്ചു വരുന്ന ചികിത്സ രീതിയാണ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായ ആളുകളുടെ രക്തത്തില്‍ ആന്റിബോഡിയുണ്ടാവും. ആ ആന്റിബോഡിക്ക് ഈ രോഗാണുവിനെതിരായ പ്രതിരോധ ശക്തിയുണ്ടാവും. രോഗം ഭേദമായ ആളുകളുടെ രക്തത്തില്‍ ആന്റിബോഡി ഉള്ളതിനാല്‍ ഇവരുടെ രക്തത്തില്‍ പ്ലാസ്മ പ്രത്യേകം വേര്‍തിരിച്ചെടുക്കും. ഈ പ്ലാസ്മയിലാണ് ആന്റിബോഡിയുണ്ടാവുക. ഗുരുതരാവസ്ഥയില്‍ കിടക്കുന്ന ഒരു രോഗിക്ക് രോഗം മാറിയ ആളുടെ പ്ലാസ്മ കൊടുക്കുകയാണെങ്കില്‍ രോഗാണുവിനെതിരെ ഈ ആന്റിബോഡി പ്രവര്‍ത്തിക്കുകയും രോഗമുക്തി കിട്ടും എന്നുമാണ് ഇതിന്റെ അടിസ്ഥാന തത്വം.'' . എന്നാല്‍, കോവിഡ് രോഗത്തിന് കേരളത്തില്‍ പ്ലാസ്മ തെറാപ്പി ആദ്യമായി കൊടുക്കുന്നത് മഞ്ചേരി മെഡിക്കല്‍ കോളേജിലാണ്"ഡോ. ഷിനാസ് ബാബു പറഞ്ഞു
പ്ലാസ്മ എടുക്കുന്നതിന് ഒരു മാനദണ്ഡം ഉണ്ട്. രോഗമുക്തരായി, നെഗറ്റീവായതിന് ശേഷം പതിനാല് ദിവസം മുതല്‍ നാലു മാസം വരെയുള്ള സമയങ്ങളിലാണ്, പ്ലാസ്മ എടുക്കേണ്ടത്. ഒരാളുടെ ദേഹത്തു നിന്നും 200 മില്ലി പ്ലാസ്മയാണ് എടുക്കുക. ഈ എടുക്കുന്ന പ്ലാസ്മ ഒരു വര്‍ഷം വരെ സൂക്ഷിച്ച് വെക്കാന്‍ പറ്റും. ഈ ചികില്‍സയ്ക്ക് വലിയ സൈഡ് ഇഫക്ട് ഒന്നുമില്ല എന്നതാണ് ഇതിന്റെ അഡ്വന്റേജ്. സാധാരണ ബ്ലഡ് കയറ്റുമ്ബോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമെ ഉണ്ടാവു എന്നും ഡോ. ഷിനാസ് ബാബു വ്യക്തമാക്കുന്നു.
