TopTop

"കുട്ടി ചെന്ന് പ്രതിയുടെ വീടും പീഡനം നടന്ന മുറിയും കാണിച്ചു കൊടുക്കണമെന്നാണ് പോലീസ് പറയുന്നത്", കണ്ണൂരില്‍ എഴുവയസ്സുകാരി പിഡിപ്പിക്കപ്പെട്ട കേസ് ഒതുക്കാൻ നീക്കം

"കുട്ടി ചെന്ന് പ്രതിയുടെ വീടും പീഡനം നടന്ന മുറിയും കാണിച്ചു കൊടുക്കണമെന്നാണ് പോലീസ് പറയുന്നത്", കണ്ണൂരില്‍ എഴുവയസ്സുകാരി പിഡിപ്പിക്കപ്പെട്ട കേസ് ഒതുക്കാൻ  നീക്കം

അമ്മയുടെ സഹോദരനില്‍ നിന്നും ഏഴു വയസുകാരിക്ക് ലൈംഗിക പീഡനം ഏല്‍ക്കേണ്ടി വന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നുവെന്നു പരാതി. കണ്ണൂരിലെ കുടിയാന്മല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലാണ് പ്രതിയെ രക്ഷിക്കാനും കേസ് ഒത്തുതീര്‍പ്പാക്കാനും വേണ്ടി പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന പരാതിയുള്ളത്. ഇരയാക്കപ്പെട്ട കുട്ടിയുടെ പിതാവാണ് പൊലീസിനെതിരേ രംഗത്തു വന്നിരിക്കുന്നത്. പരാതി രജിസ്റ്റര്‍ ചെയ്യുകയും കുട്ടിയുടെ രഹസ്യമൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തുകയും ചെയ്തിട്ട് ദിവസങ്ങള്‍ കഴിയുമ്പോഴും പ്രതിസ്ഥാനത്തുള്ള വ്യക്തിയെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഓരോ കാരണങ്ങള്‍ പറഞ്ഞ് അന്വേഷണം വൈകിപ്പിക്കുകയാണെന്നാണ് പരാതിക്കാരിയുടെ പിതാവ് അഴിമുഖത്തോട് പറഞ്ഞത്. പ്രതിയുടെ ഭാഗത്തു നിന്നും കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദങ്ങള്‍ ഏറുകയും പല രീതികളിലും തങ്ങളെ മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ തന്നെയാണ് പൊലീസും നീതിരഹതിമായി പെരുമാറുന്നതെന്നാണ് ആരോപണം.

വളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാര്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് ആതമഹത്യ ചെയ്ത കേസില്‍ പ്രതികളെ മുഴുവന്‍ വെറുതെ വിട്ട കോടതി ഉത്തരവ് കേരളത്തില്‍ ഉയര്‍ത്തിയ പ്രതിഷേധം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇത്തരം പ്രതിഷേധങ്ങളുടെ ഫലമെന്നോണമായിരുന്നു പോക്‌സോ കേസുകളില്‍ ഇനി മുതല്‍ അതീവ ജാഗ്രത പുലര്‍ത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കുട്ടികള്‍ ഇരകളാകുന്ന പോക്‌സോ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപികരിക്കാനും രണ്ടു മാസം കൂടുമ്പോള്‍ ഈ സമിതിയില്‍ നിന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടുമെന്നും ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 2019 നവംബര്‍ അഞ്ചാം തീയതി തീരുമാനം എടുക്കുന്നത്. നേരിടേണ്ടി വന്ന പീഡനങ്ങള്‍ തുറന്നു പറയാന്‍ കുട്ടികളെ പ്രാപ്തരാക്കുക, പരാതി പറയുന്ന കുട്ടികളെ വേണ്ട ഗൗരവത്തിലും മനഃശാസ്ത്രപരമായ സമീപനത്തോടെയും കേള്‍ക്കുക, കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ വേണ്ടി അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോവുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പൊലീസിന് ഉള്‍പ്പെടെ മുഖ്യമന്ത്രി നല്‍കുകയും ചെയ്തിരുന്നു. ഇനിയൊരു വാളയാര്‍ ആവര്‍ത്തിക്കരുതെന്നായിരുന്നു ഇത്തരം തീരുമാനങ്ങളുടെയും നിര്‍ദേശങ്ങളുടെയും പിന്നിലെ ലക്ഷ്യമായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

