TopTop
Begin typing your search above and press return to search.

പി.ടി തോമസ് മധ്യസ്ഥനായ ഭൂമി ഇടപാടില്‍ ഒന്നരക്കോടിയുടെ വസ്തു കച്ചവടം ഉറപ്പിച്ചത് 80 ലക്ഷത്തിന്; പണം കൈമാറിയതില്‍ ആദായ നികുതി ചട്ടങ്ങളുടെ ലംഘനവും

പി.ടി തോമസ് മധ്യസ്ഥനായ ഭൂമി ഇടപാടില്‍ ഒന്നരക്കോടിയുടെ വസ്തു കച്ചവടം ഉറപ്പിച്ചത് 80 ലക്ഷത്തിന്; പണം കൈമാറിയതില്‍ ആദായ നികുതി ചട്ടങ്ങളുടെ ലംഘനവും

പി ടി തോമസ് എംഎല്‍എ മധ്യസ്ഥനായ ഇടപ്പള്ളി അഞ്ചുമനയിലെ വസ്തു വില്‍പ്പനയിടപാടില്‍ നടന്നത് ആദായ നികുതി വകുപ്പ് ചട്ടം ലംഘനം. കള്ളപ്പണ വിതരണവും നികുതി വെട്ടിപ്പും തടയുന്നതിന്റെ ഭാഗമായുള്ള ആദായ നികുതി ചട്ടത്തിലെ സെക്ഷന്‍ 269 എസ് ടി പ്രകാരം രണ്ട് ലക്ഷത്തിനു മുകളില്‍ പണം കൈമാറരുതെന്നാണ്. ചെക്ക് നല്‍കിയോ, അകൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്‌തോ വേണം രണ്ടു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ നടത്താന്‍ എന്നാണ് നിയമം പറയുന്നത്. ഈ നിയമം ലംഘിച്ചുള്ള ഇടപാടിനായിരുന്നു ഇടപ്പള്ളിയില്‍ ശ്രമം നടന്നത്. വസ്തു തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥതയ്ക്ക് ഇടപെട്ടു എന്നല്ലാതെ പണം കൈമാറുന്നതുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നുമറിയില്ലെന്നാണ് എംഎല്‍എ വാദിക്കുന്നതെങ്കിലും തന്റെ സാന്നിധ്യത്തില്‍ ഇടപാട് സംസാരിക്കുമ്പോള്‍ രണ്ട് ബാഗുകളിലായി പണം അവിടെ ഉണ്ടായിരുന്നുവെന്ന് പി ടി തോമസ് സമ്മതിക്കുന്നുണ്ട്. എന്നാലത് കള്ളപ്പണമായിരുന്നോ എന്ന് അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. നിയമവിദ്യാഭ്യാസം നേടിയിട്ടുള്ള ഒരാള്‍ എന്ന നിലയില്‍ രാജ്യത്തെ സാമ്പത്തിക നിയമങ്ങളെക്കുറിച്ച് എംഎല്‍എയ്ക്ക് എന്തുകൊണ്ട് അറിയാതെ പോയി എന്നാണ് അദ്ദേഹത്തിനെതിരേയുള്ള ആരോപണം.

പ്രസ്തുത വസ്തു തര്‍ക്കം പരിഹരിക്കുന്നതിന് പി ടി തോമസ് എംഎല്‍എയുടെ മധ്യസ്ഥതയില്‍ നടന്ന രണ്ടാമത്തെ ചര്‍ച്ചയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഒക്ടോബര്‍ രണ്ടാം തീയതി നടന്ന ചര്‍ച്ചയിലാണ് 80 ലക്ഷം രൂപ വസ്തു വിലയായി രണ്ടു കൂട്ടരും സമ്മതിച്ചപ്രകാരം നിശ്ചയിക്കുന്നതെന്ന് പി ടി തോമസ് പറയുന്നുണ്ട്. എന്നാല്‍, പണം ചെക്ക് ആയോ അക്കൗണ്ടിലേക്ക് ഇട്ടോ കൈമാറിയാല്‍ മതിയെന്ന് തീരുമാനം എടുക്കുന്നുണ്ട്. ഇക്കാര്യം 500 രൂപ മുദ്രപത്രത്തിലും എഴുതി ചേര്‍ത്തിരുന്നു. പക്ഷേ, ഈ എഗ്രിമെന്റ് വ്യവസ്ഥ ലംഘിച്ചാണ് പണമായിട്ട് തന്നെ മുഴുവന്‍ തുകയും നല്‍കാന്‍ ശ്രമം നടന്നത്. വ്യാഴാഴ്ച്ച വസ്തു ഉടമയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ തുക പണമായിട്ട് മാത്രമെ നല്‍കൂ എന്നു മുന്‍ വ്യവസ്ഥ വെട്ടിതിരുത്തി എഴുതി ചേര്‍ത്തുവെന്നും ഇത് എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന കാര്യമായിട്ടും അദ്ദേഹം എതിര്‍ത്തില്ലെന്നാണ് സിപിഎം അഞ്ചുമന ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കെ വി ഗിരിജന്‍ പറയുന്നത്. നിയമലംഘനം ആണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് എംഎല്‍എ ഇതിന് കൂട്ടു നിന്നതെന്നും സിപിഎം നേതാവ് കുറ്റപ്പെടുത്തുന്നു. പണം കൈമാറുന്നതിനു മുന്നേ താന്‍ സ്ഥലത്ത് നിന്നും പോയെന്ന എംഎല്‍എയുടെ വാദവും ഗിരിജന്‍ തള്ളിക്കളയുകയാണ്. പണം കൈമാറുന്നത് പി ടി തോമസിന്റെ സാന്നിധ്യത്തിലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുത്ത വ്യക്തി കൂടിയാണ് കെ വി ഗിരിജന്‍.

ഒന്നര വര്‍ഷത്തോളമായി നടക്കുന്ന ഒരു വസ്തു തര്‍ക്കമാണ് ഇപ്പോള്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കൂടി കാരണമായ രീതിയില്‍ ചര്‍ച്ചയായിരിക്കുന്നത്. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെ എന്‍ രവീന്ദ്രനാഥിന്റെ കുടുംബമായ കണ്ണന്തോടത്ത് വക ഭൂമിയില്‍ അമ്പത് വര്‍ഷത്തോളമായി കുടികിടപ്പുകാരനായ ദിനേശന്‍ എന്നയാളുടെ മൂന്നു സെന്റാണ് വിവാദങ്ങള്‍ക്ക് ആധാരം. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളില്‍ ഒരാളായിരുന്നു ദിനേശന്‍. ദിനേശന്റെ മരണശേഷം ഭാര്യ തങ്കമണിക്കും നാല് മക്കള്‍ക്കുമായിരുന്നു അവകാശം. കുടികിടപ്പ് അവകാശം കിട്ടിയ വസ്തുവില്‍ ഒരു ചെറിയ വീടും ഉപജീവന മാര്‍ഗമായി ഒരു ചായക്കടയും ഇവര്‍ക്കുണ്ടായിരുന്നു. ദിനേശന്റെ മക്കളില്‍ ഒരാളായ ജയപ്രകാശ് (ബാബു), പി ടി തോമസ് 2001-2006 കാലത്ത് എംഎല്‍എ ആയിരിക്കെ അദ്ദേഹത്തിന്റെ ഡ്രൈവറായി ജോലി നോക്കിയിരുന്നു. ജയപ്രകാശിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യക്ക് മൂന്നു സെന്റ് വസ്തുവില്‍ അവകാശം കിട്ടി.

കെ എന്‍ രവീന്ദ്രനാഥിന്റെ സഹോദരിയുടെ പേരിലുള്ള ഭൂമി വി എസ് രാമകൃഷ്ണന്‍ എന്ന കുപ്പി രാമകൃഷ്ണന് വില്‍പ്പന നടത്തിയതിനു പിന്നാലെയാണ് ദിനേശന്റെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ ആരംഭിക്കുന്നത്. കുടികിടപ്പ് അവകാശം നിലനിര്‍ത്തിക്കൊണ്ടു തന്നെയായിരുന്നു ബാക്കി ഭൂമി രാമകൃഷ്ണന് വില്‍പ്പന നടത്തുന്നത്. ഈ ഭൂമി വാങ്ങുകയാണെങ്കില്‍ തക്കതായ പ്രതിഫലം കൊടുക്കണമെന്നും മറ്റൊരു സ്ഥലം കണ്ടെത്തി വീട് നിര്‍മിച്ചു നല്‍കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, വ്യവസ്ഥകളൊന്നും പാലിക്കാതെ ഈ മൂന്നു സെന്റ് കൂടി കൈക്കലാക്കാന്‍ വേണ്ടി രാമകൃഷ്ണന്‍ പല തരത്തിലും തങ്ങളെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് ദിനേശന്റെ മൂത്തമകന്‍ രാജീവന്റെ പരാതി. വീട് തകര്‍ക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നതായി രാജീവന്‍ പരാതിപ്പെടുന്നുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ പലരുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകളും നടന്നിരുന്നു. സിപിഎമ്മുകാരായ രാജീവന്റെയും കുടുംബവും തന്റെയടുക്കലും പരാതിയുമായി എത്തിയതിന്റെ അടിസ്ഥാനത്തിലാണ് മധ്യസ്ഥതയ്ക്ക് തയ്യാറായതെന്നാണ് പി ടി തോമസ് പറയുന്നത്.

എന്നാല്‍, സിപിഎം പറയുന്നത്, തങ്ങള്‍ ഇടപെട്ട് പല തവണ ഈ പ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും ആദ്യം അംഗീകരിച്ചശേഷം ഒഴിഞ്ഞുമാറുന്ന സ്വഭാവമായിരുന്നു രാമകൃഷ്ണന്റെതെന്നാണ്. ഒരു കോടി മൂന്നു ലക്ഷം രൂപയ്ക്ക് രാജീവന്റെയും കുടുംബത്തിന്റെയും വസ്തു വാങ്ങാമെന്ന് രാമകൃഷ്ണന്‍ സമ്മതിച്ചിരുന്നതാണെന്നും എന്നാല്‍, അതിനുശേഷം രാമകൃഷ്ണന്‍ പിന്‍വാങ്ങുകയാണുണ്ടായതെന്നും സിപിഎം നേതാക്കള്‍ പറയുന്നു. പിന്നീടയാള്‍ കൊച്ചിയിലെ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ സമീപിക്കുകയും അവരുടെ ഇടപെടലില്‍ ഒരു കോടിക്കു മുകളില്‍ വില പറഞ്ഞിരുന്ന ഭൂമി ആദ്യം എണ്‍പത്തിയഞ്ച് ലക്ഷത്തിനും അതിനുശേഷം എണ്‍പത് ലക്ഷത്തിനും കച്ചവടം ഉറപ്പിക്കുകയാണുണ്ടയതെന്നും സി പി എം വൈറ്റില ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. കെ.ഡി വിന്‍സെന്റ് പറയുന്നു. രാമകൃഷ്ണന് ഇരുപത് ലക്ഷത്തിനു മുകളില്‍ ലാഭം ഉണ്ടാക്കി കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ കച്ചവടം ഉറപ്പിച്ചു നല്‍കിയതെന്നാണ് പാര്‍ട്ടിയുടെ ആക്ഷേപം. സെന്റിന് അമ്പത് ലക്ഷം രൂപ മതിപ്പ് വിലയുളള സ്ഥലമായതിനാല്‍ ഒരു കോടിക്കു മുകളിലുള്ള തുക ന്യായമായും ദിനേശന്റെ കുടുംബത്തിന് കിട്ടണമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഉറപ്പിച്ചത് വെറും 80 ലക്ഷമാണെന്നും ഇതിനു പിന്നില്‍ ചതി നടന്നിട്ടുണ്ടെന്നുമാണ് സിപിഎം പറയുന്നത്.

ദിനേശന്റെ കുടുംബവും രാമകൃഷ്ണനും തമ്മലുള്ള തര്‍ക്കം തീര്‍ക്കാന്‍ രാമകൃഷ്ണനോട് സംസാരിച്ചപ്പോള്‍ അയാള്‍ കൂടി ആവശ്യപ്പെട്ടിട്ടാണ് താന്‍ ഇടപെടുന്നതെന്നാണ് പി ടി തോമസ് പറയുന്നത്. രാമകൃഷ്ണനെ നേരത്തെ പരിചയം ഉണ്ടെന്നും സമ്മതിക്കുന്നുണ്ട്. വസ്തുവിന്റെ വിലയായിട്ടാണ് അമ്പത് ലക്ഷം രൂപ കൊണ്ടുവന്നത്. ഈ പണം കള്ളപ്പണമാണോ അറിയില്ല. കള്ളപ്പണമാണെങ്കില്‍ രാമകൃഷ്ണനെതിരേ നടപടിയെടുക്കണം. കമ്യൂണിസ്റ്റുകാരായ രാജീവിനെയും കുടുംബത്തെയും സഹായിക്കാനാണ് വിഷയത്തില്‍ ഇടപെട്ടതെന്നും അവര്‍ക്ക് വേണ്ടി ഇനിയും നിലകൊള്ളുമെന്നുമാണ് എംഎല്‍എ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, കരാറില്‍ വസ്തുവിന്റെ വില ചെക്ക് ആയിട്ടോ അകൗണ്ടില്‍ ഇട്ടോ നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി എംഎല്‍എ നല്‍കുന്നുമില്ല.


Next Story

Related Stories