'' കോവിഡ് സ്ഥിരീകരിച്ച് ഗുരുതരമായി കിടന്ന അഞ്ചു പേര്‍ക്കാണ് മഞ്ചേരി ആശുപത്രിയില്‍ പ്ലാസ്മ കൊടുത്തത്. കേരളത്തില്‍ തന്നെ ആദ്യമായി പ്ലാസ്മ കൊടുത്തത് പരപ്പനങ്ങാടി സ്വദേശിയും ഫുട്ബോള്‍ താരവുമായിരുന്ന ഹംസക്കോയക്കാണ്. നിര്‍ഭാഗ്യവശാല്‍, പ്ലാസ്മയുടെ ഇഫക്ട് ലഭിക്കുന്നതിന് മുന്‍പെ അദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ മരണപ്പെടുകയായിരുന്നു. പിന്നെ, കൊടുത്ത നാലാളുകള്ക്കും രോഗം പെട്ടെന്ന് ഭേദമാകുകയാണ് ഉണ്ടായത്. രണ്ടാമത് അബ്ദുല്‍ കരിം മൂന്നാമത് സൈനുദ്ദീന്‍ നാലാമതായി ഡല്‍ഹിയിലെ പോലീസുകാരനായ അജിത് കുമാറിനും അഞ്ചാമതായി കണ്ണമംഗലത്തെ ശിഹാബിനുമാണ് കൊടുത്തത്. ഇവര്‍ എല്ലാവരും വളരെ ഗുരുതരമായ അവസ്ഥയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തുകയായിരുന്നു. ഇവര്‍ക്കൊക്കെ പ്ലാസ്മ കൊടുത്തതിന് ശേഷം പെട്ടന്നുള്ള മാറ്റം കണ്ടു.'' - ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു
കടുത്ത ന്യൂമോണിയ, എ.ആര്.ഡി.എസ് (Acute respiratory distress syndrome ) അങ്ങനെയുള്ള സീരിയസ് കണ്ടീഷനില്‍ ആദ്യം 200 മില്ലി പ്ലാസ്മയാണ് കൊടുക്കുക. അതിന് ശേഷം രോഗിയുടെ പ്രതികരണം നോക്കും. വീണ്ടും 200 മില്ലി കൊടുക്കും. വ്യത്യാസം ഇല്ലെങ്കില്‍ വീണ്ടും നല്‍കും. അങ്ങനെ രണ്ട് പ്ലാസ്മയാണ് പരമാവധി ഒരു രോഗിക്ക് കൊടുക്കാനാവുക എന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്ലാസ്മ ബാങ്കെന്ന ആശയം തുടക്കമിട്ട ഷിനാസ് പറയുന്നത്.കോവിഡ് രോഗത്തിന് അഞ്ചാമത് പ്ലാസ്മ തെറാപ്പി ചെയ്ത ശിഹാബിന് ഒരു പ്ലാസ്മയാണ് കൊടുത്തത്. അജിത് കുമാറിനും ഒരൊറ്റ പ്ലാസ്മയെ കൊടുത്തിട്ടുള്ളു. എന്നാല്‍, അബ്ദുല്‍ കരീമിന് രണ്ട് പ്ലാസ്മ കൊടുക്കേണ്ടി വന്നു. അദ്ദേഹത്തിന് കൂടുതല്‍ സീരിയസ്സായിരുന്നു. ഹംസക്കോയക്ക് ഒറ്റ പ്ലാസ്മയെ കൊടുക്കാന്‍ സാധിച്ചുള്ളു. അപ്പോഴേക്കും അദ്ദേഹത്തിന്റെ സ്ഥിതി വഷളാവുകയായിരുന്നു - ഡോക്ടര്‍ ഷിനാസ് പറഞ്ഞു.
'' പ്ലാസ്മ ബാങ്ക് എന്ന കണ്‍സപ്റ്റ് വരാന്‍ തന്നെ കാരണം, ഞാന്‍ രോഗികളുമായി ഡയറക്ട് ഇന്ററാക്ട് ചെയ്യാന്‍ വേണ്ടി, അവര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുമ്ബോള്‍ തന്നെ അവരുടെ വാട്സാപ്പ് നമ്ബര്‍ വാങ്ങി, ഒരു കൂട്ടായ്മയുണ്ടാക്കി. ഇവരുടെ ടെന്‍ഷന്‍ കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. ആദ്യം ഗ്രൂപ്പില്‍ 256 അംഗങ്ങളുണ്ടായിരുന്നു. രണ്ടാമത്തെ അത്രയും അംഗങ്ങളുണ്ടായിരുന്നു. ആ സമയത്താണ് പ്ലാസ്മ തെറാപ്പിയുടെ സാധ്യതകളുടെ സാധ്യതകളെ പറ്റി പറഞ്ഞത്. എന്നിട്ട് ചില ആളുകളെ പ്ലാസ്മ തെറാപ്പിക്കായി ഞാന്‍ നേരിട്ട് ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. പിന്നീട്, വാട്സാപ്പില്‍ മൂന്നാമത്തെ ഗ്രൂപ്പുണ്ടാക്കി. ഈ ഗ്രൂപ്പില്‍ ഇപ്പോള്‍ 250 ആളുകളായിട്ടുണ്ട്. ഇന്ന് നമ്മള് നാലാമത്തെ ഗ്രൂപ്പുമുണ്ടാക്കി. ഇവിടെ നിന്ന് രോഗമുക്തരായിട്ടുവുള്ളവരില് പ്ലാസ്മ നല്കാന് താല്പര്യം ആരെങ്കിലും ഉണ്ടൊ എന്ന് ചോദിച്ചപ്പോള്‍ ഈ ഗ്രൂപ്പുകളിലെ എല്ലാവരും തയ്യാറായി എന്നാണ് അദ്ദേഹം പറയുന്നത്.
