TopTop
Begin typing your search above and press return to search.

ടി.ജി മോഹൻദാസ്/അഭിമുഖം: ലോക്ഡൗണ്‍ അടച്ചിടൽ തുടരുന്നത് കോവിഡിനേക്കാൾ വലിയ ദുരന്തമുണ്ടാക്കും, ഇക്കാര്യം അറിയാത്തവരല്ല മോദിയും പിണറായിയുമൊന്നും; അവരതനുസരിച്ച് പ്രവര്‍ത്തിക്കുന്നു

ടി.ജി മോഹൻദാസ്/അഭിമുഖം: ലോക്ഡൗണ്‍ അടച്ചിടൽ തുടരുന്നത് കോവിഡിനേക്കാൾ വലിയ ദുരന്തമുണ്ടാക്കും, ഇക്കാര്യം അറിയാത്തവരല്ല മോദിയും പിണറായിയുമൊന്നും; അവരതനുസരിച്ച് പ്രവര്‍ത്തിക്കുന്നു

കൊറോണ വൈറസ് വിതച്ച ഭീതിയില്‍ നിന്നും പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണില്‍ നിന്നും പുറത്തുകടക്കാന്‍ രാജ്യം തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. കൊറോണയ്‌ക്കൊപ്പം ജീവിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ ജനതയുടെ ജീവിതം എങ്ങനെയെന്ന് അറിയാത്തതിനാലാണ് രാഷ്ട്രീയ നേതൃത്വം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ സാധാരണക്കാരെ ദുരിതത്തിലാക്കിയതെന്നുമാണ് ആര്‍എസ്എസ് സൈദ്ധാന്തികനായ ടി.ജി മോഹന്‍ദാസ് പറയുന്നത്. ടി.ജി മോഹന്‍ദാസുമായി നടത്തിയ അഭിമുഖം.

? നിലവില്‍ കേരളവും ഇന്ത്യയും ലോകവും നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ എങ്ങനെ വിലയിരുത്താം. എന്തൊക്കെയായിരിക്കും ഈ മാന്ദ്യത്തിന്റെ കാരണങ്ങള്‍

വളരെ ഗുരുതരമായ ഒരു സാമ്പത്തിക മാന്ദ്യമാണ് നമ്മള്‍ ഇപ്പോള്‍ നേരിടുന്നത്. പ്രത്യേകിച്ചും നിത്യവും ജോലി ചെയ്ത് അന്ന് വൈകുന്നേരം കിട്ടുന്ന കൂലി കൊണ്ട് ജീവിക്കുന്ന നിത്യവരുമാനക്കാരെയാണ് ഇത് അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത്. ശമ്പളക്കാര്‍ക്കും ബാക്കിയുള്ളവര്‍ക്കുമെല്ലാം കുറച്ചെങ്കിലും സേവിംഗ്‌സ് അവരുടെ കയ്യിലുണ്ടാകും. ഒരുപക്ഷെ എന്തെങ്കിലും സൗജന്യം കിട്ടിക്കോട്ടേ എന്ന് വിചാരിച്ച് പാപ്പരായി എന്ന് പറയുമെങ്കിലും രണ്ടോ മൂന്നോ മാസം തട്ടിത്തട്ടി പോകാനുള്ള പണം സാധാരണ ഗതിയില്‍ മനുഷ്യന്റെ കയ്യിലുണ്ടാകും. അവര് വേറെ ആവശ്യത്തിന് വേണ്ടി വച്ചതായിരിക്കും എന്നാല്‍ വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് ഇപ്പോള്‍ എടുത്ത് ഉപയോഗിക്കുന്നതാകും. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് തന്നെ 30 ശതമാനത്തോളം ദരിദ്രന്മാരാണ് ഇന്ത്യയില്‍. 30 ശതമാനം എന്ന് പറയുമ്പോള്‍ 40 കോടിയോളം ആളുകളാണ്. ഇവരാണ് ഈ സാഹചര്യത്തില്‍ കഷ്ടത്തിലാകുന്നത്. ചെരുപ്പ് തുന്നിയോ വണ്ടിയില്‍ പച്ചക്കറി കൊണ്ടുനടന്നോ വൈകുന്നേരമാകുമ്പോഴേക്കും കിട്ടുന്ന കളക്ഷനാണ് ആ മനുഷ്യന്റെ ഉപജീവനം. അപ്പോള്‍ നമ്മള്‍ സാമൂഹിക അടുക്കള തുറന്നില്ലേയെന്നത് പോലുള്ള ചോദ്യങ്ങള്‍ ഉയരും. എത്രകാലം നടക്കും ഇതൊക്കെ? ശരിയാണ്. പക്ഷെ സാമൂഹിക അടുക്കളയിലേക്ക് എല്ലാം കൂടി സര്‍ക്കാരിന് എടുക്കാന്‍ പറ്റില്ല. അപ്പോള്‍ ബാക്കിയുള്ളവരുടെ സംഭാവനയെ ആശ്രയിച്ചാകും അത്. സംഭാവന ചെയ്യുന്നവരുടെ ദുരിതം എന്താണെന്ന് വച്ചാല്‍ അവര്‍ക്ക് ശമ്പളം കിട്ടുന്നില്ല. പ്രളയവും കൊറോണയും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചിരുന്നോ? പ്രളയകാലത്ത് ആളുകള്‍ കയ്യഴച്ച് സംഭാവന ചെയ്തു. കൊറോണക്കാലത്ത് അത് ചെയ്യുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയൊക്കെ നോക്കിയാല്‍ അറിയാം. പ്രധാനമന്ത്രിയുടെ പി എം കെയറില്‍ പോലും ഇതുവരെ വന്നിരിക്കുന്നത് 9000 കോടിയാണ്. അതിന്റെ കാരണം എന്താണെന്ന് വച്ചാല്‍ എനിക്ക് 50,000 രൂപ ശമ്പളമുള്ളതില്‍ 25,000 രൂപ പ്രളയ ദുരിതാശ്വാസത്തിന് സംഭാവന ചെയ്തു. എന്നാല്‍ കൊറോണയായപ്പോള്‍ അടുത്തമാസം എന്റെ 50,000 കിട്ടുമെന്ന് എനിക്ക് ഉറപ്പില്ല. അതുകൊണ്ട് ഞാന്‍ 25,000 സംഭാവന കൊടുക്കില്ല. പക്ഷെ, ഞാന്‍ നല്ല മനുഷ്യനായതു കൊണ്ട് ഒരു 5000 രൂപ കൊടുക്കും. അതായത് പഴയതിന്റെ അഞ്ചില്‍ ഒന്നായിട്ട് മാറും. ഇതാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

