TopTop
Begin typing your search above and press return to search.

'എന്റെ കൊച്ചിനെ കൊന്നത് ആരാണെന്ന് അറിയണം'; പത്തുവര്‍ഷമായി പോരാട്ടം തുടര്‍ന്ന് ഭരതന്നൂരിലെ ആദര്‍ശിന്റെ മാതാവ്

'ഇതിന്റെ പുറകെ പോകുന്നത് എന്റെ കൊച്ചിനെ കൊന്നത് ആരാണന്ന് അറിയാനാണ്. അവരെ അറസ്റ്റ് ചെയ്യണം. അതിനായി ഏതറ്റംവരെയും ഞങ്ങള്‍ പോകും.' തളര്‍ന്ന സ്വരത്തോടെ ഷീല പറഞ്ഞു. തിരുവനന്തപുരം ഭരതന്നൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ആദര്‍ശ് എന്ന 14കാരന്റെ മരണത്തിന് കാരണമെന്തെന്ന് അറിയാന്‍ പത്ത് വര്‍ഷമായി പോരാട്ടം നടത്തുകയാണ് ഷീലയും വിജയനും. ഇവരുടെ ശ്രമത്തിന്റെ ഫലമായി കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്. പത്ത് വര്‍ഷത്തിന് ശേഷം മൃതദേഹം വീണ്ടും പുറത്തെടുത്ത് റീ-പോസ്റ്റുമോര്‍ട്ടം ചെയ്യുകയാണ് ഇപ്പോള്‍. രാമരശ്ശേരി വിജയവിലാസത്തില്‍ വിജയന്റെയും ഷീലയുടെയും മകനായ അപ്പു എന്ന് വിളിക്കുന്ന ആദര്‍ശ് വിജയന്റെ മരണം സംബന്ധിച്ചുള്ള അവ്യക്ത നീക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ഈ നടപടി. 2009 ഏപ്രില്‍ അഞ്ചിന് വൈകിട്ട് പാല്‍ വാങ്ങാനായി പുറത്തേക്ക് പോയ ആദര്‍ശിനെ പിന്നീട് വീടിന് സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആദര്‍ശിന്റെ മാതാപിതാക്കള്‍ തന്റെ മകന്റെ മരണത്തിന്റെ യാഥാര്‍ഥ കാരണമെന്തെന്ന് അറിയണമെന്നുള്ള പോരാട്ടത്തിലാണ്. ബന്ധുക്കളുടെയും നാട്ടുകാരുടെ സഹായത്തോടെ അവര്‍ ആ കേസിന് പിന്നാലെ തന്നെയാണ്. 'എനിക്ക് എന്റെ കൊച്ചിനെ കൊന്നത് ആരായാലും അവരെ അറസ്റ്റ് ചെയ്യണം. ഞാനൊരു രോഗിയാണ്. എന്നിട്ടും ഇതിന്റെ പുറകെ പോകുന്നത് എന്റെ കൊച്ചിനെ കൊന്നത് ആരാണന്ന് അറിയാനാണ്. അതിനായി ഏതറ്റംവരെയും ഞങ്ങള്‍ പോകും. ഒരു അമ്മയെന്ന രീതിയില്‍ അത്രയും സഹിച്ച് ഇത്രയും എത്തി. എന്നെക്കൊണ്ട് താങ്ങാന്‍ പറ്റുന്നില്ല..' ആദര്‍ശിന്റെ മാതാവ് ഷീലയുടെ സങ്കടം അവസാനിക്കുന്നില്ല.

ആദര്‍ശിന്റെ മാമന്‍ സുരേഷ് സംഭവത്തെക്കുറിച്ച് പറയുന്നത്, 'ഞങ്ങള്‍ കുറച്ച് മാറിയാണ് താമസിക്കുന്നത്. സംഭവം നടന്ന ദിവസം വൈകിട്ട് വിജയന്‍ (ആദര്‍ശിന്റെ പിതാവ്) കൊച്ചിനെ കാണാനില്ല, വീട്ടിലുണ്ടോയെന്ന് അന്വേഷിച്ചു വിളിച്ചിരുന്നു. ഇവിടെ വന്നിട്ടില്ലെന്ന് അറിയിച്ചിട്ട്, അപ്പോ തന്നെ വണ്ടി വിളിച്ച് ഇവിടെ വന്നു. ഭയങ്കര മഴയായിരുന്നു. നാട്ടുകാരൊക്കെ ഉണ്ടായിരുന്നു ഇവിടെ. അടുത്തൊരു അമ്പലത്തില്‍ ഉത്സവമുണ്ടായിരുന്നു. അവിടെയൊക്കെ ആള് പോയി. അവിടെയെങ്ങും കണ്ടില്ല.. ആദ്യം കാണുന്നത്, പാല്‍ക്കുപ്പിയും ചെരിപ്പും പാന്റും കുളത്തിന്റെക്കരയിലിരിക്കുന്നതാണ്. അപ്പോ സംശയം തോന്നി. പോലീസുകാരെ അറിയിച്ചു അവര് വന്ന് കുളത്തില്‍ പരിശോധിച്ചു. അവിടുന്ന് ബോഡികിട്ടി. അന്ന് വേറെ ഒന്നും അന്വേഷിച്ചില്ല. കൊച്ചിനെ കാണാതായതിന്റെയും ഇങ്ങനെ സംഭവിച്ചതിന്റെയും വിഷമത്തില്‍ അതൊക്കെ നോക്കാന്‍ വിട്ടുപോയി. പിന്നെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ മുങ്ങിമരിച്ചതല്ലെന്നും മരണം വെള്ളംകുടിച്ചുള്ളതല്ലെന്നും അറിഞ്ഞു. കൂടാതെ മഴയ്ക്ക് മുമ്പ് സംഭവം നടന്നിട്ട് മഴയക്ക് ശേഷം കുളത്തില്‍ കൊണ്ടുപോയി ഇട്ടതാണ്. ചെരിപ്പും പാല്‍ക്കുപ്പിയും പാന്റും ഇതൊന്നും നനഞ്ഞിട്ടില്ല. അങ്ങനെയായപ്പോഴാണ് ഞങ്ങള്‍ക്ക് സംശയം തോന്നുന്നത്. കേസില്‍ സത്യം അറിയണമെന്ന് വന്നതുമൊക്കെ..'

'എന്നെ സംബന്ധിച്ച് ശത്രുക്കളില്ല. ഇന്നുവരെയും ഒരാളെയും തെറ്റായി ഒന്നും ചെയ്തിട്ടില്ല. ഇതിന്റെ ദുരൂഹത തെളിയിക്കപ്പെടണം.' എന്നാണ് ആദര്‍ശിന്റെ പിതാവ് വിജയന്‍ പ്രതികരിച്ചത്, '2009 ഏപ്രില്‍ അഞ്ചാം തീയതി ഈ വീട്ടില്‍ നിന്ന് പാല്‍ വാങ്ങാന്‍ പോയതാണ്. മൂന്നരയ്ക്കാണ് പോയത്. പോയവന്‍ തിരിച്ചുവന്നില്ല. രാത്രി പതിനൊന്നുമണിവരെയൊക്കെ നോക്കിയിട്ടും രക്ഷയില്ല. പലയിടത്തും തിരക്കി പോയി. പിന്നെ കുളത്തില്‍ നിന്ന് കിട്ടിയെന്ന് ഫോണ്‍ വന്നു. ഞാന്‍ കാണുന്നത് പിറ്റേദിവസം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞതിന് ശേഷമാണ്. അതുകഴിഞ്ഞ് ബോഡി കൊണ്ടുവന്ന് അടക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടികഴിഞ്ഞപ്പോഴാണ് അറിയുന്നത്. മരണം മുങ്ങിമരണമല്ല എന്ന്. ശ്വാസകോശത്തില്‍ ചെളികയറിട്ടില്ല. പിന്നെ തലക്ക് അടിയേറ്റിട്ടുണ്ടെന്നാണ്.. ലോക്കല്‍ പോലീസ് തെളിവില്ലെന്ന് പറഞ്ഞ് തള്ളി. പിന്നെ കുറെ നടന്നതിന് ശേഷമാണ് കേസ് ക്രൈംബ്രാഞ്ചിലേക്ക് എത്തുന്നത്. അതിന് ശേഷം ഒരുപാട് അന്വേഷണങ്ങള്‍ നടന്നു.. കാലം കടന്നുപോയി, പത്തുവര്‍ഷമായി. നാട്ടുകാരൊക്കെ സാമ്പത്തികമായി സഹായിച്ചിട്ടാണ് ഞാന്‍ കേസുമായി പോയത്. എന്നെകൊണ്ടുമാത്രം ഒരിക്കലും ഇത്രയും പോകാന്‍ പറ്റില്ലായിരുന്നു. ഇതിന്റെ ഏതുവരെ പോകാന്‍ പറ്റുമോ അതുവരെയും ഞാന്‍ പോകും. ഇതിന് ഒരു തീരുമാനം ഉണ്ടാകണം. അവര് പ്രതിയെ പിടിച്ച് കഴിഞ്ഞാല്‍ പിന്നെ എനിക്ക് ഒന്നും പറയാനില്ല...' വിജയന്‍ പറഞ്ഞുനിര്‍ത്തി.

കടയ്ക്കാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ തലക്കടിയേറ്റതാണ് ആദര്‍ശിന്റെ മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജവും കണ്ടെത്തിയിരുന്നു. കേസ് ആദ്യം അന്വേഷിച്ച പാങ്ങോട് പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിരുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേസെടുത്ത ക്രൈംബ്രാഞ്ച്, ലൈംഗിക പീഡന ശ്രമത്തെ തുടര്‍ന്നാണ് ആദര്‍ശ് മരിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തിയത്. കേസില്‍ നിരവധിപ്പേരെ ചോദ്യം ചെയ്യുകയും രണ്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലും താരതമ്യ പരിശോധനകളിലുമെല്ലാം വീഴ്ചയുണ്ടായെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടറുടെ സാന്നിധ്യത്തില്‍ മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം പ്രതികരിക്കുമെന്ന് കേസിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്‍ അഴിമുഖത്തോട് പറഞ്ഞു.

ലോക്കല്‍ പോലീസ് മുങ്ങിമരണമെന്ന് വിധിയെഴുതിയ കേസില്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എത്തുന്നത്. കുട്ടിയുടെ തലയില്‍ ഏറ്റ ശക്തമായ അടിയാകാം മരണകാരണം എന്നുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കൊലപാതകി ഉപയോഗിച്ചതായി കരുതുന്ന മണ്‍ വെട്ടികൈയും ആദര്‍ശിന്റെ മൃതദേഹം കണ്ടെടുത്ത കുളത്തില്‍ നിന്ന് കണ്ടെത്തിയതുമാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയത്. കുട്ടിയുടെ പാന്റില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു. കൂടാതെ മറ്റെവിടെയെങ്കിലും വച്ച് കൊല നടത്തിയ ശേഷം മൃതദേഹം കുളത്തില്‍ കൊണ്ടിട്ടതാകാം എന്ന സംശയിക്കാനുള്ള തെളിവുകളുമുണ്ടായിരുന്നു. ഇതെല്ലാം സംഭവത്തിന് അടുത്തുള്ള ദിവസങ്ങളില്‍ ലോക്കല്‍ പോലീസിനോട് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കുളത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ ആള്‍ സാന്നിധ്യവും രാമരശ്ശേരി കലുങ്കില്‍ സ്ഥിരം ഇരിക്കുന്നവരെയും സംശയമുണ്ടെന്ന് കാണിച്ച് വിവരങ്ങള്‍ നാട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു.

എന്നാല്‍ പാങ്ങോട് പോലീസ് കുട്ടിയുടെ മരണം മുങ്ങിമരണമാണ് സംഭവിച്ചതെന്ന് തരത്തില്‍ കേസവസാനിപ്പിക്കാനാണു ശ്രമിച്ചത്. ശക്തമായ സാഹചര്യത്തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ആദര്‍ശിന്റെ ദുരൂഹ മരണം തെളിയാതെ പോയത് ലോക്കല്‍ പോലീസ് അന്വേഷണത്തിന്റെ ഗുരുതരമായ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സൂചനയുണ്ടാകുകയും ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ വസ്ത്രത്തില്‍ പീഡനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്നും ലോക്കല്‍ പോലീസിന് അന്വേഷണത്തില്‍ വീഴ്ചകളുണ്ടായെന്നും ഉന്നത ഉദ്യോഗസ്ഥരും വിലയിരുത്തി. ഇതോടെ നാട്ടുകാരും ആക്ഷന്‍ കൗണ്‍സിലും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 2013ലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ആദ്യം തന്നെ കൊലപാതക സൂചന കണ്ടെത്തിയിരുന്നുവെങ്കിലും സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെ കണ്ടെത്തുന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് മുമ്പോട്ട് പോകാന്‍ കഴിഞ്ഞിരുന്നില്ല. മുങ്ങി മരണമല്ലെന്നും തലക്കടിയേറ്റതാകാം മരണകാരണമെന്നും കണ്ടെത്തിയ ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ പല വിവരങ്ങളും കേസ് ഡയറിയില്‍ ഉള്‍പ്പെടുത്താത്തതിനാലാണ് ഇപ്പോള്‍ റീപോസ്റ്റുമോര്‍ട്ടം നടത്തേണ്ടി വന്നത്. കൂടാതെ പീഡനം നടന്നിട്ടുണ്ടോ എന്നുള്‍പ്പടെയുള്ള കാര്യങ്ങളില്‍ തെളിവ് പരിശോധനയില്‍ തേടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് കേസില്‍ കാര്യമായ പുരോഗതി ഉണ്ടായത്. ക്രൈംബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനാണ് ബന്ധുക്കളോട് ആദര്‍ശിന്റെ മരണം കൊലപാതകമാകാനുള്ള സാധ്യതയുള്ളതിനാല്‍ കല്ലറ തുറന്നുള്ള പരിശോധന ആവശ്യപ്പെടണമെന്ന് അറിയിച്ചത്.

കല്ലറ തുറന്നുള്ള പരിശോധനയ്ക്ക് ആദ്യം ബന്ധുക്കളുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനമുണ്ടായില്ല. കേസില്‍ അലംഭാവം കാണിച്ചുവെന്ന് ആരോപിച്ച് ലോക്കല്‍ പോലീസിനെതിരേ ശക്തമായ നിലപാടെടുത്തിരുന്ന ആക്ഷന്‍ കൗണ്‍സിലിലെ ചിലരും ഇതിന് താല്‍പര്യം പ്രകടപ്പിച്ചില്ല. ആക്ഷന്‍ കൗണ്‍സിലുള്ള ചിലരുടെ നിലപാട് സംശയത്തിനിടയാക്കുകയും അന്വേഷണത്തില്‍ തുടര്‍ന്ന് ഈയാളുകള്‍ പ്രതിപട്ടികള്‍ പെടുകയും ചെയ്തു. തുടര്‍ന്ന് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ബന്ധുക്കളെ കാണുകയും ഡി.എന്‍.എ പരിശോധനയുടെ ആവശ്യകതയെപ്പറ്റിയും കല്ലറ പൊളിക്കുമ്പോള്‍ കിട്ടാന്‍ സാധ്യതയുള്ള തെളിവുകളെപ്പറ്റിയും മനസിലാക്കിച്ചപ്പോള്‍ അവര്‍ അനുകൂല നിലപാട് എടുക്കുകയായിരുന്നു.

കേസില്‍ നിരവധിപ്പേരെ ചോദ്യം ചെയ്തിരുന്നു. കുറ്റവാളിയെ കണ്ടെത്തുന്നതിനായി പ്രദേശത്തെ ഒരു ഒഴിഞ്ഞ വീട് കേന്ദ്രീകരിച്ച് തമ്പടിച്ചിരുന്ന ചിലരെപ്പറ്റിയും പ്രദേശത്തെ വിജനമായ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങുന്നവരെപ്പറ്റിയുമൊക്കെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നൂറിലധികം പേരുടെ പട്ടികയായിരുന്നു ആദ്യം തയ്യാറാക്കിയത്. അവരില്‍ നടത്തിയ തെളിവെടുപ്പില്‍ നിന്ന് ഇത് പതിനെട്ട് പേരായും പിന്നീടത് നാലുപേരിലുമെത്തി. രണ്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്നവരും ആക്ഷന്‍ കൗണ്‍സിലില്‍ ഉള്‍പ്പെട്ടിട്ടുള്ള ചിലരുമായുള്ള ഫോണ്‍ സംഭാഷണം കേരള പോലീസിന്റെ സൈബര്‍ഡോമിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആദര്‍ശിന്റെ കല്ലറ തുറന്ന് ശേഖരിച്ച ശരീരാവശിഷ്ടങ്ങളില്‍ ഫൊറന്‍സിക് വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനാഫലം ലഭിച്ചാല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കും. ഇതിനായി ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള വിവിധ ശാസ്ത്രീയ പരിശോധനകള്‍ക്ക് ആദര്‍ശിന്റെ ശരീരാവശിഷ്ടങ്ങള്‍ വിധേയമാക്കും.


Next Story

Related Stories