TopTop
Begin typing your search above and press return to search.

ശബരിമല വിമാനത്താവളം, അതിവേഗ റെയില്‍വേ പാത തുടങ്ങി വന്‍കിട പദ്ധതികള്‍ നിരവധി; പ്രളയാനന്തര കേരളത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച 'പുതിയ തുടക്കം' ഇങ്ങനെയോ? -കേരള വികസനം, പരമ്പര തുടരുന്നു

ശബരിമല വിമാനത്താവളം, അതിവേഗ റെയില്‍വേ പാത  തുടങ്ങി വന്‍കിട പദ്ധതികള്‍ നിരവധി;  പ്രളയാനന്തര കേരളത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ തുടക്കം ഇങ്ങനെയോ? -കേരള വികസനം, പരമ്പര തുടരുന്നു

കാലാവസ്ഥ വ്യതിയാനം മലയാളി ജീവിതം കൊണ്ടറിഞ്ഞു തുടങ്ങിയിട്ട് മൂന്ന് നാല് വർഷങ്ങളായി. വരൾച്ച, ചുഴലിക്കാറ്റ്, പ്രളയം, ഉരുൾപൊട്ടൽ അങ്ങനെ മൺസൂൺ കാലത്തെ ഒരു അപകട പ്രദേശമായി മാറിയിരിക്കുകയാണ് കേരളം. കാലാവസ്ഥ മാറ്റമാണ് ഇതിന് ഒരു കാരണമെന്ന് വിദഗ്ദർ പറയുന്നു. അതോടൊപ്പം കേരളത്തിന്റെ വികസന സമീപനങ്ങളും മുൻഗണനാക്രമങ്ങളും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നുവെന്ന നിരീക്ഷണവും പ്രബലമാണ്. എല്ലാ ആഗസ്റ്റ് മാസവും കേരളത്തിന് ഇപ്പോൾ പേടി സ്വപ്നങ്ങളുടേതാണ്. തുടര്‍ച്ചയായി മൂന്ന് വർഷങ്ങളായി നിരവധി പേരാണ് മണ്ണിനിടയിൽ പെട്ട് മരിച്ചത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന അന്വേഷണം ആരംഭിക്കുകയാണ് അഴിമുഖം. കാലാവസ്ഥ മാറ്റം കേരളത്തിലെ കാലവർഷത്തിന്റെ സ്വഭാവത്തെ ബാധിക്കുന്നതെങ്ങനെയെന്ന പരിശോധനയോടൊപ്പം കേരളത്തിന്റെ നയ സമീപനങ്ങളിലെ മാറ്റം എങ്ങനെ പരിസ്ഥിതിയേയും മനുഷ്യ ജീവിതത്തെയും ബാധിക്കുന്നുവെന്നും, വികസന രീതികളിലെ യാഥാസ്ഥിതിക സമീപനം കേരളത്തെ പാരിസ്ഥിതികമായി എങ്ങനെ അപകടകരമായി ബാധിക്കുന്നുവെന്ന അന്വേഷിക്കുന്ന റിപ്പോർട്ടുകളും അഭിമുഖങ്ങളും ഞങ്ങൾ പ്രസിദ്ധീകരിക്കുകയാണ് ഈ പരമ്പരയില്‍. മുഖ്യധാര മാധ്യമങ്ങളിലെ കക്ഷി രാഷ്ട്രീയ കേന്ദ്രീകൃതമായ ഉപരിപ്ലവ വിവാദങ്ങൾക്കിടെ മറച്ചുപിടിക്കുന്ന, മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ പൊതുസമൂഹം ചർച്ച ചെയ്യണമെന്ന വിചാരമാണ് ഇത്തരം ഒരു അന്വേഷണത്തിന് ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വായനക്കാർക്കും പ്രതികരിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതായിരിക്കും - പത്രാധിപർ (പരമ്പര വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

അടിസ്ഥാന സൗകര്യം വികസനം - കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന, നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഓരോ വികസന പദ്ധതികളുടേയും കാരണവും കാര്യവും ആയി പറയുന്നത് ഇതാണ്. ജനങ്ങള്‍ക്കായി, ജനങ്ങളുടെ ക്ഷേമത്തിനും സുഗമമായ ജീവിതത്തിനുമായി നാടിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാണ് ഓരോ പദ്ധതികളുടേയും ലക്ഷ്യമായി സര്‍ക്കാരുകള്‍ ഉയര്‍ത്തിക്കാട്ടുന്നതും. എന്നാല്‍ ഒരു വശത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുമ്പോള്‍ മറുവശത്ത് ജീവിതത്തിനും ഉപജീവനത്തിനും നിലനില്‍പ്പിനും മനുഷ്യര്‍ക്ക് അടിസ്ഥാനപരമായി ആവശ്യമുള്ളവ ഇല്ലാതാക്കപ്പെടുകയാണ്. നിലനില്‍പ്പിന്റെ അടിസ്ഥാനമായ പ്രകൃതിയും ഉപജീവനവും ഇല്ലാതാക്കിക്കൊണ്ടുള്ള വികസന സങ്കല്‍പ്പങ്ങളും നയങ്ങളുമാണ് നിയോ ലിബറല്‍ പോളിസിയുടെ ഭാഗമായി ലോക രാജ്യങ്ങളിലെല്ലാം നടന്ന് വരുന്നത്. കേരളവും അതില്‍ നിന്ന് വ്യത്യസ്തമല്ല എന്ന് തെളിയിക്കുന്നതാണ് വര്‍ഷങ്ങളായി കേരളത്തില്‍ നടപ്പാക്കുന്ന വികസന നയങ്ങള്‍.

'പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസനം' പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ്. ഈ അഞ്ച് വര്‍ഷങ്ങളിലാണ് കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചതും. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകളും പരിസ്ഥിതിയെ കൂടി കണക്കിലെടുത്ത് കൊണ്ടുള്ള വികസനം ആണ് നടപ്പാക്കപ്പെടേണ്ടത് എന്നുമുള്ള ചര്‍ച്ചകളും ഏറ്റവുമധികം ഉണ്ടായതും ഇക്കാലയളവിലാണ്. എന്നാല്‍ പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ടുള്ള വികസനം എന്ന നയത്തില്‍ നിന്ന് മാറി ഏത് വിധേനയും വികസനം എന്ന നിയോ ലിബറല്‍ പോളിസി നടപ്പാക്കാനാണ് ഇക്കാലമത്രയും സര്‍ക്കാര്‍ ശ്രമിച്ചതെന്ന വിമര്‍ശനമാണ് വര്‍ഷങ്ങളായി ഉയരുന്നത്. വെള്ളപ്പൊക്കവും, തീരശോഷണവും, ഉരുള്‍പൊട്ടലും അടക്കം കേരളം ദുരന്ത മുഖത്ത് നില്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ വികസന സമീപനവും നയങ്ങളും കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അടിസ്ഥാന വികസനത്തിനായി നിയമങ്ങള്‍ ലളിതമാക്കി, 'ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസി'നായി നിയമങ്ങള്‍ തന്നെ നിര്‍മ്മിച്ച്, സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിന് താങ്ങാനാവുന്നതിലും ശേഷിയുള്ള വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ച് മുന്നോട്ട് പോവുന്ന സര്‍ക്കാരും ഉരുള്‍പൊട്ടിയും കടല്‍കയറിയും വെള്ളം കയറിയും ഇല്ലാതാവുന്ന അടിസ്ഥാന ജനവിഭാഗങ്ങളും ജീവിതവും-പരിസ്ഥിതി ശാസ്ത്രജ്ഞരും വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്ന കേരളത്തിലെ സാഹചര്യം ഇതാണ്.

2018ലെ പ്രളയത്തെ തുടര്‍ന്ന് ഇനി പുതിയ തുടക്കം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കി, പരിസ്ഥിതിക്ക് ഉതകുന്ന തരത്തിലുള്ള വികസന നയമായിരിക്കും ആവിഷ്‌ക്കരിക്കുക എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രളയവും മനുഷ്യരെ കൊന്നൊടുക്കിയ വലിയ ഉരുള്‍പൊട്ടലുകളും മറവിയിലേക്ക് പോവുന്നതിന് മുന്നേ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മ്മാണാവശ്യത്തിനുള്ള പാറകള്‍ പൊട്ടിക്കാന്‍ അതിവേഗ എന്‍ഒസികള്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. കേരളം പിന്തുടരുന്ന വികസന മാതൃകകളുടെ തിക്ത ഫലങ്ങള്‍ അനുവഭവിച്ചിട്ടും, ആ മാതൃതയുടെ പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്ന ഓരോ ദുരന്തകാലവും കടന്ന് പോവുമ്പോഴും അടിസ്ഥാന വികസനം എങ്ങനെ? ഏത് തരത്തില്‍? എന്നതിന് വ്യക്തമായ നിര്‍വചനങ്ങള്‍ ഉണ്ടായില്ല. പരസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് എങ്ങനെ വികസനം നടപ്പാക്കാനാവും എന്ന അഭിപ്രായം പോലും നിയമസഭാ സാമാജികരില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഉയര്‍ന്നില്ല. നയപരമായ തിരുത്തലുകള്‍ക്ക് നിയമസഭയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഉയര്‍ത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

കേരളത്തിന്റെ അതീവ ദുര്‍ബല മേഖലകളെ ഉള്‍പ്പെടെ തകര്‍ത്തെറിഞ്ഞ, തകര്‍ത്തെറിയാന്‍ പാകത്തിലുള്ള ഒരു പദ്ധതിയും വേണ്ട എന്ന് വെക്കാന്‍ സര്‍ക്കാര്‍ തയ്യാറായതുമില്ല. മുമ്പ് പ്രഖ്യാപിക്കപ്പെട്ട പദ്ധതികളെല്ലാം പ്രളയവും ഉരുള്‍പൊട്ടലും തകര്‍ത്തെറിഞ്ഞ ഇടങ്ങളിലൂടെ തുടര്‍ന്നു. വന്‍കിട പദ്ധതികളെല്ലാം സുഗമമായി നടപ്പാക്കാനും പ്രതിഷേധങ്ങളെ നേരിടാനും പോലീസ് സന്നാഹത്തേയും സര്‍ക്കാര്‍ തയ്യാറാക്കി. ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിക്കായി പ്രളയത്തില്‍ തകര്‍ന്ന റോഡുകളും കൃഷിയിടങ്ങളും ഉള്‍പ്പെടെ തുരന്നു. മലയോര ഹൈവേയും തീരദേശ ഹൈവേയും പോലുള്ള പദ്ധതികള്‍ അതിവേഗം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവും അതിവേഗ റെയിലും പ്രഖ്യാപിക്കപ്പെട്ടു.