(കേരള മോഡലിന്റെ ക്രെഡിറ്റ് ആര്‍ക്ക്- ഈ സംവാദത്തിലെ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം)

അതുകൊണ്ട് നിര്‍ബന്ധമായും നമുക്ക് എക്കണോമിക് ആക്ടിവിറ്റി സ്റ്റാര്‍ട്ട് ചെയ്‌തേ പറ്റൂ. ഇത് പിണറായി വിജയനുമറിയാം, യെദിയൂരപ്പയ്ക്കുമറിയാം, നരേന്ദ്ര മോദിക്കുമറിയാം. സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്ര മന്ത്രിമാര്‍ക്കുമാെക്കെ ഇതറിയാം. പുറത്ത് പല രാഷ്ട്രീയവും പറഞ്ഞുവെന്ന് വരും. അല്‍പ്പ സ്വല്‍പ്പം മാര്‍ക്ക് കിട്ടാനായിട്ട് അങ്ങനെയിങ്ങനെയൊക്കെ സംസാരിച്ചുവെന്നും വരാം. പക്ഷെ ഉള്ളില്‍ ഇവര്‍ ഇത് സംബന്ധിച്ച് കോണ്‍ഫറന്‍സ് നടത്തുന്നുണ്ടാകും. എന്റെ നോട്ടത്തില്‍ ഇവര്‍ സത്യസന്ധമായി തന്നെ ഇക്കാര്യങ്ങള്‍ പങ്കിട്ടിട്ടുണ്ട്. അതുകൊണ്ടാണ് മെല്ലെ മെല്ലെ മെല്ലെ അവര്‍ ലോക്ഡൗണ്‍ കുറച്ചു കൊണ്ട് വരുന്നത്. എക്കണോമിക് ആക്ടിവിറ്റി റീ സ്റ്റാര്‍ട്ട് ചെയ്തില്ലെങ്കില്‍ കൊറോണ കൊണ്ടായിരിക്കില്ല, പട്ടിണികൊണ്ടായിരിക്കും കൂടുതല്‍ ആള്‍ക്കാര്‍ മരിക്കുക. ആ മരണം പരമ ദയനീയവുമാണ്. കൊറോണ മരണത്തിന്റെ ഒരു പ്രത്യേകത ശ്രദ്ധിച്ചാല്‍ ഏകദേശം 80 വയസ്സിന് അടുക്കലുള്ള ആള്‍ക്കാരാണ് ഭൂരിപക്ഷം മരിക്കുന്നത്. പ്രായമായി കഴിഞ്ഞാല്‍ മനുഷ്യന്‍ ഒരു കാര്യം അല്ലങ്കില്‍ വേറൊരു കാര്യം കൊണ്ട് മരിക്കും. ന്യൂമോണിയ വന്നോ മഞ്ഞപ്പിത്തം വന്നോ മരിക്കാം. ഒരു ജലദോശമോ മഞ്ഞപ്പിത്തമോ വന്നും മരിക്കാം. ആളുകള്‍ മരിക്കുകയും വേണമല്ലോ? ഇംഗ്ലണ്ടിനും അമേരിക്കയ്ക്കുമൊക്കെ ഇത് വലിയ ആശ്വാസമായെന്നാണ് പറയുന്നത്. അവര്‍ക്കൊക്കെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൊടുക്കുന്നതാണ്. അപ്പോള്‍ ആ ഭാരം കുറഞ്ഞു. 80 വയസ്സ് കഴിഞ്ഞ അപ്പൂപ്പന് വെറുതെ വീട്ടിലിരുന്ന് പിള്ളേരെ ഉപദേശിക്കുകയല്ലാതെ വേറെ തൊഴിലൊന്നും ഇല്ലല്ലോ? ഈ അപ്പൂപ്പന്‍ എങ്ങനെയെങ്കിലും പോയാല്‍ മതിയെന്ന് ചിന്തിക്കുന്നവരുണ്ട്. ഞാനിതൊന്നും ആഗ്രഹിച്ചിട്ട് പറയുന്നതല്ല, പക്ഷെ ഇതെല്ലാം ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്. അപ്പോള്‍ ഉല്‍പ്പാദന ക്ഷമതയില്ലാത്ത ചെലവുകളില്‍ ചിലതാണ് ഒഴിവായിക്കിട്ടിയത്.

അപ്പോള്‍ അങ്ങനെ നമ്മുടെ രാഷ്ട്രീയ നേതൃത്വം എത്തിച്ചേര്‍ന്നത് കൊറോണ നിലനില്‍ക്കെ തന്നെ ജീവിക്കുക എന്നതിലേക്കാണ്. അല്ലാതെ ചികിത്സയോ വാക്‌സിനോ കണ്ടെത്തുന്നത് വരെ നാട് മുഴുവന്‍ അടച്ചിട്ടാല്‍ ഇതിലും വലിയ ദുരന്തമായിരിക്കും വരുന്നത്. കൂടുതല്‍ ഇളവുകള്‍ ഉണ്ടായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ അതുണ്ടായില്ല. എയര്‍ കണ്ടീഷന്‍ഡ് തീവണ്ടിയും എയര്‍ കണ്ടീഷന്‍ ഇല്ലാത്ത തീവണ്ടിയും ഇന്റര്‍‌സ്റ്റേറ്റ് ഓടാം, ബസും എയര്‍ കണ്ടീഷന്‍ ചെയ്‌തോ ചെയ്യാതെയോ ഇന്റര്‍‌സ്റ്റേറ്റ് ഓടാം. കാറും എയര്‍ കണ്ടീഷന്‍ ചെയ്‌തോ ചെയ്യാതെയോ ഓടാം. ഇന്റര്‍നാഷണല്‍ ഫ്‌ലൈറ്റിനും വരാം. പക്ഷെ ഡൊമസ്റ്റിക് ഫ്‌ലൈറ്റിന് ഓടാന്‍ പാടില്ല. അതിന്റെ ലോജിക് എനിക്ക് മനസിലായില്ല. ഇതെല്ലാം ചെയ്യാമെങ്കില്‍ അതിന് മാത്രമെന്താണ് ഇത്ര റിസ്‌ക്? ആഭ്യന്തര വിമാന സര്‍വീസ് വേണ്ട എന്ന് പറഞ്ഞത് നല്ല നിര്‍ദ്ദേശമായിട്ട് എനിക്ക് തോന്നിയില്ല. വിവാഹത്തിന് അമ്പത് പേരാകാം എന്ന് പറഞ്ഞ സ്ഥിതിക്ക് ഒരു ചായക്കടയില്‍ അഞ്ച് പേര്‍ക്കിരുന്ന് ചായ കുടിക്കാന്‍ അനുവാദം കൊടുക്കരുതോ? റസ്റ്റോറന്റുകളും ബാറുകളും തുറക്കരുതെന്ന് പറയുമ്പോള്‍ നമ്മള്‍ നഗരങ്ങളെക്കുറിച്ച് ഓര്‍ക്കും. ഒരു 200-250 പേരിരിക്കുന്നയിടത്തില്‍ വെയ്റ്റര്‍മാര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതാണ് നമ്മുടെ മനസില്‍ വരിക. ഇതു ശരിയല്ലല്ലോ എന്ന് നമുക്ക് തോന്നും. എന്നാല്‍ ഒരു ഗ്രാമത്തിലെ ചായക്കടയിലേക്ക് ഒന്ന് നോക്കിയേ സാധാരണ ഗതിയില്‍ രാവിലെ ചായ കുടിക്കാന്‍ അവിടെ ഏഴോ എട്ടോ പേര് കാണും. അവര്‍ ഒരു ചായയും കുടിച്ച് കുറച്ച് രാഷ്ട്രീയവും പറഞ്ഞ് അങ്ങോട്ട് പൊയ്‌ക്കോളും. രാവിലെ മുതല്‍ രാത്രി വരെ അവിടെയിരിക്കുന്നവരല്ല അവര്‍. അവര്‍ക്ക് ജോലിക്ക് പോകണം. എന്തുകൊണ്ട് ഇത് അനുവദിക്കുന്നില്ല. മഹാപാപമല്ലേ? ആ ചായക്കടക്കാരനും ജീവിക്കണ്ടേ? മിക്കവാറും ചായക്കടകള്‍ വീടിനോട് ചേര്‍ന്ന് തന്നെയായിരിക്കും നടത്തുന്നത്. ആ കുടുംബത്തിന്റെ ഉപജീവനം ആ കട വഴിയായിരിക്കും. പലചരക്ക് കട തുറന്ന് പ്രവര്‍ത്തിക്കുകയും ചായക്കട അടച്ചിടുകയും ചെയ്യുക. രാഷ്ട്രീയ നേതൃത്വത്തിന് രാജ്യം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പോലും അറിയാത്തതിനാലാണ് ഇതൊന്നും കാണാതെ പോകുന്നത്. പട്ടണത്തിലുള്ളവര്‍ക്ക് മാത്രമേ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മനസിലാകൂ ഗ്രാമങ്ങളിലുള്ളവര്‍ക്ക് മനസിലാകില്ല എന്ന് പറയുന്നത് തെറ്റാണ്. ഗ്രാമങ്ങളിലുള്ളവര്‍ക്ക് കൂടുതല്‍ മനസിലാകും. ഇപ്പോഴും ഗ്രാമങ്ങളിലുള്ളവര്‍ക്കിടയിലെ ലോഹ്യം ഒരു ചിരിയോ വിശേഷം ചോദിക്കലോ ആണ്. അവര്‍ക്കിടയില്‍ ഷെയ്ക്ക് ഹാന്‍ഡ് ഇല്ല, ഒരു നമസ്‌കാരം പോലുമില്ല. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഒരു സോഷ്യല്‍ കള്‍ച്ചര്‍ എന്ന നിലയ്ക്ക് ഇപ്പോഴുമുള്ളത് ഗ്രാമങ്ങളിലാണ്. ഭരണാധികാരികള്‍ വിചാരിക്കുന്നത് ഗ്രാമങ്ങളിലുള്ളവര്‍ വിദ്യാഭ്യാസമില്ലാത്തവരും വിവരമില്ലാത്തവരുമാണെന്നും നഗരങ്ങളില്‍ ഉള്ളവര്‍ പിന്നെയും അച്ചടക്കമുള്ളവരുമാണെന്നാണ്. ലോക് ഡൗണില്‍ ഈയൊരു കാഴ്ചപ്പാടിന്റെ കുറവ് വന്നിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു.

? സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ സ്വകാര്യവല്‍ക്കരണത്തെക്കുറിച്ച് പറയുന്ന നാലാമത്തെ ദിവസത്തെ ദുഃഖത്തിന്റെ ദിവസമെന്നാണ് ബിഎംഎസ് വിശേഷിപ്പിച്ചത്. ബിജെപിയും ബിഎംഎസും രണ്ട് തട്ടിലാണെന്നല്ലേ ഇത് കാണിക്കുന്നത്?

ഈയൊരു വിഷയത്തില്‍ മാത്രമല്ല, ഒരുപാട് വിഷയങ്ങളില്‍ ബിജെപിയും ബി എം എസും രണ്ട് തട്ടിലാണ്. വിശ്വ ഹിന്ദു പരിഷത്തും ബിജെപിയും രണ്ട് തട്ടിലാണ്. എബിവിപിയും ബി ജെ പിയും രണ്ട് തട്ടിലാണ്. നിങ്ങള്‍ ഈ സ്ഥാപനങ്ങളെയെല്ലാം കാണുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാ ലോജിക്കില്‍ നിന്നു കൊണ്ടാണ്. അവിടെ സി പി എമ്മിന്റെ കീഴിലാണ് സി ഐ ടി യുവും എസ് എഫ് ഐയും ഡി വൈ എഫ് ഐയും വരുന്നത്. അവര്‍ക്ക് സിപിഎമ്മിന്റെ നിലപാടുകളെ എതിര്‍ക്കാനാകില്ല. അതുകൊണ്ട് എസ് എഫ് ഐ, സിപിഎമ്മിനെതിരെ സമരം ചെയ്ത് കൂടാ. അതവരുടെ സമവാക്യം. ഈ സമവാക്യം കോണ്‍ഗ്രസിനോ ബിജെപിക്കോ ബാധകമല്ല, സംഘപരിവാറില്‍ അങ്ങനെയൊരു സംവിധാനമില്ല. ബിജെപിയുടെയും ആര്‍ എസ് എസിന്റെയും ശബരിമല നിലപാടിനെതിരെ ലേഖനമെഴുതിയ ആളാണ് ഞാന്‍. എന്നിട്ടെന്നെയാരും പുറത്താക്കിയില്ല. കാരണം ഞങ്ങളുടെ വര്‍ക്കിംഗ് ഫിലോസഫി ഇതാണ്. ഇത് ശരിയാണ് മറ്റേത് തെറ്റാണ് എന്നൊന്നും ഞാന്‍ പറയില്ല. കോണ്‍ഗ്രസിന്റെ ഫിലോസഫി ഇതു തന്നെയാണ്. ഇതു തുറന്നു പറഞ്ഞത് എ കെ ആന്റണി മാത്രമാണ്. കരുണാകരനും ആന്റണിയും തമ്മിലുള്ള വഴക്കിന്റെ മൂര്‍ദ്ധന്യത്തില്‍ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടു പോകുന്നതിന് മുമ്പ് കോടോത്ത് ഗോവിന്ദന്‍ നായരെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി റിബലായി നിര്‍ത്തി മത്സരിപ്പിച്ചു. കോടോത്ത് തോറ്റെങ്കിലും 28 എം എല്‍ എമാരുടെ പിന്തുണ ലഭിച്ചു. അന്ന് കോടോത്തിനെ പുറത്താക്കണമെന്ന് ആന്റണിക്കുമേല്‍ ഭീകരമായ സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പോയി പറഞ്ഞാല്‍ മതി, കോണ്‍ഗ്രസിന് ആ സ്വഭാവമില്ലെന്നാണ് ആന്റണി പറഞ്ഞത്. കോടോത്തിന് റിബലായി മത്സരിക്കാന്‍ അവകാശമുണ്ട്. അദ്ദേഹം മത്സരിച്ചു തോറ്റു. അതവിടെ കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലോജിക്കില്‍ ചിന്തിക്കാന്‍ എന്നോട് ആരും പറയരുത് ഞാനങ്ങനെ ചെയ്യില്ലെന്നും ആന്റണി അന്ന് തുറന്ന് പറഞ്ഞു. ഇതാണ് സംഘപരിവാറിലും സംഭവിക്കുന്നത്. ബി എം എസിന് ബി എം എസിന്റെ ധര്‍മ്മമുണ്ട്. അതു വച്ച് ഭരണകൂടവുമായി പലപ്പോഴും ഏറ്റുമുട്ടേണ്ടിവരും. ആ ഏറ്റുമുട്ടലില്‍ പരിഭ്രമിക്കേണ്ടതില്ല.

? കേരള മോഡലിന്റെ ആദ്യത്തെ ക്രെഡിറ്റ് രാജഭരണത്തിനാണെന്നാണ് ആന്റണി കഴിഞ്ഞ ദിവസം ഞങ്ങളോട് പറഞ്ഞത്. ഈ പ്രസ്താവന വലിയ വിവാദമാകുകയും ചെയ്തു. ആന്റണിയെ എതിര്‍ത്തവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത് ഡോ. പല്‍പ്പുവിന് ജോലി നിഷേധിച്ചതാണ്. എന്താണ് അതിനെക്കുറിച്ച് പറയാനുള്ളത്?

