TopTop
Begin typing your search above and press return to search.

ഏത് കടത്തിണ്ണയിലാണ് കോവിഡ് രോഗി കിടന്നതെന്നുകൂടി മാധ്യമങ്ങള്‍ വ്യക്തമാക്കണം, അവിടം അണുവിമുക്തമാക്കണമല്ലോ; വാര്‍ത്ത നിഷേധിച്ച് പോലീസ്

ഏത് കടത്തിണ്ണയിലാണ് കോവിഡ് രോഗി  കിടന്നതെന്നുകൂടി മാധ്യമങ്ങള്‍ വ്യക്തമാക്കണം, അവിടം അണുവിമുക്തമാക്കണമല്ലോ; വാര്‍ത്ത നിഷേധിച്ച് പോലീസ്

ചെന്നൈയില്‍ നിന്നെത്തിയ കോവിഡ് ബാധിതനായ കോഴിക്കോട് നരിപ്പറ്റ സ്വദേശിക്ക് ക്വാറന്റൈന്‍ സൗകര്യം ലഭിക്കാതെ കടത്തിണ്ണിയില്‍ കിടക്കേണ്ടി വന്നെന്ന ആരോപണം നിഷേധിച്ച് വടകര പൊലീസ്. താന്‍ കടത്തിണ്ണയില്‍ കിടന്നത് പൊലീസ് പറഞ്ഞിട്ടാണെന്നും രോഗി മീഡിയ വണ്‍ ചാനലിനോട് വെളിപ്പെടുത്തുന്നുണ്ട്. സംഭവം വിവാദമായതോടെ വടകര പൊലീസിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വടകര ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുമുള്ള വീഴ്ച്ചകളും വന്നിട്ടില്ലെന്നുമാണ് വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരിം അഴിമുഖത്തോട് വിശദീകരിക്കുന്നത്. രോഗിയെ ക്വാറന്റൈന്‍ ചെയ്യുന്നതില്‍ നരിപ്പറ്റ പഞ്ചായത്തിന് വീഴ്ച്ച വന്നെന്നും ആരോപണമുണ്ട്. എന്നാല്‍ പഞ്ചായത്തും ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ചാണ് അഴിമുഖത്തോട് പ്രതികരിച്ചത്.

നരിപ്പറ്റ സ്വദേശിയായ കോവിഡ് രോഗിയുമായി ബന്ധപ്പെട്ട് വിവാദത്തില്‍ വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീം നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്; നരിപ്പറ്റ, വടകര,തിരുവള്ളൂര്‍ സ്വദേശികളായ മൂന്നുപേരാണ് ചെന്നൈയില്‍ നിന്നും വരുന്നത്. റെഡ്‌സോണ്‍ മേഖലയിലായിരുന്നു ഇവരുണ്ടായിരുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും വളരെ ബുദ്ധിമുട്ട് ആയതോടെയാണ് എങ്ങനെയെങ്കിലും കേരളത്തിലേക്ക് പോരാന്‍ അവര്‍ ശ്രമിച്ചത്. ചെന്നൈയില്‍ നിന്നും വാളയാര്‍ വരെ എത്താനുള്ള പാസ് അവര്‍ക്ക് കിട്ടി. കേരളത്തിന്റെ പാസിന്റെ കിട്ടിയിരുന്നുമില്ല. പത്താം തീയതി രാവിലെ ആറുമണിയോട് കൂടിയാണ് മൂവരും എത്തുന്നത്. ഒരു ട്രാവലറിലാണ് വരുന്നത്. കൂടെയുണ്ടായിരുന്നവര്‍ക്ക് കേരളത്തിന്റെ പാസ് ഉണ്ടായിരുന്നതിനാല്‍ അവര്‍ അതിര്‍ത്തി കടന്നു പോന്നു. ഇവര്‍ മൂന്നു പേരും വൈകിട്ട് വരെ ചെക്‌പോസ്റ്റില്‍ തങ്ങി. അവിടെ നിന്നാണ് പാസിന് അപേക്ഷിച്ചത്. മൂന്നുപേരും കൂടിയാണ് പാസിന് അപേക്ഷിച്ചതെങ്കിലും വടകര, തിരുവള്ളൂര്‍ സ്വദേശികള്‍ക്ക് പാസ് ലഭിച്ചു. നരിപ്പറ്റക്കാരനായ യുവാവിന് പാസ് കിട്ടാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. പാസ് കിട്ടിയശേഷം, ഇവര്‍ പിറ്റേന്ന് പാലക്കാട് നിന്നും ഒരു ക്വാളിസ് വണ്ടി വിളിച്ച് വടകരയ്ക്ക് പോന്നു. കൂടെയുള്ള രണ്ടുപേരുടെ സ്ഥലത്തും (വടകരയിലും തിരുവള്ളൂരും) ഇന്‍സ്റ്റ്റ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമുണ്ട്. നരിപ്പറ്റയില്‍ ഇല്ല. ഇവരാദ്യം പോയത് ആരക്കലിലുള്ള കൊറോണ ക്വാറന്റൈന്‍ സെന്ററിലേക്കാണ്. മുന്‍കൂട്ടി വിവരം അറിയിക്കുന്നവരെയാണ് ക്വാറന്റൈന്‍ സെന്ററില്‍ അഡ്മിറ്റ് ചെയ്യുന്നത്. രേഖകളൊക്കെ പരിശോധിക്കേണ്ടതുണ്ട്. പക്ഷേ, അവര്‍ക്ക് അവിടെ അഡ്മിഷന്‍ കിട്ടിയില്ല. പിന്നീട് വടകര സ്വദേശി അയാളുടെ പ്രദേശത്തുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സെന്ററിലേക്ക് പോയി. അയാളെ കൊണ്ടുവിട്ടശേഷം നരിപ്പറ്റ സ്വദേശിയും തിരുവള്ളൂര്‍ സ്വദേശിയും തിരിച്ച് ആരക്കലിലേക്ക് വന്നു അവിടെ ആരക്കല്‍ ചെക്ക്‌പോയിന്റില്‍ അവര്‍ വണ്ടിയിട്ടു. അവിടെ നിന്നും തിരുവള്ളൂര്‍ സ്വദേശി അദ്ദേഹത്തിന്റെ നാട്ടിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോയി. അയാളെ അവിടെ വിട്ട ശേഷം നരിപ്പറ്റ സ്വദേശിയും ഡ്രൈവറും തിരിച്ച് വീണ്ടും വടകരയിലേക്ക് തിരിച്ചു വന്നു. അന്ന് രാത്രി അവര്‍ വണ്ടിയില്‍ കിടന്നുറങ്ങിയശേഷം പിറ്റേ ദിവസം രാവിലെ ആറു മണിയോട് അടുത്താണ് വണ്ടിക്കാരന്‍ തിരിച്ചു പോകുന്നത്.

നരിപ്പറ്റ സ്വദേശി അയാളുടെ പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചിരുന്നു. എന്നാല്‍ നരിപ്പറ്റ പഞ്ചായത്തില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമില്ലായിരുന്നു. വീട്ടില്‍ സൗകര്യം കുറവാണെങ്കിലും അവിടെയുള്ളവരെ ഒഴിപ്പിച്ച് അയാളെ വീട്ടില്‍ ക്വാറന്റൈനില്‍ ആക്കാമെന്ന് തീരുമാനിച്ചെങ്കിലും വടകരയില്‍ തന്നെ മതിയെന്നായിരുന്നു ഇയാളുടെ ആവശ്യം. ഡ്രൈവര്‍ വണ്ടിയുമായി പോയിക്കഴിഞ്ഞ് രാവിലെ ഒമ്പത് മണി വരെ ഇയാള്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉണ്ടായിരുന്നു. രാവിലെ ഇയാള്‍ക്ക് പൊലീസുകാര്‍ തന്നെ കൊണ്ടു പോയിചായ കൊടുത്തുവെന്നു പറയുന്നുണ്ട്. അവിടെയുള്ള ഒരു കടയില്‍ ഇയാള്‍ മൊബൈല്‍ ചാര്‍ജ് ചെയ്തിട്ടുമുണ്ട്. ഒമ്പത് മണിയോടെയാണ് ഒരു ഓട്ടോ വിളിച്ച് പാലോളിപാലത്തിന് സമീപമുള്ള ആയുര്‍വേദ ആശുപത്രിയിലേക്ക് പോകുന്നത്. ഈ ആശുപത്രി ക്വാറന്റൈന്‍ കേന്ദ്രമായിരുന്നു. പക്ഷേ, രോഗികളൊന്നും ഇല്ലാത്തതുകൊണ്ട് അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇക്കാര്യമറിയാതെയാണ് ഇയാള്‍ പോകുന്നത്. അവിടെ ചെന്ന് ഗേറ്റിനു മുന്നില്‍ ഇയാള്‍ കുറച്ചു നേരം നിന്നും. അപ്പോഴാണ് നാട്ടുകാരില്‍ ചിലര്‍ സമീപിച്ച് കാര്യം തിരിക്കുന്നത്. അപ്പോഴാണ് ഇയാള്‍ പറയുന്നത്്, താന്‍ ചെന്നൈയില്‍ നിന്നു വരുന്നതാണെന്നും ക്വാറന്റൈനില്‍ പോകാനായിട്ടാണ് ഇവിടെ വന്നതെന്നും. റെഡ്‌സോണില്‍ നിന്നുമാണ് ഇയാള്‍ വന്നതെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ എന്നെ വിളിച്ചു. ഇയാളുടെ വാര്‍ഡ് മെംബറോടും അവിടുത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോടും വിളിക്കാന്‍ പറഞ്ഞു. വാര്‍ഡ് മെംബര്‍ വിളിച്ചു, ഞാന്‍ പറഞ്ഞു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ഫോണ്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോട് ഞാന്‍ വവിവരം പറഞ്ഞു. പഞ്ചായത്തും ആരോഗ്യവിഭാഗവും ഇയാളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം, റെഡ് സോണില്‍ നിന്നും വന്നതിനാല്‍ 108 ആംബുലന്‍സ് തന്നെ അയച്ച് ഇയാളെ എത്രയും വേഗം ക്വാറന്റൈന്‍ ചെയ്യിക്കണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ച്, അവര്‍ ഇയാളുടെ വീട്ടില്‍ ചെന്ന് അവിടെയുണ്ടായിരുന്നവരെ മറ്റൊരിടത്തേക്ക് മാറ്റുകയും ഉച്ചയ്ക്ക് ഒരു മണിയോടെ ആംബലന്‍സ് വന്ന് ഇദ്ദേഹത്തെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. ഇതാണ് നടന്നത്. അല്ലാതെ, പൊലീസ് ഇയാളെ ക്വാറന്റൈനില്‍ കൊണ്ടുപോകാന്‍ തയ്യാറാകാതിരിക്കുകയോ കടത്തിണ്ണയില്‍ കിടന്നോളാന്‍ പറയുകയോ ചെയ്തിട്ടില്ല. പൊലീസിനെതിരേ വാര്‍ത്ത കൊടുക്കുന്നവര്‍, ഏത് കടത്തിണ്ണയിലാണ് ഇയാള്‍ കിടന്നതെന്നുകൂടി പറയണം. ആ കടത്തിണ്ണ അണുവിമുക്തമാക്കണമല്ലോ!.

മനഃപൂര്‍വം ഒരു വീഴ്ച്ചയും ആരും വരുത്തിയിട്ടില്ല. ഏതു സമയവും മൂന്നാലാളുകള്‍ക്കുള്ള ഭക്ഷണവും വണ്ടിയില്‍ കരുതിയാണ് ഞങ്ങളിങ്ങനെ അലഞ്ഞു നടക്കുന്നത്. കഴിവിന്റെ പരമാവധി മനുഷ്യരെ സഹായിക്കാനും രക്ഷിക്കാനും മാത്രമാണ് നോക്കുന്നത്. പാസ് ഇല്ലാതെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണിതൊക്കെ. നമുക്ക് മുന്‍കൂട്ടി വിവരം കിട്ടുകയാണെങ്കില്‍ അതനുസരിച്ച് എല്ലാംസജ്ജീകരിച്ച് വയ്ക്കാം. അല്ലാതെ വരുമ്പോഴാണ് കാലതാമസം ഉണ്ടാകുന്നത്. യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും മനസിലാക്കി വേണ്ടി ഇതുപോലുള്ള സാഹചര്യത്തില്‍ മാധ്യമങ്ങളായാലും ആരായലും ഇടപെടാന്‍. രാവിലെ ആറു മണി മുതല്‍ ഒമ്പത് വരെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഈ വ്യക്തി ഉണ്ടായിരുന്നുവെന്നത് വാസ്തവമാണ്. അത് അദ്ദേഹത്തെ എല്ലാവരും കൈയൊഴിഞ്ഞതുകൊണ്ടല്ല. മൂന്നുപേരും കൂടിയാണ് പാസിന് അപേക്ഷിച്ചത്, അതില്‍ ഇദ്ദേഹത്തിന് മാത്രം പാസ് കിട്ടിയില്ല, കിട്ടിയില്ലെങ്കില്‍ എന്തുകൊണ്ട് എന്നൊക്കെ അദ്ദേഹം പറയണം."

