ബംഗാള്‍ സ്വദേശികളായ മൂന്നു പേരെ ഇന്ന് വെളുപ്പിനെ എറണാകുളത്തു നിന്നും പെരുമ്പാവൂരില്‍ നിന്നുമായി എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അല്‍-ക്വയ്ദ എന്ന ഭീകരസംഘടനയില്‍ സോഷ്യല്‍ മീഡിയ വഴി ആകൃഷ്ടരായവരാണ് ഇവരെന്നും ഇവരുടെ കൂട്ടാളികളായ ആറു പേരെ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും അറസ്റ്റ് ചെയ്തു എന്നാണ് എന്‍ഐഎ വ്യക്തമാക്കിയത്. എന്‍ഐഎ പത്രക്കുറിപ്പിലാകട്ടെ, കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തവരുടെ പേരുവിവരങ്ങള്‍ നല്കിയ കൂട്ടത്തില്‍ കേരളത്തില്‍ നിന്ന് അറസ്റ്റിലായ മൂന്നു പേര് നിലവില്‍ എറണാകുളത്ത് താമസിക്കുന്നവരാണ് എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇവര്‍ ബംഗാള്‍ സ്വദേശികളാണ് എന്ന കാര്യം എന്‍ഐഎ പത്രക്കുറിപ്പില്‍ ഇല്ല. നേരത്തെ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും രംഗത്തു വന്നിരുന്നു.
അറസ്റ്റ് വിവരം പുറത്തു വന്നതോടെ കേരളം ഇസ്ലാമിക് സ്റ്റേറ്റിന്റെയും ജിഹാദികളുടെയും കമ്മ്യൂണിസ്റ്റുകളുടെയും നാടാണ് എന്ന പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിട്ടുണ്ട്. ഐഎസിന്റെ റിക്രൂട്ടിംഗ് കേന്ദ്രമാണ് കേരളമെന്നും ഇവിടെ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കണമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. കേരളത്തിന്റെ സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് നടക്കുന്നതെന്നും ഗള്‍ഫ് രാജ്യങ്ങളും തീവ്രവാദവുമായെല്ലാം ഇത് ബന്ധപ്പെട്ട് കിടക്കുന്നു എന്നും പ്രചരണമുണ്ട്. ടൈംസ് നൌ ഉള്‍പ്പെടെയുള്ള ചില ഇംഗ്ലീഷ് ചാനലുകള്‍ കേരളത്തിലെ ഐഎസ് സംഘത്തെ എന്‍ഐഎ പിടികൂടി എന്ന മട്ടിലാണ് വാര്‍ത്തകള്‍ നല്കിയിരുന്നതും.