പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക പുതപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തിരുനെല്ലായി സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിക്ക് ബിജെപി പതാക ലഭിച്ചതെന്നും പൊലീസ് പറയുന്നു.
തിങ്കളാഴ്ചയാണ് പാലക്കാട് നഗരസഭയ്ക്കു മുന്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടിയ നിലയില്‍ കണ്ടെത്തുന്നത്. ഗാന്ധി പ്രതിമയുടെ കഴുത്തില്‍ ബിജെപിയുടെ കൊടി കിടക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് എത്തിയാണ് കൊടി നീക്കം ചെയ്തത്.
സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് പുറത്തു വന്നിരുന്നു. പതാക പുതപ്പിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ച പൊലീസ് സമീപ പ്രദേശങ്ങളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കൂടി ശേഖരിച്ചാണ് ആളെ കണ്ടെത്തിയത്. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.