ആന്റണി പറഞ്ഞതില്‍ സത്യത്തിന്റെ ഒരു എലമന്റ് ഉണ്ട്. പല്‍പ്പു സംഭവം മാത്രം വച്ച് തിരുവിതാംകൂര്‍ രാജകുടുംബത്തെ അളക്കരുത്. അവരുടെ സംഭാവനകള്‍ മാത്രം വച്ചും അവരെ വിലയിരുത്തരുത്. പുന്നപ്ര വയലാര്‍ വെടിവയ്പ്പിന്റെ ഉത്തരവാദിയായി എല്ലാവരും രേഖപ്പെടുത്തുന്നത് സി.പി രാമസ്വാമി അയ്യരെയാണ്. അന്നും രാജഭരണമായിരുന്നു. എന്നാല്‍ ആരും ചിത്തിരതിരുന്നാളിന് മേല്‍ അതിന്റെ ഉത്തരവാദിത്വം കെട്ടിവച്ച് കാണുന്നില്ല. നേരെ തിരിച്ച് ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ചത് ചിത്തിരതിരുന്നാള്‍ ആണ്. അന്നും രാമസ്വാമി അയ്യരായിരുന്നു ദിവാന്‍. എന്നാല്‍ അതിന്റെ ക്രെഡിറ്റ് ആരും ദിവാന് നല്‍കുന്നില്ല. നല്ല പേരെല്ലാം രാജാവിനും ചീത്തപ്പേരെല്ലാം ദിവാനും. ഈ രീതിയിലുള്ള ചരിത്ര വായനയാണ് കേരളത്തില്‍ നടക്കുന്നത്. സമഗ്രമായ വായനയല്ല, ഞാന്‍ എനിക്ക് ആവശ്യമുള്ളത് മാത്രം പെറുക്കിയെടുത്ത് വായിക്കും. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നിങ്ങള്‍ പത്രക്കാരുടെ വലിയ ആളാണ്. അതേസമയം അവര്‍ണരെ പള്ളിക്കൂടത്തില്‍ കയറ്റാന്‍ പാടില്ലെന്ന് വാദിച്ച ആളാണ് സ്വദേശാഭിമാനി. അങ്ങനെ പറഞ്ഞ ഒരാള്‍ എങ്ങനെയാണ് പത്രപ്രവര്‍ത്തകരുടെ നേതാവാകുന്നത്? ഇതുമാത്രമല്ല, രാജഭരണത്തെ വെല്ലുവിളിച്ചതിന് സ്വദേശാഭിമാനിയെ നാടു കടത്തി എന്നാണ് പറയുന്നത്. എന്നാല്‍ വെല്ലുവിളിച്ചത് ദിവാന്റെ ലൈംഗിക ബന്ധങ്ങളെ മാത്രമാണ്. അന്ന് സ്വദേശാഭിമാനി ചെയ്ത കാര്യം തന്നെയാണ് മംഗളം ചാനലിലൂടെ അജിത് കുമാര്‍ ചെയ്തത്. സ്വദേശാഭിമാനിയെ മാന്യനും ഗുരുതുല്യനുമായി കരുതുന്ന കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ അജിത് കുമാറിനെ വിലങ്ങ് വച്ചു കൊണ്ട് പോകുമ്പോള്‍ മിണ്ടിയില്ല. ഞാന്‍ കേരളത്തിലെ പത്രപ്രവര്‍ത്തകരെ വിമര്‍ശിക്കുന്നത് അവരുടെ സഹിക്കാന്‍ വയ്യാത്ത ഇരട്ടത്താപ്പിനെയാണ്.

ഈ ഇരട്ടത്താപ്പ് നമ്മുടെ പുരോഗതിയെക്കുറിച്ച് പറയുമ്പോഴും ഉണ്ട്. നമ്മുടെ എല്ലാ പുരോഗതിയുമുണ്ടായത് 1957 ഏപ്രില്‍ അഞ്ചാം തിയതി ഇഎംഎസ് നമ്പൂതിരിപ്പാട് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുതലാണ്. ഇന്ത്യയുടെ അധ:പതനം തുടങ്ങുന്നത് 2014ല്‍ നരേന്ദ്ര മോദി അധികാരമേറ്റത് മുതലാണ്. എന്ന് പറഞ്ഞിട്ട് നമ്മുടെ മഹത്തായ ചരിത്രത്തെ വിസ്മരിക്കുന്നു. എല്ലാത്തിലും പുഴുക്കുത്തുകളുണ്ട്. അതിന്റെയും ഉത്തരവാദിത്വം നമ്മള്‍ ഏറ്റെടുക്കേണ്ടതാണ്.

നമ്മുടേത് ഒരു മണിയോര്‍ഡര്‍ എക്കണോമിയാണെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ലോകത്തിലെ ഏതെങ്കിലുമൊരു രാഷ്ട്രം നമ്മളെ പോലെ ആകാന്‍ കൊതിക്കുമോ? മറ്റൊരു രാജ്യത്ത് പോയി അവന്റെ അടിവസ്ത്രം അലക്കിക്കൊടുത്ത് ജീവിക്കാന്‍ ആരും തയ്യാറാകില്ല. നമ്മളതിനെ അഭിമാനമായും മാതൃകയായും കണക്കാക്കുന്നു. ആര്‍ക്കാണ് ഇത് മാതൃക? കേരളം എന്നൊരു പ്രദേശമുണ്ടെന്ന് ആര്‍ക്കാണ് അറിയാവുന്നത്? ലോകത്തിന് മാതൃക, ലോകത്തിന് മാതൃക എന്നാണ് എല്ലാവരും പറയുന്നത്. ലോകം നമ്മളെ മൈന്‍ഡ് ചെയ്യുന്നില്ല. കോവിഡ് രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിലാണെങ്കില്‍ ഗോവയില്‍ രോഗികള്‍ ഇല്ലല്ലോ? വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ആസാമിലും കോവിഡ് ഇല്ലല്ലോ? ആസാമിലെ ഒരു പ്രൊഫസര്‍ എന്നോട് പറഞ്ഞത് നിരന്തരമായി നിങ്ങള്‍ വടക്കു കിഴക്കന്‍ മേഖലയെ അവഗണിച്ചത് ആദ്യമായിട്ട് നന്നായിയെന്ന് എനിക്ക് പറയാന്‍ തോന്നുന്നുവെന്നാണ്. കാരണം നിങ്ങള്‍ ഇവിടെ വരാറുമില്ല, തിരിഞ്ഞു നോക്കാറുമില്ല, ദൈവം സഹായിച്ച് കൊറോണയും ഇവിടെ വന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മിസോറാമില്‍ ഒരെണ്ണം ആസാമില്‍ നാലെണ്ണമോ മറ്റോ. ഈ സ്റ്റാറ്റിസ്റ്റിക്‌സ് ആരും പറയുന്നില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കോവിഡ് കണക്ക് എന്തുകൊണ്ടാണ് ആരും പറയാത്തത്? അതുപോലെ ഹരിയാനയിലും എണ്ണം കുറവാണ്. അപ്പോള്‍ നമ്മള്‍ മാത്രം മാതൃകയെന്ന് പറയുന്നത് നമ്മുടെയൊരു പൊങ്ങച്ചവും ധാര്‍ഷ്ട്യവുമാണ്. മനുഷ്യര്‍ക്ക് അവരുടെ ചുണ്ടിന്റെ കോണിലൊരു പുച്ഛചിരിയുണ്ടാക്കുന്ന അവകാശവാദമാണ് കേരളം ലോകത്തിന് മാതൃകയെന്നത്. ലോകത്തിന് കേരളമുണ്ടെന്ന് പോലും അറിയില്ല. ലോകം ലോകത്തിന്റെ പാട്ടിന് പോകുകയാണ്.

? ആന്റണിയുടെ വാദത്തെ എതിര്‍ക്കുന്നവര്‍ 57ലെ ഇഎംഎസിന്റെ ജനകീയ സര്‍ക്കാരിനെക്കുറിച്ചാണല്ലോ പറയുന്നത്?

അതൊക്കെ വെറുതെ പറയുന്നതാണ്. ഞങ്ങള്‍ പുതിയതായി ഒന്നും ചെയ്തില്ല. 1936 മുതല്‍ കോണ്‍ഗ്രസ് പറഞ്ഞു തന്ന കാര്യങ്ങളാണ് ഞങ്ങള്‍ നടപ്പിലാക്കിയതെന്ന് ഇ എം എസിന്റെ പുസ്തകത്തില്‍ അദ്ദേഹം തന്നെ പറയുന്നുണ്ട്. ഭരണം എന്ന് പറയുന്നത് എപ്പോഴും ഒരു കണ്‍ടിന്വേഷന്‍ ആണ്. ഉമ്മന്‍ ചാണ്ടി പോയി പിണറായി വിജയന്‍ അവിടെ ഇരുന്നു എന്ന് കരുതി പുതിയൊരു കേരളം അവിടെ തുടങ്ങാനാകുമോ? ഭരണകൂടം ഒരു തുടര്‍ച്ചയായതു കൊണ്ടാണ് പല കാര്യങ്ങളും അവിടെ നടക്കാതെ പോകുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന വലിയ ബഹളമായിരുന്നല്ലോ മെത്രാന്‍ കായല്‍. പിണറായി വിജയന്‍ വന്നിട്ട് വര്‍ഷം നാലായില്ലേ? ഇതുവരെ മെത്രാന്‍ കായല്‍ തിരിച്ചു പിടിച്ചോ? പുത്തന്‍വേലിക്കര ഭൂമി പ്രശ്‌നം, കരുണ കരമടയ്ക്കുന്ന കേസ് ഇതെല്ലാം എന്തായി? കടുംവെട്ട് സര്‍ക്കാര്‍ എന്ന് പറഞ്ഞ് സകല ചാനല്‍ സ്റ്റുഡിയോകളും തല്ലിപ്പൊട്ടിച്ച കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഇപ്പോള്‍ കൃഷി മന്ത്രിയാണ്. മെത്രാന്‍ കായല്‍ മൊത്തം 700 ഏക്കറാണ്. അതില്‍ 423 ഏക്കറാണ് പതിച്ചു കൊടുത്തത്. ബാക്കി അവിടെ കിടക്കുകയാണ്. അവിടെ കൃഷി ചെയ്തിട്ടാണ് സുനില്‍കുമാര്‍ ഞങ്ങള്‍ മെത്രാന്‍ കായലില്‍ കൃഷി ചെയ്‌തെന്ന് അവകാശപ്പെട്ടത്. ഇതവരുടെ കുറ്റമൊന്നുമല്ല, വേറൊരു ഗവണ്‍മെന്റ് ഒപ്പിട്ട് കൊടുത്ത സാധനം റദ്ദ് ചെയ്യുകയെന്നത് ഓവര്‍ നൈറ്റ് നടക്കുന്ന കാര്യമല്ല. കോടതിയും പല നൂലാമാലകളുമുണ്ട്. പ്രസംഗിക്കുമ്പോള്‍ പലതും പറയാം. ഇതൊക്കെ കൊണ്ടുവന്നത് താനാണെന്ന് ആര്‍ക്കും അവകാശപ്പെടാം. പക്ഷെ ഇതൊരു തുടര്‍ച്ചയാണെന്ന് നമ്മള്‍ മനസിലാക്കണം. മുഗള്‍ ഭരണത്തിന് ശേഷം ബ്രിട്ടീഷ് ഭരണം, ബ്രിട്ടീഷ് ഭരണത്തിന് ശേഷം ജനകീയ ഭരണം, ആ ജനകീയ ഭരണത്തില്‍ മാറിമാറി വരുന്ന പാര്‍ട്ടികള്‍. ഇവരൊക്കെ ചേര്‍ന്നിട്ടാണ് ഈ സമൂഹത്തെ മുന്നോട്ടാണെങ്കിലും പുറകോട്ടാണെങ്കിലും കൊണ്ടുപോയിട്ടുള്ളത്. എന്നാല്‍, ഇവരൊന്നുമല്ലാതെ ഒരധികാരവും കയ്യിലില്ലാതെ കാര്യങ്ങള്‍ മുമ്പോട്ട് കൊണ്ടുപോയിട്ടുള്ളവരാണ് അതില്‍ക്കൂടുതല്‍. അവര് വരുത്തിയ മാറ്റം ഭീകരമാണ്. പൂര്‍ണ അധികാരമുള്ള ഒരു മഹാരാജാവ് കേരളത്തില്‍ ചെയ്യാന്‍ ഭയപ്പെടുന്ന കാര്യങ്ങള്‍ പുല്ലുപോലെ ഒരു തോര്‍ത്തുമുടുത്ത് നടത്തിയെടുത്ത ആളാണ് നാരായണ ഗുരു. ഒരു അധികാരവും കയ്യിലില്ലാതെ തന്നെ അദ്ദേഹം മൊത്തം സമൂഹത്തെയും മാറ്റിമറിച്ചു. അതാണ് ഭാരതത്തിന്റെ ആത്മീയ ശക്തി. രാഷ്ട്രീയക്കാരല്ല.

