സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നു. സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തുന്നതിനായി സര്‍ക്കാരിന്റെ കത്തുമായി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ഉദ്യോഗാര്‍ഥികളുടെ സമര വേദിയിലെത്തി.
ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കത്തു നല്‍കിയതായി സമരക്കാര്‍ സ്ഥീരീകരിച്ചു. സിപിഒ, ലാസ്റ്റ് ട്രേഡ് റാങ്ക് ലിസ്റ്റിലുള്ളവരുമായി ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ്, എഡിജിപി മനോജ് എബ്രഹാം എന്നിവരാണ് ചർച്ച നടത്തുന്നത്. വൈകിട്ട് നാലരയ്ക്കാണ് ചർച്ച.
സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്ന് ഇന്നലെ സി.പി.എം സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് സമരം ചെയ്യുന്നവരുമായി ചര്‍ച്ചക്കില്ലെന്ന നയം സര്‍ക്കാര്‍ തിരുത്തിയത്. സമരക്കാരുമായി ചര്‍ച്ച ചെയ്യാനുള്ള തുറന്ന മനസ് സര്‍ക്കാരിനുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ പ്രതിപക്ഷത്തിന്റെ വലയില്‍ വീണുപോകാതിരുന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.