മോഹിനിയാട്ടം അവതരിപ്പിക്കാൻ കേരള സംഗീത നാടക അക്കാഡമി അനുമതി നിഷേധിച്ചതായി നർത്തകൻ ഡോ.ആർ എൽ വി രാമകൃഷ്ണൻ. താൻ നൽകിയ അപേക്ഷ അക്കാഡമി തള്ളിയതായി രാമകൃഷ്ണൻ പറഞ്ഞു. പരാതി നൽകാൻ സംഗീത നാടക അക്കാഡമി സെക്രട്ടറിയെ കാണാൻ അനുവദിച്ചില്ലെന്നും ആർ എൽ വി രാമകൃഷ്ണൻ ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു. മോഹിനിയാട്ടം പുരുഷന്മാർക്ക് അവതരിപ്പിക്കാൻ സാധിക്കില്ല എന്നും നോക്കാം എന്നും പറഞ്ഞ് തന്നെ പറഞ്ഞുവിടുകയായിരുന്നു എന്ന് രാമകൃഷ്ണൻ പറയുന്നു. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനാണ് നൃത്തത്തിൽ ഡോക്ടറേറ്റുള്ള ആർ എൽ വി രാമകൃഷ്ണൻ.
അക്കാഡമി സെക്രട്ടറിയുടെ ലിംഗവിവേചനപരമായ തീരുമാനങ്ങളോട് പ്രതിഷേധം അറിയിക്കുന്നതായി ആർഎൽവി രാമകൃഷ്ണൻ പറയുന്നു. തനിക്ക് വേണ്ടി ശക്തമായി വാദിച്ച സംഗീത-നാടക അക്കാഡമി ചെയർപേഴ്സൺ കെപിഎസി ലളിതക്ക് നന്ദി അറിയിക്കുന്നതായും രാമകൃഷ്ണൻ പറയുന്നു. ആർഎൽവി രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിന് പിന്നിൽ ജാതിവിവേചനമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സോഷ്യൽമീഡിയയിൽ ഇത് സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കുകയാണ്.
ഡോ.ആർഎൽവി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനുള്ള അപേക്ഷ നിഷേധിച്ച് കേരള സംഗീത നാടക അക്കാദമി. എനിക്ക് വേണ്ടി ശക്തമായി വാദിച്ച സംഗീത നാടക അക്കാദമി ചെയർ പേഴ്സൺ ശ്രീമതി കെ.പി.എ.സി ലളിത ഔവർകളോട് നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നു. എനിക്കുണ്ടായ ദുരനുഭവം മറ്റൊരാൾക്കും ഉണ്ടാകരുത് എന്ന് പ്രാർത്ഥിക്കുന്നു. അക്കാദമി സെക്രട്ടറിയുടെ ലിംഗ വിവേചനപരമായ തീരുമാനങ്ങളോട് പ്രതിഷേധം അറിയിക്കുന്നു.