18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള, 55 കിലോ ഗ്രാമില്‍ അധികം തൂക്കമുള്ള ഏതൊരു ആരോഗ്യവാന്മാര്ക്ക് പ്ലാസ്മ ധാനം ചെയ്യാനാവും എന്നാണ് ഡോക്ടര്‍ പറഞ്ഞത്.
ആദ്യമായി പ്ലാസ്മ ഡൊണേഷന്‍ നടന്നത് ഡല്‍ഹി പോലീസുകാരന് രോഗമുക്തി നേടി ആശുപത്രി വിട്ട ദിവസമാണ്. അന്ന് 30 ആളുകള്‍ വന്നു. അതില്‍ 22 ആളുകളുടെ പ്ലാസ്മയാണ് എടുത്തത്.
മഞ്ചേരി ആശുപത്രിയില്‍ പ്ലാസ്മ സ്റ്റോക്കുണ്ടെന്ന് അറിഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സീരിയസ്സായി കിടന്ന ഒരു രോഗിക്കു വേണ്ടി അവര്‍ രണ്ടു പ്ലാസ്മ ചോദിച്ചു, നമ്മള് രണ്ടു പ്ലാസ്മ ഇഷ്യു ചെയ്തു. ആ രോഗിക്ക് കുറച്ച് ഇംപ്രൂവ്മെന്റുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പിന്നീട് കോഴിക്കോട് ഒരു രോഗിക്കും പ്ലാസ്മ കൊടുത്തു. അപ്പോഴാണ് ഇങ്ങനെ ഒരു പ്ലാസ്മ ബാങ്ക് എന്ന ആശയം മുന്‍നിര്‍ത്തി വാട്സാപ്പ് ഗ്രൂപ്പില്‍ ഡിസ്കസ് ചെയ്തത്. ഇന്നലെ വീണ്ടും 25ഓളം ആളുകള്‍ പ്ലാസ്മ ദാനം ചെയ്യാന്‍ വേണ്ടി വന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രോഗം ഭേദമായി 14 ദിവസത്തിന് ശേഷം പ്ലാസ്മ കൊടുക്കാന്‍ സന്നദ്ധരായ 200ഓളം പേര് ഇപ്പോള്‍ മഞ്ചേരി ആശുപത്രിയില്‍ പേര് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വിവരം മെഡിക്കല്‍ കോളേജ് അധികൃതര്‍, ജില്ലാ മെഡിക്കല്‍ ഓഫീസറുമായും ജില്ലാ ഭരണകൂടവുമായും, മെഡിക്കല്‍ ബോര്‍ഡിലും ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ശനിയാഴ്ച മുഖ്യമന്ത്രി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്ലാസ്മ ബാങ്ക് സ്ഥാപിക്കുമെന്ന് ഔദ്യേഗികമായി പ്രഖ്യാപിച്ചത്. അപ്പോള്‍ ഇവിടത്തെ പ്ലാസ്മ ബാങ്ക് വിപുലീകരിക്കാന്‍ വേണ്ട സ്ഥല സൗകര്യങ്ങളും അതുപോലെ തന്നെ അതിനു വേണ്ട അത്യാധുനിക യന്ത്രങ്ങളും വരും ദിവസങ്ങളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞത്.