TopTop
Begin typing your search above and press return to search.

വാട്സാപ്പില്‍ 'കളക്ടര്‍ ബ്രോ'യുടെ പ്രതികരണം; മാധ്യമപ്രവര്‍ത്തകയെ ആക്ഷേപിച്ചതായി പരാതി

വാട്സാപ്പില്‍ കളക്ടര്‍ ബ്രോയുടെ പ്രതികരണം; മാധ്യമപ്രവര്‍ത്തകയെ ആക്ഷേപിച്ചതായി പരാതി

ആഴക്കടല്‍ മല്‍സ്യ ബന്ധന പദ്ധതിയെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെഎസ്‌ഐഎന്‍സി) എംഡി എന്‍. പ്രശാന്ത് അശ്ലീല ചുവയുള്ള സ്റ്റിക്കറും ആക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശവും അയച്ചതായി മാധ്യമപ്രവര്‍ത്തകയുടെ പരാതി. മാതൃഭൂമി പത്രത്തിന്റെ കൊച്ചി യൂണിറ്റിലെ മാധ്യമപ്രവര്‍ത്തകയായ കെ പി പ്രവിതയ്ക്കാണ് മോശം അനുഭവമുണ്ടായത്.

പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആണെന്ന വിവരം ചൂണ്ടിക്കാട്ടി പ്രശാന്തിനു സന്ദേശമയച്ചപ്പോള്‍ നടന്‍ സുനില്‍ സുഖദയുടെ ചിത്രമുള്ള സ്റ്റിക്കര്‍ അയച്ചായിരുന്നു ആദ്യ മറുപടി. എന്താണു പ്രതികരണം എന്നറിയാന്‍ മാത്രമാണ് എന്നറിയിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകയെ ആക്ഷേപിക്കുന്ന തരത്തില്‍ നടിയുടെ സ്റ്റിക്കര്‍ അയച്ചായിരുന്നു മറുപടി. ഇത്ര തരംതാഴ്ന്ന പ്രതികരണം താങ്കളെപ്പോലെ ഒരു സര്‍ക്കാര്‍ പദവിയില്‍ ഇരിക്കുന്ന ആളില്‍ നിന്നു പ്രതീക്ഷിച്ചില്ലെന്നും ഇക്കാര്യം അധികാരികളോടു പരാതിപ്പെടുമെന്നും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നാണ് താങ്കള്‍ ആദ്യം പഠിക്കേണ്ടതെന്നും പറഞ്ഞപ്പോള്‍ 'വാര്‍ത്ത ചോര്‍ത്തിയെടുക്കാനുള്ള വിദ്യ കൊള്ളാം, തെറ്റായ ആളുടെ അടുത്ത് തെറ്റായ വിദ്യയായിപ്പോയി' എന്നും ചില മാധ്യമപ്രവര്‍ത്തകര്‍ ശുചീകരണത്തൊഴിലാളികളേക്കാള്‍ താഴ്ന്നവരാണെന്നുമായിരുന്നു എന്‍ പ്രശാന്തിന്റെ മറുപടി. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയെ ആക്ഷേപിക്കുന്ന രിതിയില്‍ പ്രതികരിച്ച എന്‍. പ്രശാന്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.എന്നാല്‍ പത്രപ്രവര്‍ത്തകയ്ക്കു മറുപടി അയച്ചത് പ്രശാന്തല്ലെന്നും താനാണെന്നും വ്യക്തമാക്കി ഭാര്യ ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. പ്രശാന്ത് ഊണ് കഴിക്കുമ്പോള്‍ തന്റെ കയ്യിലായിരുന്ന ഫോണിലേക്ക് വന്ന ചാറ്റിന് മറുപടി ഇട്ടത് താനാണെന്നും അവര്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തക വിഡിയോ കോളിനു ശ്രമിച്ചെന്നും വിമര്‍ശനമുണ്ട്. പത്രത്തില്‍ അച്ചടിച്ചു വന്ന സ്‌ക്രീന്‍ഷോട്ടില്‍ മാധ്യമ പ്രവര്‍ത്തക വിഡിയോ കോള്‍ വിളിച്ചത് എഡിറ്റ് ചെയ്തു മാറ്റിയെന്നും ലക്ഷ്മി ആരോപിച്ചു.

ലക്ഷ്മി പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

''എന്റെ ഭര്‍ത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പറിലും എന്റെ നമ്പറിലും ശവംതീനി കണക്കെ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു മാന്യന്‍/മാന്യയുടെ നിര്‍മ്മിത വാര്‍ത്ത. ഉച്ചക്ക് പ്രശാന്ത് ഊണ് കഴിക്കുമ്പോള്‍ എന്റെ കയ്യിലായിരുന്ന ഫോണിലേക്ക് വന്ന ഈ ചാറ്റിന് മറുപടി ഇട്ടത് ഞാനായത് കൊണ്ടാണ് ഈ പോസ്റ്റ് ഞാനിടുന്നത്. മനസ്സ് സ്വസ്ഥമായിരിക്കാന്‍ പ്രശാന്തിനെ ഫോണില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും പരമാവധി മാറ്റി നിര്‍ത്താനാണ് എന്റെ ശ്രമം. പെട്ടെന്ന് കേറി ഒന്നും പ്രതികരിക്കാതിരിക്കാന്‍. ഇതുവരെ നല്ല കുട്ടിയായി മിണ്ടാതിരിപ്പുണ്ട്.

ഒരു വ്യക്തി ഒരു വാര്‍ത്തയോട് പ്രതികരിക്കണോ വേണ്ടയോ എന്ന് ഒരു ലേഖകനോ ലേഖികയോ തീരുമാനിക്കുന്ന നാടല്ല ഇത്. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് മാതൃഭുമിയിലെ തന്നെ മുതിര്‍ന്ന ലേഖകരോട് ഉള്‍പ്പെടെ പ്രശാന്ത് പറഞ്ഞിട്ടുള്ളതാണെന്ന് എനിക്കറിയാം. അത് മനസ്സിലാക്കുന്നവരാണ് ഒട്ടുമിക്ക പത്രപ്രവര്‍ത്തകരും. അച്ചടക്കമുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയാനുള്ളത് പറയേണ്ടവരോട് രേഖാമൂലം പറയും. പെഴ്സണല്‍ വാട്ട്സാപ്പ് വഴി ഒരു IAS ഉദ്യോഗസ്ഥനെയും വീട്ടിലിരിക്കുന്നവരെയുമൊക്കെ ബന്ധപ്പെടാനും ചോദ്യം ചെയ്യാനും അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഉത്തരം കൊടുത്തില്ലെങ്കില്‍ അപമാനിച്ച് വാര്‍ത്ത കൊടുക്കാനും ഈ നാട് വെള്ളരിക്കാപ്പട്ടണമല്ല.

വിവാദത്തില്‍ തീ കൂട്ടാന്‍ ഒരു വാചകം ഒപ്പിച്ച് അതാഘോഷിക്കാന്‍ നോക്കി, നടന്നില്ല. പ്രതികരണം കിട്ടാതെ ചമ്മി. ചമ്മിയതും വാര്‍ത്തയാക്കി. എന്നാല്‍ കാര്യങ്ങള്‍ ഇത്ര സിമ്പിളല്ല. കഥക്ക് പിന്നില്‍ പറയാത്തത് വേറെയുണ്ട്. പലതവണ അജ്ഞാത നമ്പറുകളില്‍ നിന്ന് പല പേരുകളില്‍ പലതവണ കോളും മെസേജും ' വീഡിയോ കോളും' ചെയ്ത ഈ മാന്യ/മാന്യന്റെ ഉദ്ദേശ്യം നന്നായി മനസ്സിലാക്കിയാണ് അയാളെ ഞാന്‍ കൈകാര്യം ചെയ്തത് എന്ന് മനസ്സിലാക്കുക. സ്റ്റിക്കറുകള്‍ മാത്രം കിട്ടിയപ്പോള്‍ കാര്യം നടക്കില്ലെന്ന് മനസ്സിലായ ലേഖകന്‍/ലേഖിക ട്രാക്ക് മാറ്റുന്നു. ഒരു IAS ഉദ്യോഗസ്ഥനോട് 'താങ്കളെ ഉപദ്രവിക്കാനല്ല' എന്ന ചെറിയ വായിലെ വലിയ വര്‍ത്തമാനത്തിന് 'ഓ യാ!' എന്നല്ലാതെ എന്ത് പറയാന്‍! ഞാനിട്ട സീമച്ചേച്ചിയുടെ 'ഓ..യാ!' എന്ന സ്ഥിരം സ്റ്റിക്കര്‍ അശ്ലീലമായി പെട്ടെന്ന് തോന്നിയ ലേഖകന്‍/ലേഖിക വീണ്ടും വീഡിയോ കോള്‍ തുടങ്ങി. അത് കൊള്ളാല്ലോ. അശ്ലീലം കാണാനാണോ വീഡിയോ കോള്‍? ഒരു വീഡിയോ കോള്‍ എങ്ങനെയെങ്കിലും അറ്റന്റ് ചെയ്യിച്ച് അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്ന പഴയ നമ്പറൊക്കെ ഈ ഭാഗത്തുള്ളവര്‍ക്കും അറിയാം. സാധാരണ ഒരു സ്റ്റിക്കറിനെ 'അശ്ലീലം' എന്ന് വിശേഷിപ്പിച്ച ലേഖകന്‍/ലേഖിക വീഡിയോ കോള് നടത്തി അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് 'സെക്സ് ചാറ്റ്' എന്ന് വാര്‍ത്ത സൃഷ്ടിക്കലായിരുന്നു പരിപാടി. സത്യത്തില്‍ കോള്‍ എടുത്ത് ഞാന്‍ രണ്ട് പറയുകയായിരുന്നു വേണ്ടത്.

മാതൃഭൂമി വാര്‍ത്താ റിപ്പോര്‍ട്ടില്‍ അച്ചടിച്ച് വന്ന സ്‌ക്രീന്‍ഷോട്ടില്‍ അവര്‍ എഡിറ്റ് ചെയ്ത് മാറ്റിയ ലേഖകന്‍/ലേഖിക വിളിച്ച വീഡിയോ കോളുകള്‍ ഇവിടെ കാണാം. ചിലതൊക്കെ വ്യാജമായി ചമച്ചും ഒളിച്ച് വെച്ചാലല്ലേ വാര്‍ത്ത നിര്‍മ്മിക്കാനാവൂ! വീണ്ടും വിളിച്ച് ശല്യം ചെയ്ത ലേഖകന്‍/ലേഖികയുടെ ശല്യം തുടര്‍ന്നപ്പോള്‍ ഫോണ്‍ പിടിച്ച് വാങ്ങി ശല്യം 'wrong person and wrong tactics' എന്ന് മെസേജിട്ട് പ്രശാന്ത് അയാളെ ബ്ലോക്ക് ചെയ്തു. പഞ്ച് ഡയലോഗ് അടിച്ചിട്ടേ ബ്ലോക്കാക്കാന്‍ പാടുള്ളൂ എന്ന് പറഞ്ഞ് വീണ്ടും അണ്‍ബ്ലോക്ക് ചെയ്ത് ലാസ്റ്റ് പഞ്ചിന് എന്റെ സ്ഥിരം ഡയലോഗ് ഞാനിട്ടു. അവരുടെ ഭീഷണി വെറുതേ കാണണ്ടാ, ഫുള്‍ കൊട്ടേഷനാണെന്ന് പറഞ്ഞ് എല്ലാം ഡിലീറ്റ് ചെയ്യാന്‍ തുനിഞ്ഞ എന്നെ തടഞ്ഞ പ്രശാന്തിന് നന്ദി. അല്ലെങ്കില്‍ ഈ സ്‌ക്രീന്‍ഷോട്ടുകള്‍ കാണിക്കാന്‍ ഉണ്ടാവില്ലായിരുന്നു.

ലേഖകന്‍/ലേഖിക സ്വയം കൊഞ്ഞനം കുത്താതെ കൊട്ടേഷന്‍ തന്ന ചേട്ടനോട് പോയി ഏറ്റ കാര്യം നടന്നില്ല എന്ന് പറയുക. പ്രൊഫഷനലായി വാര്‍ത്ത ചെയ്യാനറിയാത്തവര്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ കാണിക്കുന്ന നിലവാരമില്ലായ്മയായിട്ടേ ഇതിനെ കാണാനാവൂ. പിന്നെ, സ്‌കാവഞ്ചര്‍ എന്നാല്‍ ശവംതീനിയെന്നാണ് അര്‍ത്ഥം. എന്നാല്‍ ലേഖകന്‍/ലേഖികക്ക് അത് തോട്ടിപ്പണിയാണത്രെ. തര്‍ക്കാനില്ല.

