TopTop

രക്ഷിതാക്കൾക്ക് വിമുഖത?, കേരളത്തിൽ 4.90 ലക്ഷം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് കൊടുത്തില്ല

രക്ഷിതാക്കൾക്ക് വിമുഖത?, കേരളത്തിൽ 4.90 ലക്ഷം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് കൊടുത്തില്ല

രാജ്യത്ത് നിന്നും പോളിയോ തുടച്ച് നീക്കുകയെന്ന ലക്ഷ്യത്തോടെ ജനുവരി 19-ന് സംഘടിപിച്ച വാക്സിനേഷൻ യജ്ഞത്തോട് കേരളത്തിൽ ഉണ്ടായത് തണുപ്പൻ പ്രതികരണമെന്ന് റിപ്പോർട്ട്. തുള്ളിമരുന്ന് നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ട കുട്ടികളിൽ 80 ശതമാനം മാത്രമേ പരിപാടിയോട് സഹകരിച്ചിട്ടുള്ളു എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യവകുപ്പ് സജ്ജമാക്കിയ കേന്ദ്രങ്ങളിലെ കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട്.

സംസ്ഥാനത്തെ 24,50,477 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 19 ലെ അവസാന കണക്കുകൾ പ്രകാരം 19,59,832 കുട്ടികൾക്ക് മാത്രമാണ് തുള്ളിമരുന്ന നൽകിയത്. അതായത് സംസ്ഥാനത്തെ 4,90,645 കുട്ടികളെ രക്ഷിതാക്കൾ വാക്സിൻ നൽകാൻ എത്തിച്ചില്ലെന്ന് കണക്കാക്കേണ്ടിവരും.

ഇടുക്കി, തിരുവനന്തപുരം, എറണാകുളം, കൊല്ലം ജില്ലകൾ മാത്രമണ് കുട്ടികളുടെ എണ്ണത്തിൽ 90 ശതമാനം കടന്നത്. മലപ്പുറം ജില്ലയാണ് ഏറ്റവും പിന്നിൽ. കുട്ടികളുടെ എണ്ണത്തിൽ 64 ശതമാനം കുട്ടികെളെ മാത്രമാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ കേന്ദ്രങ്ങളിൽ എത്തിച്ച് വാക്സിനേഷൻ എടുത്തത്. മലപ്പുറത്തിന് പിന്നാലെ പാലക്കാട്, കാസറഗോഡ് ജില്ലകളും വാക്സിനേഷനോട് തണുപ്പൻ പ്രതികരണമാണ് കാട്ടിയത്.

ആരോഗ്യ കേന്ദ്രങ്ങൾക്ക് പുറമെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, തുടങ്ങിയ സ്ഥലങ്ങളിലടക്കം 23,466 ബൂത്തുകൾ ഉൾപ്പെടെയാണ് പരിപാടിക്കായി സജ്ജമാക്കിയിരുന്നത്. എന്നാൽ ഇവിടെ ഉൾപ്പെടെ കുട്ടികളുടെ സാന്നിധ്യം വളരെ കുറവായിരുന്നു,

പോളിയോ വാക്സിനേഷൻ ജില്ലതിരിച്ചുള്ള ശതമാനക്കണക്ക്- തിരുവനന്തപുരം- 96, കൊല്ലം- 90, പത്തനംതിട്ട- 87, ആലപ്പുഴ- 89, കോട്ടയം- 88, ഇടുക്കി- 98, എറണാകുളം- 92, തൃശ്ശൂർ- 88, പാലക്കാട്- 77, മലപ്പുറം- 54, കോഴിക്കോട്- 80, വയനാട്- 79, കണ്ണൂർ- 82, കാസർകോട്- 71.

അതേസമയം, വീടുകളിൽ നേരിട്ടെത്തി ചൊവ്വാഴ്ചവരെ ആരോഗ്യവകുപ്പ് അധികൃതർ തുള്ളിമരുന്ന് നൽകും. എന്നാൽ, ഇതിനോട് മുഖംതിരിക്കുന്ന രക്ഷിതാക്കളെ ബോധവത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകീട്ടത്തെ കണക്കുകൂടി ലഭ്യമായാലേ ആരോഗ്യവകുപ്പിന്റെ ബോധവത്കരണം വിജയിച്ചോയെന്ന് വ്യക്തമാകൂ.

കുട്ടികളുടെ നാഢീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ. വെള്ളത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയുമാണ് ഇത് പകരുന്നത്. സാധാരണയായി രോഗം വന്ന് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ രോഗം ഭേദമാകുമെങ്കിലും പാര്‍ശ്വഫലമായി കൈകാലുകള്‍ക്ക് തളര്‍ച്ച ബാധിക്കുകയും സ്ഥിരമായ അംഗവൈകല്യത്തിന് കാരണമാകുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാതിരിക്കാൻ മുൻകരുതലായാണ് നേരത്തെ തന്നെ പോളിയോ വാക്‌സിന്‍ നല്‍കുന്നത്.

കേരളത്തില്‍ നിന്നും രണ്ടായിരമാണ്ടിനു ശേഷം പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യയില്‍ 2011 ജനുവരിയില്‍ പശ്ചിമബംഗാളിലെ ഹൗറയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2014ല്‍ ഇന്ത്യ പോളിയോ മുക്തമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ ലോകത്തില്‍ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ ഇപ്പോഴും പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് രാജ്യത്തേക്കും രോഗ സംക്രമണ സാധ്യത വളരെ ഏറെയാണ്. ഈ സാചര്യത്തിലായിരുന്നു ഇത്തവണ വിഫുലമായി‌ രീതിയിൽ പൾസ് പോളിയോ ദിനം ആചരിക്കപ്പെട്ടത്.



Next Story

Related Stories