പോക്‌സോ കേസുകളില്‍ ഇരയാക്കപ്പെട്ട കുട്ടികളുടെ നീതിക്കും അതിജീവനത്തിനും പിന്‍ബലമേകുമെന്നു കരുതിയ സര്‍ക്കാര്‍ തീരുമാനം ഇവിടുത്തെ പൊലീസ് സംവിധാനം അട്ടിമറിക്കുകയാണോ എന്നാണ് വീണ്ടും വീണ്ടും കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ബാല ലൈംഗിക പീഡന പരാതികളിലെ അന്വേഷണ രീതികള്‍ സംശയം ജനിപ്പിക്കുന്നത്. ഇരയെ വീണ്ടും വീണ്ടും മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്ന തരത്തില്‍ അന്വേഷണം വഴിമുട്ടിക്കുന്ന പൊലീസ് രീതിയുടെ ഏറ്റവും പുതിയ തെളിവാണ് പ്രസ്തുത കേസ്.

പരാതിക്കാരിയായ പെണ്‍കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു പീഡനത്തിന് ഇരയാകേണ്ടി വന്നത്. 2019 ല്‍ പ്രതിയായ വ്യക്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബ സമേതം എത്തിയപ്പോഴായിരുന്നു കുട്ടിയെ പീഡിപ്പിക്കുന്നത്. അമ്മയുടെ സഹോദരന്റെ വിവാഹമായതിനാല്‍, പരാതിക്കാരിയായ കുട്ടിയും സഹോദരങ്ങളും മാതാവിനൊപ്പം പ്രതിയുടെ വീട്ടില്‍ എത്തിയതായിരുന്നു. സംഭവ ദിവസം രാത്രിയില്‍ പരാതിക്കാരിയായ കുട്ടി ഉറങ്ങി കിടക്കുമ്പോഴായിരുന്നു, വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നയാളും കുട്ടിയുടെ അമ്മയുടെ സ്വന്തം സഹോദരനുമായ പ്രതി ഏഴുവയസുകാരിയെ തന്റെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയത്. ഒന്നാംക്ലാസുകാരിയായ കുട്ടി തനിക്ക് നേരിടേണ്ടി വന്ന പീഡനത്തിന്റെ അസഹ്യമായ വേദന ഭയം കാരണം സഹിക്കേണ്ടി വന്നെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

പിറ്റേദിവസം തന്നെ, തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പിതാവിനോട് ഉള്‍പ്പെടെ പറഞ്ഞെങ്കിലും ആരും കാര്യമാക്കിയെടുത്തില്ല. ഇതേ തുടര്‍ന്ന് കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് വീണുപോവുകയായിരുന്നു. മാതാവ് വിദേശത്ത് ജോലി നോക്കുന്നതിനാല്‍ ഹോസ്റ്റലില്‍ നിന്നാണ് കുട്ടി പഠിക്കുന്നത്. മാനസികമായി തളര്‍ന്ന കുട്ടിക്ക് പഠനത്തിലും മറ്റു കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാന്‍ കഴിയാതെ വന്നു. സ്‌കൂള്‍ അധികൃതര്‍ക്കും യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്നു മനസിലാകാതെ പോവുകയും വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടായിരിക്കും കുട്ടിക്കെന്ന് കരുതുകയുമായിരുന്നു. പഠനത്തില്‍ പിന്നാക്കം പോകുന്നുതായും മറ്റ് കുട്ടികളുമായി ഇടപഴകാതെ, ഒറ്റപ്പെട്ട് നടക്കുകയാണെന്നുമൊക്കെ സ്‌കൂളില്‍ നിന്നും വീട്ടില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ക്രിസ്തുമസ് അവധിക്ക് വീട്ടില്‍ വന്നതിനുശേഷമാണ് കുട്ടി നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം പിതാവിന് ഉള്‍പ്പെടെ മനസിലാകുന്നത്. ലൈംഗിക പീഡനം ഏല്‍ക്കേണ്ടി വന്നത് കുട്ടിയുടെ ഉള്ളില്‍ വലിയ ഭീതി വിതച്ചിരുന്നു. ഒറ്റയ്ക്ക് കിടക്കാന്‍ ഭയപ്പെട്ട കുട്ടി, സ്വയമറിയാതെ ഇട്ടിരിക്കുന്ന വസ്ത്രത്തില്‍ തന്നെ മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ചെയ്തിരുന്നു. അവധിക്ക് വീട്ടില്‍ എത്തിയപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഏഴു വയസുള്ള കുട്ടി ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ തന്നെ മലമൂത്ര വിസ്സര്‍ജ്ജനം നടത്തുന്നത് കണ്ട് പിതാവിന്റെ അമ്മ ശകാരിച്ചതോടെയാണ് കുട്ടി തന്റെ അവസ്ഥ ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നത്. പിതാവിന്റെ സഹോദരിയോട് എല്ലാ കാര്യങ്ങളും കുട്ടി വിശദീകരിച്ചു. തുടര്‍ന്ന് ഈ വിവരങ്ങള്‍ വീട്ടുകാര്‍ സ്‌കൂളില്‍ വിളിച്ച് അറിയിക്കുകയും സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ കാര്യങ്ങള്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ കാണാന്‍ എത്തുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തതോടെ അവരോടും കാര്യങ്ങള്‍ കുട്ടി ആവര്‍ത്തിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് വിവരം പൊലീസില്‍ അറിയിക്കുന്നത്.

കുട്ടിയുടെ സ്വദേശത്തെ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതി പിന്നീട് കേസിനാസ്പദമായ സംഭവം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പൊലീസിലും മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ 164 മൊഴിയിലും(രഹസ്യമൊഴി) കുട്ടി തന്റെ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുണ്ട്. മാതൃസഹോദരനില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന പീഡനവും അതിനെത്തുടര്‍ന്ന് തനിക്ക് അനുഭവിക്കേണ്ടി വരുന്ന മാനസിക-ശാരീരിക പ്രശ്‌നങ്ങളും രണ്ടു മൊഴികളിലും കുട്ടി ആവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍, ഒരു ഏഴു വയസുകാരിക്ക് നേരിടേണ്ടി വന്ന ലൈംഗിക പീഡന പരാതിയില്‍ ജനുവരി ഒന്നാം തീയതി പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടും ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പോലും പൊലീസ് തയ്യാറായിട്ടില്ലെന്നാണ് യാഥാര്‍ത്ഥ്യം. തുടക്കം മുതല്‍ കേസില്‍ പ്രതിക്ക് അനുകൂലമായി കാര്യങ്ങള്‍ തിരിച്ചു വിടാന്‍ വേണ്ടിയുള്ള ശ്രമങ്ങളും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് അഴിമുഖത്തോട് പറഞ്ഞു. പരാതിക്കാരിയുടെ കുടുംബപ്രശ്‌നത്തിന്റെ പുറത്ത് കെട്ടിച്ചമച്ച കേസ് ആണോയെന്നു സംശയം പ്രകടിപ്പിക്കുക വരെ പൊലീസ് ചെയ്തിട്ടുണ്ടെന്നും പിതാവ് പറയുന്നു. താനും ഭാര്യയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലവില്‍ ഉണ്ടെന്നും, ആ വിഷയം മറ്റൊരു തരത്തില്‍ നടക്കുകയാണെന്നും എന്നാല്‍ കുട്ടി അപമാനിക്കപ്പെട്ട വിഷയം ഇതിന്റെ ഭാഗമായി കാണരുതെന്നുമാണ് പിതാവ് പറയുന്നത്.

'കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ കെട്ടിച്ചമച്ച കേസ് അല്ലേയെന്നാണ് പൊലീസ് എന്നോട് ചോദിച്ചത്. എനിക്കും ഭാര്യക്കുമിടയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നത് ശരിയാണ്. എന്നാല്‍ എന്റെ കുട്ടി ഉപദ്രവിക്കപ്പെട്ടൂവെന്നത് കെട്ടിച്ചമച്ച കേസ് അല്ല. മോള് തന്നെ പൊലീസിലും മജിസ്‌ട്രേറ്റിനു മുന്നിലും ആവര്‍ത്തിച്ച് പറഞ്ഞിട്ടുമുണ്ട്. ഞാന്‍ പറയിപ്പിച്ച കള്ളമാണെങ്കില്‍ പൊലീസിനു മുന്നിലും കോടതിയിലും വെറും എട്ടു വയസുള്ളൊരു കുഞ്ഞിന്(ഇപ്പോഴത്തെ പ്രായം) അതേപടി ആവര്‍ത്തിക്കാന്‍ കഴിയുമോ? അവള്‍ മാനസികമായി ആകെ തകര്‍ന്നു നില്‍ക്കുകയാണെന്ന് സ്‌കൂളില്‍ നിന്നും പറഞ്ഞിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍കാര്‍ കൊണ്ടു വന്ന രണ്ടു കൗണ്‍സിലര്‍മാരോടും അവള്‍ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുള്ളതാണ്. ഇതുകൂടാതെ പൊലീസ് ഏര്‍പ്പെടുത്തിയ കൗണ്‍സിലിംഗ് വിദഗ്ധരോടും കുട്ടി കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. മുക്കാല്‍ മണിക്കൂറോളം സമയമെടുത്താണ് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തത്. ഇതിനിടയില്‍ പലതവണ പേടിപ്പിക്കുന്ന തരത്തിലും അവളോട് പെരുമാറിയെന്ന് കുട്ടി തന്നെ എന്നോട് പറഞ്ഞു. പറയുന്നത് കള്ളമല്ലേ, സത്യം പറഞ്ഞില്ലെങ്കില്‍ നിന്റെ അച്ഛനെ പിടിച്ച് അകത്തിടുമെന്നൊക്കെ പൊലീസ് പറഞ്ഞെന്നാണ് കുട്ടി പറഞ്ഞത്. എന്നിട്ടും നടന്ന കാര്യങ്ങള്‍ തന്നെയാണ് അവള്‍ പൊലീസിനോട് പറഞ്ഞത്. പിന്നീട് മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴിയെടുപ്പിക്കാന്‍ കൊണ്ടുപോയി. ഒരു വനിത പൊലീസ് മാത്രമായിരുന്നു കുട്ടിയ്‌ക്കൊപ്പം സ്ത്രീയായിട്ട് ഉണ്ടായിരുന്നത്. മറ്റാരെയും കൂട്ടിക്കൊണ്ടു വരാതിരുന്നതെന്തുകൊണ്ടാണെന്നു മജിസ്‌ട്രേറ്റ് ചോദിക്കുകയും ചെയ്തിരുന്നു. കുട്ടി കാര്യങ്ങള്‍ തുറന്നു പറയുമോയെന്നു നോക്കാമെന്നു പറഞ്ഞിട്ടാണ് മൊഴിയെടുക്കാന്‍ തുടങ്ങിയത്. അതുവരെ അവള്‍ എന്താണോ മറ്റുള്ളവരോട് പറഞ്ഞിരുന്നത്, അതേ കാര്യങ്ങള്‍ തന്നെ മജിസ്‌ട്രേറ്റിനു മുന്നിലും ആവര്‍ത്തിച്ചു. മൊഴിയുടെ പകര്‍പ്പ് എന്നെ വായിച്ചു കേള്‍പ്പിച്ചതുമാണ്. പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്ന അതേ കാര്യങ്ങള്‍ തന്നെയായിരുന്നു അവിടെയുമുണ്ടായിരുന്നത്. ഇനിയും പറയാന്‍ കഴിയുമോ ഞാന്‍ പഠിപ്പിച്ചു കൊടുത്ത കള്ളമാണ് എന്റെ മോള്‍ പറയുന്നതെന്ന്? അവള്‍ എട്ടുവയസ് മാത്രമുള്ള, രണ്ടാം ക്ലാസില്‍ പഠിക്കുന്നൊരു കുഞ്ഞാണെന്നോര്‍ക്കണം. പൊലീസിന് ഇനിയും ഇതൊന്നും വിശ്വാസമാകാത്തത് എന്താണ്?
കുട്ടിയുടെ മൊഴിയെടുക്കുന്നതിലും പൊലീസ് അമാന്തം കാണിച്ചുവെന്ന് അച്ഛൻ പറയുന്നു. "
ഞാനും കുട്ടിയും സംഭവം നടന്ന സ്ഥലത്തെ സ്റ്റേഷനില്‍ ചെന്നാല്‍ മാത്രമേ മൊഴിയെടുക്കൂ എന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. ഇക്കാര്യം ഞാന്‍ ഡിവൈഎസ്പിയോട് പറഞ്ഞതിനുശേഷമാണ് അവിടെ നിന്നും മൊഴിയെടുക്കാന്‍ വേണ്ടി ഇങ്ങോട്ട് വരാന്‍ പൊലീസ് തയ്യാറായത്. ഇപ്പോള്‍ വീണ്ടും ഞാനും കുട്ടിയും അങ്ങോട്ട് ചെല്ലണമെന്നാണ് പറയുന്നത്. കുട്ടി ചെന്ന് പ്രതിയുടെ വീടും പീഡനം നടന്ന മുറിയും കാണിച്ചു കൊടുക്കണമെന്നാണ് പൊലീസ് പറയുന്നത്. അല്ലാതെ മഹസര്‍ തയ്യാറാക്കാന്‍ കഴിയില്ലെന്നാണ് അവരുടെ വാദം. ഇത്രയും മാനസിക സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ വീണ്ടും അതേ സ്ഥലത്തേക്ക് കൊണ്ടു പോകണോ? ഞാനീക്കാര്യം പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചു, നിങ്ങള്‍ രേഖാമൂലം ആവശ്യപ്പെടുകയാണെങ്കില്‍ കുട്ടിയെ കൊണ്ടുവരാമെന്നും പറഞ്ഞു. ഡിവൈഎസ്പിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍, അതൊന്നും വേണ്ടായെന്നാണ് പറഞ്ഞത്. ലോക്കല്‍ സ്‌റ്റേഷനിലെ പൊലീസുകാര്‍ക്ക് മാത്രമാണ് ഇത്തരം നിര്‍ബന്ധങ്ങള്‍ ഉള്ളത്. എന്റെ കുഞ്ഞിന് നീതി നേടിത്താരാനാണോ, അതോ പ്രതിയെ രക്ഷിക്കാനാണോ അവര്‍ ശ്രമിക്കുന്നതെന്ന് മനസിലാകുന്നില്ല?"

കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങളും ഇതിനിടയില്‍ നടക്കുന്നുണ്ടെന്നും ഇദ്ദേഹം ആരോപിക്കുന്നു. പ്രതിയുടെ ഭാഗത്തു നിന്നും അതിനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേസ് പിന്‍വലിച്ച് എല്ലാം പറഞ്ഞുതീര്‍ക്കാമെന്ന വാഗ്ദാനമാണ് അവര്‍ മുന്നോട്ടു വയ്ക്കുന്നതെന്നും പിതാവ് അഴിമുഖത്തോട് പറഞ്ഞു. കണ്ണൂരിലെ ഒരു രാഷ്ട്രീയ നേതാവിന്റെ പിന്തുണയും പ്രതിക്ക് ഉണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞെന്നും പൊലീസ് സ്വാധീനിക്കപ്പെട്ടിരിക്കുന്നത് ആ വഴിയിലൂടെയാണെന്നു സംശയിക്കാമെന്നും പിതാവ് പറയുന്നു.

അതേസമയം പൊലീസ് പറയുന്നത്, കേസില്‍ യാതൊരുവിധ കൃത്യവിലോപവും നടത്തുന്നില്ലെന്നാണ്. മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിക്കാരി നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് കിട്ടിയാല്‍ പ്രതിയെ ചോദ്യം ചെയ്യാനും അറസ്റ്റ് നടത്താനുമുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള കുടിയാന്മല സ്‌റ്റേഷനിലെ എ എസ് ഐ ഗോപിനാഥന്‍ പ്രതികരിച്ചത്. പരാതിക്കാരിയായ കുട്ടിയുടെ മാതാപിതാക്കള്‍ക്കിടയില്‍ നില്‍ക്കുന്ന ദാമ്പത്യപ്രശ്‌നങ്ങള്‍ ഈ കേസിനു പിന്നില്‍ കാരണമായിട്ടുണ്ടോയെന്നു കൂടി അന്വേഷിക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. പരാതി കെട്ടിച്ചമച്ചതല്ല എന്ന് ഉറപ്പു വരുത്തണമെന്നും അതിനായി ഇനിയും കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കുകയും വൈദ്യപരിശോധന നടത്തുകയുമൊക്കെ വേണ്ടി വരുമെന്നും കുടിയാന്മല എ എസ് ഐ അഴിമുഖത്തോട് പറയുന്നു. പൊലീസ് ഉയര്‍ത്തുന്ന മറ്റൊരു വാദം, അന്വേഷണവുമായി കുട്ടിയുടെ പിതാവ് സഹകരിക്കുന്നില്ലെന്നാണ്. സംഭവം നടന്ന വീടും മുറിയും കാണിച്ചു തരാന്‍ പിതാവ് വരുന്നില്ലെന്നും അതുകൊണ്ട് കേസില്‍ ഇതുവരെ മഹസര്‍ തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് പറയുന്നത്. മഹസര്‍ ദുര്‍ബലമായാല്‍ കേസ് കോടതിയില്‍ തള്ളിപ്പോകാന്‍ സാധ്യത കൂടുതലാണെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഈ കേസ് അട്ടിമറിക്കാനോ അന്വേഷണം വൈകിപ്പിക്കാനോ യാതൊരു നീക്കവും നടക്കുന്നില്ലെന്നും എ എസ് ഐ ഗോപിനാഥന്‍ വ്യക്തമാക്കുന്നു.

താന്‍ കേസുമായി സഹകരിക്കുന്നില്ലെന്ന വാദം ശരിയല്ലെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. താന്‍ കുട്ടിയുമായി തന്നെ ചെന്ന് സംഭവം നടന്ന വീടും മുറിയും കാണിച്ചു കൊടുക്കാമെന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ പോകമെന്നും അദ്ദേഹം പറയുന്നു. പ്രതി വാടകയ്ക്ക് താമസിച്ചിരുന്നപ്പോഴാണ് ലൈംഗികാതിക്രമം നടത്തുന്നത്. ഇപ്പോള്‍ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. സംഭവ ദിവസം താന്‍ ആ വീട്ടില്‍ രാത്രി വളരെ വൈകിയാണ് ചെന്നത്. വീട് കൃത്യമായി കാണിച്ചുകൊടുക്കാന്‍ കഴിയുമെങ്കിലും മുറി ഏതെന്ന് അറിയില്ല. എന്നാല്‍ മോള്‍ പറയുന്നത്,മുറി അവള്‍ക്ക് അറിയാമെന്നാണ്. അതുകൊണ്ടാണ് മോളെയും കൂട്ടി പോകുന്നത്. പ്രതിയുടെയും ബന്ധുക്കളുടെയും സ്ഥലം ആയതുകൊണ്ട്, ഞാനും മോളും അവിടെ ചെന്നാല്‍ ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമോയെന്ന പേടിയാണ്, ഞാന്‍ പൊലീസിനോട് പറഞ്ഞിരുന്നത്. അല്ലാതെ കേസുമായി സഹകരിക്കാതിരിക്കുകയോ അവര്‍ പറയുന്നത് അനുസരിക്കാന്‍ വിസമ്മതിക്കുകയോ ഒന്നും ചെയ്തിട്ടില്ല. എന്റെ മോള്‍ക്ക് നീതി കിട്ടണം, പ്രതി ശിക്ഷിക്കപ്പെടണം. അതാണു വേണ്ടത്; ആ പിതാവ് പറയുന്നു.


Next Story

Related Stories