പൊട്ടിയൊലിക്കുന്ന മലകളും തീരമിറങ്ങുമ്പോള്‍ കൂടെയിറങ്ങേണ്ടി വരുന്ന ജനതയും


"കേരളത്തിലെ മലയോരങ്ങളും തീരവും, ഏറ്റവും അധികം ഗൗരവത്തോടെ കാണേണ്ട രണ്ട് മേഖലകളാണ്. കാലവര്‍ഷത്തില്‍ കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടാവുക എന്നത് അസാധാരണമായ കാര്യമല്ല. എക്കാലവും കാലവര്‍ഷത്തോടനുബന്ധിച്ച് ചില പ്രദേശങ്ങളെങ്കിലും വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്. 2018ലെ മഹാ പ്രളയത്തിന് കാരണങ്ങള്‍ പലതുണ്ടായിരുന്നു. ഇനി അത്തരത്തിലൊന്ന് സംഭവിക്കാനുള്ള സാധ്യതയുണ്ടോ എന്നത് പരിശോധിക്കേണ്ട കാര്യമാണ്. എന്നാല്‍ കേരളം ഇനി ശ്രദ്ധ വെക്കേണ്ട രണ്ടിടങ്ങള്‍ കടലോര, മലയോര പ്രദേശങ്ങളാണ്. അവിടെയാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. ഇനി ഉണ്ടാവാനുള്ള സാധ്യതയുള്ളതും." കാലാവസ്ഥാ വ്യതിയാനവും കേരളത്തിലെ പ്രകൃതി ദുരന്തങ്ങളും സംബന്ധിച്ച് സംസാരിക്കവെ കാലാവസ്ഥാ വിദഗ്ധനും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ റഡാര്‍ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.എസ്. അഭിലാഷ് അഭിപ്രായപ്പെട്ടത് ഇത്തരത്തില്‍ ആയിരുന്നു. ഡോ. അഭിലാഷിന്റെ ഉള്‍പ്പെടെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ ശരിവയ്ക്കുന്നതാണ് ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങള്‍. തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലെ പശ്ചിമഘട്ട മേഖലകളില്‍ പെയ്ത മഴ ഉണ്ടാക്കിയ ഉരുള്‍പൊട്ടലുകളുടേയും മണ്ണിടിച്ചിലുകളുടേയും കണക്ക് ദുരന്ത നിവാരണ അതോറിറ്റിക്ക് കണക്കാക്കാവുന്നതിലും അധികമായിരുന്നു. പതിനായിരത്തിനടുത്ത് ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളുമാണ് 2018 മുതല്‍ കേരളത്തില്‍ സംഭവിച്ചത്. പ്രധാന കാരണമായി കണക്കാക്കുന്നത് മഴയും മനുഷ്യന്റെ ഇടപെടലുകളുമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി പശ്ചിമഘട്ട മേഖലയില്‍ മഴയുടെ വിതാനത്തിലും ഘടനയിലും മാറ്റം വന്നതായി ശാസ്ത്ര ലോകം പഠനങ്ങളിലൂടെയും റിപ്പോര്‍ട്ടുകളിലൂടെയും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. "അതിതീവ്ര മഴയെ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ല. എന്നാല്‍ പശ്ചിമഘട്ടത്തെ പരിഗണിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനായി ഒരു ബജറ്റിലും തുക മാറ്റിവച്ചിട്ടില്ല. അല്ലെങ്കില്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി ഒരു നയവും പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല." ഫ്ലഡ് ആന്‍ഡ് ഫ്യൂറി പുസ്തക രചയിതാവ് വിജു ബിയുടെ വിമര്‍ശനം. പകരം സര്‍ക്കാര്‍ ചെയ്തത് അല്ലെങ്കില്‍ ചെയ്യുന്നത് എന്താണ്?