നരിപ്പറ്റ പഞ്ചായത്ത് അധികൃതരും നല്‍കുന്ന വിശദീകരണം തങ്ങളുടെ ഭാഗത്ത് നിന്നും വീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ്. മുന്‍കൂട്ടി വിവരം അറിയിക്കാതെയാണ് രോഗി എത്തിയതെന്നും അതുമൂലമുണ്ടായ കാലതാമസമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നുമാണ് പഞ്ചായത്ത് ഭരണസമതി പറയുന്നത്. താന്‍ വരുന്ന കാര്യം പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ച് അറിയിച്ചിരുന്നതാണെന്നും സ്ഥലമില്ലെന്നു പറഞ്ഞാണ് വടകരയിലെ ക്വാറന്റൈന്‍ സെന്ററില്‍ പ്രവേശിപ്പിക്കാതിരുന്നതെന്നുമാണ് കോവിഡ് ബാധിതതന്‍ മാധ്യമങ്ങളോട് പറയുന്നത്. "അദ്ദേഹം വരുന്ന വിവരം പഞ്ചായത്തിന് മുന്‍കൂട്ടി കിട്ടിയിട്ടില്ല. ചെക്‌പോസ്റ്റില്‍ വന്നശേഷമാണ് പഞ്ചായത്ത് പ്രസിഡന്റിനെ വിളിക്കുന്നത്. അപ്പോള്‍ സമയം പുലര്‍ച്ചെയായിരുന്നു. അദ്ദേഹത്തിന്റെ വീടെന്നു പറയുന്നത് ചെറിയൊരു ഷെഡ് ആണ്. അവിടെ സഹോദരനും കുടുംബവുമാണ് താമസിക്കുന്നത്. ചെറിയ കുട്ടിയുമുണ്ട്. അവിടെ അസൗകര്യമുള്ളതുകൊണ്ട് പാലോളിപ്പാലത്തിന് സമീപം ക്വാറന്റൈന്‍ സെന്ററാക്കിയിരിക്കുന്ന ആയുര്‍വേദ ആശുപത്രിയില്‍ സൗകര്യമുണ്ടോയെന്ന് അന്വേഷിക്കാമെന്ന് അറിയിച്ചു. ഇദ്ദേഹമാണെങ്കില്‍ പാസ് ഇല്ലാതെ എത്തിയയാളാണ്. തത്കാലം ചെക് പോസ്റ്റില്‍ തന്നെ നില്‍ക്കാന്‍ നമ്മള്‍ ആവശ്യപ്പെട്ടതായിരുന്നു. പക്ഷേ, അദ്ദേഹം സ്വയം ക്വാറന്റൈന്‍ സെന്ററിലേക്ക് ഒരു ഓട്ടോ വിളിച്ചു പോവുകയായിരുന്നു. വണ്ടിയെടുത്ത് ഇവര്‍ മൂന്നുപേരാണ് വന്നത്. രണ്ടു പേര്‍ക്ക് പാസ് ഉണ്ടായിരുന്നു. അവര്‍ രണ്ടു പേരും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് പോവുകയും ചെയ്തു. അതോടെ ഇദ്ദേഹം ഒറ്റയ്ക്കായി. അവിടെ കുറച്ച് സമയം കൂടി കാത്തിരുന്നാല്‍ മതിയായിരുന്നു. അതിനു മുന്നേ അദ്ദേഹം സ്വന്തം തീരുമാനപ്രകാരം പാലോളി പാലത്തിലെ ആയുര്‍വേദ ആശുപത്രിയിലേക്ക് പോയതാണ് പ്രശ്‌നമായത്. അവിടെ ചെന്നപ്പോള്‍ അഡ്മിറ്റ് ആകാന്‍ സാധിച്ചില്ല. ഇക്കാര്യം നമ്മള്‍ അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നവര്‍ അവിടെ നിന്നും മാറുകയും അദ്ദേഹത്തെ ആംബുലന്‍സ് അയച്ച് വീട്ടിലേക്ക് കൊണ്ടു വരികയും ചെയ്തു. ഇക്കാര്യത്തില്‍ മനഃപൂര്‍വമായ ഒരു വീഴ്ച്ചയും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മൈസൂരില്‍ നിന്നും ബെഗളൂരുവില്‍ നിന്നൊക്കെ വന്ന നൂറു കണക്കിന് പേര്‍ പഞ്ചായത്തിലുണ്ട്. വീട്ടില്‍ സൗകര്യമുള്ളവരെ വീടുകളിലും അല്ലാത്തവരെ പഞ്ചായത്തില്‍ തയ്യാറാക്കിയ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അവര്‍ക്കാവശ്യമായ ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നുമുണ്ട്. ഈ സംഭവത്തില്‍, ഇദ്ദേഹം പാസ് ഇല്ലാതെ വരികയും വരുന്ന കാര്യം മുന്‍കൂട്ടി അറിയിക്കാതെ പോവുകയും ചെയ്തതാണ് വീഴ്ച്ചയായത്", നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പവിത്രന്‍ ടി പി അഴിമുഖത്തോട് പറയുന്നു.

ചെന്നെയില്‍ നിന്നെത്തിയ നരിപ്പറ്റ സ്വദേശി ആറു മണിക്കൂറോളം തെരുവില്‍ അലയേണ്ടി വന്നെന്നും കടത്തിണ്ണയില്‍ കിടക്കേണ്ടി വന്നെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആരോഗ്യവകുപ്പിനും ഉണ്ടായ വീഴ്ച്ചയാണ് കോവിഡ് പോസിറ്റീവ് ആയ ആള്‍ക്ക് ഇത്തരത്തില്‍ ദുരനുഭവം ഉണ്ടാകാന്‍ കാരണമെന്നും വാര്‍ത്തകളില്‍ ആരോപണമുണ്ട്. ഇയാള്‍ കടയില്‍ നിന്നും ചായകുടിക്കുകയും കടത്തിണ്ണയില്‍ കിടന്ന് ഉറങ്ങിയുണ്ടെന്നും ഇയാളുടെ റൂട്ട് മാപ്പില്‍ വ്യക്തമാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. വീട്ടില്‍ ക്വാറന്റൈനില്‍ ആക്കിയശേഷം നടത്തിയ പരിശോധനയിലാണ് ഇയാള്‍ കോവിഡ് പോസിറ്റീവ് ആണെന്നു വ്യക്തമായത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയ ആരോഗ്യപ്രവര്‍ത്തകരടക്കം 14 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.


രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories