TopTop
Begin typing your search above and press return to search.

തലശ്ശേരി ബ്രെണ്ണന്‍ കോളേജിലെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയായിരുന്ന അനില്‍ വി.ഒയില്‍ നിന്നും ജനം ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്ററായ അനില്‍ നമ്പ്യാരായി പരിണമിച്ച കഥ

തലശ്ശേരി ബ്രെണ്ണന്‍ കോളേജിലെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയായിരുന്ന അനില്‍ വി.ഒയില്‍ നിന്നും ജനം ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്ററായ അനില്‍ നമ്പ്യാരായി പരിണമിച്ച കഥ

1992 ഡിസംബര്‍ 6-ന് ഹിന്ദുത്വ തീവ്രവാദികള്‍ ബാബറി മസ്ജീദ് തകര്‍ക്കുമ്പോള്‍ അനില്‍ വി.ഒ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥി ആയിരുന്നു. കണ്ണൂരെന്ന വിപ്ലവ ഭൂമിയിലെ ചെങ്കോട്ട എന്നറിയപ്പെടുന്ന ഈ കലാലയത്തില്‍ എസ്എഫ്ഐയുടെ വീര ചരിതങ്ങള്‍ അവിടത്തെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലൂടെ നാം കേട്ടറിഞ്ഞ കാര്യങ്ങളാണ്. സ്വഭാവികമായും അത്യാവശ്യം വായനയും എഴുത്തും ഒക്കെയുണ്ടായിരുന്ന അനിലും എസ്എഫ്ഐയുടെ പ്രവര്‍ത്തകനായി. അതുകൊണ്ടു തന്നെ ബാബറി മസ്ജീദ് തകര്‍ത്തതിനെതിരെ കാംപസില്‍ നടന്ന പ്രക്ഷോഭത്തില്‍ അനിലും പങ്കെടുത്തിട്ടുണ്ടാവുക സ്വാഭാവികം.

അവിടുന്നിങ്ങോട്ട് 28 വര്‍ഷങ്ങള്‍ക്കിപ്പുറം അയോദ്ധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന് ശിലയിടുമ്പോള്‍ അത് മുഴുവന്‍ സമയ പരിപാടിയായി തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്ന ബിജെപി അനുകൂല ടെലിവിഷന്‍ ചാനലായ ജനം ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്ററാണ് അനില്‍. ഇപ്പോള്‍ അയാള്‍ അനില്‍ വി.ഒ അല്ല; അനില്‍ നമ്പ്യാരാണ്.
പേരിന്റെ കൂടെയുള്ള വാല്‍ അയാള്‍ ഈ കാലയളവില്‍ കടന്നുപോയിട്ടുള്ള രൂപാന്തരീകരണത്തെ സൂചിപ്പിക്കുന്നു. അത് വടക്കന്‍ കേരളത്തിന്റെ ഇടതു മതേതര സ്വത്വത്തില്‍ നിന്നും തെക്കന്‍ കേരളത്തിന്റെ സവര്‍ണ്ണ ഹിന്ദുത്വ സ്വത്വമായി രൂപപ്പെട്ടതിന്റെ കഥ കൂടിയാണ്. ശരിക്കും കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകൊണ്ട് കേരളത്തിന്റെ സമൂഹ്യാന്തരീക്ഷത്തിന് ഉണ്ടായിട്ടുള്ള ഷിഫ്റ്റ് കൂടിയാണ്.
മലയാളത്തിലെ ആദ്യ വര്‍ത്തമാന പത്രമായ രാജ്യസമാചാരം ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് അച്ചടിച്ചിറക്കിയ ഇല്ലിക്കുന്നിന് തൊട്ടടുത്ത് എടത്തിലമ്പലമാണ് അനിലിന്റെ നാട്. (അതുകൊണ്ടു കൂടിയായിരിക്കാം ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആകാനുള്ള ത്വര അയാളില്‍ ജനിച്ചത്) പിണറായിയുടെ ഭാര്യ കമല ടീച്ചര്‍ അധ്യാപികയായിരുന്ന, കൊടിയേരിയുടെ മക്കളൊക്കെ പഠിച്ച തലശ്ശേരി സെന്‍റ് ജോസഫ് സ്കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സജീവ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന അനില്‍ പ്രീഡിഗ്രിക്ക് മാനവിക വിഷയമെടുത്ത് ബ്രെണ്ണനില്‍ ചേര്‍ന്നപ്പോഴും പ്രസ്ഥാനത്തോടുള്ള താല്പ്പര്യം വിട്ടില്ല. എടത്തിലമ്പലം ഭാഗം പൊതുവേ ബിജെപി അനുകൂലമായ ഒരു പ്രദേശമായിരുന്നു. എന്നിട്ടുകൂടി കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അയാളെ പ്രേരിപ്പിച്ചത് വായിക്കുകയും എഴുത്തുകയും ചെയ്യുന്നവര്‍ക്ക് ഇടതു സാംസ്കാരിക നിരയില്‍ കിട്ടുന്ന പ്രത്യേക പ്രാമുഖ്യം കൊണ്ടുകൂടിയായിരിക്കാം.
വെള്ള ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചു വരുന്ന അനിലിനെ അക്കാലത്തെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നുണ്ട്. സിവില്‍ സര്‍വ്വീസ് സ്വപ്നമാണ് തന്നെ ഹ്യൂമാനിറ്റീസ് എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് അനില്‍ പറഞ്ഞ കാര്യം അന്നത്തെ യൂണിയന്‍ ഭാരവാഹികളില്‍ ഒരാളായ അനില്‍ ജി ടി കെ ഓര്‍മ്മിക്കുന്നു. പ്രീഡിഗ്രി പഠന സമയത്ത് എസ്എഫ്ഐ പാനലില്‍ ക്ലാസ് പ്രതിനിധിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട് അനില്‍.
എഴുതാനും വരയ്ക്കാനും കഴിവുള്ള പ്രിഡിഗ്രിയിലെ വിദ്യാര്‍ത്ഥികളെ പ്രസ്ഥാനത്തിനോട് അടുപ്പിക്കാന്‍ വേണ്ടി അന്ന് എസ്എഫ്ഐ നടത്തിയിരുന്ന ശാന്തിവനം സാസ്കാരിക വേദിയുടെ (ശാന്തിവനം കോളജിന് പിന്നിലുള്ള കുറയധികം മരങ്ങളുള്ള ഒരു കുന്നിന്‍ ചരിവാണ്) ചുമതലക്കാരില്‍ ഒരാളായിരുന്നു അനില്‍. അതുകൊണ്ടു തന്നെ കോളേജില്‍ ഒരു 'എലൈറ്റ് ബുദ്ധിജീവി' എന്ന ഇമേജും അനിലിനുണ്ടായിരുന്നു. 1995ലെ ബ്രെണ്ണന്‍ കോളേജ് മാഗസിനില്‍ 'മാവിലായിത്തല്ല്' എന്ന പേരില്‍ ഒരു കവിത അനില്‍ വി ഒ എന്ന നാമത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ചിലപ്പോള്‍ ആ ബൈലൈനില്‍ അച്ചടിമഷി പുരണ്ട അവസാനത്തെ എഴുത്തുകളില്‍ ഒന്ന് അതായിരിക്കാം.
പിന്നീട് തിരുവനന്തപുരം കാര്യവട്ടം സര്‍വ്വകലാശാല കാമ്പസില്‍ നിന്നും ജേര്‍ണലിസം പഠിച്ച അനില്‍ കുറച്ചുകാലം കണ്ണൂരില്‍ ഒരു ദിനപത്രത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു.
അനില്‍ വി ഒ, അനില്‍ നമ്പ്യാര്‍ എന്ന ഔദ്യോഗിക നാമം സ്വീകരിക്കുന്നത് തിരുവനന്തപുരത്ത് സൂര്യ ടിവിയില്‍ ജേര്‍ണലിസ്റ്റ് ആയി ജോലിയില്‍ പ്രവേശിച്ചതിന് ശേഷമാണ്. 2000ത്തിന്റെ തുടക്കത്തില്‍ ഉപഗ്രഹ ചാനലുകള്‍ നിര്‍മ്മിച്ച പുതു വാര്‍ത്താന്തരീക്ഷത്തിലേക്ക് ആയിരുന്നു അനിലിന്റെ കടന്നുവരവ്. ടെലിവിഷന്‍ രംഗത്ത് ഇടതു മാധ്യമ പ്രവര്‍ത്തകരുടെ താവളമായി ഏഷ്യാനെറ്റും സി പി എം ചാനലായി കൈരളിയും തമ്മില്‍ ആ രീതിയില്‍ ഒരു മാത്സര്യം നിലനില്‍ക്കുമ്പോഴാണ് സൂര്യ ചാനല്‍ പ്രി റെക്കോര്‍ഡഡ് ന്യൂസ് ബുള്ളറ്റിനുകള്‍ അന്ന് സംപ്രേക്ഷണം ചെയ്യുന്നത്. ഒരു തമിഴ് ചാനലിന്റെ മലയാളം ചാനല്‍ എന്ന നിലയി;ല്‍ പ്രത്യേക രാഷ്ട്രീയ ചായിവ് ഒന്നും പ്രദര്‍ശിപ്പിക്കാതെ ന്യൂട്രല്‍ സ്റ്റാന്‍ഡ് എടുത്തിരുന്ന സൂര്യയ്ക്ക് വാര്‍ത്താ സ്പേസില്‍ വലിയ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല. ഏലിയാസ് ജോണും ലിന്‍ ബി ജെസ്മസും കൂടി നടത്തിയിരുന്ന നെറ്റ് വര്‍ക്ക് ടെലിവിഷന്‍ ചെയ്തുകൊടുക്കുന്ന
വാര്‍ത്താധിഷ്ഠിത പരിപാടിയായ 'അണിയറ'യാണ്
സൂര്യയുടെ ജനപ്രീയ പരിപാടികളില്‍ ഒന്ന്. അവര്‍ കൊണ്ടുവരുന്ന സ്കൂപ്പുകളിലാണ് സൂര്യ പിടിച്ച് നിന്നിരുന്നത്.
2000 ഫെബ്രുവരി 6 നു തിരുവനന്തപുരംപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള പത്മതീര്‍ത്ഥ കുളത്തില്‍ ഒരാളെ പട്ടാപ്പകല്‍ മുക്കികൊല്ലുന്നത് ചിത്രീകരിച്ച്, സൂര്യാ ടിവിയിലൂടെ വാര്‍ത്തയായി സംപ്രേഷണം ചെയ്തതാണ് അനില്‍ നമ്പ്യാര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ആദ്യത്തെ എണ്ണം പറഞ്ഞ 'ചുവടുവെപ്പ്'. കേരള സമൂഹം ഞെട്ടിത്തരിച്ച ഈ സംഭവം മാധ്യമ ധാര്‍മ്മികതയെ കുറിച്ചുള്ള വലിയ ചോദ്യവും സംവാദവും ഉയരുന്നതിനിടയാക്കി. ഈ വാര്‍ത്തയിലൂടെ വലിയ വിമര്‍ശനം അനിലും സൂര്യ ടിവിയും ഏറ്റുവാങ്ങി. എസ്ക്ലൂസീവിന് വേണ്ടിയുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്റെ ദാഹത്തെ, കിട്ടിയ ഒരു ചൂടുള്ള വാര്‍ത്തയെ കച്ചവടം ചെയ്യാനുള്ള ഒരു മാധ്യമ സ്ഥാപനത്തിന്റെ വ്യഗ്രതയെ ഒക്കെ ഉദാഹരിക്കാനുള്ള ഒന്നായി കേരളത്തിന്റെ മാധ്യമ ചരിത്രത്തില്‍ എന്നും ചൂണ്ടിക്കാണിക്കുന്ന സംഭവമാണ് പത്മതീര്‍ത്ഥക്കുളം കൊലപാതക വാര്‍ത്ത.
