TopTop
Begin typing your search above and press return to search.

എന്ത് മാതൃക? ലോകം കേരളത്തെ മൈന്‍ഡ് ചെയ്യുന്നില്ല; മറ്റൊരു രാജ്യത്ത് പോയി അവന്റെ അടിവസ്ത്രം അലക്കിക്കൊടുത്ത് ജീവിക്കുന്നത് നാം അഭിമാനവും മാതൃകയുമായാണ് കാണുന്നത്: ടി.ജി മോഹന്‍ദാസ്

എന്ത് മാതൃക? ലോകം കേരളത്തെ മൈന്‍ഡ് ചെയ്യുന്നില്ല; മറ്റൊരു രാജ്യത്ത് പോയി അവന്റെ അടിവസ്ത്രം അലക്കിക്കൊടുത്ത് ജീവിക്കുന്നത് നാം അഭിമാനവും മാതൃകയുമായാണ് കാണുന്നത്: ടി.ജി മോഹന്‍ദാസ്

കേരള മോഡലിന്റെ ആദ്യത്തെ ക്രെഡിറ്റ് രാജഭരണത്തിനാണെന്നാണ് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി പറഞ്ഞതില്‍ സത്യത്തിന്റെ എലമെന്റുണ്ടെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്. കേരള മാതൃക എന്ന് പറഞ്ഞ് നടക്കുന്ന നമ്മെ ആരും മൈന്‍ഡ് ചെയ്യുന്നില്ലെന്നും കേരളമെന്നൊരു പ്രദേശമുണ്ടെന്നു പോലും ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആന്റണി അഴിമുഖത്തിന് അനുവദിച്ച പ്രസ്താവനയുമായി ബന്ധപ്പെട്ട് അഴിമുഖത്തില്‍ പ്രസിദ്ധീകരിക്കുന്ന പരമ്പരയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു മോഹന്‍ദാസ്. (അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം: ടി.ജി മോഹൻദാസ്/അഭിമുഖം: ലോക്ഡൗണ്‍ അടച്ചിടൽ തുടരുന്നത് കോവിഡിനേക്കാൾ വലിയ ദുരന്തമുണ്ടാക്കും, ഇക്കാര്യം അറിയാത്തവരല്ല മോദിയും പിണറായിയുമൊന്നും; അവരതനുസരിച്ച് പ്രവര്‍ത്തിക്കുന്നു)

"നമ്മുടേത് ഒരു മണിയോര്‍ഡര്‍ എക്കണോമിയാണെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ലോകത്തിലെ ഏതെങ്കിലുമൊരു രാഷ്ട്രം നമ്മളെ പോലെ ആകാന്‍ കൊതിക്കുമോ? മറ്റൊരു രാജ്യത്ത് പോയി അവന്റെ അടിവസ്ത്രം അലക്കിക്കൊടുത്ത് ജീവിക്കാന്‍ ആരും തയ്യാറാകില്ല. നമ്മളതിനെ അഭിമാനമായും മാതൃകയായും കണക്കാക്കുന്നു. ആര്‍ക്കാണ് ഇത് മാതൃക? കേരളം എന്നൊരു പ്രദേശമുണ്ടെന്ന് ആര്‍ക്കാണ് അറിയാവുന്നത്? ലോകത്തിന് മാതൃക, ലോകത്തിന് മാതൃക എന്നാണ് എല്ലാവരും പറയുന്നത്. ലോകം നമ്മളെ മൈന്‍ഡ് ചെയ്യുന്നില്ല" എന്നാണ് മോഹന്‍ദാസ് അഭിപ്രായപ്പെട്ടത്.

ആന്റണിയുടെ പ്രസ്താവനയെ എതിര്‍ത്തവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത് ഡോ. പല്‍പ്പുവിന് ജോലി നിഷേധിച്ച സംഭവമാണെന്നും അതിനെക്കുറിച്ചുള്ള അഭിപ്രായം എന്താനെന്നുമുള്ള ചോദ്യത്തിന് മോഹന്‍ദാസ്‌ പറഞ്ഞ മറുപടി ഇങ്ങനെ: "ആന്റണി പറഞ്ഞതില്‍ സത്യത്തിന്റെ ഒരു എലമന്റ് ഉണ്ട്. പല്‍പ്പു സംഭവം മാത്രം വച്ച് തിരുവിതാംകൂര്‍ രാജകുടുംബത്തെ അളക്കരുത്. അവരുടെ സംഭാവനകള്‍ മാത്രം വച്ചും അവരെ വിലയിരുത്തരുത്. പുന്നപ്ര വയലാര്‍ വെടിവയ്പ്പിന്റെ ഉത്തരവാദിയായി എല്ലാവരും രേഖപ്പെടുത്തുന്നത് സി.പി രാമസ്വാമി അയ്യരെയാണ്. അന്നും രാജഭരണമായിരുന്നു. എന്നാല്‍ ആരും ചിത്തിരതിരുന്നാളിന് മേല്‍ അതിന്റെ ഉത്തരവാദിത്വം കെട്ടിവച്ച് കാണുന്നില്ല. നേരെ തിരിച്ച് ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ചത് ചിത്തിരതിരുന്നാള്‍ ആണ്. അന്നും രാമസ്വാമി അയ്യരായിരുന്നു ദിവാന്‍. എന്നാല്‍ അതിന്റെ ക്രെഡിറ്റ് ആരും ദിവാന് നല്‍കുന്നില്ല. നല്ല പേരെല്ലാം രാജാവിനും ചീത്തപ്പേരെല്ലാം ദിവാനും. ഈ രീതിയിലുള്ള ചരിത്ര വായനയാണ് കേരളത്തില്‍ നടക്കുന്നത്. സമഗ്രമായ വായനയല്ല, ഞാന്‍ എനിക്ക് ആവശ്യമുള്ളത് മാത്രം പെറുക്കിയെടുത്ത് വായിക്കും. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നിങ്ങള്‍ പത്രക്കാരുടെ വലിയ ആളാണ്. അതേസമയം അവര്‍ണരെ പള്ളിക്കൂടത്തില്‍ കയറ്റാന്‍ പാടില്ലെന്ന് വാദിച്ച ആളാണ് സ്വദേശാഭിമാനി. അങ്ങനെ പറഞ്ഞ ഒരാള്‍ എങ്ങനെയാണ് പത്രപ്രവര്‍ത്തകരുടെ നേതാവാകുന്നത്? ഇതുമാത്രമല്ല, രാജഭരണത്തെ വെല്ലുവിളിച്ചതിന് സ്വദേശാഭിമാനിയെ നാടു കടത്തി എന്നാണ് പറയുന്നത്. എന്നാല്‍ വെല്ലുവിളിച്ചത് ദിവാന്റെ ലൈംഗിക ബന്ധങ്ങളെ മാത്രമാണ്. അന്ന് സ്വദേശാഭിമാനി ചെയ്ത കാര്യം തന്നെയാണ് മംഗളം ചാനലിലൂടെ അജിത് കുമാര്‍ ചെയ്തത്. സ്വദേശാഭിമാനിയെ മാന്യനും ഗുരുതുല്യനുമായി കരുതുന്ന കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ അജിത് കുമാറിനെ വിലങ്ങ് വച്ചു കൊണ്ട് പോകുമ്പോള്‍ മിണ്ടിയില്ല. ഞാന്‍ കേരളത്തിലെ പത്രപ്രവര്‍ത്തകരെ വിമര്‍ശിക്കുന്നത് അവരുടെ സഹിക്കാന്‍ വയ്യാത്ത ഇരട്ടത്താപ്പിനെയാണ്".

ഈ ഇരട്ടത്താപ്പ് കേരളത്തിന്റെ പുരോഗതിയെക്കുറിച്ച് പറയുമ്പോഴുമുണ്ടെന്ന് മോഹന്‍ദാസ് പറയുന്നു; "നമ്മുടെ എല്ലാ പുരോഗതിയുമുണ്ടായത് 1957 ഏപ്രില്‍ അഞ്ചാം തിയതി ഇഎംഎസ് നമ്പൂതിരിപ്പാട് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുതലാണ്, ഇന്ത്യയുടെ അധ:പതനം തുടങ്ങുന്നത് 2014ല്‍ നരേന്ദ്ര മോദി അധികാരമേറ്റത് മുതലാണ് എന്ന് പറഞ്ഞിട്ട് നമ്മുടെ മഹത്തായ ചരിത്രത്തെ വിസ്മരിക്കുന്നു. എല്ലാത്തിലും പുഴുക്കുത്തുകളുണ്ട്. അതിന്റെയും ഉത്തരവാദിത്വം നമ്മള്‍ ഏറ്റെടുക്കേണ്ടതാണ്".

തുടര്‍ന്നാണ് അദ്ദേഹം കേരള മാതൃകയെക്കുറിച്ച് സംസാരിക്കുന്നത്: "നമ്മുടേത് ഒരു മണിയോര്‍ഡര്‍ എക്കണോമിയാണെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ലോകത്തിലെ ഏതെങ്കിലുമൊരു രാഷ്ട്രം നമ്മളെ പോലെ ആകാന്‍ കൊതിക്കുമോ? മറ്റൊരു രാജ്യത്ത് പോയി അവന്റെ അടിവസ്ത്രം അലക്കിക്കൊടുത്ത് ജീവിക്കാന്‍ ആരും തയ്യാറാകില്ല. നമ്മളതിനെ അഭിമാനമായും മാതൃകയായും കണക്കാക്കുന്നു. ആര്‍ക്കാണ് ഇത് മാതൃക? കേരളം എന്നൊരു പ്രദേശമുണ്ടെന്ന് ആര്‍ക്കാണ് അറിയാവുന്നത്? ലോകത്തിന് മാതൃക, ലോകത്തിന് മാതൃക എന്നാണ് എല്ലാവരും പറയുന്നത്. ലോകം നമ്മളെ മൈന്‍ഡ് ചെയ്യുന്നില്ല. കോവിഡ് രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിലാണെങ്കില്‍ ഗോവയില്‍ രോഗികള്‍ ഇല്ലല്ലോ? വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ആസാമിലും കോവിഡ് ഇല്ലല്ലോ? ആസാമിലെ ഒരു പ്രൊഫസര്‍ എന്നോട് പറഞ്ഞത് നിരന്തരമായി നിങ്ങള്‍ വടക്കു കിഴക്കന്‍ മേഖലയെ അവഗണിച്ചത് ആദ്യമായിട്ട് നന്നായിയെന്ന് എനിക്ക് പറയാന്‍ തോന്നുന്നുവെന്നാണ്. കാരണം നിങ്ങള്‍ ഇവിടെ വരാറുമില്ല, തിരിഞ്ഞു നോക്കാറുമില്ല, ദൈവം സഹായിച്ച് കൊറോണയും ഇവിടെ വന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മിസോറാമില്‍ ഒരെണ്ണം ആസാമില്‍ നാലെണ്ണമോ മറ്റോ. ഈ സ്റ്റാറ്റിസ്റ്റിക്‌സ് ആരും പറയുന്നില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കോവിഡ് കണക്ക് എന്തുകൊണ്ടാണ് ആരും പറയാത്തത്? അതുപോലെ ഹരിയാനയിലും എണ്ണം കുറവാണ്. അപ്പോള്‍ നമ്മള്‍ മാത്രം മാതൃകയെന്ന് പറയുന്നത് നമ്മുടെയൊരു പൊങ്ങച്ചവും ധാര്‍ഷ്ട്യവുമാണ്. മനുഷ്യര്‍ക്ക് അവരുടെ ചുണ്ടിന്റെ കോണിലൊരു പുച്ഛചിരിയുണ്ടാക്കുന്ന അവകാശവാദമാണ് കേരളം ലോകത്തിന് മാതൃകയെന്നത്. ലോകത്തിന് കേരളമുണ്ടെന്ന് പോലും അറിയില്ല. ലോകം ലോകത്തിന്റെ പാട്ടിന് പോകുകയാണ്".

ആന്റണിയുടെ വാദത്തെ എതിര്‍ക്കുന്നവര്‍ 57-ലെ ഇഎംഎസിന്റെ ജനകീയ സര്‍ക്കാരിനെക്കുറിച്ചാണല്ലോ പറയുന്നത് എന്ന ചോദ്യത്തിന് മോഹന്‍ദാസ്‌ പ്രതികരിച്ചത് ഇങ്ങനെ: "അതൊക്കെ വെറുതെ പറയുന്നതാണ്. ഞങ്ങള്‍ പുതിയതായി ഒന്നും ചെയ്തില്ല. 1936 മുതല്‍ കോണ്‍ഗ്രസ് പറഞ്ഞു തന്ന കാര്യങ്ങളാണ് ഞങ്ങള്‍ നടപ്പിലാക്കിയതെന്ന് ഇ എം എസിന്റെ പുസ്തകത്തില്‍ അദ്ദേഹം തന്നെ പറയുന്നുണ്ട്. ഭരണം എന്ന് പറയുന്നത് എപ്പോഴും ഒരു കണ്‍ടിന്വേഷന്‍ ആണ്. ഉമ്മന്‍ ചാണ്ടി പോയി പിണറായി വിജയന്‍ അവിടെ ഇരുന്നു എന്ന് കരുതി പുതിയൊരു കേരളം അവിടെ തുടങ്ങാനാകുമോ? ഭരണകൂടം ഒരു തുടര്‍ച്ചയായതു കൊണ്ടാണ് പല കാര്യങ്ങളും അവിടെ നടക്കാതെ പോകുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന വലിയ ബഹളമായിരുന്നല്ലോ മെത്രാന്‍ കായല്‍. പിണറായി വിജയന്‍ വന്നിട്ട് വര്‍ഷം നാലായില്ലേ? ഇതുവരെ മെത്രാന്‍ കായല്‍ തിരിച്ചു പിടിച്ചോ? പുത്തന്‍വേലിക്കര ഭൂമി പ്രശ്‌നം, കരുണ കരമടയ്ക്കുന്ന കേസ് ഇതെല്ലാം എന്തായി? കടുംവെട്ട് സര്‍ക്കാര്‍ എന്ന് പറഞ്ഞ് സകല ചാനല്‍ സ്റ്റുഡിയോകളും തല്ലിപ്പൊട്ടിച്ച കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഇപ്പോള്‍ കൃഷി മന്ത്രിയാണ്. മെത്രാന്‍ കായല്‍ മൊത്തം 700 ഏക്കറാണ്. അതില്‍ 423 ഏക്കറാണ് പതിച്ചു കൊടുത്തത്. ബാക്കി അവിടെ കിടക്കുകയാണ്. അവിടെ കൃഷി ചെയ്തിട്ടാണ് സുനില്‍കുമാര്‍ ഞങ്ങള്‍ മെത്രാന്‍ കായലില്‍ കൃഷി ചെയ്‌തെന്ന് അവകാശപ്പെട്ടത്. ഇതവരുടെ കുറ്റമൊന്നുമല്ല, വേറൊരു ഗവണ്‍മെന്റ് ഒപ്പിട്ട് കൊടുത്ത സാധനം റദ്ദ് ചെയ്യുകയെന്നത് ഓവര്‍ നൈറ്റ് നടക്കുന്ന കാര്യമല്ല. കോടതിയും പല നൂലാമാലകളുമുണ്ട്. പ്രസംഗിക്കുമ്പോള്‍ പലതും പറയാം. ഇതൊക്കെ കൊണ്ടുവന്നത് താനാണെന്ന് ആര്‍ക്കും അവകാശപ്പെടാം. പക്ഷെ ഇതൊരു തുടര്‍ച്ചയാണെന്ന് നമ്മള്‍ മനസിലാക്കണം. മുഗള്‍ ഭരണത്തിന് ശേഷം ബ്രിട്ടീഷ് ഭരണം, ബ്രിട്ടീഷ് ഭരണത്തിന് ശേഷം ജനകീയ ഭരണം, ആ ജനകീയ ഭരണത്തില്‍ മാറിമാറി വരുന്ന പാര്‍ട്ടികള്‍. ഇവരൊക്കെ ചേര്‍ന്നിട്ടാണ് ഈ സമൂഹത്തെ മുന്നോട്ടാണെങ്കിലും പുറകോട്ടാണെങ്കിലും കൊണ്ടുപോയിട്ടുള്ളത്. എന്നാല്‍, ഇവരൊന്നുമല്ലാതെ ഒരധികാരവും കയ്യിലില്ലാതെ കാര്യങ്ങള്‍ മുമ്പോട്ട് കൊണ്ടുപോയിട്ടുള്ളവരാണ് അതില്‍ക്കൂടുതല്‍. അവര് വരുത്തിയ മാറ്റം ഭീകരമാണ്. പൂര്‍ണ അധികാരമുള്ള ഒരു മഹാരാജാവ് കേരളത്തില്‍ ചെയ്യാന്‍ ഭയപ്പെടുന്ന കാര്യങ്ങള്‍ പുല്ലുപോലെ ഒരു തോര്‍ത്തുമുടുത്ത് നടത്തിയെടുത്ത ആളാണ് നാരായണ ഗുരു. ഒരു അധികാരവും കയ്യിലില്ലാതെ തന്നെ അദ്ദേഹം മൊത്തം സമൂഹത്തെയും മാറ്റിമറിച്ചു. അതാണ് ഭാരതത്തിന്റെ ആത്മീയ ശക്തി, രാഷ്ട്രീയക്കാരല്ല".

കേരള മോഡലിന്റെ ക്രെഡിറ്റ് ആര്‍ക്ക്?Next Story

Related Stories