കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്കു നേരെ വധ ഭീഷണിയെന്നു പരാതി. 'ചോപ്പ്' എന്ന സിനിമയ്ക്കു വേണ്ടി എഴുതിയ 'മനുഷ്യനാകണം' എന്ന കവിതയുടെ പേരിലാണ് ഭീഷണി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ രാത്രി ഫോണിലൂടെയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇഞ്ചിഞ്ചായി കൊല്ലുന്നതിനു വേണ്ടി ഒരു സംഘത്തെ നിയോഗിക്കുമന്നാണ് ഭീഷണി. തിരുവനന്തപുരം ജില്ലാ റൂറൽ എസ് പി ക്കും സൈബർ ക്രൈം പോലീസ് സ്റ്റേഷനിലുമാണ് മുരുകൻ കാട്ടാക്കട പരാതി നൽകിയത്.
ഇന്നലെ മുതൽ ഒരാള്‍ തുടര്‍ച്ചയായി ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. മലദ്വാരത്തിലൂടെ കമ്പി കയറ്റുമെന്നും എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കവിതകളൊക്കെ നല്ലതാണെങ്കിലും കമ്യൂണിസത്തെ പുകഴ്ത്തി എഴുതിയ കവതികളെ അംഗീകരിക്കാനാകില്ലെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തി പറഞ്ഞതായി മുരുകൻ കാട്ടാക്കട അറിയിച്ചു. ഇയാൾ അസഭ്യം പറഞ്ഞതായും കവിയുടെ പരാതിയിലുണ്ട്. ഇതേ തുടര്‍ന്നാണ് തിരുവനന്തപുരം റൂറൽ എസ്പി ഓഫീസില്‍ മുരുകൻ കാട്ടാക്കട പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ മഹാരാഷ്ട്രയില്‍ നിന്നാണ് ഫോണ്‍ വിളി എത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.