പ്രൊഫഷനലുകളായ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ ആരും മൗനമായിരിക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഇങ്ങനെ ശല്യം ചെയ്യുന്നില്ല. പത്രക്കാരെ പ്രശാന്തിനെതിരെ തിരിച്ച് വിടാന്‍ എടുത്ത കൊട്ടേഷന്‍ ആണത്രെ. ബുദ്ധിയുള്ള പത്രപ്രവര്‍ത്തകര്‍ക്ക് ഇതൊക്കെ മനസ്സിലാവും. ദയനീയം തന്നെ മൊയലാളീ. ഈ തൊഴിലിന് ജേര്‍ണലിസം എന്നല്ല, power broking/operator/political slave എന്നൊക്കെയാണ് പറയുക. മാധ്യമസുഹൃത്തുക്കള്‍ ഇത്തരം ശവംതീനി ക്യാറ്റഗറിയില്‍ പെടുന്നവരെ തിരിച്ചറിയുക. മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തസ്സും മര്യാദയും ഇത്തരക്കാരെ പഠിപ്പിക്കുക. വീടും കുടുംബവും അച്ഛനമ്മമാരും ഒക്കെ ഉള്ളവരാണ് ഉദ്യോഗസ്ഥര്‍. മൃഗശാലയിലെ ജീവികളെ കൂട്ടില്‍ കാണുമ്പോള്‍ കമ്പും കോലുമിട്ട് കുത്തിനോവിച്ച് പൊട്ടിച്ചിരിക്കുന്നതല്ല മാധ്യമപ്രവര്‍ത്തനം. Respect our privacy and space.

ഈ വാര്‍ത്ത അച്ചടിക്കുന്നതിന് മുമ്പ് സത്യാവസ്ഥ ചോദിക്കാന്‍ മാതൃഭൂമിയിലെ ഒരാളും പ്രശാന്തിനെയോ എന്നെയോ വിളിച്ചിട്ടില്ല. മാതൃഭൂമിക്കൊരു ക്രെഡിബിലിറ്റി ഉണ്ടായിരുന്നു. പണ്ടൊക്കെ എഡിറ്റര്‍ ഇമ്മാതിരി ഊളത്തരങ്ങള്‍ക്ക് മാപ്പ് പറയുമായിരുന്നു. മനോജ് ദാസ് എന്ന എഡിറ്ററിലാണ് പ്രതീക്ഷ.

N B: രാവിലെ ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് പ്രശാന്തിനോട് പറയാന്‍ പറഞ്ഞതാണ് – 'മിണ്ടാതിരുന്നാല്‍ പോരായിരുന്നോ? എന്തിനാ എല്ലാവരോടും പ്രതികരിക്കാന്‍ നില്‍ക്കുന്നത്?' പ്രതികരിക്കാതെയിരുന്നു എന്നതാണ് പ്രശ്‌നം!

Edit : വാട്സാപ്പ് എന്നത് സ്വകാര്യ സ്പേസാണെന്ന് അറിയാത്ത പിഞ്ച് കുഞ്ഞുങ്ങളല്ല അങ്ങേ തലക്കൽ മെസേജയക്കുന്ന സംഘം.

ഔദ്യോഗിക കാര്യങ്ങൾക്ക് ഓഫീസ് ഫോണിലാണ് വിളിക്കുക. പ്രതികരിക്കാനില്ലെന്ന് പറഞ്ഞാൽ പല കള്ളപേരുകളിൽ പല നമ്പറുകളിൽ നിന്ന് വിളിക്കുകയല്ല ചെയ്യുക. എന്നാൽ വാട്സാപ്പ് എന്ന സ്വകാര്യ സ്പേസിൽ അനുമതിയില്ലാതെ കേറി വന്ന് വന്നയാളുടെ നികൃഷ്ടമായ സെൻസിബിലിറ്റിക്കനുസരിച്ച് മറ്റുള്ളവർ പെരുമാറണം എന്ന് ശഠിക്കുന്നത് അടിപൊളി. "ഓ യാ!"- അത്രയേ അർഹിക്കുന്നുള്ളൂ. പുച്ഛരസം കണ്ടാൽ അത് അശ്ലീലമായി തോന്നുന്നവർ കൗൺസലിംഗിന് പോകുന്നതാണ് നല്ലത്.

ഞങ്ങളുടെ സ്വകാര്യ നമ്പർ നാട്ടുകാർക്ക് തെറിവിളിക്കാൻ പത്രത്തിൽ അച്ചടിച്ചപ്പോഴും മറുതലക്കലെ ലേഖകനെ/ലേഖികയെ/സംഘത്തെ ഒളിപ്പിച്ച് വെച്ച വിധം ശ്രദ്ധിക്കുക.

ഈ പോസ്റ്റിന് കീഴിൽ വന്ന് എന്നെ തെറിവിളിച്ചും എന്റെ വ്യക്തിത്വത്തെ വരെ ക്യാൻസൽ ചെയ്തും അശ്ലീലമായ കമന്റിട്ടും സ്ത്രീത്വത്തെയാണല്ലോ സംരക്ഷിക്കുന്നത്.''

എന്‍. പ്രശാന്തിനെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

മാധ്യമ പ്രവര്‍ത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐഎഎസ് ഉദ്യാഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.


Next Story

Related Stories