TopTop
Begin typing your search above and press return to search.

കുടിവെള്ളത്തില്‍ വര്‍ഗീയതയുടെ വിഷം; ശോഭ കരന്തലജെയുടെ ട്വീറ്റ് മലപ്പുറത്തെ ഈ ദളിത് കോളനിയെ ദേശീയ തലത്തില്‍ എത്തിച്ചു; എന്താണ് യഥാര്‍ത്ഥ വസ്തുത?

കുടിവെള്ളത്തില്‍ വര്‍ഗീയതയുടെ വിഷം; ശോഭ കരന്തലജെയുടെ ട്വീറ്റ് മലപ്പുറത്തെ ഈ ദളിത് കോളനിയെ ദേശീയ തലത്തില്‍ എത്തിച്ചു; എന്താണ് യഥാര്‍ത്ഥ വസ്തുത?

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തിന് സമീപം പൈങ്കണ്ണൂരിലെ ഫാത്തിമയ്ക്ക് പൗരത്വത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചോ, അത് രാജ്യത്തെമ്പാടും സൃഷ്ടിച്ചിട്ടുള്ള അസ്വസ്ഥതകളെക്കുറിച്ചോ അറിയില്ല. പക്ഷെ ഫാത്തിമയെ ഇപ്പോള്‍ പലര്‍ക്കും അറിയാം. അതും പൗരത്വത്തിന്റെ പേരില്‍ തന്നെ. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചവര്‍ക്ക് കുടിവെള്ളം നിഷേധിച്ച സ്ത്രീയായിട്ടാണ് ഇവരെ ചിലരെങ്കിലും വിളിക്കുന്നത്. ഫാത്തിമയേയും പൗരത്വ നിയമത്തെ അനുകൂലിച്ചതിന് കുടിവെള്ളം നിഷേധിച്ചുവെന്ന് പറയുന്നവരെയും അവിടുത്തെ കോളനിക്കാരെയും കാണാനാണ് പൈങ്കണ്ണൂരിലേക്ക് പോയത്. അവിടെ എത്തിയപ്പോള്‍ കണ്ട യാഥാര്‍ത്ഥ്യം പുറത്ത് പ്രചരിക്കുന്ന കഥകളെ സാധൂകരിക്കുന്നതായിരുന്നില്ല. മറിച്ച് വികസനത്തിന്റെ മേനിപറച്ചിലുകള്‍ക്ക് അപ്പുറത്തായ ഒരു ദേശവും, കുടിവെള്ളത്തിന് പോലും കടുത്ത ക്ഷാമം നേരിടുന്ന ഒരു ജനതയേയുമാണ് അവിടെ കണ്ടത്. മറ്റൊന്നു കൂടി ആളുകളോട് സംസാരിച്ചപ്പോള്‍ മനസ്സിലായി. സാധാരണ ജീവിതം അസാധ്യമാക്കുന്ന അവികസിതാവസ്ഥയെന്നത് വര്‍ഗീയശക്തികള്‍ക്ക് വിളവെടുപ്പ് നടത്താവുന്ന ഭൂമി കൂടിയാണെന്നതാണ്. എങ്ങനെയാണ് പൈങ്കണ്ണൂര്‍ സങ്കുചിതത്വത്തിന്റെ, അസഹിഷ്ണുതയുടെ പ്രദേശമായി പ്രതീകവല്‍ക്കരിക്കപ്പെട്ടതെന്നും വര്‍ഗീയ ശക്തികള്‍ അവിടെ വിദ്വേഷത്തിന്റെ വിത്തുവിതച്ചതെങ്ങനെയെന്നും മനസ്സിലാക്കാന്‍ ആ നാടിന്റെ കഥയറിയണം. കുടിവെള്ളം പോലുമില്ലാത്ത നാടിന്റെ കഥ.

"കുടിവെള്ളത്തിന് ജാതിയും മതവും ഇല്ല. കുടിക്കാനുള്ള വെള്ളമാണ്. ആര്‍ക്കും കൊടുക്കണം. ഇനിയും കൊടുക്കും. ഇതുപക്ഷേ ഉള്ള കാര്യമല്ല" സൈനബ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്.പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ പൈങ്കണ്ണൂരിലുള്ള ഹിന്ദുക്കള്‍ക്ക് മുസ്ലിം കുടുംബം കുടിവെള്ളം നിഷേധിച്ചെന്ന വാര്‍ത്തയിലെ കഥാനായകന്‍ സൈനുദ്ദീന്റെ മാതാവാണ് സൈനബ. ദേശീയ മാധ്യമങ്ങളിലടക്കം ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ച സംഭവമാണ് മലപ്പുറത്ത് ദളിത് കോളനിയിലെ കുടുംബങ്ങള്‍ക്ക് സൈനുദ്ദീന്റെ കുടുംബം കുടിവെള്ളം നിഷേധിച്ചു എന്ന ആരോപണം. സംഭവത്തിന്റെ സത്യാവസ്ഥ തേടി പൈങ്കണ്ണൂരിലെ ചെറുകുന്ന് പറമ്പ് ഹരിജന്‍ കോളനിയിലെത്തുമ്പോള്‍ റോഡില്‍ കാത്തിരുന്നത് കോളനിയിലെ ഒരുകൂട്ടം ആളുകളാണ്. സമീപത്തെ വീടുകളിലെ ആളുകളെ കണ്ട് സംസാരിച്ചപ്പോള്‍, പ്രത്യേകിച്ച് മുസ്ലിം മത വിശ്വാസികളുടെ വീടുകളിലെത്തിയപ്പോള്‍, എല്ലായിടത്തും പേടിയുടെ ഒരു നോട്ടവും ജാഗ്രതയും ഉണ്ടായിരുന്നു. ഇതുവരെ ഒരുമയോടെ ജീവിച്ച ആളുകള്‍ തമ്മില്‍ വൈരാഗ്യത്തിലാണെന്ന് ചിലര്‍ പറയുന്നത് കേട്ട് അന്തിച്ചു നില്‍ക്കുകയായിരുന്നു പലരുമെന്ന് അവരോട് സംസാരിച്ചപ്പോള്‍ മനസ്സിലായി."പെട്ടെന്ന് കുറേ ആളുകള്‍ കൂടി, എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. ഒരുവണ്ടിയില്‍ വെള്ളം കൊടുക്കുന്നുണ്ടായിരുന്നു. കോളനിയിലെ ആളുകളാണ് വെള്ളം എടുത്തത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല". പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും കിട്ടിയ മറുപടിയാണിത്. "എല്ലാവരും പണ്ട് നിന്ന പോലെ ഇപ്പഴും നില്‍ക്കുന്നു", ഞങ്ങളെ പറ്റിയൊന്നും എഴുതരുതേ എന്നും പറഞ്ഞു ആ സ്ത്രീ. 'പണ്ട്' എന്നൊരു കാലം വളരെ പെട്ടെന്ന്, കൃത്യമായി പറഞ്ഞാല്‍ ജനുവരി 17നു മുന്‍പും ശേഷവും എന്ന കണക്കിലായി മാറിയിരിക്കുകയാണ് പ്രദേശത്തെ പലര്‍ക്കും.