'കേരളത്തിന്റെ സുഗന്ധവ്യഞ്ജന പാത' (kerala's spice route) എന്ന പേര് കേള്‍വിക്ക് സുന്ദരമാണെങ്കിലും കേരളത്തിന്റെ മലനിരകളെ തുരന്നുകൊണ്ടാണ് അത് സാധ്യമാക്കുന്നത്. മലയോര ഹൈവേ 2019ല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് 2017ല്‍ നല്‍കിയ നിര്‍ദ്ദേശം. കാസര്‍കോഡ് നന്ദാരപ്പടവ് മുതല്‍ പാറശ്ശാല വരെ 1251 കിലോമീറ്ററിലാണ് ഹൈവേ പണിയുന്നത്. ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെ മലയോര ഹൈവേ കടന്ന് പോവും. ആദ്യഘട്ടമായി പതിമൂന്ന് ജില്ലകളില്‍ ഇരുപത്തിയഞ്ച് റീച്ചുകളിലെ നിര്‍മ്മാണമാണ് ആരംഭിച്ചത്. മലയോര ഹൈവേയുട നിര്‍മ്മാണം ഇപ്പോഴും തുടരുകയാണ്. ഏറെക്കുറെ എല്ലാ ജില്ലകളിലും നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നതായി പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കേരളത്തില്‍ തുടര്‍ന്ന് വരുന്ന ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാഹചര്യത്തില്‍ മലയോര ഹൈവേ നിര്‍മ്മാണം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് കൊച്ചി-ധനുഷ്‌കോടി ദേശീയപാത വികസനത്തിന്റെ ഭാഗമായി രാജകുമാരിയില്‍ സംഭവിക്കുന്നതാണ്. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായ അതേ ദിവസം ഓഗസ്റ്റ് ആറിന് ദേശീയപാതയുടെ ഭാഗമായ ഗാപ് റോഡില്‍ വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും 23 ഏക്കര്‍ കൃഷിയിടം അപ്പാടെ നശിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചെറുതും വലുതുമായ നൂറോളം മണ്ണിടിച്ചിലുകള്‍ ഗാപ് റോഡില്‍ മാത്രം ഉണ്ടായതായാണ് റവന്യൂ വകുപ്പ് അധികൃതരുടെ കണക്കെടുപ്പില്‍ വ്യക്തമായത്. അതിതീവ്ര മഴ ലഭിച്ച ഓഗസ്റ്റ് അഞ്ചിനും ദേശീയപാതാ അതോറിറ്റി നിര്‍മ്മാണം തുടര്‍ന്നു എന്നത് മറ്റൊരു വശം. "ഗാപ് റോഡ് കേരളത്തില്‍ നടപ്പാക്കുന്ന വികസന നയങ്ങളുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. അശാസ്ത്രീയമായ റോഡ് വികസനം ഏത് തരത്തിലാണ് കുന്നുകളെയും മലകളെയും ബാധിക്കുക എന്നത് അവിടെ കാണാം. പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളെ പോലും ഒഴിവാക്കാത്ത കേരള വികസനം എങ്ങനെയാണ് സാധാരണക്കാരുടെ ജീവതത്തെ ബാധിക്കുക എന്നതിന്റെയും ഉത്തമ ഉദാഹരണമാണത്." വിജു ബി പറയുന്നു. 2018-19 കാലയളവിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലയോര ഹൈവേയുടെ അലൈന്‍മെന്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുാകരന്‍ നിയമസഭയില്‍ അറിയിച്ചത് ഇതിനോട് ചേര്‍ത്ത് വായിക്കാം. 'വനം വകുപ്പുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ ഏതാനും ഡിവിഷനുകളിലെ ചില മേഖലയില്‍ അലൈന്‍മെന്റ് പുന:ക്രമീകരണം നിര്‍ദ്ദേശിച്ചിട്ടുണ്ട്.' എന്നാണ് അദ്ദേഹം നിയമസഭയില്‍ പറഞ്ഞത്.

കേരളത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ ശാസ്ത്ര ലോകം മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയവയാണ്. "കാലാവസ്ഥാ വ്യതിയാനങ്ങളും അത് വഴി പരിസ്ഥിതിക്ക് സംഭവിക്കുന്ന മാറ്റങ്ങളും ചൂണ്ടിക്കാട്ടി ഓരോ തവണയും മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കൂര്‍ ഇടപെടല്‍ ആണ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ഇപ്പോഴും അപകടങ്ങള്‍ തുടരുന്നു. ഇനിയും തുടരാനാണിട. അത് മുന്നില്‍ കണ്ട് വേണം വികസന സമീപനങ്ങള്‍." കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെ എഫ് ആര്‍ ഐ) സയന്റിസ്റ്റ് ഡോ. ടി വി സജീവ് പറയുന്നു. മഴക്കാലം വരുന്നതിന് മുമ്പ് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവക്കുന്നു, മണ്ണിടിച്ചിലോ പ്രളയമോ ഉണ്ടാവാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് മഴയുടെ സാഹചര്യത്തില്‍ മനുഷ്യരെ മാറ്റിപ്പാര്‍പ്പിക്കുക- ഈ രണ്ട് കാര്യങ്ങളാണ് നിലവില്‍ നടക്കുന്നത്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദുരന്തങ്ങളെ തടയിടാനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഇതേവരെ രൂപം നല്‍കിയിട്ടില്ല എന്ന് ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.

എല്‍ഡിഎഫ് പ്രകടന പത്രികയിലുള്ള വാഗ്ദാനമായിരുന്നു ക്വാറികള്‍ പൊതുമേഖലയ്ക്ക് കീഴില്‍ കൊണ്ടുവരും എന്നത്. എന്നാല്‍ അക്കാര്യത്തില്‍ ഇക്കാലമത്രയും ഒരു തീരുമാനവും ഉണ്ടായിട്ടില്ല. "അക്കാര്യം മറന്ന് പോയത് പോലെയാണ്. പൊതുമേഖലയിലേക്ക് ക്വാറികള്‍ കൊണ്ട് വന്നാല്‍ മാത്രമേ അക്കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ സാധ്യമാവൂ." ഡോ. ടി വി സജീവ് തുടരുന്നു. ദുരന്ത സാധ്യതാ മേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു എന്ന് പറയുന്നതില്‍ വസ്തുതാപരമായ പിഴവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. "സിമുലേറ്റീവ് ലാന്‍ഡ്സ്‌കേപ്പ് ആണ് കേരളത്തിലേത്. മഴക്കാലത്തോ, അല്ലെങ്കില്‍ അതിതീവ്ര മഴയുണ്ടാവുന്ന സാഹചര്യങ്ങളിലോ ഏത് സ്ഥലത്താണ് അപകടമുണ്ടാവാന്‍ സാധ്യതയെന്നോ, ഏത് പ്രദേശമാണ് ദുര്‍ബലമെന്നോ തരത്തിലുള്ള ക്ലാസ്സിഫിക്കേഷന്‍ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല. ജാഗ്രതാ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ട പ്രദേശങ്ങളിലും എന്താണ് ഇതുവരെ നടപ്പാക്കിയിട്ടുള്ളത് എന്നതും ചോദ്യമാണ്. കേരളത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നം മാത്രമല്ല, മറിച്ച് മനുഷ്യാവകാശ പ്രശ്‌നം കൂടിയാണ്. പെട്ടിമുടിയില്‍ ഒറ്റമുറിയില്‍ താമസിച്ചിരുന്ന തൊഴിലാളികളാണ് മരിച്ചതെങ്കില്‍ കവളപ്പാറയിലും പുത്തുമലയിലുമെല്ലാം കര്‍ഷകരും സാധാരണക്കാരും തൊഴിലാളികളുമാണ് ഇല്ലാതായത്. പാവപ്പെട്ടവര്‍ മാത്രമാണ് ദുരന്തങ്ങളില്‍ മരിക്കുന്നത്. ഒരു പക്ഷേ കരുത്തുള്ള ഒരു വീടെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പെട്ടുമുടിയിലെ പകുതി പേരെങ്കിലും രക്ഷപെടുമായിരുന്നു. അത്തരത്തില്‍ മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് പകരം ഗ്യാസ് പൈപ്പ ലൈനും, മറ്റ് വന്‍കിട പദ്ധതികളുമാണ് ഇവിടെ നടപ്പാക്കപ്പെടുന്നത്. മനുഷ്യാവകാശ പ്രശ്‌നമായാണ് ഇതിനെ കണക്കാക്കേണ്ടത്."
സര്‍ക്കാര്‍ അധികാരമേറ്റ് അധികം വൈകാതെ ക്വാറികളും പൊതുസ്ഥലങ്ങളുമായുള്ള ദൂര പരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കി ചുരുക്കി. 2018-19 വര്‍ഷത്തെ സംസ്ഥാന മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കണക്ക് പരിശോധിച്ചാല്‍ മൂന്ന് കോടി ടണ്‍ പാറയാണ് പശ്ചിമഘട്ടത്തില്‍ നിന്ന് പൊട്ടിച്ചെടുത്തത്. അനധികൃതമായ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പോലും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വിദഗ്ദ്ധര്‍ പരാതിപ്പെടുന്നു. അത്തരം ക്വാറികളില്‍ പൊട്ടിക്കുന്ന പാറയുടെ കണക്ക് കൂടിയെടുത്താല്‍ കേരളത്തില്‍ ഒരു വര്‍ഷം പൊടിയുന്ന പാറയുടെ കണക്ക് ഇപ്പോഴത്തേതിലും ഇരട്ടി വരുമെന്ന് ഉദ്യോഗസ്ഥരും പറയുന്നു. ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ച് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണ്‍ ഉത്തരവിറക്കിയപ്പോഴും അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പെട്ടിമുടി ഉരുള്‍പൊട്ടല്‍ സംഭവിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് സര്‍ക്കാര്‍ ഗ്രീന്‍ ട്രിബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന് ക്വാറികള്‍ ആവശ്യമാണെന്നുള്ളതാണ് വ്യവസായ വകുപ്പിന്റെ സമീപനം.

കടല്‍ കയറ്റവും കടലാക്രമണവും കേരളത്തില്‍ രൂക്ഷമാവാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. കേരള തീരത്ത് തീരശോഷണം നടക്കുന്നതായി പഠനങ്ങളും വെളിവാക്കുന്നു. എന്നാല്‍ വികസന പദ്ധതികളില്‍ നിന്ന് തീരത്തെയും ഒഴിവാക്കാതെയാണ് സര്‍ക്കാര്‍ നീക്കം. മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ വരെ 623 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന തീരദേശ ഹൈവേ ആണ് പ്രധാന പദ്ധതികളിലൊന്ന്. ഒമ്പത് ജില്ലകളിലൂടെ കടന്ന് പോവുന്ന ഹൈവേ വല്ലാര്‍പ്പാടം, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളെയും നിരവധി ചെറിയ തുറമുഖങ്ങളേയും ബന്ധിപ്പിക്കും എന്ന് സര്‍ക്കാര്‍ പറയുന്നു. ദേശീയപാതയിലെ ഗതാഗത തിരക്ക് കുറയ്ക്കുക, പ്രധാന മത്സ്യ ബന്ധന തുറമുഖങ്ങളേയും മത്സ്യബന്ധന മേഖലകളേയും ബന്ധിപ്പിക്കുക, വിനോദ സഞ്ചാരം പ്രോത്‌സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി. എന്നാല്‍ 2020 ഫെബ്രുവരി ഏഴിന് മന്ത്രി എസ് ശര്‍മ അധ്യക്ഷനായ എസ്റ്റിമേറ്റ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സാമൂഹികാഘാത പഠനത്തിനും പാരിസ്ഥിതികാഘാത പഠനത്തിനും ശുപാര്‍ശ ചെയ്യുന്നുണ്ട്. 'തീര പ്രദേശം എന്നത് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ പെടുന്നതാണ്. ഈ ഭാഗത്തുള്ള ഏത് നിര്‍മ്മാണ പ്രവര്‍ത്തനവും അവിടുത്തെ ആവാസ വ്യവസ്ഥയെ ബാധിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സം സൃഷ്ടിക്കും. അതിനാല്‍ തീരദേശം, പൊഴി എന്നീ ഭാഗങ്ങളോട് ചേര്‍ന്ന മത്സ്യപ്രജനന കേന്ദ്രങ്ങള്‍ കുറയുന്നതിനും വിദൂരഭാവിയില്‍ മത്സ്യസമ്പത്തും മത്സ്യ കയറ്റുമതിയും കുറയുന്നതിനും ഇത് കാരണമായേക്കാം. അതിനാല്‍ ഇത് സംബന്ധിച്ച് പാരിസ്ഥിതികാഘാത പഠനം നടത്തേണ്ടതാണ്. വികസനം പരിസ്ഥിതിയുടെ സന്തുലനാവസ്ഥ ഹോമിച്ചുകൊണ്ടാകരുത്'. എന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