? ഡല്‍ഹിയില്‍ നിന്നും നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും നടന്ന പലായനങ്ങളാണ് നാം കണ്ട കോവിഡിന്റെ ഏറ്റവും രൂക്ഷമായ വശം. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ സ്വന്തം നാടുകളിലെത്തിച്ചേരുന്ന ഇവര്‍ക്ക് അവിടെ തൊഴിലുണ്ടാകണമെന്ന് യാതൊരു ഉറപ്പുമില്ല. അങ്ങനെയെങ്കില്‍ വരും നാളുകളില്‍ ഇന്ത്യ നേരിടാന്‍ പോകുന്നത് ഗ്രാമീണ ദാരിദ്ര്യമാകില്ലേ?

എനിക്കിതില്‍ പരിഭ്രമമില്ല. കാരണം, നമ്മുടെ എക്കണോമിക് ആക്ടിവിറ്റി റീ സ്റ്റാര്‍ട്ട് ചെയ്ത് കഴിഞ്ഞാല്‍ രണ്ട് മൂന്ന് ദിവസത്തിനകം ഇതേ ആളുകള്‍ തിരിച്ചു വരും. മലയാളികള്‍ ചായക്കടയില്‍ ചായയടിക്കുകയും സപ്ലൈറായി നില്‍ക്കുകയും പോലുള്ള ജോലികള്‍ നിര്‍ത്തിക്കഴിഞ്ഞപ്പോള്‍ എത്ര സ്മൂത്തായാണ് ബംഗാളില്‍ നിന്നും ബിഹാറില്‍ നിന്നും ആളുകള്‍ കയറി വന്നത്. ഇവരാരും നടന്ന് വന്നവരല്ല, ട്രെയിനില്‍ ഒരാള്‍ വന്നു. ഇവിടുത്തെ കൂലി കൂടുതലിനെക്കുറിച്ച് അയാള്‍ വിളിച്ചു പറഞ്ഞത് കേട്ട് ബാക്കിയുള്ളവരും ഓരോരുത്തരായി വന്നു. ഇനിയിപ്പോള്‍ അവര്‍ക്ക് പറഞ്ഞു കൊടുത്ത് കൊണ്ടു വരിക്കേണ്ട കാലതാമസമൊന്നുമില്ല. ലോക് ഡൗണ്‍ മാറുമ്പോള്‍ അവര്‍ എറണാകുളത്ത് ട്രെയിനിറങ്ങുന്നു പെരുമ്പാവൂര്‍ക്ക് വണ്ടി കയറുന്നു. പ്ലൈവുഡ് ഫാക്ടറിയില്‍ ഹാജര്‍. ഏറി വന്നാല്‍ 48 മണിക്കൂര്‍ കൊണ്ട് ഇന്ത്യയിലെ എല്ലാ സ്ഥലത്തേക്കും അവര്‍ തിരിച്ചു പോകും. അതിന് നമ്മുടെ ട്രെയിന്‍ സര്‍വീസ് റെഗുലര്‍ ആകണം. അവര്‍ വരേണ്ടിയും വരും. കാരണം തൊഴിലുടമകള്‍ക്കും ജോലി ചെയ്യാന്‍ ആളെ ആവശ്യമുണ്ടല്ലോ? ഇവര് വരുന്നില്ല എന്ന് പറഞ്ഞാല്‍ ഇരുന്നൂറ് രൂപ കൂട്ടിക്കൊടുക്കാമെന്ന് പറഞ്ഞിട്ടാണെങ്കിലും ഇവരെ വരുത്തും. ഓള്‍ റെഡി ഇവര്‍ തമ്മിലൊരു ബന്ധം സ്ഥാപിച്ചു കഴിഞ്ഞല്ലോ? രണ്ടോ മൂന്നോ ദിവസം കൊണ്ട് എല്ലാം പഴയതു പോലെയാകും. പക്ഷെ അതുവരെ ഈ കഷ്ടപ്പാട് നില്‍ക്കും. അതുകൊണ്ട് തന്നെ ഈ ലോക് ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. അതുകൊണ്ട് ഒരു പക്ഷെ കോവിഡ് മരണനിരക്ക് കൂടിയെന്ന് വരും. മറ്റ് രോഗങ്ങള്‍ കൂടിയുള്ളവരാണ് കോവിഡ് വന്ന് മരിക്കുന്നത്. ആരോഗ്യമുള്ള ഒരാള്‍ കോവിഡ് വന്ന് മരിക്കുന്നില്ല. അയാള്‍ ഒന്ന് തുമ്മുകയും ചീറ്റുകയും ചെയ്ത് മൂന്ന് നാല് ദിവസം കഴിയുമ്പോള്‍ എഴുന്നേറ്റ് പോകും. ആ സ്ഥിതിക്ക് എക്കണോമിക് ആക്ടിവിറ്റി ഫുള്‍ സ്വിംഗില്‍ തുടങ്ങണം. കോവിഡിനെ കുറച്ച് ഫിലോസഫിക്കാലായും കൂടെ കാണണം. അല്ലാതെ ഒരു പകര്‍ച്ചവ്യാധിയുണ്ടെന്ന് പറഞ്ഞ് സര്‍വവും നഷ്ടപ്പെട്ടവനെ പോലെ വീട്ടിനുള്ളില്‍ അടച്ചുപൂട്ടിയിരിക്കുന്നത് അധികകാലം നമുക്ക് മുന്നോട്ട് കൊണ്ടുപോകാനൊക്കില്ല. അതിന്റെ നഷ്ടം വലുതായിരിക്കും. പക്ഷെ അത് നിശ്ചയിക്കേണ്ടത് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരുമാണ്.

? അഭയാര്‍ത്ഥി തൊഴിലാളികളുടെ നടത്തത്തെക്കുറിച്ചുള്ള താങ്കളുടെ ട്വീറ്റ് വിവാദമായല്ലോ?

സോഷ്യല്‍ മീഡിയയില്‍ പൊതുവെ മലയാളികള്‍ക്ക് പരിചിതമല്ലാത്ത ഒരു പ്ലാറ്റ്‌ഫോമാണ് ട്വിറ്റര്‍. ട്വിറ്ററില്‍ പരിമിതികളുണ്ട്. സ്‌പേസ് അടക്കം 180 ക്യാരക്ടറുകള്‍ മാത്രമാണ് ഒരിക്കല്‍ ട്വീറ്റ് ചെയ്യാനാകൂ. അപ്പോള്‍ ഒരു കാര്യം പറയാനായിട്ട് രണ്ടോ മൂന്നോ ട്വീറ്റുകള്‍ ഉപയോഗിക്കേണ്ടതായി വരും. അതിനകത്തെ ഒരു ട്വീറ്റ് മാത്രമെടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ മോഹന്‍ദാസിനെ ചീത്ത പറയാനുള്ള അവസരം കിട്ടും. ഈ കളിയാണ് നടന്നുകൊണ്ടിരിക്കുന്നത്. അത്തരം കാര്യങ്ങള്‍ക്ക് ഞാന്‍ റിയാക്ട് ചെയ്യാറേയില്ല. ഇവര്‍ ഈ നടന്നു പോകുന്നതിന്റെ പ്രശ്‌നം സുപ്രീം കോടതിയില്‍ ഹര്‍ജിയായി വന്നു. അപ്പോള്‍ ഉത്തര്‍പ്രദേശ് മധ്യപ്രദേശ് സര്‍ക്കാരുകളുടെ വക്കീലുമുണ്ട് കേന്ദ്ര സര്‍ക്കാരിന്റെ വക്കീലും ഉണ്ട്. ട്രെയിനുകള്‍ എണ്ണത്തില്‍ കുറവാണ് ഇപ്പോള്‍. ഒരു ട്രെയിന്‍ പോയാല്‍ അടുത്ത ട്രെയിന്‍ വരുന്നത് വരെ കാത്തിരിക്കാന്‍ ഇവര്‍ തയ്യാറല്ല. പോയി പണി നോക്കടാ എന്ന് പറഞ്ഞ് ഇവരങ്ങ് നടക്കാന്‍ തുടങ്ങി. കുറച്ച് കഴിക്കുമ്പോള്‍ നടപ്പ് നിര്‍ത്തിയിട്ട് ഇടയ്ക്കുള്ള സ്റ്റേഷനില്‍ നിന്നും കയറിപ്പോകും അല്ലാത്തവര്‍ നടന്നങ്ങ് പോകും. കയറുന്നില്ല എന്ന് പറയുന്നവരെ നിങ്ങള്‍ വലിച്ച് കയറ്റാന്‍ നോക്കിയാല്‍ അത് ലോ ആന്‍ഡ് ഓര്‍ഡര്‍ പ്രശ്‌നമാകുമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഇത് സുപ്രീം കോടതിക്കും സര്‍ക്കാരുകള്‍ക്കും ബോധ്യമുള്ള കാര്യമാണ്. അങ്ങനെ ഈ ഹര്‍ജി തള്ളി. അതിനെത്തുടര്‍ന്ന് തെലങ്കാന, ആന്ധ്ര സര്‍ക്കാരുകള്‍ നടന്നു പോകുന്നവര്‍ക്ക് വിശ്രമിക്കാന്‍ സ്ഥലവും ഭക്ഷണവും ഒരുക്കിയിരുന്നു. അതുകൊണ്ടാണ് ഞാനങ്ങനെ ട്വീറ്റ് ചെയ്തത്. രണ്ട് ട്വീറ്റും വായിച്ചാല്‍ നിങ്ങള്‍ക്ക് അത് മനസിലാകും. നടപ്പ് പലര്‍ക്കും ഒരു സംസ്‌കാരമാണ്. വണ്ടിയുണ്ടെങ്കില്‍ പോലും നടന്ന് പോകുന്നവരുണ്ടായിരുന്നു. ഇപ്പോളത് കുറഞ്ഞ് കുറഞ്ഞ് വരികയാണ്. കേരളത്തില്‍ ആ സ്വഭാവമേ ഇല്ലാതെ പോയി. മൂത്രമൊഴിക്കാന്‍ പോലും ഓട്ടോറിക്ഷ പിടിക്കുന്ന ആള്‍ക്കാരാണ് നമ്മള്‍. പക്ഷെ, പത്തും പതിനഞ്ചും കിലോമീറ്റര്‍ നടന്നുപോകുന്ന ധാരാളം മനുഷ്യരുണ്ട്. മറ്റാരും ചെയ്തില്ലങ്കിലും ബര്‍ക്ക ദത്തിനെയും റാണാ അയൂബിനെയും പോലുള്ളവര്‍ ഇങ്ങനെയുള്ളവരുടെ ഇന്റര്‍വ്യൂ എടുക്കേണ്ടതല്ലേ? നരേന്ദ്ര മോദി നരാധമനാണ് എന്നെ നടക്കാന്‍ വിട്ടു, എന്റെ കാല് കണ്ടോ ചേച്ചീ എന്നൊക്കെ പറയുന്ന വീഡിയോകള്‍ വരേണ്ടതാണ്. വരുന്നില്ല. ഇതിന് കാരണം നിന്റെ വണ്ടി എനിക്ക് വേണ്ടടാ പോകാന്‍ പറ എന്ന് പറഞ്ഞ് നടക്കുന്നവരാണ് അവര്‍. പിന്നെ നിവൃത്തികേട് കൊണ്ട് നടക്കുന്നവര്‍ പിന്നെ അച്ഛന്‍ നടക്കാന്‍ പറഞ്ഞതു കൊണ്ട് കൂടെ നടക്കേണ്ടി വരുന്ന നിര്‍ഭാഗ്യരായ മകനോ മകളോ. അച്ഛന്‍ നടപ്പുകാരനാണ്, നീ വരുന്നോ ഞാനങ്ങ് പോകുവാ എന്ന് പറഞ്ഞ് നടന്നു കഴിഞ്ഞാല്‍ പുറകെ കൂടുകയല്ലേ മക്കള്‍ക്ക് നിവൃത്തിയുള്ളൂ.


Next Story

Related Stories