വളാഞ്ചേരിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിശദീകരണ പരിപാടിയില്‍ പങ്കെടുത്തതിന് ദളിത് കോളനിയിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നതായി ഉഡുപ്പി-ചിക്മംഗ്ലൂര്‍ എംപിയും ബിജെപി നേതാവുമായ ശോഭ കലന്ത്ലജെ ട്വീറ്റ് ചെയ്യുന്നത് ജനുവരി 20ന് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ നിന്നാണ്. എംപിയുടെ ട്വീറ്റ് ദേശീയ നേതാക്കളക്കം റീട്വീറ്റ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ദേശീയ രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും ചര്‍ച്ചാ വിഷയമായതിനു പിന്നാലെ ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. എല്‍ മുരുകന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുമായി കോളനി സന്ദര്‍ശിക്കുകയും ചെയ്തു. സബ് കളക്ടര്‍, തഹസില്‍ദാര്‍, ജില്ല പോലീസ് മേധാവി, പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കമ്മീഷന്‍ അംഗത്തിന്റെ കൂടെ ഉണ്ടായിരുന്നു.

"കേരളം മറ്റൊരു കശ്മീര്‍ ആകാനുള്ള ആദ്യ ചുവടുകള്‍ വയ്ക്കുന്നു. സിഎഎ 2019 അനുകൂലിച്ചതിന്റെ പേരില്‍ കുറ്റിപ്പുറം പഞ്ചായത്തിലെ ഹിന്ദുക്കള്‍ക്ക് വെള്ളം നിഷേധിച്ചിരിക്കുന്നു. വിഷയത്തിനു ശേഷം സേവാഭാരതി വെള്ളമെത്തിച്ചു നല്‍കുന്നു' എന്ന അവകാശവാദത്തോടെയായിരുന്നു എംപിയുടെ ട്വീറ്റ്. ഒപ്പം സേവാഭാരതി വെള്ളം വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളും കൂടെ ചേര്‍ത്തിരുന്നു. മലപ്പുറത്ത് നിന്ന് ഹിന്ദുക്കള്‍ക്ക് പലായനം ചെയ്യേണ്ടി വരുമോ? എന്ന ഹാഷ്ടാഗോടെയാണ് ബിജെപിയുടെ പ്രാദേശിക നേതാക്കളും വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഇടപെട്ടത്. വസ്തുതാവിരുദ്ധമായി കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനും ഐപിസി 153 എ പ്രകാരം ശോഭ കലന്ത്ലജെയ്ക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തിട്ടുണ്ട്. സുപ്രീംകോടതി അഭിഭാഷകനും കുറ്റിപ്പുറം സ്വദേശിയുമായ സുഭാഷ് ചന്ദ്രന്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. സേവാഭാരതിയുടെ നേതൃത്വത്തില്‍ രണ്ടുദിവസം മാത്രം നടന്ന ജലവിതരണത്തില്‍, പൗരത്വ നിയമത്തെ അനുകൂലിച്ചതിന് സ്വകാര്യ വ്യക്തി കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചിരിക്കുന്നു എന്ന് ഫ്ളക്സും വച്ചിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് സേവാഭാരതി പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള പ്രദേശങ്ങളില്‍ ഒന്നാണ് മലപ്പുറം. അതുകൊണ്ടുതന്നെ രാഷ്ട്രീയപരമായ വിയോജിപ്പിന്റെ പേരില്‍ ഒരു മതവിഭാഗത്തിന് വെള്ളം നിഷേധിക്കുന്നു എന്ന ആരോപണത്തിന് ഏറെ ശ്രദ്ധകിട്ടി. ഏറെ ഗൗരവത്തോടെയാണ് അധികൃതര്‍ വിഷയത്തെ കണ്ടത്. സംഭവത്തെ ശോഭ കലന്ത്ലജെ ഉള്‍പ്പെടെയുള്ളവര്‍ അവതരിപ്പിച്ചതില്‍ തെറ്റുപറ്റിയെന്ന് ചില ബിജെപി അനുകൂലികള്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നത് നന്നായി എന്നു കരുതുന്നുവരെയും ഈ കോളനിയില്‍ കണ്ടു. ഇങ്ങനെ ഒരു വാര്‍ത്ത വന്നതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ ജില്ലാ ഭരണകൂടം കോളനിയില്‍ വെള്ളം എത്തിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ( ഇപ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇവിടെ വെള്ളം എത്തിക്കുന്നുണ്ട്). രൂക്ഷമായ കുടിവെള്ള പ്രശ്നം ജനുവരി അവസാനത്തോടെ പൈങ്കണ്ണൂര്‍ വഴി കടന്നുപോകുന്ന ബസ്സുകളിലും വാഹനങ്ങളിലും സഞ്ചരിക്കുന്നവര്‍ പതിവായി കാണുന്നതാണ് അലക്കാനുള്ള തുണിക്കെട്ടുകളുമായി സ്ത്രീകള്‍ യാത്ര ചെയ്യുന്ന കാഴ്ച. 10 രൂപ മുടക്കി പേരശ്ശന്നൂര്‍ പുഴയിലേക്ക് അലക്കാനും കുളിക്കാനുമായി പോകുന്ന സ്ത്രികളുടെയും കുട്ടികളുടേയും നീണ്ടനിരയുണ്ടാകും ഇക്കാലത്ത്. കുടിവെള്ള പ്രശ്നം ഏറ്റവും രൂക്ഷമായ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണെങ്കില്‍ ആളുകളുടെ എണ്ണം കൂടും. അത്രയും രൂക്ഷമാണ് ഇവിടെ കുടിവെള്ള പ്രശ്നം. എന്തിന് ഈ പ്രദേശത്ത് പെണ്‍കുട്ടികളെ കല്യാണം കഴിക്കാന്‍ പോലും മറ്റിടങ്ങളില്‍നിന്നുള്ളവര്‍ തയ്യാറാകാത്ത അവസ്ഥ പോലുമുണ്ടെന്നാണ് പറയുന്നത്.8,10,11 വാര്‍ഡുകളിലെ താമസക്കാരാണ് രൂക്ഷമായ കുടിവെള്ള ദൗര്‍ലഭ്യം അനുവദിഭവിക്കുന്നത്. പല വീടുകളിലും കുഴല്‍കിണറുകളുടെ അവശിഷ്ടങ്ങള്‍ കാണാം. എന്നാല്‍ അതിലൊന്നും വെള്ളമില്ല. പ്രദേശവാസിയായ ജയ എന്ന വീട്ടമ്മയെ കണ്ടപ്പോള്‍ അവരാദ്യം പറഞ്ഞത് തന്റെ വീട്ടില്‍ രണ്ട് വട്ടക്കിണറുകളും മൂന്ന് കുഴല്‍കിണറുകളും ഉണ്ടെന്നാണ്. എന്നാല്‍ ഇപ്പോള്‍ ഒരെണ്ണത്തിലും വെള്ളമില്ല.. രണ്ടുമാസം മുന്‍പാണ് അവസാനമായി ഒരു കുഴല്‍ കിണര്‍ ജയയുടെ വീട്ടില്‍ നിര്‍മ്മിച്ചത്. ഒരു കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ മാത്രം 40000 രൂപയ്ക്കടുത്താകും. മോട്ടോര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വച്ച് വരുമ്പോള്‍ ഒരു ലക്ഷം രൂപ കവിയുമെന്ന് പ്രദേശവാസികള്‍ പറയുന്നു. കുറ്റിപ്പുറം പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കുഴല്‍കിണറുകള്‍ ഉള്ള പ്രദേശങ്ങളില്‍ ഒന്നാണ് പൈങ്കണ്ണൂര്‍ 8,10 വാര്‍ഡുകള്‍. രണ്ട് വാര്‍ഡുകളിലും കൂടിയായി 250 ലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.ജനുവരി ആദ്യമായപ്പോള്‍ തന്നെ ഇത്തവണ കുടിവെള്ളത്തിന് രൂക്ഷമായ ക്ഷാമം പ്രദേശത്ത് അനുഭവപ്പെട്ടിരുന്നു. കുന്നിറങ്ങി താഴ്ന്ന പ്രദേശമായ ബാവാജിപ്പടിയിലും മില്ലുപടിയിലും പോയി തലയില്‍ വെള്ളമേറ്റിയാണ് പ്രദേശത്തെ വീട്ടമ്മമാര്‍ വെള്ളപ്രശ്നത്തിന് താല്‍ക്കാലിക ശമനം കണ്ടെത്തുന്നത്. 500 മീറ്ററോളം ദൂരം പോയി കുടിവെള്ളമെടുക്കുന്നവരുമുണ്ട്. അലക്കാനും കുളിക്കാനും തൊട്ടടുത്തുണ്ടായിരുന്ന കരിയാട്ട് ചോലയില്‍ നിന്നായിരുന്നു പലരും വെള്ളമെടുത്തിരുന്നത്. ജനുവരി അവസാനമായപ്പോഴേക്കും ചോലയില്‍ വെള്ളമില്ലാതായി. പുലര്‍ച്ചെ നാലുമണിക്ക് ചോലയിലെത്തും പല കുടുംബങ്ങളും. 'കണ്ണീരു വരുന്നത് പോലെയാണ് വെള്ളം വരിക' ചോലയിലെ വെള്ളത്തിന്റെ നീരൊഴുക്കിനെ പറ്റി പ്രദേശത്തെ ഒരു വീട്ടമ്മ പറഞ്ഞതിതാണ്. കുടുംബത്തോടെയാണ് പലരും ചോലയിലേക്ക് പോകുക. എന്നാല്‍ ഫെബ്രുവരി തുടങ്ങിയപ്പോള്‍ തന്നെ ചോല വറ്റി. പലപ്പോഴും സ്വകാര്യ ടാങ്കറുകളില്‍ വെള്ളമടിച്ചാണ് പ്രദേശത്തുള്ളവര്‍ കുടിക്കാനുള്‍പ്പെടെ വെള്ളം കണ്ടെത്തുന്നത്. 2000 ലിറ്റര്‍ വെള്ളത്തിന് 700 മുതല്‍ 800 രൂപവരെയാണ് ചിലവ്. തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ് ഇവിടെയുള്ളത്. ഒരു ദിവസം മുഴുവന്‍ അധ്വാനിച്ചാല്‍ കിട്ടുന്ന തുക ഒരുതവണ വെള്ളമെത്തിക്കാന്‍ വേണം. വീട്ടില്‍ വല്ല വിശേഷ അവസരങ്ങളോ പരിപാടിയോ വന്നാല്‍ പേടിയാണെന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്. വാര്‍ഡ് മെമ്പര്‍മാരോ പഞ്ചായത്ത് അധികൃതരോ തങ്ങളെ ഇതുവരെയും തിരിഞ്ഞ് നോക്കിയില്ലെന്നും പ്രദേശത്തുകാര്‍ പറയുന്നു.നടപ്പിലാകാത്ത കുടിവെള്ള പദ്ധതി ജലദൗര്‍ലഭ്യം രൂക്ഷമായ പ്രദേശമായിരുന്നിട്ട് കൂടി ഇതുവരെയും പ്രദേശത്ത് സജീവമായി നില്‍ക്കുന്ന ഒരു കുടിവെള്ള പദ്ധതി പോലുമില്ല. റോഡില്‍ കണക്ഷന്‍ വച്ചിട്ടുള്ള പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി 2000ല്‍ പ്രഖ്യാപിച്ചിരുന്നതായി പ്രദേശവാസിയായ ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. എന്നാല്‍ 3 വര്‍ഷത്തോളമായി പദ്ധതി നിലച്ചിട്ട്. മോട്ടോര്‍ കംപ്ലയിന്റ് ആണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പഞ്ചായത്ത് അധികൃതര്‍ക്ക് കുടിവെള്ള പ്രശ്നം സംബന്ധിച്ച് നിവേദനം നല്‍കിയെങ്കിലും 10000 രൂപ മാത്രമേ പഞ്ചായത്തില്‍ നിന്ന് മോട്ടോര്‍ നന്നാക്കാന്‍ ഉള്‍പ്പെടെ തരാന്‍ കഴിയൂ എന്നാണ് മറുപടി കിട്ടിയത്. മോട്ടോര്‍ നന്നാക്കാന്‍ 3 ലക്ഷം രൂപയ്ക്കടുത്ത് വരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരിടവേളയ്ക്ക് ശേഷം പ്രദേശത്തെത്തിയ ജലനിധി പദ്ധതിയും ഏഴു മാസത്തിലധികമായി മുടങ്ങിക്കിടക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ഘാടനം ചെയ്തതാണ് പദ്ധതി. ശക്തിയായി വെള്ളമെത്തിയാല്‍ പൈപ്പുകള്‍ പൊട്ടുന്നതായി പ്രദേശവാസിയായ ഉണ്ണികൃഷ്ണന്‍ പറയുന്നു. തിരുനാവായ റെയില്‍വേ ട്രാക്കിന് അടിയില്‍ ജലനിധിയുടെ പ്രധാന പൈപ്പ് പൊട്ടിയതാണ് പദ്ധതി മുടങ്ങിക്കിടക്കാന്‍ കാരണം. റെയില്‍വേ ഭൂമിയായതിനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് അനുമതി കിട്ടാത്തതാണ് പദ്ധതി മുടങ്ങാന്‍ കാരണം. ജലനിധി വന്നതോടെ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി നിര്‍ത്തിയതായി നാട്ടുകാര്‍ പറയുന്നു. സാധാരണ കിണര്‍ കുഴിച്ചാല്‍ പ്രദേശത്ത് വെള്ളം കിട്ടില്ല. ഒന്നിലധികം കിണറുകള്‍ ഉള്ള വീടുകളാണ് പകുതിയും. പ്രദേശത്തെ കുടിവെള്ള പ്രശ്നം കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് ഇപ്പോഴുണ്ടായ ആരോപണങ്ങളിലേക്ക് ഉള്‍പ്പെടെ എത്തിച്ചതെന്ന് നാട്ടുകാരും പറയുന്നു.രൂക്ഷമായ കുടിവെള്ള പ്രശ്നമുള്ള പ്രദേശമായതിനാല്‍ കുഴല്‍കിണറാണ് ഭൂരിഭാഗം പേരുടേയും ആശ്രയം. 400 അടിക്ക് താഴെ കുഴിച്ചാല്‍ മാത്രമേ വെള്ളം കിട്ടൂവെന്ന് പ്രദേശവാസികള്‍ പറയുന്നു. അതില്‍തന്നെ വെള്ളം കിട്ടുമെന്ന ഉറപ്പ് 20 ശതമാനത്തിനടുത്ത് മാത്രമെന്ന് നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തല്‍. അതേസമയം താഴെ പുഞ്ചപ്പാടത്ത് കിണര്‍ കുത്തി അതില്‍ നിന്നും വെള്ളമെത്തിച്ചാല്‍ കുടിവെള്ള പ്രശ്നം പരിഹരിക്കാമെന്ന് കോളനിയിലെ താമസക്കാരനായ വിജയന്‍ പറയുന്നു. താഴെ പ്രദേശങ്ങളില്‍ 40 മോട്ടോറുകള്‍ വരെ ഒരു കിണറില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും വിജയന്‍ പറയുന്നു.

സൈനുദ്ദീന്റെ കുടുംബത്തിന്റെ വരവും കുടിവെള്ള വിതരണവും നാലുവര്‍ഷത്തോളം വാടക വീട്ടില്‍ താമസിച്ചതിന് ശേഷം ആറുമാസം മുന്‍പാണ് സൈനുദ്ദീനും കുടുംബവും പ്രദേശത്ത് വീട് വയ്ക്കുന്നത്. മൂന്നു കുട്ടികളും ഭാര്യയുമാണ് സൈനുദ്ദീന്റെ വീട്ടിലുള്ളത്. കൂലിപ്പണിക്കാരിയായ മാതാവും ബന്ധുക്കളും തൊട്ടടുത്ത വീടുകളിലുണ്ട്. നാട്ടുകാരുടേയും ബന്ധുക്കളുടേയും ശ്രമത്തിലും സഹായത്താലുമാണ് വീടുപണി പൂര്‍ത്തിയാക്കാനായതെന്ന് സൈനുദ്ദീന്റെ കുടുംബം പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കണ്ണില്‍ കമ്പ് കുത്തിക്കയറിയ അപകടത്തെ തുടര്‍ന്ന് ഒരു കണ്ണിന്റെ കാഴ്ച സൈനുദ്ദീന് നഷ്ടമായി. സൈനുദ്ദീന്റെ മാതാവ് വീട്ടുജോലി ചെയ്ത് കുടുംബത്തെ സഹായിക്കുന്നുണ്ട്. വളാഞ്ചേരിയിലെ ഒരു കൂള്‍ബാറില്‍ സഹായിയായ സൈനുദ്ദീന്റെ ഒരു ദിവസത്തെ വരുമാനം ശരാശരി 600 രൂപ മാത്രം.സംഭവം നടന്നതിന്റെ രണ്ടാഴ്ച മുന്‍പ് മാത്രമാണ് സൈനുദ്ദീന്‍ പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മോട്ടോര്‍ വച്ച് കുടിവെള്ളമെത്തിക്കാന്‍ തുടങ്ങിയത്. വീട്ടില്‍ നിന്നും 600 മീറ്റര്‍ അകലെ പുഞ്ചപ്പാടത്തെ കിണറില്‍ മോട്ടോര്‍ വച്ചാണ് സൈനുദ്ദീനും കുടുംബവും വെള്ളമെടുക്കുന്നത്. മോട്ടോര്‍ വയ്ക്കുന്നത് ഉള്‍പ്പെടെ 70000 ത്തിലധികം രൂപയായി. കുത്തനെയുള്ള സ്ഥലത്തേക്ക് വെള്ളമെത്തിക്കേണ്ടതിനാല്‍ കുഴല്‍ക്കിണറില്‍ ഉപയോഗിക്കുന്ന മോട്ടോറാണ് വാങ്ങിയത്. പകുതി കടം വാങ്ങിയാണ് മോട്ടോര്‍ വച്ചതെന്ന് കുടുംബം പറയുന്നു. സൈനുദ്ദീന്‍ വെള്ളമെടുക്കുന്ന കിണറില്‍ നിന്ന് വെള്ളമെടുക്കുന്നത് 12 കുടുംബങ്ങളാണ്. ഒരു തവണ 1000 ലിറ്ററിന്റെ ടാങ്ക് നിറയാന്‍ 20 മിനിറ്റോളമെടുക്കുമെന്ന് സൈനുദ്ദീന്റെ ഭാര്യ ഫാത്തിമ പറയുന്നു. സ്വന്തം ചിലവില്‍ അയല്‍വാസികള്‍ക്ക് വെള്ളം നല്‍കിയിരുന്നു സൈനുദ്ദീനും കുടുംബവും. പ്രദേശത്തെ കുടിവെള്ള പ്രശ്നമറിയാവുന്ന ഫാത്തിമ തന്നെയാണ് തങ്ങളോട് ആദ്യം കുടിക്കാന്‍ വെള്ളമെടുത്തോളാന്‍ പറഞ്ഞതെന്ന് കോളനിയിലെ സ്ത്രീകളും പറയുന്നുണ്ട്. സൈനുദ്ദീനേയും കുടുംബത്തേയും പറ്റി നല്ല വാക്കുകള്‍ മാത്രമാണ് കോളനിയിലെ താമസക്കാര്‍ക്കും മറ്റുള്ളവര്‍ക്കും പറയാനുള്ളത്. മോട്ടോര്‍ വയ്ക്കുന്നത് വരെ താഴെ പ്രദേശത്ത് പോയായിരുന്നു സൈനുദ്ദീനും കുടുംബവും വെള്ളമെടുത്തിരുന്നത്. നിലവില്‍ 450 അടി നീളത്തില്‍ പൈപ്പിട്ടാണ് വെള്ളമെത്തിക്കുന്നത്.

