ജ്വല്ലറിയില്‍ നിക്ഷേപം നടത്തിയവരെ വഞ്ചിച്ചെന്ന പരാതിയില്‍ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെതിരേ കേസ്. കാസറഗോഡ് ചന്തേര പൊലീസ് സ്റ്റേഷനില്‍ വലിയപറമ്പില്‍ ഇ കെ ആരിഫ നല്കിയ പരാതിയിലാണ് ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങള്‍, ചെയര്മാന് എം സി ഖമറുദ്ദീന് എംഎല്‍എ എന്നിവര്‍ക്കെതിരേ വഞ്ചന കുറ്റത്തിന് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിസിനസ് ആവശ്യത്തിനായി നല്കിയ മൂന്നുലക്ഷം രൂപ തിരികെ നല്കിയില്ലെന്നതാണ് പരാതി. അതേസമയം മുസ്ലിം ലീഗ് എംഎല്‍എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിനെതിരേ കോടികളുടെ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. നിലവില്‍ ആരിഫയുടെ പരാതിയില്‍ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ചന്ദേര പൊലീസ് അഴിമുഖത്തോട് പറഞ്ഞത്. പണം നഷ്ടപ്പെട്ട മറ്റുള്ളവരും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ പരാതികളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം.
2004-ലാണ് ചെറുവത്തൂര്‍ ആസ്ഥാനമായി ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 800 ഓളം നിക്ഷേപകരുമായി 150 കോടിയുടെ നിക്ഷേപവുമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനി 2019 ഓടെ തകര്ച്ചയിലെത്തുകയായിരുന്നു. 2019 ഓഗസ്റ്റ് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിയിരുന്നില്ല. കമ്പനി നഷ്ടത്തിലാണെന്നതായിരുന്നു ഡയറക്ടര്‍ ബോര്‍ഡ് പറഞ്ഞിരുന്നത്. തുടര്‍ച്ചയായി തങ്ങള്‍ക്ക് ലാഭവിഹിതം കിട്ടാതെ വന്നതോടെയാണ് പരാതിക്കാര്‍ രംഗത്തു വരാന്‍ തുടങ്ങിയത്. ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ചവരുണ്ട്.
എന്നാല്‍ രാഷ്ട്രീയ പ്രേരിതമായ കേസാണ് തനിക്കെതിരേ ഉണ്ടായിരിക്കുന്നതെന്നാണ് എം സി ഖമറുദ്ദീന് എംഎല്‍എ അഴിമുഖത്തോട് പറഞ്ഞത്. നിക്ഷേപകരെ വശത്താക്കിയും പൊലീസിനെ സമ്മര്ദ്ദപ്പെടുത്തിയും സിപിഎം ആണ് തനിക്കെതിരേ കളിക്കുന്നതെന്നാണ് മുസ്ലിം ലീഗ് എംഎല്‍എയുടെ ആരോപണം. സ്ഥാപനം പൂര്‍ണമായി നഷ്ടത്തിലായതുകൊണ്ടാണ് നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്കാന് കഴിയാത്തതെന്നും ഇക്കാര്യങ്ങള്‍ എല്ലാവരെയും ബോധ്യപ്പെടുത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് ഇപ്പോള്‍ കേസ് ഉണ്ടായിരിക്കുന്നതെന്നാണ് ഖമറുദ്ദീന് പറയുന്നത്. "2004 ല്‍ ആരഭിച്ച സ്ഥാപനം 2019 മുതല്‍ തകര്‍ന്നു. ബിസിനസ് മോശമായതും നോട്ട് നിരോധനവുമെല്ലാം കൂടിയാണ് സ്ഥാപനത്തെ തകര്‍ത്തത്. ഇതോടെയാണ് നിക്ഷേപകര്‍ക്ക് ലാഭവിഹിതം കൊടുക്കാന്‍ കഴിയാതെ വന്നത്. അതിനു മുമ്പ് വരെ എല്ലാം കൃത്യമായി നടന്നു വന്നിരുന്നു. നിക്ഷേപിച്ചതിന്റെ ഇരട്ടിവരെ ലാഭവിഹിതമായി കിട്ടിയവരുണ്ട്. നഷ്ടം വന്നു തുടങ്ങിയതോടെയാണ് ലാഭവിഹിതത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയുണ്ടായത്. സ്ഥാപനത്തിന്റെ അവസ്ഥ പറഞ്ഞിട്ടും തങ്ങള്‍ക്ക് കിട്ടേണ്ട ലാഭവിഹിതത്തില്‍ കുറവ് വരുത്താന്‍ ഒരാളും തയ്യാറായില്ല. ഇതൊക്കെയാണ് പ്രതിസന്ധി രൂക്ഷമാക്കിയതും ഒടുവില്‍ തകര്ച്ചയിലെത്തിച്ചതും. പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല", എം സി ഖമറുദ്ദീന് പറയുന്നു.
