TopTop
Begin typing your search above and press return to search.

തലശ്ശേരി കലാപത്തിന്റെ തായ്‌വേരുകൾ; വര്‍ഗ്ഗീയ ലഹളയ്ക്ക് വഴിവെച്ച രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ഘടകങ്ങൾ-അന്വേഷണം

തലശ്ശേരി കലാപത്തിന്റെ തായ്‌വേരുകൾ; വര്‍ഗ്ഗീയ ലഹളയ്ക്ക് വഴിവെച്ച രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ഘടകങ്ങൾ-അന്വേഷണം


തലശ്ശേരി കലാപം മുൻകൂട്ടി പ്ലാൻ ചെയ്ത ഒന്നായിരുന്നില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പരിണത ഫലമായിരുന്നു അതെന്നുമുള്ള ആർ എസ് എസും ജനസംഘവുമടക്കമുള്ള സംഘടനകളുടെ വാദം വിതയത്തിൽ കമ്മീഷൻ അംഗീകരിച്ചില്ലെന്ന കാര്യം നേരത്തെ സൂചിപ്പിച്ചതാണ്. അതേസമയം അന്ന് സംഭവിച്ചതുപോലെ വ്യാപകമായ ഒരു ആക്രമണത്തിനൊന്നും ഉദ്ദേശിച്ചിരുന്നുവെന്നു കരുതാനാവില്ലെന്നും കമ്മീഷൻ തന്നെ അഭിപ്രായപ്പെടുന്നുമുണ്ട്. കമ്മീഷൻ റിപ്പോർട്ടിലെ ഖണ്ഡിക 199 (പേജ് 81) വായിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഹിന്ദുക്കൾക്കിടയിൽ പൊതുവിൽ ഒരു മുസ്ലിം വിരുദ്ധ മനോഭാവം വളർന്നു വന്നിരുന്നുവെന്നും അതിനുള്ള പ്രധാന കാരണം ഭരണത്തിലുള്ള പാർട്ടി എന്ന നിലയിൽ മുസ്ലിം ലീഗ് നടത്തിവന്നിരുന്ന 'വഴിവിട്ട ഇടപെടലുകൾ' ആയിരുന്നുവെന്നും കമ്മീഷൻ നിരീക്ഷിക്കുന്നുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പോലീസിനെയും മറ്റു ഭരണ സംവിധാനങ്ങളും ദുരുപയോഗം ചെയ്യുന്നതിനൊപ്പം തന്നെ തലശ്ശേരിയിലെ ചില മുസ്‌ലിങ്ങൾ നിയമപരമല്ലാത്ത മാർഗത്തിലൂടെ വലിയ തോതിൽ ധനസമാഹരണം നടത്തുകയും സുൽത്താന്‍മാരെപ്പോലെ ജീവിക്കുകയും ചെയ്യുന്നുവെന്ന ആക്ഷേപം ഭാരതീയ ജനസംഘം കണ്ണൂർ ജില്ലാ കമ്മിറ്റിക്കുവേണ്ടി കമ്മീഷന് മുൻപാകെ പാർട്ടിയുടെ ജില്ലാ സെക്രട്ടറി എ ഡി നായർ സമർപ്പിച്ച പ്രസ്താവനയിൽ പറയുന്നുണ്ട്. സമാനമായ ആക്ഷേപങ്ങൾ മറ്റു ചില പാർട്ടികളും ഉന്നയിക്കുകയുണ്ടായി.
ഉന്നയിക്കപ്പെട്ട എല്ലാ ആക്ഷേപങ്ങളും അക്കാലത്തു നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ഘടകങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നുവെന്നതുകൊണ്ടു തന്നെ ആ ഘടകങ്ങൾ കൂടി വിശദമായി പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. എങ്കിൽ മാത്രമേ 1971 ലെ തലശ്ശേരി കലാപത്തിന്റെ തായ്‌വേരുകൾ കണ്ടെത്താനാവൂ. എല്ലാ ആക്ഷേപങ്ങളുടെയും കേന്ദ്ര ബിന്ദു മുസ്ലിം ലീഗ് എന്ന പാർട്ടിയും ഭരണത്തിൽ അതിനുണ്ടായിരുന്ന സ്വാധീനവും ആകയാൽ ആദ്യം തലശ്ശേരി കലാപത്തെ സ്വാധീനിച്ച രാഷ്ട്രീയ ഘടകത്തിലേക്കു തന്നെ കടക്കാം.

കലങ്ങി മറിഞ്ഞ കേരള രാഷ്ട്രീയവും മുസ്ലിം ലീഗിന്റെ ഉദയവും

സംസ്ഥാന രൂപീകരണത്തിന് (1956) ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ് ഫലം കേരളത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഒന്നായിരുന്നു.ലോകത്താദ്യമായി ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറി എന്നതായിരുന്നു 1957 ൽ നടന്ന ആ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. ആകെയുള്ള 122 സീറ്റിൽ അറുപതു സീറ്റു നേടിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (C P I) അഞ്ചു സ്വതന്ത്രരുടെ കൂടി പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. എന്നാൽ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന പ്രസ്തുത സർക്കാർ വിമോചന സമരത്തിന്റെ പേര് പറഞ്ഞു 1959 ൽ പിരിച്ചുവിടപ്പെട്ടു. പിന്നീടിങ്ങോട്ടുള്ള നീണ്ട 13 വര്‍ഷം രാഷ്ട്രീയ അനിശ്ചിതത്തിന്റേതായിരുന്നു. നാല് തിരഞ്ഞെടുപ്പുകൾ നടന്നെങ്കിലും അധികാരത്തിലേറിയ ഒരു സർക്കാരിനും കാലാവധി തികക്കാനായില്ല. ദേശീയവും പ്രാദേശികവുമായ ഒട്ടേറെ പാർട്ടികളുടെ ഉദയാസ്തമനങ്ങൾക്കും പിളർപ്പിനും ലയനത്തിനുമൊക്കെ കേരളം സാക്ഷ്യം വഹിച്ചു. ഇക്കാലയളവിൽ നാല് തവണ കേരളം രാഷ്ട്രപതി ഭരണത്തിന് കീഴിലുമായി. ആകെ കലങ്ങിമറിഞ്ഞ ഈ രാഷ്ട്രീയ സാഹചര്യം മുസ്ലിം ലീഗ് നന്നായി ഉപയോഗിച്ചു. 1960 ലെ തിരെഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ കോൺഗ്രസ്സും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിക്കുമൊപ്പം ചേർന്ന് 12 സീറ്റിൽ മത്സരിച്ച ലീഗിന് 11 സീറ്റു ലഭിച്ചു. തിളക്കമാർന്ന ഈ വിജയത്തിലൂടെ മുസ്ലിം വിഭാഗത്തിൽ പെട്ട കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ മുസ്ലിം ലീഗിന് കഴിഞ്ഞു. എന്നാൽ 1965 ലെ തിരെഞ്ഞെടുപ്പിൽ സി പി എമ്മുമായി (1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നിരുന്നു) ചേർന്ന് മത്സരിച്ച ലീഗിന് മത്സരിച്ച 16 ൽ 6 സീറ്റു മാത്രമേ നേടാനായുള്ളു. സർക്കാരുണ്ടാക്കാൻ വേണ്ട ഭൂരിപക്ഷം ഒരു മുന്നണിക്കും ലഭിക്കാതെ വന്നതിനാൽ 65 ലെ തിരെഞ്ഞെടുപ്പ് ചാപിള്ളയായി.

67 ൽ സി പി എമ്മിനും സി പി ഐ യും ഉൾപ്പെട്ട സപ്തകക്ഷി മുന്നണിയിൽ മുസ്ലിം ലീഗും പങ്കാളിയായിരുന്നു. പ്രസ്തുത മുന്നണി അധികാരത്തിൽ വന്നപ്പോൾ ഇ എം എസ് മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ മുസ്ലിം ലീഗിന് ആദ്യമായി പ്രധാനിധ്യം ലഭിച്ചു. വിദ്യാഭ്യാസ വകുപ്പും, ഭക്ഷ്യ പൊതുവിതരണ വകുപ്പുകളും ആയിരുന്നു ലീഗിന്. സി പി എമ്മും സി പി ഐ യും തമ്മിലുള്ള സ്വരച്ചേർച്ച 1969 ൽ ഇ എം എസിന്റെ രാജിയിലാണ് കലാശിച്ചത്. തുടർന്ന് സി പി ഐ നേതാവ് സി അച്യുത മേനോനെ മുഖ്യമന്ത്രിയാക്കി രൂപീകരിച്ച സർക്കാരിൽ മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പിന് പുറമെ ആഭ്യന്തരം കൂടി ലഭിച്ചു. ആ സർക്കാരും അധികകാലം നീണ്ടുനിന്നില്ല. പിന്നീട് 1970 ൽ അധികാരത്തിൽ വന്ന രണ്ടാം അച്യുത മേനോൻ സർക്കാരിലും മുസ്ലിം ലീഗിന് പ്രാധിനി
ധ്യം
ലഭിച്ചു. 1967 - 69 കാലത്തെ രണ്ടാം ഇ എം എസ് സർക്കാരിന്റെ കാലത്താണ് മലപ്പുറം ആസ്ഥാനമാക്കി മലപ്പുറം ജില്ല രൂപീകൃതമായത്. മലപ്പുറം ജില്ലയുടെ രൂപീകരണം വലിയ വിമർശനത്തിന് വഴിവെച്ചു. മാപ്പിളമാർക്കുവേണ്ടി രൂപീകരിച്ച ജില്ല എന്ന പ്രചാരണം അഴിച്ചുവിട്ട ഭാരതീയ ജന സംഘം ദേശീയ തലത്തിൽ തന്നെ അതൊരു വലിയ പ്രചാരണായുധമാക്കി മാറ്റി. 'മലപ്പുറമോ മാപ്പിളസ്ഥാനോ?' എന്ന ചോദ്യം ഉയർത്തി ഒരു ലഘുലേഖ തന്നെ അവർ പ്രസിദ്ധീകരിക്കുകയുണ്ടായി. അക്കാലത്തു കോൺഗ്രസ്സും മലപ്പുറം ജില്ലയുടെ രുപീകരണത്തെ ശക്തമായി എതിർത്തിരുന്നു. കോൺഗ്രസ് നേതാവ് കെ കേളപ്പനായിരുന്നു പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നല്കിയിരുന്നതെന്നും പാലക്കാട് ഒരു സത്യാഗ്രഹം ഉത്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ മലപ്പുറത്തിന്റെ നീണ്ട കടൽത്തീര മേഖലയും അവിടുത്തെ ഭൂരിപക്ഷം വരുന്ന മുസ്ലിം മൽസ്യബന്ധന സമൂഹവും പാകിസ്ഥാനുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു എന്ന പ്രസ്താവന നടത്തിയതായും അക്കാലത്തെ പത്ര വാർത്തകൾ ഉദ്ധരിച്ചുകൊണ്ട് മുഹമ്മദ് ഷഫീഖ് കെ (Reading the Malappuram Debate : Postcolonial State and the Ethics of Place) എന്ന തന്റെ പി എച് ഡി പ്രബന്ധത്തിൽ പറയുന്നുണ്ട്.

മലപ്പുറം ജില്ലയുടെ രൂപീകരണം പോലെ തന്നെ മുസ്ലിം ഇതര വിഭാഗങ്ങൾക്കിടയിൽ (പ്രത്യേകിച്ചും ഹിന്ദുക്കൾ) അസംതൃപ്തി ഉണ്ടാക്കിയ ഒന്നായിരുന്നു അറബി അധ്യാപകരെ ഫുൾ ടൈം അധ്യാപകരാക്കാനുള്ള തീരുമാനം. അറബി അധ്യാപകർക്ക് ലഭിച്ച ഈ സൗജന്യം സംസ്കൃത, സംഗീത, ക്രാഫ്റ്റ് അധ്യാപകർക്ക് കിട്ടിയില്ലെന്നത് വലിയ ആക്ഷേപത്തിനും പ്രതിഷേധത്തിനും ഇടയാക്കി. മുസ്ലിം ലീഗിലെ സി എച് മുഹമ്മദ് കോയ വിദ്യാഭ്യാസത്തിനു പുറമെ ആഭ്യന്തരം കൂടി വഹിച്ച കാലത്തും അതിനു ശേഷവും പോലീസ് വകുപ്പിൽ നിന്നും ഹിന്ദുക്കൾക്ക് നീതി ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമായിരുന്നു. ഇതോടൊപ്പം തന്നെ 196
7
ലെ രണ്ടാം ഇ എം എസ് സർക്കാരിനെ താഴെയിറക്കുന്നതിൽ മുസ്ലിം ലീഗും നിർണായക പങ്കു വഹിച്ചുവെന്ന ഒരു തോന്നല്‍ സി പി എം അണികൾക്കിടയിൽ ഉണ്ടായിരുന്നുവെന്നും വിതയത്തിൽ കമ്മീഷൻ അതിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. തലശ്ശേരിയിൽ കലാപം നടന്ന 1971 ൽ തന്നെയായിരുന്നു ഇന്ത്യ - പാകിസ്ഥാൻ യുദ്ധവും. യുദ്ധത്തിൽ തങ്ങൾ ഇന്ത്യയോടൊപ്പം എന്ന് മുസ്ലിങ്ങൾ പറഞ്ഞിരുന്നുവെങ്കിലും അവരെ പൂർണ വിശ്വാസത്തിലെടുക്കാൻ പലരും തയ്യാറായില്ലെന്നും ഇതും അകൽച്ചക്കു വഴിവെച്ചു. യുദ്ധത്തിൽ തലശ്ശേരിയിലെ മുസ്ലിങ്ങൾ പാക് അനുകൂല നിലപാട് എടുത്തിരുന്നു എന്നതിന് കൃത്യമായ തെളിവൊന്നും ഉണ്ടായിരുന്നില്ലെങ്കിലും തലശ്ശേരിയിലെ അക്കാലത്തെ ജന സംഘം നേതാവായിരുന്ന കെ ചന്ദ്രശേഖരൻ അവകാശപ്പെടുന്നത് 'പത്തണക്കു കത്തിവാങ്ങി കുത്തിവാങ്ങും പാകിസ്ഥാൻ ' എന്ന ചുവരെഴുത്തുകളൊക്കെ പ്രത്യക്ഷപ്പെട്ടിരുന്നു എന്നാണ്.