സൈനുദ്ദീന് പുറമെ 11 കുടുംബങ്ങളുടെ മോട്ടോറുകള്‍ സ്വകാര്യ വ്യക്തിയുടെ കിണറിലുണ്ട്. കാഴ്ച പരിമിതിയുള്ള സൈനുദ്ദീന്റേയും കുടുംബത്തിന്റേയും അവസ്ഥ മനസ്സിലാക്കിയാണ് സ്ഥലമുടമ മോട്ടോര്‍ വയ്ക്കാന്‍ അനുമതി നല്‍കിയത്. അങ്ങനെ സൈനുദ്ദീന്‍ മോട്ടോര്‍ വഴി എത്തിക്കുന്ന വെള്ളത്തില്‍നിന്നാണ് പത്തോളം കുടുംബങ്ങള്‍ വെള്ളമെടുക്കുന്നത്. ആദ്യം അയല്‍പക്കത്തുള്ള രാജിയും കുടുംബവുമായിരുന്നു വെള്ളമെടുക്കാന്‍ സൈനുദ്ദീന്റെ വീട്ടിലെത്തിയത്. ക്രമേണ മറ്റുള്ള കുടുംബങ്ങളും എത്തുകയായിരുന്നു. കുടിക്കാനുള്ള വെള്ളത്തിന് പുറമെ മറ്റാവശ്യങ്ങള്‍ക്കും അയല്‍വാസികള്‍ വെള്ളമെടുക്കാന്‍ തുടങ്ങിയതോടെ മോട്ടോര്‍ വെള്ളത്തിനു മുകളിലായതായി സൈനുദ്ദീന്റെ ഭാര്യ പറയുന്നു. വെള്ളം കുറഞ്ഞപ്പോള്‍ മൂന്ന് കുടം വെള്ളം വീതം ഓരോ കുടുംബവും എടുത്ത് ഉപയോഗം പരിമിതപ്പെടുത്താന്‍ മാത്രമേ രാജിയുടെ അമ്മ തങ്കത്തിനോട് താന്‍ പറഞ്ഞിട്ടുള്ളുവെന്നും ഫാത്തിമ പറയുന്നു. എന്നാല്‍ പൗരത്വ നിയമ വിശദീകരണ യോഗത്തില്‍ പങ്കെടുത്ത ആളുകള്‍ കോളനിയില്‍ ഉള്ളതിനാല്‍ വെള്ളമെടുക്കേണ്ടെന്ന് പറഞ്ഞതായാണ് കോളനിയിലെ ഒരുവിഭാഗം ആരോപണം ഉന്നയിക്കുന്നത്.

എന്നാല്‍ തനിക്ക് പൗരത്വ ബില്ലിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചോ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചോ പോലും അറിയില്ലെന്നാണ് ഫാത്തിമ പറയുന്നത്. കോളനിയില്‍ നിന്ന് ആരൊക്കെ പ്രകടനത്തിന് പോയെന്ന് തനിക്ക് അറിയില്ലെന്നും ഇപ്പോള്‍ മാത്രമാണ് മാധ്യമങ്ങളിലൂടെ വിഷയങ്ങളൊക്കെ അറിയുന്നതെന്നും ഫാത്തിമ പറയുന്നു. കോളനി നിവാസികളുടെ പരാതി പൈങ്കണ്ണൂര്‍ 8ാം വാര്‍ഡിലാണ് ചെറുകുന്ന് പറമ്പ് ഹരിജന്‍ കോളനി. 22 വീടുകളാണ് കോളനിയിലുള്ളത്. ശുചിമുറിയോ കക്കൂസോ പോലും ഇല്ലാത്ത 4 വീടുകളുണ്ട്. കോളനിയിലെത്തിയാല്‍ കുടിവെള്ള പ്രശ്നവും തങ്ങളുടെ ശോചനീയാവസ്ഥയുമാണ് പലര്‍ക്കും പറയാനുള്ളത്. ബിജെപിയുടേയും ശോഭ കലന്ത്ലജെയുടേയും ആരോപണങ്ങള്‍ മൂലം തങ്ങള്‍ക്ക് വെള്ളം കിട്ടിയല്ലോ എന്ന് നിഷ്‌കളങ്കമായി ചോദിക്കുന്ന ആളുകളുമുണ്ട്. സിഎഎയും പുതിയ ആരോപണങ്ങളുമൊക്കെ ചിലര്‍ക്ക് മാത്രമേ പ്രശ്നമായി വരുന്നുള്ളു. ബഹുഭൂരിപക്ഷത്തിനും തങ്ങളുടെ നിത്യവൃത്തിയും അതിജീവനവുമാണ് പ്രശ്നം. കോളനിയിലെ ഒരു വീട്ടിലെത്തിയപ്പോള്‍ പ്രായമായ അമ്മ ആദ്യം പറഞ്ഞത് 'മോളേ കുളിച്ചിട്ടില്ല, കുടിക്കാന്‍ പോലും വെള്ളമില്ലെന്നാണ്'. പ്രദേശത്തെത്തുന്ന ആളുകളോട് അവര്‍ ആദ്യം പറയുന്നതും വെള്ളമില്ലെന്നത് തന്നെ. ഇപ്പോഴത്തെ പ്രശ്നം പോലും നന്നായിയെന്ന ചിന്തയിലാണ് പലരും. കാരണം അങ്ങനെയെങ്കിലും കുറച്ച് വെള്ളം കിട്ടിയല്ലോ. ഈ വികാരം കോളനിയിലെ പലരും നേരിട്ട് പ്രകടിപ്പിച്ചു. 'ഈ സംഭവത്തിന്റെ പേരിലാണ് ആനുകൂല്യങ്ങള്‍ കിട്ടാന്‍ തുടങ്ങിയത്. ഇതുവരെ ഞങ്ങള്‍ വെയ്സ്റ്റ് ആയിരുന്നു' സൈനുദ്ദീന്റെ തൊട്ടടുത്ത വീട്ടിലെ അംഗവും ആരോപണം ഉന്നയിച്ച വ്യക്തിയുമായ രാജി പറഞ്ഞതിങ്ങനെയാണ്. (റിപ്പോര്‍ട്ടിങ്ങിനിടെ രാജിയെ കണ്ട് സംസാരിക്കണമെന്ന് സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ എന്നോട് പറഞ്ഞിരുന്നു) ഒരാഴ്ച മാത്രമേ സൈനുദ്ദീന്റെ വീട്ടില്‍ നിന്ന് വെള്ളമെടുത്തിട്ടുള്ളൂ എന്നാണ് കേസിലെ പ്രധാന സാക്ഷിയും സൈനുദ്ദീന്റെ തൊട്ടയല്‍പക്കക്കാരിയുമായ രാജി പറയുന്നത്. വീട്ടില്‍ മോട്ടോര്‍ വച്ചപ്പോള്‍ വെള്ളം എടുക്കാന്‍ സൈനുദ്ദീന്റെ ഭാര്യ ഫാത്തിമ തന്നോടും കുടുംബത്തോടും പറഞ്ഞിരുന്നതായി രാജി പറയുന്നു. അതേത്തുടര്‍ന്ന് വെള്ളം എടുക്കാന്‍ പോയിരുന്നതായും തനിക്ക് പുറമെ മറ്റു ചില വീട്ടുകാരും സൈനുദ്ദീന്റെ വീട്ടില്‍ നിന്നാണ് വെള്ളം എടുത്തിരുന്നതെന്നും അവര്‍ സമ്മതിക്കുന്നുണ്ട്. 17ാം തിയ്യതി വൈകുന്നേരം വെള്ളമെടുക്കാന്‍ പോയ തന്റെ അമ്മയോട് 'വെള്ളം അടിക്കുന്നത് നിര്‍ത്താന്‍ പോകുകയാണെന്നും നാളെ മുതല്‍ വരേണ്ടതില്ലെന്നും' പറഞ്ഞെന്നാണ് രാജിയുടെ മൊഴി. "സൈനുദ്ദീന്‍ കാക്കയോട് ചെക്കന്മാര്‍ വെള്ളം കൊടുക്കേണ്ടതില്ലെന്ന് പറഞ്ഞ് വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. കാരണം ചേദിച്ചപ്പോള്‍ കോളനിയില്‍ നിന്ന് പൗരത്വ ബില്ലിന് അനുകൂലമായി പങ്കെടുത്ത ആളുകളുണ്ടെന്ന് പറഞ്ഞു. ആരാണ് ആള്‍ക്കാര്‍ എന്ന് ചോദിച്ചു. അപ്പോള്‍ മൂന്ന് പേരുടെ പേര് പറഞ്ഞു. അവര്‍ക്ക് വെള്ളം തരാന്‍ ബുദ്ധിമുട്ടില്ല. പ്രശ്നമുണ്ടാകുമെന്ന് പേടിച്ചിട്ടാണ്. ആരും കാണാതെ വേണമെങ്കില്‍ രാത്രി പൈപ്പിട്ട് വെള്ളം തരാമെന്ന് പറഞ്ഞു. പ്രശ്നമായപ്പോള്‍ അവര്‍ വന്ന് പറഞ്ഞു, രണ്ട് വീട്ടുകാരോട് വെള്ളമെടുത്തോളാന്‍. സിഎഎ പരിപാടിയില്‍ പങ്കെടുത്തില്ലല്ലോ, അതുകൊണ്ട് വെള്ളമെടുത്തോന്ന്". സംഭവവുമായി ബന്ധപ്പെട്ട് രാജിയുടെ മൊഴിയാണിത്. കോളനിയിലെ മറ്റു ചില വീട്ടുകാരും സൈനുദ്ദീനും കുടുംബത്തിനും എതിരെ ആവര്‍ത്തിക്കുന്ന മൊഴിയും ഇതുതന്നെ. രാജിയുടെ അമ്മയുടെ അടുത്ത് സംസാരിച്ചു എന്ന് പറയപ്പെടുന്ന കാര്യമാണ് ബിജെപിയും മറ്റും എടുത്ത് ഉപയോഗിക്കുന്നതും. മാത്രമല്ല തന്നോടും ഫാത്തിമ ഇക്കാര്യങ്ങള്‍ സംസാരിച്ചതായി രാജി പറയുകയും ഇതേ മൊഴികള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. അതേ സമയം ഇവര്‍ സമ്മതിക്കുന്ന കാര്യം സൈനുദ്ദീന്റെ കുടുംബം ഇവര്‍ക്ക് വെള്ളം കൊടുത്തിരുന്നു. അവര്‍ക്ക് ഇപ്പോഴും വെള്ളം നല്‍കുന്നതിന് തടസ്സമില്ല. എന്നാല്‍ വെള്ളം കൊടുക്കരുതെന്ന് ഏതോ കൂട്ടര്‍ സൈനുദ്ദീനെ സമ്മര്‍ദ്ദപ്പെടുത്തുന്നു എന്നാണ്. ഇക്കാര്യങ്ങള്‍ ഒരേ പോലെ കോളനിയിലെ ചിലര്‍ പറയുന്നു.വിഷയത്തിന്റെ ആധികാരികതയ്ക്കായി കോളനിയിലെ താമസക്കാര്‍ എടുത്തുകാട്ടുന്നത് സംഭവത്തിന് ശേഷം പ്രദേശം സന്ദര്‍ശിച്ച എസ്പിയുടെ സ്റ്റേറ്റ്മെന്റാണ്. സംഭവം നടന്നതായി സ്ഥിരീകരിക്കുന്ന തരത്തിലാണ് മലപ്പുറം എസ്പി സംസാരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് രാജിയുടെ മൊഴിക്ക് പുറമെയുള്ള ബിജെപിയുടെ പ്രധാന ആയുധവും. ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന് കോളനി നിവാസികള്‍ ചേര്‍ന്ന് നല്‍കിയ പരാതിയില്‍ കോളനിയിലെ കുടിവെള്ള ക്ഷാമത്തെക്കുറിച്ച് പറയുന്നുണ്ട്.'കണക്കര്‍ വിഭാഗത്തില്‍ പെടുന്ന തങ്ങള്‍ 50 വര്‍ഷത്തിലധികമായി താമസിച്ചു വരികയാണെന്നും പ്രദേശത്ത് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും പരാതിയുടെ ആമുഖത്തിലുണ്ട്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഫസീമയുടെ ബന്ധു സൈനുദ്ദീന്‍ എന്ന് പറയുന്ന ആളുടെ വീട്ടില്‍ നിന്നാണ് തങ്ങള്‍ക്ക് കുടിക്കാനുള്ള വെള്ളം കിട്ടിയിരുന്നതെന്നും ഒരു കുടുംബത്തിന് നാല് ബക്കറ്റ് വെള്ളം വീതം സൈനുദ്ദീന്റെ കുടുംബം നല്‍കിയിരുന്നു. ഇതായിരുന്നു കുടിവെള്ളത്തിനായുള്ള കോളനിയിലുള്ളവരുടെ ഏക സ്രോതസ്സ്. ജനുവരി 11ന് വളാഞ്ചേരിയില്‍ സിഎഎ വിശദീകരണ യോഗത്തില്‍ കോളനിയിലെ 3-4 പേര്‍ പങ്കെടുത്തിരുന്നു. ഇതിനു ശേഷം തങ്ങളുടെ കോളനിയിലേക്കുള്ള വെള്ളവിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. അന്വേഷിച്ചപ്പോള്‍ തങ്ങള്‍ക്ക് മനസ്സിലായത് സൈനുദ്ദീനെ ചിലര്‍ ഫോണിലും അല്ലാതെയും ഭീഷണിപ്പെടുത്തിയതായാണ്. കുറേ വര്‍ഷങ്ങളായി തങ്ങള്‍ കുടിവെള്ളത്തിനായി ഈ സ്രോതസ്സിനെയാണ് ആശ്രയിക്കുന്നത്. പ്രദേശത്ത് സാമുദായിക പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, എന്നാല്‍ ചിലര്‍ ഇല്ലാത്ത ചില സാമുദായിക പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്, ഇത് കോളനിയിലെ തങ്ങളുടെ മത സാഹോദര്യത്തെ ഇല്ലാതാക്കാന്‍ കാരണമാകും. സിഎഎക്കെതിരെ ഇല്ലാത്ത കഥകള്‍ പറഞ്ഞ് ഇക്കൂട്ടര്‍ ബോധപൂര്‍വ്വം സാമുദായിക കലാപങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സിഎഎക്ക് അനുകൂലമായി ബിജെപി നടത്തിയ പരിപാടിയില്‍ പങ്കെടുത്തതിന് തങ്ങളെ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിന് പുറമെ യോഗത്തില്‍ പങ്കെടുത്ത മൂന്നു നാലുപേരുടെ ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അവമതിപ്പും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. കെട്ടിച്ചമച്ച സന്ദേശങ്ങള്‍ വഴി യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ നിന്നും മറ്റുള്ളവരെ പിന്തിരിപ്പിക്കുന്നു. കോളനിയിലുള്ളവര്‍ പാവപ്പെട്ടവരും കര്‍ഷകരും മറ്റു തൊഴിലുകള്‍ ചെയ്യുന്നവരുമാണ്. മുകളില്‍ പറഞ്ഞ വിഷയങ്ങള്‍ പരിഗണിക്കണമെന്നും ഞങ്ങളുടെ കോളനിയില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ഇതിനാല്‍ അപേക്ഷിക്കുന്നു.' പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന് നല്‍കിയ ഈ പരാതിയില്‍ കോളനിയിലെ താമസക്കാരായ 49 പേര്‍ ഒപ്പിട്ടിട്ടുണ്ട്. വിഷയത്തില്‍ പോലീസ് നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയ മണികണ്ഠന്‍ ബിജെപിയുടെ സിഎഎ അനുകൂല വിശദീകരണ യോഗത്തില്‍ പങ്കെടുത്ത ആളാണ്. തന്റെയും കോളനിയിലെ രണ്ട് പേരുടേയും ഫോട്ടോ വച്ച് ഇവരെ ഒറ്റപ്പെടുത്തുക എന്ന തരത്തില്‍ വാട്സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ പ്രചരണം നടത്തിയിരുന്നതായി മണികണ്ഠന്‍ ആരോപിക്കുന്നു. പൈങ്കണ്ണൂര്‍ ബ്രദേഴ്സ് എന്ന ഗ്രൂപ്പിലാണ് സന്ദേശം വന്നതെന്നും തങ്ങളെ ജോലിക്ക് വിളിക്കരുതെന്ന് പ്രദേശത്ത് ചിലര്‍ പ്രചരണം നടത്തുന്നതായും മണികണ്ഠനോടൊപ്പമുണ്ടായിരുന്ന മോഹനനും പറയുന്നു. പരാതി സൈനുദ്ദീനും കുടുംബത്തിനും എതിരെയല്ലെന്നും വിഭാഗീയത ഉണ്ടാക്കാന്‍ ആരാണ് ശ്രമിക്കുന്നതെന്ന് കണ്ടെത്താനാണ് പരാതി നല്‍കിയതെന്നുമാണ് ഇരുവരും പറയുന്നത്. ബിജെപിയുടെ വിശദീകരണ യോഗത്തില്‍ തങ്ങള്‍ പങ്കെടുത്തതിനാല്‍ തങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സൈനുദ്ദീന്റെ കുടുംബത്തെക്കൊണ്ട് കുടിവെള്ളം നിഷേധിപ്പിക്കുകയായിരുന്നെന്നാണ് ഇവര്‍ പറയുകയും വിശ്വസിക്കുകയും ചെയ്യുന്നത്. എന്നാല്‍, ഒരുമാസത്തിന് മുന്‍പ് മോട്ടോര്‍ വച്ച ആറുമാസം മുന്‍പ് മാത്രം നിര്‍മ്മിച്ച വീടാണ് തങ്ങളുടെ വര്‍ഷങ്ങളായുള്ള കുടിവെള്ള സ്രോതസ്സ് എന്ന പേരില്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് 8ാം വാര്‍ഡ് മെമ്പര്‍ റംല പറയുന്നത്. സൈനുദ്ദീനും കുടുംബവും ഒരുമാസം മുന്‍പു വരെ പ്രദേശത്ത് നിന്ന് വെള്ളമെത്തിച്ചാണ് കഴിഞ്ഞിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.