ഒരു ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ സ്വന്തമായ ഒരു ഇടം സൃഷ്ടിക്കാന്‍ കഴിയാത്തതിലുള്ള നിരാശ ആയിരിക്കാം 2002ല്‍ പ്രമാദമായ ഒരു കേസിലെ മുഖ്യ പ്രതിയാക്കി അനില്‍ നമ്പ്യാരെ മാറ്റിയത്. കേരള രാഷ്ട്രീയത്തെ, പ്രത്യേകിച്ചും കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പിടിച്ചുലച്ച വ്യാജ രേഖാ കേസ് ആയിരുന്നു അത്. എ.കെ ആന്‍റണി മന്ത്രിസഭയിലെ ടൂറിസം മന്ത്രിയായിരുന്ന പ്രൊഫ. കെ.വി തോമസിന്റെ പ്രതിച്ഛായ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ തോമസിന്റെ അതേ ഐ ഗ്രൂപ്പുകാരി കൂടിയായ ശോഭനാ ജോര്‍ജ്ജ് എംഎല്‍എ വ്യാജ രേഖ നിര്‍മ്മിച്ചു എന്നും അത് അനില്‍ നമ്പ്യാരെ സ്വാധീനിച്ച് സൂര്യാ ടിവിയിലൂടെ സംപ്രേക്ഷണം ചെയ്തു എന്നുമാണ് കേസ്. 336 കോടിയുടെ ഹവാല ഇടപാടുമായാണ് കെ. വി. തോമസിനെ ബന്ധപ്പെടുത്തിയത്. ഈ കേസില്‍ അനില്‍ നമ്പ്യാരെയും തനിനിറം ലേഖകന്‍ ജയചന്ദ്രനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡിവൈഎസ്പിയാണെന്ന് സ്വയം ഫോണില്‍ പരിചയപ്പെടുത്തിയ ഒരാളാണ് അനില്‍ നമ്പ്യാര്‍ക്ക് ഹവാല ഇടപാട് സംബന്ധിച്ച വിവരം ആദ്യം കൈമാറിയത്. തൊട്ടടുത്ത ദിവസം എംഎല്‍എ ക്യാന്റീനില്‍ വച്ച് അനില്‍ നമ്പ്യാരെ കണ്ട ശോഭന തന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഡിവൈഎസ്പി ഫോണ്‍ ചെയ്തതെന്ന് പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍ഗ്രസ്സിനകത്ത് മൂര്‍ച്ഛിച്ച ഗ്രൂപ്പ് പോരിന്‍റെ ഇരയായി മാറുകയായിരുന്നു അനില്‍ നമ്പ്യാര്‍ എന്നായിരുന്നു തലസ്ഥാനത്തെ മാധ്യമ സര്‍ക്കിളിലെ പൊതുവേയുള്ള വിലയിരുത്തല്‍. കിട്ടിയ വാര്‍ത്ത ക്രോസ് ചെക്ക് ചെയ്യാതെ ഒരു എക്സ്ക്ലൂസീവ് ചെയ്യാനുള്ള അത്യാവേശത്തില്‍ ചെയ്തതായിരിക്കാം അനിലിനെ കുരുക്കിലാക്കിയത് എന്ന് കരുതപ്പെടുന്നു. ഇതേ രേഖ കിട്ടിയ കൈരളിയടക്കമുള്ള മാധ്യമങ്ങള്‍ പക്ഷേ, അത് തങ്ങളുടെ കണ്ടെത്തലായി വാര്‍ത്ത ചെയ്യാന്‍ തയ്യാറായില്ല.
പിന്നീട് സൂര്യ ന്യൂസിന്റെ കേരള മേധാവിയായി മാറിയെങ്കിലും വ്യാജരേഖ ചമച്ചു സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ക്രൈം നമ്പര്‍ 256/2002 കേസ് അനില്‍ നമ്പ്യാരുടെ മാധ്യമ ജീവിതത്തിലെ കറുത്ത പുള്ളിയായി.
അനില്‍ നമ്പ്യാര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ പരിരിണാമത്തിന്റെ അടുത്ത അധ്യായം തുടങ്ങുന്നത് ബിജെപി അനുകൂല നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പിറന്നു വീണ ജനം ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്ററായി ചുമതല ഏറ്റതോടെയാണ്. തുടക്കത്തില്‍ ഒരു ഹിന്ദുത്വ വര്‍ഗ്ഗീയ ചാനല്‍ എന്ന ദുഷ്പേരില്‍ ഒതുങ്ങി നിന്ന ചാനല്‍, 2018ല്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ കേരളമാകെ ആളിക്കത്തിക്കാന്‍ ശ്രമിച്ച ശബരിമല സമരത്തോടെ ഹിന്ദുക്കളുടെ 'ആത്മാഭിമാനം' ഉയര്‍ത്തിപ്പിടിക്കുന്ന സ്വന്തം ചാനല്‍ എന്ന നിലയിലേക്ക് പരകായ പ്രവേശം നേടി. ടാം റേറ്റിംഗില്‍ വലിയ കുതിച്ചു ചാട്ടം നടത്തിയ ചാനല്‍ നിരവധി തെറ്റിദ്ധാരണജനകമായ വാര്‍ത്തകളിലൂടെ ഹിന്ദു വിശ്വാസികളുടെ മനസില്‍ ഇടം പിടിച്ചു. ലവ് ജിഹാദ്, ഐ എസ് റിക്രൂട്ട്മെന്‍റ് തുടങ്ങി ഇസ്ലാമോഫോബിയ ഉയര്‍ത്തിവിടുന്ന നിരവധി ചാനല്‍ സംവാദങ്ങളുടെ അവതാരകന്‍ കൂടിയായി അനില്‍ നമ്പ്യാര്‍ രംഗ പ്രവേശം ചെയ്തു.
ഏറ്റവും ഒടുവില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരുടെ പേര് ഇടം പിടിച്ചിരിക്കുന്നു. പഴയ വ്യാജ രേഖ കേസിനെ ഓര്‍മിപ്പിക്കുന്ന ഒന്നായി മറ്റൊരു തരത്തില്‍ ഈ കേസ് അനിലിന്റെ മാധ്യമ ജീവിതത്തെ മാറ്റിമറിക്കുമോ എന്നു തോന്നിപ്പിക്കുന്ന രീതിയില്‍.
കസ്റ്റംസ് അന്വേഷിച്ചുകൊണ്ടിരിക്കെ ഒളിവില്‍ പോകുന്നതിനു മുന്‍പായി സ്വപ്ന സുരേഷ് ഫോണ്‍ വിളിച്ച പേരുകാരില്‍ പ്രമുഖനായി അനില്‍ നമ്പ്യാര്‍ മാറി. അനിലിന്റെ സഹായം തേടിയതായും മൊഴിയുണ്ട് എന്നാണ് വാര്‍ത്തകള്‍. രാജ്യദ്രോഹ മാനങ്ങളുള്ളതെന്ന് പറഞ്ഞുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രത്യേക നിര്‍ദ്ദേശത്തോടെ എന്‍ ഐ എ അന്വേഷിക്കുന്ന കേസില്‍ ബിജെപി അനുകൂല മാധ്യമ മേധാവി ചോദ്യം ചെയ്യപ്പെടുന്നത് കേരള ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും പിണറായി ഗവണ്‍മെന്റിനെ അടിക്കാനുള്ള മുഖ്യ ആയുധമായി സ്വര്‍ണ്ണക്കളളക്കടത്ത് കേസിനെ ബിജെപി ഉപയോഗിക്കുന്ന ഘട്ടത്തില്‍.
സ്വര്‍ണക്കടത്ത് സംഭവുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ജോലിയുടെ ഭാഗമായാണ് താന്‍ സ്വപ്‌നയെ വിളിച്ചിരുന്നതെന്നാണ് അനില്‍ നമ്പ്യാര്‍ അഴിമുഖത്തോട് പറഞ്ഞത്. കസ്റ്റംസ് വിളിപ്പിക്കുകയാണെങ്കില്‍ ഇക്കാര്യങ്ങളടക്കം തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ തെളിവുകളും സമര്‍പ്പിക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
"കോണ്‍സുലേറ്റിലെ ജീവനക്കാരിയെന്ന നിലയില്‍ ചില ഔദ്യോഗിക പരിപാടികളിലേക്ക് സ്വപ്‌ന എന്നെ ക്ഷണിച്ചിട്ടുണ്ടെങ്കിലും എനിക്കതിലൊന്നും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അറ്റ്‌ലസ് രാമചന്ദ്രന്‍ യുഎഇയില്‍ ജയില്‍ മോചിതനായ ശേഷം അദ്ദേഹത്തിന്റെ ഒരു അഭിമുഖം എടുക്കാന്‍ വേണ്ടി ഏറ്റവും വേഗത്തില്‍ ഒരു വിസിറ്റിംഗ് വിസ ശരിയാക്കിയെടുക്കേണ്ട സാഹചര്യം വരികയും അതിനുവേണ്ടി ഒരു സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം കോണ്‍സുലേറ്റിലെ പിആര്‍ഒ ആയിരുന്ന സരിത്തിനെ ബന്ധപ്പെടുകയുമുണ്ടായി. സരിത്താണ് സ്വപ്നയെ കുറിച്ച് പറയുന്നത്. മാഡം വിചാരിച്ചാല്‍ കാര്യം നടക്കുമെന്ന് സരിത്ത് പറഞ്ഞ പ്രകാരമാണ് സ്വപ്നയെ വിളിക്കുന്നത്. ആവശ്യം പറഞ്ഞപ്പോള്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച്ച ഒരുക്കുകയും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വിസ ശരിയാക്കി കിട്ടുകയും ചെയ്തു. തികച്ചും ഔദ്യോഗികമായി നടന്നൊരു പ്രക്രിയയാണിത്. ഇങ്ങനെയാണ് സ്വപ്നയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ചില സ്ഥലങ്ങളില്‍ വച്ച് കണ്ടിട്ടുണ്ടെങ്കിലും പരസ്പരം അഭിവാദ്യം ചെയ്യുന്നതിനപ്പുറത്തേക്ക് സംസാരം പോയിട്ടില്ല"
. അനില്‍ നമ്പ്യാര്‍ പറയുന്നു.
ഈ വിഷയത്തില്‍ സ്ഥാപനം അനില്‍ നമ്പ്യാര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ജനം ടി.വി ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബുവും പ്രതികരിച്ചു. എന്നാല്‍ വെട്ടിലായ കേരള ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നത് ജനം ടിവി ബിജെപി ചാനല്‍ അല്ല എന്നാണ്.
ഒരു വടക്കന്‍ മലബാറുകാരന്‍ ഇടതു സഹയാത്രികന്‍റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലേക്കുള്ള പരിണാമം എന്ന നിലയില്‍ കൌതുകകരമായ വായനാ സാധ്യത പകര്‍ന്നുതരുന്നതിനൊപ്പം, മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും നിയമ വിരുദ്ധ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവ് കൂടിയായി അനില്‍ നമ്പ്യാര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ജീവിതത്തെ വിലയിരുത്തേണ്ടി വരുമോ എന്ന സന്ദേഹം ജനിപ്പിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളുടെ കാര്‍ ചെയ്സിംഗ് റിപ്പോര്‍ട്ടിംഗ് നടത്തിയില്ലെങ്കിലും സമൂഹ മാധ്യമങ്ങള്‍ ഈ വിഷയം കൊണ്ടാടുമെന്ന കാര്യത്തില്‍ സംശയമില്ല.
തെക്കേടത്തമ്മ കാക്കട്ടെ! (പ്രഥമ തെക്കേടത്തമ്മ മാധ്യമ പുരസ്കാരം ജനം ടിവിക്കായിരുന്നു. അനില്‍ നമ്പ്യാരുടെ രണ്ടു പതിറ്റാണ്ട് കാലത്തെ മാധ്യമ ജീവിതത്തിനിടയിലെ അംഗീകാരങ്ങളില്‍ ഒന്ന്. സമൂഹ മാധ്യമങ്ങള്‍ ട്രോള്‍ ആഘോഷമാക്കിയെങ്കിലും)

Also Read: സ്വപ്നയെ പരിചയപ്പെടുന്നത് സരിത്ത് വഴിയെന്ന് അനിൽ നമ്പ്യാർ; 'കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല', പിന്തുണയുമായി ജനം ടി.വിയും


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories