TopTop

ഉപഭോക്താക്കള്‍ക്ക് പിഴ ഇല്ല, വിലക്കും ശിക്ഷയും ഉത്പാദനത്തിനും വിതരണത്തിനും; പ്ലാസ്റ്റിക് നിരോധനത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക്

ഉപഭോക്താക്കള്‍ക്ക് പിഴ ഇല്ല, വിലക്കും ശിക്ഷയും ഉത്പാദനത്തിനും വിതരണത്തിനും; പ്ലാസ്റ്റിക് നിരോധനത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക്

പ്ലാസ്റ്റിക് നിരോധനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക്. പിഴ ഈടാക്കരുത് എന്ന ഹൈക്കോടതിയുടെ സമയ പരിധി ബുധനാഴ്ച അവസാനിച്ചതോടെയാണ് കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം ജനുവരി ഒന്നു മുതലാണ് സംസ്ഥാനത്ത് നിലവില്‍ വന്നത്.

നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ഉപഭോക്താവില്‍ നിന്നും നിലവില്‍ പിഴ ഈടാക്കില്ല. പകരം പ്ലാസ്റ്റിക്കിന്റെ ഉത്പാദനം, വിതരണം എന്നീ കുറ്റങ്ങള്‍ക്കാന് പിഴ ഈടാക്കുക. നിലവിലുള്ള മാര്‍ഗ്ഗ നിര്‍ദേശത്തിലെ അവ്യക്തതകള്‍ മാറ്റി പുതിയ മാര്‍ഗ്ഗനിര്‍ദേശം ഇറക്കുമെന്ന് പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് പറഞ്ഞു.

പ്ലാസ്റ്റിക് നിരോധന ഉത്തരവ് പ്രകാരം പിഴ ഒടുക്കേണ്ടി വരിക നിര്‍മ്മാതാക്കള്‍, മൊത്തവിതരണക്കാര്‍, വില്‍പ്പനക്കാര്‍ എന്നിവരാണ്. 10,000 രൂപയാണ് ആദ്യ പിഴ. വീണ്ടും ലംഘിച്ചാല്‍ പിഴ 25,000 രൂപയാകും. ആവര്‍ത്തിച്ചാല്‍ 50,000 രൂപ പിഴ ഒടുക്കേണ്ടി വരും എന്നു മാത്രമല്ല സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കും.

അതേസമയം ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. രണ്ട് വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതി ഈ കാര്യത്തില്‍ പഠനം നടത്തി ഉടന്‍ തന്നെ നിര്‍ദേശങ്ങള്‍ സരക്കാരിന് കൈമാറും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും മാര്‍ഗ്ഗനിര്‍ദേശം പുതുക്കി പ്രസിദ്ധീകരിക്കുക.

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ സ്റ്റോക്ക് ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിക്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടു. നിരോധനം വരുന്നതിന് മുന്‍പുള്ള സ്റ്റോക്ക് ആണെന്ന് ബോധ്യപ്പെട്ടാല്‍ അവ സംസ്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജസ്റ്റീസ് അമിത് റാവല്‍ നിര്‍ദ്ദേശിച്ചു. ഓള്‍ കേരള പ്ലാസ്റ്റിക് ഡീലേഴ്സ് അസോസിയേഷന്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.


2020 ജനുവരി ഒന്നിനാണ് പുനരുപയോഗം സാധ്യമല്ലാത്ത എല്ലാ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെയും നിരോധനം നിലവില്‍ വന്നത്. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം ഇവയുടെ ഉല്‍പാദകരും വില്‍പനക്കാരും ഇറക്കുമതിക്കാരും ബ്രാന്‍ഡഡ് ഉല്‍പന്ന പാക്കറ്റുകള്‍ ഉപഭോക്താക്കളില്‍ നിന്നു തിരികെ ശേഖരിക്കണം.

പ്ലാസ്റ്റിക് കുപ്പിയിലും കവറുകളിലും ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ബീവറേജസ് കോര്‍പറേഷന്‍, കേരഫെഡ്, മില്‍മ, ജല അതോറിറ്റി, മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവരും പ്ലാസ്റ്റിക് തിരികെ ശേഖരിക്കണം.

നിരോധനം കര്‍ശനമായി നടപ്പാക്കാനുള്ള ചുമതല കലക്ടര്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് നല്‍കിയിരിക്കുന്നത്.

അതേസമയം പ്ലാസ്റ്റിക്കിന് പകരമായി ബദല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇല്ലാത്തത് വാണിജ്യ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.



Next Story

Related Stories