TopTop
Begin typing your search above and press return to search.

തീപിടിത്തം: പ്രതിപക്ഷ നേതാവ് നാളെ വിശദമായ നിവേദനം ഗവര്‍ണര്‍ക്ക് സമര്‍‍പ്പിക്കും; സെക്രട്ടേറിയറ്റിന്റെ ചുമതല കേന്ദ്ര സേനയെ ഏല്‍പ്പിക്കണമെന്ന് ബിജെപി

തീപിടിത്തം: പ്രതിപക്ഷ നേതാവ് നാളെ വിശദമായ നിവേദനം ഗവര്‍ണര്‍ക്ക് സമര്‍‍പ്പിക്കും; സെക്രട്ടേറിയറ്റിന്റെ ചുമതല കേന്ദ്ര സേനയെ ഏല്‍പ്പിക്കണമെന്ന് ബിജെപി

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിന്റെ എല്ലാ തെളിവുകളും നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റില്‍ തീപിടിത്തം ഉണ്ടായതെന്ന നിലപാടിലുറച്ചു നില്‍ക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജ്ഭവനിലെത്തി ഗവര്‍ണ്ണറെ സ്ഥിതിഗതികള്‍ ധരിച്ചിപ്പിച്ചു. നാളെ വിശദമായ നിവേദനം ഗവര്‍ണ്ണര്‍ക്ക് നല്‍കുമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞു. എംഎല്‍എമാരായ വിഎസ് ശിവകുമാര്‍, പികെ ബഷീര്‍, വി ടി ബല്‍റാം എന്നിവരും പ്രതിപക്ഷനേതാവിനോടൊപ്പമുണ്ടായിരുന്നു.

ഫയലിന് തങ്ങള്‍ തീവച്ചതാണെന്ന് പ്രോട്ടോക്കോള്‍ ഓഫീസര്‍ തന്നെ പറയുന്നുവെന്നാണ് രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ഗുരുതരമായ മറ്റൊരു ആരോപണം.

അതെസമയം സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിക്കുന്നതിനായി ചീഫ് സെക്രട്ടറി സമിതിയെ രൂപീകരിച്ചു. ദുരന്തനിവാരണ കമ്മിഷണർ ഡോ.എ.കൗശിഗൻ ഐഎഎസാണ് കമ്മിറ്റിയുടെ തലവൻ. ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, ഫയർ ആൻറ് റെസ്ക്യൂ സർവീസ് ഡയറക്ടർ നൗഷാദ്, പിഡബ്ല്യുഡി ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ കോശി ജോൺ, ഊർജ വകുപ്പ് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

തീപിടിത്തത്തിന്റെ കാരണങ്ങള്‍, നാശനഷ്ടം, നഷ്ടപ്പെട്ട ഫിസിക്കല്‍ ഫയലുകള്‍ ഏതെല്ലാം, അട്ടിമറിശ്രമം നടന്നിട്ടുണ്ടോ എന്നുതുടങ്ങിയ കാര്യങ്ങളാണ് ഈ സമിതി അന്വേഷിക്കുക. ഇതോടൊപ്പം ക്രൈംബ്രാഞ്ചും അന്വേഷിക്കും. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

സെക്രട്ടേറിയറ്റിന്റെ ചുമതല കേന്ദ്ര സേനയെ ഏല്‍പ്പിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുകയാണ് ബിജെപി. യുഡിഎഫ് നാളെ കരിദിനം ആചരിക്കുകയും ചെയ്യുന്നു.

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗം അതീവരഹസ്യ സ്വഭാവമുള്ള ഫയലുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമാണെന്ന് മനോരമ റിപ്പോര്‍‌ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾ, കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയിലും ഈ വിഭാഗത്തിന് നിര്‍ണായക പങ്കുണ്ടെന്ന് ഉല്ലാസ് ഇലങ്കത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും പ്രോട്ടോകോൾ വിഭാഗമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, എന്‍ ഐ എയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടന്ന് വരാന്‍ പോകുന്നുവെന്ന് കണ്ടുകൊണ്ടാണ് ഈ ഫയലുകള്‍ എല്ലാം നശിപ്പിച്ചതെന്ന് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കള്ളത്തരങ്ങളും തീവെട്ടിക്കൊള്ളയും പുറത്ത് വരുമെന്ന് പേടിച്ചാണ് ഈ ഫയലുകളൊക്കെ നശിപ്പിച്ചത്. സെക്രട്ടറിയേറ്റിലെയും, ക്‌ളിഫ് ഹൗസിലെയും സി സി ടി വി കാമറകള്‍ ഇടിവെട്ടിപ്പോയി എന്നാണ് പറയുന്നത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ് ക്രെസന്റും സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവച്ച എം ഒ യുവിന്റെ ഒരു കോപ്പി പ്രതിക്ഷ നേതാവ് ചോദിച്ചിട്ട് മൂന്നാഴ്ചയാകുന്നു. ഇതുവരെ സര്‍ക്കാര്‍ തന്നില്ല. എല്ലാം മറച്ച് വയ്കുന്ന ഭരണഘനാപരമായ പ്രവര്‍ത്തിക്കാത്ത ഒരു സര്‍ക്കാരാണിത്. ആ സര്‍ക്കാരിന്റെ അഴിമതികളെക്കുറിച്ച് വളരെ ദീര്‍ഘമായി ഗവര്‍ണ്ണറോട് സംസാരിച്ചുവെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ ഉള്‍പ്പെടെയുളളവരുടെ കൈ തീപിടുത്തത്തിന്റെ പിന്നിലുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഈ സംഭവങ്ങളെ ലാഘവ ബുദ്ധിയോടെ കാണാന്‍ കഴിയില്ലന്നും പ്രതിപക്ഷ നേതാവ് ഗവര്‍ണ്ണറോട് പറഞ്ഞു.അത് കൊണ്ട് തന്നെ ഭരണത്തലവന്‍ എന്ന നിലയില്‍ ഗവര്‍ണ്ണറുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.


Next Story

Related Stories