സിപിഎം തന്നെ ടാര്‍ഗറ്റ് ചെയ്താണ് കേസ് വഴിതിരിച്ചു വിടുന്നതെന്നാണ് എംഎല്‍എയുടെ വാദം. "എഗ്രിമെന്റും ഷെയര്‍ സര്‍ട്ടിഫിക്കറ്റും എല്ലാമുള്ളതാണ്. നിക്ഷേപകരെയെല്ലാം വിളിച്ചു കൂട്ടി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിനിടയിലാണ് ചിലര്‍ പരാതിയുമായി പോകുന്നത്. പോലീസ് പറഞ്ഞത്, ഇതൊരു സിവില്‍ കേസാണ്, കമ്പനി ആക്ട് പ്രകാരം മാത്രമെ കേസ് എടുക്കാന്‍ കഴിയൂ എന്നാണ്. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയ പൊലസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയാണ് പിന്നീടുണ്ടായത്. പകരം സിപിഎമ്മിന് സ്വീകാര്യനായ ഉദ്യോഗസ്ഥന് വരികയും നിക്ഷേപകരില്‍ ചിലരെ ബ്രയിന്‍വാഷ് ചെയ്ത് കമ്പനിയുമായുണ്ടായിരുന്ന എഗ്രിമെന്റ് പിന്‍വലിപ്പിക്കുകയും അവരുടെ മൊഴികളെടുക്കുകയും ചെയ്ത ശേഷമാണ് കേസ് ചാര്‍ജ്ജ് ചെയ്യുന്നത്. ഇതിനെല്ലാം പിന്നില്‍ സിപിഎമ്മാണ്. കമ്പനിക്കൊരു ഡറയര്ക്ടേഴ്സ് ബോര്‍ഡ് ഉണ്ടെങ്കിലും എന്നെ മാത്രമാണ് പ്രതിസ്ഥാനത്ത് നിര്‍ത്തിയത്. പന്ത്രണ്ടോളം കേന്ദ്രങ്ങളില്‍ എനിക്കെതിരേ ധര്‍ണയും സമരവും നടത്തി. ഞാന്‍ കമ്പനിയുടെ ചെയര്മാന് മാത്രമാണ്. ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ല. സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യാറില്ലായിരുന്നു. അതേസമയം തന്നെ നിക്ഷേപകരുടെ പരാതികള്‍ പരിഹരിക്കാന്‍ മുന്‍പന്തിയില്‍ നിന്നിരുന്നതും ഞാനായിരുന്നു. കമ്പനി നഷ്ടത്തിലായതുകൊണ്ട് മാത്രം ഉണ്ടായൊരു പ്രശ്നമാണിത്. ഇതിലൊരു സാമ്പത്തിക തട്ടിപ്പും വഞ്ചനയും നടന്നിട്ടില്ല", ഖമറുദ്ദീന് പറയുന്നു.