കടല്‍കയറ്റവും കടലാക്രമണവും തീരദേശ ജനതയുടെ ജീവിതം ദിനംപ്രതി കൂടുതല്‍ പ്രതിസന്ധിയിലാക്കുമ്പോഴാണ് അതിന് പരിഹാരം കാണാതെ സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്നത്. തീരദേശ ജനതയുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാതെ അവരെ സുരക്ഷയുടേയും വികസനത്തിന്റെയും പേര് പറഞ്ഞ് ഫ്‌ലാറ്റുകളിലേക്കും മറ്റിടങ്ങളിലേക്കും പുനരധിവസിപ്പിക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ കാലങ്ങളായി നടത്തി വരുന്നത്. പ്രകൃതി ദുരന്തങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വരുമ്പോഴും, തീരശോഷണം വിഷയമായി ശാസ്ത്രജ്ഞരുള്‍പ്പെടെ ഉയര്‍ത്തിക്കാട്ടുമ്പോഴും തീരത്തെ മണല്‍ ഖനനവുമായി മുന്നോട്ട് പോവുന്ന സര്‍ക്കാര്‍ സമീപനവും ഏറെ വിമര്‍ശിക്കപ്പെടുന്നു. കേരള കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ് ഡയറക്ടറും അക്വാകള്‍ച്ചര്‍ പ്രൊഫസറും സമുദ്ര ഗവേഷകനുമായ ഡോ. കെ ജി പത്മകുമാര്‍ പറയുന്നു, "കേരളത്തിലെ രണ്ട് അതിലോല പരിസ്ഥിതി പ്രദേശങ്ങളാണ് തീരപ്രദേശവും പശ്ചിമഘട്ടവും. പശ്ചിമഘട്ടത്തില്‍ മഴ
പെയ്ത് ഉരുള്‍പൊട്ടല്‍ ഉണ്ടാവുമ്പോള്‍ തീരപ്രദേശത്ത് കടല്‍ നിരപ്പ് ഉയരുകയാണ്. മില്ലി മീറ്റര്‍ അടിസ്ഥാനത്തില്‍ ഉയരുന്നത് കൊണ്ട് മാത്രമാണ് അക്കാര്യം ശ്രദ്ധയില്‍ വരാത്തത്. എന്നാല്‍ വളരെ പതിയെ 30 സെന്റി മീറ്റര്‍ വരെ കടല്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ ഒരു സ്ക്വയര്‍ കിലോമീറ്ററില്‍ 800 പേരാണ് ശരാശരിയുള്ളതെങ്കില്‍ തീരപ്രദേശത്ത് അത് 2500 വരും. അത്രയും ജനസാന്ദ്രതയേറിയ പ്രദേശത്താണ് ഏത് തരത്തിലുള്ള നിര്‍മ്മാണത്തെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നത്. വേലിയേറ്റ പ്രദേശങ്ങളെ കടലിന്റെ ശ്വാസോച്ഛാസ മേഖല എന്നാണ് പറയുക. അവിടെ കടല്‍ഭിത്തി കൊണ്ട് പോലും കെട്ടിയടക്കുന്നത് കടലിനും തീരത്തിനും ദോഷം മാത്രമേ ചെയ്യൂ. പശ്ചിമഘട്ടത്തില്‍ നിന്ന് കല്ല് കൊണ്ട് നിരത്ത് നടപ്പാക്കുന്ന മറ്റ് വികസന പദ്ധതികളുടെ കാര്യം അതിലും വെല്ലുവിളിയാണ്."

വിഴിഞ്ഞം പദ്ധതിയും, തീരദേശ പാതയുടെ നിര്‍മ്മാണവും, പശ്ചിമ കൊച്ചിയില്‍ 700 ഏക്കര്‍ കടല്‍ നികത്തി വരുന്ന ഔട്ടര്‍ പോര്‍ട്ടും ഉള്‍പ്പെടെ കടലിനെയും തീരദേശത്തേയും മുഴുവനായും ഇല്ലാതാക്കാന്‍ പാകത്തിലുള്ളതും അശാസ്ത്രീയവും ആണ്. കടലാക്രമണവും തീരശോഷണവും തടയാനുള്ള വഴികളെല്ലാം അടയ്ക്കുന്ന സര്‍ക്കാര്‍ അടിസ്ഥാന വര്‍ഗ ജനതയുടേയും അവരുടെ ഉപജീവനത്തേയും പരിസ്ഥിതിയേയും പാടെ മറന്നുകൊണ്ടാണ് തീരം ലക്ഷ്യമിട്ടുള്ള വികസനങ്ങളും കൊണ്ടുവരുന്നതെന്നും ഡോ. പത്മകുമാര്‍ പറയുന്നു. "പശ്ചിമഘട്ടം പൊട്ടിച്ച് കടല്‍ഭിത്തിയും പുലിമുട്ടുകളും നിര്‍മ്മിക്കുന്നതിന് പകരം അഴികളും പൊഴികളും തുറന്നാല്‍, അതിലൂടെ കടല്‍വെള്ളം കയറിയിറങ്ങാന്‍ അവസരമുണ്ടാക്കിയാല്‍ കടലാക്രമണം കുറയും. വലിയ മണ്‍കൂനകളായിരുന്നു തീരപ്രദേശങ്ങള്‍. വലിയ മണല്‍ക്കൂനകളും മണല്‍കുന്നുകളും ഖനനത്തിനായി നല്‍കി. ശോഷിച്ച് തീരം ഇല്ലാതായിട്ടും വീണ്ടും വ്യവസായത്തിനും വികസനത്തിനും എന്ന പേരില്‍ മണല്‍ വാരുകയാണ്. എന്നിട്ട് കടലും തീരവും സുരക്ഷിതമാക്കാനെന്ന പേരില്‍ ക്വാറി ഉടമകള്‍ക്ക് കോടികള്‍ നല്‍കുന്നു. ക്വാറി ഉടമകളുടെ താത്പര്യം മാത്രമാണ് വികസനം എന്ന പേരില്‍ കേരളത്തില്‍ നടക്കുന്നത്. ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന കമ്മറ്റിയില്‍ അംഗമായിരുന്നയാളെന്ന നിലയില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ട്. പശ്ചിമഘട്ടത്തിലും തീരപ്രദേശത്തും എല്ലാം പാറപൊട്ടിച്ച് വികസനം കൊണ്ട് വന്ന് ജനങ്ങളുടെ ജീവിതം പോലും അപകടത്തിലാക്കുകയാണ് യഥാര്‍ഥത്തില്‍ ഇവിടെ ചെയ്യുന്നത്."


വന്‍കിട പദ്ധതികള്‍

ആറന്‍മുള 'ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം' തണ്ണീര്‍ത്തടങ്ങളെ ഇല്ലാതാക്കി പരിസ്ഥിതിയെ ഇല്ലാതാക്കിയാണ് വരുന്നത് എന്ന കാരണത്താല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ പ്രതിഷേധവും സമരങ്ങളും ഉണ്ടായി. അന്ന് സമരമുഖത്തുണ്ടായിരുന്നവരാണ് എല്‍ഡിഎഫ്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നടപ്പാക്കാന്‍ പ്രഖ്യാപിച്ച വലിയ പദ്ധതികളിലൊന്നാണ് ' ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം'. ശബരിമല വിമാനത്താവളം എന്ന പേരില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുത്ത് വിമാനത്താവളം നിര്‍മ്മിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ പുരോഗമിച്ച് വരികയാണ്. മറ്റൊരു പ്രധാന പദ്ധതിയാണ് സില്‍വര്‍ ലൈന്‍ എന്ന പേരിലുള്ള അതിവേഗ സ്റ്രാന്‍ഡേര്‍ഡ് ഗേജ് റയില്‍ പാത നിര്‍മാണ പദ്ധതി. കേരളത്തിന്റെ ഗതാഗത വികസനത്തില്‍ ഒട്ടും മുന്‍ഗണനയില്ലാത്തതും കേരളം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാന്‍ സാധ്യതയുള്ള സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത് ഉള്‍പ്പെടെയുള്ള സംഘടനകളും പരിസ്ഥിതി സംഘടനകളും വിദഗ്ദ്ധരും ഒരു പോലെ ആവശ്യപ്പെടുന്നു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെയും തിരൂരിന് വടക്കോട്ടും നിലവിലുള്ള റയില്‍പാതയോട് ചേര്‍ന്നല്ല സില്‍വര്‍ലൈന്‍ കടന്ന് പോവുന്നത്. പാതയ്ക്ക് വേണ്ടി 15 മുതല്‍ 25 മീറ്റര്‍ വരെ വീതിയില്‍ ജനവാസം കുറഞ്ഞ പ്രദേശം കണ്ടെത്തുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് നെല്‍പ്പാടങ്ങളുടേയും തണ്ണീര്‍ത്തടങ്ങളുടേയും ഇടനാടന്‍ കുന്നുകളുടേയും വന്‍ തോതിലുള്ള നാശത്തിന് കാരണമാവുമെന്നാണ് പ്രധാനമായി ഉയരുന്ന വിമര്‍ശനം. 532 കിലോമീറ്റര്‍ ദൂരം വരുന്ന പാതയുടെ അഞ്ചിലൊന്ന് ഭാഗവും ഉയരത്തിലുള്ള പാതയും പാലങ്ങളും തുരങ്കങ്ങളും ആയാണ് കണക്കാക്കുന്നത്. നിര്‍മ്മാണാവശ്യത്തിന് കല്ലും മണലും ഉള്‍പ്പെടെ അസംസ്‌കൃത വസ്തുക്കള്‍ വേണ്ടി വരും എന്നതിനാല്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഏറുമെന്നും വാദങ്ങളുണ്ട്.


പരിസ്ഥിതി ശാസ്ത്രജ്ഞനായ എസ് ഫൈസി പറയുന്നു, "ഓഖി മുതലുള്ള ദുരന്തങ്ങള്‍ കേരളത്തിന് തടഞ്ഞ് നിര്‍ത്താനാവുന്നതാണോ എന്ന് ചോദിച്ചാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വരുന്ന പ്രകൃതി ദുരന്തങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ലായിരിക്കാം. എന്നാല്‍ അതിന്റെ കാഠിന്യം കുറക്കാനും, ദുരന്തങ്ങളെ ഒരു പരിധിവരെ ഒഴിച്ച്
നിര്‍ത്താനും സര്‍ക്കാര്‍ നയങ്ങളും വികസന സമീപനങ്ങളും കൊണ്ട് കഴിയും. എന്നാല്‍ വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. പരിസ്ഥിതിക്ക് ഒട്ടും യോജിക്കാത്ത പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. സമാന്തര റയില്‍ പാത, യഥാര്‍ഥത്തില്‍ ആരുടെ ആവശ്യമാണ്? കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങളുടെ മുന്‍ഗണനയില്‍ വരുന്ന പദ്ധതിയേ അല്ല അത്. പരിസ്ഥിതിക്ക് ഒട്ടും യോജിക്കാത്തത് എന്ന് മാത്രമല്ല ഒട്ടേറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്നതുമാണ്. തികച്ചും അനാവശ്യമെന്ന് പറയാവുന്ന മറ്റൊരു പദ്ധതിയാണ് ശബരിമലയ്ക്കായി വിമാനത്താവളം. 600 കിലോ മീറ്റര്‍ നീളത്തില്‍ നാല് എയര്‍പോര്‍ട്ടുകളുള്ള സ്ഥലം ലോകത്ത് തന്നെയുണ്ടാവില്ല. അതിന് പുറമെയാണ് വലിയ ഒരു കുന്നിടിച്ച് വിമാനത്താവളം നിര്‍മ്മിക്കാനൊരുങ്ങുന്നത്. ലോകത്തിലെ തന്നെ ജനസാന്ദ്രത ഏറിയ സ്ഥലങ്ങളില്‍ പെടുന്ന സ്ഥലമാണ് കേരളം. അതിനെ വീണ്ടും കീറിമുറിച്ച് ജനങ്ങളെ കുടിയൊഴിപ്പിച്ച് താങ്ങാനാവാത്ത ചെലവില്‍ അടിസ്ഥാന വികസനം എന്ന പേരില്‍ ഇത്തരം പദ്ധതികള്‍ കൊണ്ടുവരുന്നതിന്റെ യുക്തിയാണ് മനസ്സിലാവാത്തത്. പൊതുസമൂഹവും രാഷ്ട്രീപാര്‍ട്ടികളും പരിസ്ഥിതി പ്രവര്‍ത്തകരും എല്ലാം എതിര്‍ക്കുന്ന, ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ആവശ്യമില്ലാത്ത പദ്ധതികള്‍ യഥാര്‍ഥത്തില്‍ ഒരു ലോബിയുടെ മാത്രം ആവശ്യമാണ്. പദ്ധതികളില്‍ എതിര്‍പ്പുകള്‍ നേരിടുമ്പോഴും സര്‍ക്കാര്‍ പദ്ധതി നടത്തിപ്പുമായി മുന്നോട്ട് പോവുകയാണ്."

2015ലെ വരള്‍ച്ച, 2017ലെ ഓഖി, 2018 മുതല്‍ ഇങ്ങോട്ട് വര്‍ഷാവര്‍ഷം എത്തുന്ന പ്രളയവും ഉരുള്‍പൊട്ടലുകളും. എന്നാല്‍ കേരളം അതില്‍ നിന്ന് പാഠം പഠിക്കുന്നില്ലെങ്കില്‍ ഇനിയും വലിയ ദുരന്തങ്ങള്‍ കാത്തിരിക്കുന്നതായാണ് വിവിധ മേഖലകളിലെ ശാസാത്രജ്ഞരും വിദഗ്ദ്ധരും നല്‍കുന്ന മുന്നറിയിപ്പ്. "അടിസ്ഥാന സൗകര്യം എന്ന് പറയുന്നു. ആരുടെ അടിസ്ഥാന സൗകര്യം? മനുഷ്യര്‍ക്ക് വീട് വേണം, ഭക്ഷണം വേണം, ശുദ്ധവായുവും ജലവും വേണം, ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങള്‍ വേണം. ഇതിനപ്പുറം സില്‍വര്‍ ലൈന്‍ വേഗതയില്‍ പോവണ്ടതുണ്ടോ? ആര് ഫണ്ട് തന്നാലും അത് വാങ്ങി അവര്‍ക്ക് കൂടി താത്പര്യമുള്ള വികസനം കൊണ്ടുവരുന്നു. സമ്പന്നര്‍ക്ക് വേണ്ടിയുള്ളതാണ് ഇവിടുത്തെ വികസന നയങ്ങള്‍. മലയോര ഹൈവേ ആയാലും തീരദേശ ഹൈവേ ആയാലും, വിമാനത്താവളമോ, അതിവേഗ റെയിലോ ആയാലും അത് അടിസ്ഥാന ജന വിഭാഗത്തിന് എന്തുകൊണ്ടും ഭീഷണിയാണ്." ഗാഡ്ഗില്‍ കമ്മിറ്റി അംഗമായിരുന്ന ഡോ. വി എസ് വിജയന്‍ അഭിപ്രായപ്പെടുന്നു. വികസനം എന്നതിന് നിര്‍വ്വചനങ്ങള്‍ ഇല്ലാത്തതിനാല്‍ തങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ വികസനം എന്ന പേരില്‍ എടുത്തുകാട്ടുന്നത്. എന്നാല്‍ പാരിസ്ഥിതിക ദുരന്തങ്ങളെ മുഖാമുഖം കാണുന്ന കേരളത്തിന് ഈ വികസന സങ്കല്‍പ്പം മതിയാവുമോ എന്ന ചോദ്യമാണ് ഉയരുന്നത്.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories