Top

സി പി ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ തന്നെയാണെന്ന് മാവോയിസ്റ്റുകള്‍ അംഗീകരിക്കുന്ന രേഖ പുറത്തുവിട്ട് പോലീസ്

സി പി ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ തന്നെയാണെന്ന് മാവോയിസ്റ്റുകള്‍ അംഗീകരിക്കുന്ന രേഖ പുറത്തുവിട്ട് പോലീസ്

വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റ് സി പി ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ തന്നെയാണെന്ന് മാവോയിസ്റ്റുകള്‍ അംഗീകരിക്കുന്നതായി അവകാശപ്പെടുന്ന രേഖ പുറത്തുവിട്ട് പോലീസ്. സംഭവത്തില്‍ സിപിഐ(എംഎല്‍) പശ്ചിമഘട്ട മേഖലാ സമിതി, കേന്ദ്രകമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് പോലീസ് പുറത്തുവിട്ടത്. അതേസമയം വേര്‍ഡ് ഡോക്യുമെന്റായുള്ള ഈ റിപ്പോര്‍ട്ടിന്റെ ആധികാരികത സ്ഥിരീകരിക്കാനായിട്ടില്ല.

ഏറ്റുമുട്ടല്‍ അവലോകനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് തിരിച്ചടിയുടെ പതിനൊന്ന് കാരണങ്ങള്‍ നിരത്തുന്നത്. കഴിഞ്ഞ മാര്‍ച്ച് ആറിനാണ് വയനാട് വൈത്തിരി ഉപവന്‍ റിസോര്‍ട്ടിന് സമീപം നടന്ന ഏറ്റുമുട്ടലില്‍ മലപ്പുറം സ്വദേശി സി പി ജലീല്‍ കൊല്ലപ്പെട്ടത്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ അന്നത്തേത് ഏറ്റുമുട്ടല്‍ തന്നെയാണെന്ന് മാവോയിസ്റ്റുകള്‍ അംഗീകരിക്കുന്നുവെന്നാണ് പോലീസ് പുറത്തുവിട്ട രേഖ അവകാശപ്പെടുന്നത്. ഏറ്റുമുട്ടല്‍ അവലോകനം ചെയ്യുന്നതാണ് ഈ റിപ്പോര്‍ട്ട്.

ജാഗ്രതക്കുറവാണ് മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന റോഡിന് അരികിലുള്ള റിസോര്‍ട്ടിലേക്ക് പോകുമ്പോള്‍ മതിയായ മുന്‍കരുതല്‍ എടുത്തില്ല, സംഘം കാവല്‍ക്കാരനെ നിയോഗിച്ചതില്‍ വീഴ്ച പറ്റി, അപകടം മനസിലാക്കുന്നതില്‍ കമാന്‍ഡര്‍ക്ക് വീഴ്ച പറ്റി, പോലീസ് എത്തിയ സമയത്ത് അലക്ഷ്യമായി വെടിവച്ച് മറ്റ് സംഘാംഗങ്ങളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കണമായിരുന്നു, ഇതിന് സംഘം ശ്രമിച്ചില്ലെന്നും രേഖയില്‍ സ്വയം വിമര്‍ശിക്കുന്നുണ്ട്.

കൈപ്പടയില്‍ തയ്യാറാക്കാത്ത ഈ രേഖയില്‍ ആരുടെയും ഒപ്പുമില്ല. മഞ്ചക്കണ്ടിയില്‍ മാവോവാകളുമായി ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്നും മാവോവാദികളുടെ ഒരു ലാപ്‌ടോപ്പ് കണ്ടെത്തിയിരുന്നു. ഈ ലാപ്പില്‍ നിന്നും രേഖ ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. തണ്ടര്‍ബോള്‍ട്ട് ആണ് രേഖ പുറത്തുവിട്ടത്.

'കൊയ്യാതിരിക്കാൻ പറ്റില്ല, കൊയ്താൽ ഇൻഷുറൻസും സംഭരണവും നടക്കില്ല' കുട്ടനാട്ടിൽ പ്രതിസന്ധിയുടെ 'രണ്ടാം കൊയ്ത്'


Next Story

Related Stories