Top

കേരള ബാങ്കിന് അംഗീകാരം; ആര്‍ബിഐയില്‍ നിന്നുള്ള അനുമതിക്കത്ത് സര്‍ക്കാരിന് ലഭിച്ചു

കേരള ബാങ്കിന് അംഗീകാരം; ആര്‍ബിഐയില്‍ നിന്നുള്ള അനുമതിക്കത്ത് സര്‍ക്കാരിന് ലഭിച്ചു

കേരള ബാങ്ക് തുടങ്ങാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ആര്‍ബിഐയില്‍ നിന്നും ഇതിനുള്ള അനുമതിക്കത്ത് കേരളത്തിന് ലഭിച്ചു. ഇതനുസരിച്ച് നവംബര്‍ ഒന്നിന് കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകും. ഇതോടെ സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി കേരള ബാങ്ക് പ്രവര്‍ത്തിക്കും.

വലിയ പ്രതിസന്ധികളും നിയമപ്രശ്‌നങ്ങളും മറികടന്നാണ് കേരള ബാങ്കിന് അനുമതി ലഭിക്കുന്നത്. ബാങ്ക് രൂപീകരണത്തെ അനുകൂലിച്ച് സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നെങ്കിലും മലപ്പുറം ജില്ലാ ബാങ്ക് ഇതിനെ എതിര്‍ത്തിരുന്നു. ഇതോടെ കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയിലാകുകയായിരുന്നു. പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചത്. ഈ നടപടി ആര്‍ബിഐ അംഗീകരിച്ചു.

സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് അതിനെ കേരള ബാങ്കായി പുനര്‍നാമകരണം ചെയ്യുകയെന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി. ഇതിനുള്ള പ്രാഥമിക അപേക്ഷ തത്വത്തില്‍ അംഗീകരിച്ച റിസര്‍വ് ബാങ്ക് കേരള ബാങ്ക് രൂപീകരണത്തിന് 19 നിബന്ധനകളും മുന്നോട്ട് വച്ചു. എല്ലാ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളും പൊതുയോഗം വിളിച്ച് അതില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ലയനത്തിന് അനുകൂല പ്രമേയം പാസാക്കണമെന്ന നിബന്ധനയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ആര്‍ബിഐ നിര്‍ദ്ദേശിച്ചതു പ്രകാരം സംസ്ഥാനത്തെ 13 ജില്ലകളിലെ ബാങ്കുകളും പൊതുയോഗം വിളിച്ച് ലയനത്തിന് അനുകൂലമായി പ്രമേയം പാസാക്കിയെങ്കിലും യുഡിഎഫ് നിയന്ത്രണത്തിലുള്ള മലപ്പുറം സഹകരണ ബാങ്ക് ഭരണസമിതി യോഗം ചേര്‍ന്ന് കേരള ബാങ്കിന് എതിരായി പ്രമേയം പാസാക്കി. ഇതോടെ കേരള ബാങ്ക് രൂപീകരണത്തിനുള്ള നടപടികളും തടസ്സപ്പെട്ടു. തുടര്‍ന്ന് പൊതുഭരണ സമിതി യോഗത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതില്ലെന്നും യോഗത്തിന്റെ അംഗീകാരം മാത്രം നേടിയാല്‍ മതിയെന്നുമുള്ള ഭേദഗതിയോടെ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി.

ഈ നിയമഭേദഗതി സര്‍ക്കാര്‍ ആര്‍ബിഐയ്ക്ക് അയച്ചുകൊടുക്കുകയും അത് ആര്‍ബിഐ അംഗീകരിക്കുകയുമായിരുന്നു. അതേസമയം ബാങ്ക് രൂപീകരണത്തെ എതിര്‍ക്കുന്ന മലപ്പുറം ജില്ലാ ബാങ്കിന്റെ ഭാവി എന്താകുമെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ ആര്‍ബിഐ മുന്നോട്ട് വച്ചിട്ടുണ്ടോയെന്നും ഇനിയും വ്യക്തമായിട്ടില്ല.


Next Story

Related Stories