അതായത് പരാതിയില്‍ പൊരുത്തക്കേടുണ്ടെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്. ഇതിന്റെ പിന്നില്‍ ചിലരുടെ കളി നടന്നിട്ടുണ്ടെന്ന സൂചന നല്‍കുന്നതാണ് ചിലരുടെ സംസാരം. അതേസമയം പൗരത്വ അനുകൂല പ്രക്ഷോഭത്തില്‍ പങ്കെടുത്ത ചിലരെ ഒറ്റപ്പെടുത്താന്‍ ചിലര്‍ ചിത്രങ്ങള്‍ വാട്സ് ആപ്പില്‍ പ്രചരിപ്പിച്ചുവെന്നതിന് ഇപ്പോള്‍ തെളിവൊന്നുമില്ലെങ്കിലും അത്തരത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടന്നതായി സംശയിക്കേണ്ടി വരും. ഇതിന്റെ പിന്നില്‍ അവിടെ താമസിക്കുന്നവര്‍ ആണെന്ന് സ്ഥാപിക്കാന്‍ തെളിവുകളും മൊഴികളുമില്ല. പുറത്തുനിന്നുള്ളവര്‍ ഇടപെട്ട് സൈനുദ്ദീനെതിരെ പരാതി ഉണ്ടാക്കിയെടുത്തതാവാനുള്ള സാധ്യതകളാണ് കൂടുതലായി തെളിയുന്നത്. പ്രത്യേകിച്ചും സേവഭാരതിയുടെയും പുറത്തുനിന്നുള്ള ബിജെപി പ്രവര്‍ത്തകരുടെയും ഇടപെടല്‍ ഇത്തരം ഒരു സംഗതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

വെള്ളത്തിന്റെ അളവിന് മുകളില്‍ മോട്ടോര്‍ എത്തിയപ്പോള്‍ ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ഫാത്തിമ പറയുന്നത്. പത്തോളം വീട്ടുകാര്‍ കുടിവെള്ളത്തിനും മറ്റുമായി തന്റെ വീട് ആശ്രയിച്ചിരുന്നത് കാരണം വെള്ളം ഒരുപാട് ആവശ്യമായി വന്നിരുന്നതായും ഫാത്തിമ പറയുന്നു. തൊട്ടടുത്ത വീട്ടുകാരായ വിജിയോടും കുടുംബത്തോടും വേണമെങ്കില്‍ രാത്രി ടെറസ് വഴി പൈപ്പിട്ട് വെള്ളം ആരും കാണാതെ എടുത്തോളാനും പറഞ്ഞിരുന്നതായി ഫാത്തിമ പറയുന്നു. മറ്റുള്ളവര്‍ കണ്ടാല്‍ അവര്‍ക്ക് കൂടിവെള്ളം കൊടുക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാലാണ് അങ്ങനെ പറയേണ്ടി വന്നതെന്നും ഫാത്തിമ വിശദീകരിക്കുന്നുണ്ട്. വെള്ളം എടുക്കുന്നത് നിയന്ത്രിക്കാനാണ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ പിറ്റേ ദിവസം മുതല്‍ ആരും വെള്ളമെടുക്കാന്‍ വന്നില്ലെന്നും അവര്‍ പറയുന്നു. കുടിവെള്ളം എടുക്കുന്നത് മുടക്കരുതെന്ന് പിറ്റേദിവസം രാജിയോട് പറഞ്ഞപ്പോള്‍ ഇപ്പോള്‍ സേവാഭാരതി വെള്ളം നല്‍കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ പിന്നെ വന്ന് എടുത്തോളാമെന്ന് പറഞ്ഞെന്നും ഫാത്തിമ പറയുന്നു. സേവാഭാരതിയുടെ ജലവിതരണത്തിലെ പറച്ചിലും വസ്തുതയും വിഷയം ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ച ബിജെപി എംപി ശോഭ കലന്ത്ലജെയുടെ ട്വീറ്റില്‍ പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്ന സേവാഭാരതി പ്രവര്‍ത്തകരുടെ ഫോട്ടോയും ഉണ്ടായിരുന്നു. ജനം ടിവിയാണ് ആദ്യം സ്ഥലത്തെത്തി വിഷയത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് പ്രദേശത്തുള്ളവര്‍ പറയുന്നത്. സൈനുദ്ദീന്റെ വീട്ടില്‍ നിന്നും ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ പ്രദേശവാസിയായ മോഹനനാണ് ആദ്യത്തെ ദിവസം 700 രൂപ കൊടുത്ത് വെള്ളം ടാങ്കറില്‍ അടിപ്പിച്ചത്. പിന്നീടുള്ള മൂന്നുദിവസം പരിസരവാസികളില്‍ ഓരോരുത്തരായി പണം നല്‍കി വെള്ളമെത്തിക്കുകയായിരുന്നു. തുടര്‍ന്നുള്ള രണ്ട് ദിവസം മാത്രമാണ് സേവാഭാരതി വെള്ളമെത്തിച്ചത്. എന്നാല്‍ ആദ്യം വെള്ളമെത്തിച്ച മോഹനനും സുഹൃത്തും ബിജെപി പ്രവര്‍ത്തകരായിരുന്നതിനാല്‍ സേവാഭാരതി ഒരാഴ്ചയോളം വെള്ളമെത്തിച്ചു എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്.

വെള്ളം നല്‍കാനായി എത്തിയ വാഹനത്തില്‍ 'സിഎഎ അനുകൂലിച്ചതിനാല്‍ കുടിവെള്ളം നിഷേധിച്ചു' എന്ന തരത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഫ്ളക്സില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഇതിനെതിരെ മതസ്പര്‍ദ്ദ വളര്‍ത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്.


Next Story

Related Stories