തലശ്ശേരിയിലെ മുസ്ലിങ്ങൾ പൊതുവെ സമ്പന്നർ ആണെന്നതും അവർക്കെതിരെ തിരിയാൻ ചിലരെയെങ്കിലും പ്രേരിപ്പിച്ച മറ്റൊരു ഘടകം ആയിരുന്നു. ഭരണ സ്വാധീനം ഉപയോഗപ്പെടുത്തിയും കള്ളക്കടത്തിലൂടെയുമൊക്കെയാണ് മുസ്ലിങ്ങൾ ധനം ആർജിക്കുന്നതെന്ന വിദ്വേഷ പ്രചാരണവും ശക്തമായിരുന്നു. കലാപത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഉണ്ടായ ചില സംഭവങ്ങൾ മുസ്ലിം വിരുദ്ധ വികാരം ശക്തമാക്കുന്നതിനു കാരണമാവുകയുണ്ടായി. അറബി മമ്മു എന്നുപേരുള്ള ഒരു ഗുണ്ട ഗംഗാധരൻ എന്ന ടാക്സി ഡ്രൈവറെ കുത്തി പരിക്കേല്പിച്ചതും തലശ്ശേരി സെയിന്റ് ജോസഫ്‌സ് സ്കൂളിലെ ഒരു അധ്യാപകനെ പോലീസ് അനാവശ്യമായി മർദിച്ചതും ശിവപുരം എന്ന സ്ഥലത്തു ചില മുസ്ലിം യുവാക്കൾ ഒരു ഹിന്ദു പെൺകുട്ടിയെ പീഡിപ്പിച്ച സംഭവുമൊക്കെയായിരുന്നു അത്. വലിയ പ്രതിക്ഷേധം ഉയർന്നപ്പോൾ അറബി മമ്മുവിനെ അറസ്റ്റ് ചെയ്‌തെങ്കിലും മുകളിൽ നിന്നുമുള്ള സമ്മർദ്ദത്തെ തുടർന്ന് അയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയാണുണ്ടായത്. മുസ്ലിം ലീഗിന്റെ ഭരണത്തിലുള്ള സ്വാധീനം ഒരിക്കൽക്കൂടി ബോധ്യപ്പെട്ട സംഭവമായിരുന്നു അത്. ഇത്തരത്തിലുള്ള സംഭവങ്ങൾ മൊത്തത്തിൽ ഒരു മുസ്ലിം വിരുദ്ധ വികാരം രൂപപ്പെടുത്തിക്കൊണ്ടിരുന്നു എന്നതിനാൽ കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി എന്നതും ഒരു വസ്തുതയാണ്.

(ചിത്രം-എം എല്‍ എ ആയിരുന്ന പിണറായി വിജയന്‍ കലാപത്തില്‍ പെട്ട ഇരകള്‍ക്ക് ദുരിതാശ്വാസ സഹായം വിതരണം ചെയ്യുന്നു)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories