Top

ശബരിമല സ്ത്രീപ്രവേശന വിധിയുടെ ഒരു വര്‍ഷം; വിഘടിച്ചുനിന്ന ഹിന്ദു സമൂഹത്തെ ഒന്നിച്ച് നിര്‍ത്താനായെന്ന് ആര്‍എസ്എസ്

ശബരിമല സ്ത്രീപ്രവേശന വിധിയുടെ ഒരു വര്‍ഷം; വിഘടിച്ചുനിന്ന ഹിന്ദു സമൂഹത്തെ ഒന്നിച്ച് നിര്‍ത്താനായെന്ന് ആര്‍എസ്എസ്

ശബരിമല വിധിക്ക് ശേഷം ആദ്യമെടുത്ത നിലപാട് തിരുത്തിയാണ് ആര്‍എസ്എസ് പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്. കോടതി വിധിയെ സ്വാഗതം ചെയ്യുന്ന സമീപനമായിരുന്നു ആദ്യം ആര്‍എസ്എസ് സ്വീകരിച്ചത്. എന്‍എസ്എസ് കോടതി വിധിക്കെതിരെ തെരുവിലറങ്ങിയതിന് ശേഷമാണ് അതുവരെയുള്ള നിലപാടുകള്‍ മാറ്റി ആര്‍എസ്എസ് തെരുവിലിറങ്ങിയത്. എന്നാല്‍ ആര്‍എസ്എസ് തീരുമാനം മാറ്റിയിട്ടില്ലെന്നും സുപ്രീം കോടതി വിധിയെ മാനിക്കുന്നു എന്നാണ് തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞത് എന്നും അതിനര്‍ത്ഥം വിധിയെ സ്വീകരിക്കുന്നന്നോ സ്വാഗതം ചെയ്യുന്നെന്നോ അല്ല എന്നും ആര്‍എസ്എസിന്റെ കേരള തലവന്‍ (പ്രാന്ത കാര്യവാഹക്) ഗോപാലന്‍ കുട്ടി മാസ്റ്റര്‍ അഴിമുഖത്തോട് മുമ്പ് പ്രതികരിച്ചിരുന്നു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന 2018 സെപ്റ്റംബര്‍ 28-ന്റെ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ കലാപങ്ങളും സംഘര്‍ഷങ്ങളും അക്രമങ്ങളുമായി സംഘപരിവാര്‍ സംഘടനകള്‍ നേരിട്ടു. ഇതിനിടെ 78 ഹിന്ദു സംഘടനകകള്‍ ചേര്‍ന്ന് ശബരിമല കര്‍മ്മ സമിതിയും രൂപം കൊണ്ടു. പിന്നീട് കര്‍മ്മ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങളും കലാപങ്ങളും. 'വീണുകിട്ടിയ അവസരമായി' ബിജൈപി നേതാക്കളും, 'സംഘത്തിലെ അംഗബലം വര്‍ധിപ്പിക്കാനുള്ള അവസരമായി' ആര്‍എസ്എസ് നേതാക്കളും വിശേഷിപ്പിച്ച ശബരിമല യുവതീ പ്രവേശന വിഷയം ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും എന്നായിരുന്നു കണക്കുകൂട്ടല്‍. ഇതിനായി പിന്നീട് ആര്‍എസ്എസ് നേരിട്ട് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും ശബരിമല കാമ്പയിന്‍ ശക്തമാക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച രാഷ്ട്രീയ നേട്ടം കേരളത്തില്‍ ഉണ്ടായില്ല. ശബരിമല വിഷയം കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ഒരുങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ക്ക് അതിനുള്ള സാധ്യതകള്‍ ചുരുങ്ങി. സുപ്രീം കോടതി വന്ന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ ശബരിമല യുവതീ പ്രവേശന വിധിയേയും തുടര്‍ന്നുണ്ടായ സംഭവങ്ങളെയും കുറിച്ച് വിശദമാക്കുകയാണ് ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍ കുട്ടി മാസ്റ്റര്‍. ഹിന്ദു സമുദായത്തെ ഏകീകരിക്കാന്‍ ശബരിമല സമരത്തിന് കഴിഞ്ഞുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

അധികാര ശക്തിയല്ല, ജനശക്തിയാണ് വലുത് എന്ന ബോധ്യപ്പെട്ട ഒരു വര്‍ഷമായിരുന്നു കഴിഞ്ഞതെന്ന് ആര്‍എസ്എസ് നേതാവ് പറഞ്ഞു. "അധികാര ശക്തിയെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ജനങ്ങള്‍ക്കായി എന്നതാണ് ഈ കാലഘട്ടത്തിന്റെ പ്രാധാന്യം. ഇത് ഇനി വരും ഭരണകൂടങ്ങള്‍ക്കും ഭരണാധികാരികള്‍ക്കുമുള്ള താക്കീത് കൂടിയാണ്. ഇതിലെല്ലാമുപരി ഇതുവരെ പലകാരണങ്ങളാല്‍ വിഘടിച്ച് നിന്ന ഹൈന്ദവ സമൂഹത്തെ ഒറ്റ അണിയായി നിര്‍ത്താന്‍ കഴിഞ്ഞു" എന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
ആദ്യം വിധിയെ സ്വാഗതം ചെയ്തതിനെക്കുറിച്ച് ആര്‍എസ്എസ് നേതാവിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു:
"ആചാരം, മതങ്ങള്‍, ആരാധന എന്നിവയില്‍ കോടതി ഇടപെടല്‍ നടത്താമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉരുത്തിരിയാനും അതിനെക്കുറിച്ച് ബോധവാന്‍മാരാവാനും പൗരസമൂഹത്തിന് ഇതുകൊണ്ട് സാധിച്ചു. വിധി മാനിക്കുന്നു എന്ന് ആര്‍എസ്എസ് പറഞ്ഞതിന് വിധിയെ അംഗീകരിക്കുന്നു എന്ന അര്‍ഥമില്ലായിരുന്നു. മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടുന്നതിനെ ഞങ്ങള്‍ അന്നും ഇന്നും എതിര്‍ക്കുന്നു. കോടതി വിധി വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍, അതാണ് പിന്നീട് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയത്. അത്തരമൊരു വിധി വന്നാല്‍ തന്നെയും, ഭരണഘടനാസംബന്ധമായ കാര്യങ്ങളായിരിക്കെത്തന്നെ, സര്‍ക്കാര്‍ അത് നടപ്പാക്കേണ്ടിയിരുന്ന രീതിയുണ്ട്. സത്യവാങ്മൂലം സമര്‍പ്പിക്കുന്ന കാര്യത്തിലുള്‍പ്പെടെ സര്‍ക്കാര്‍ ചെയ്തത് ഹിന്ദുത്വത്തെ പാടെ ഇല്ലാതാക്കുക എന്ന സമീപനമാണ്. അതിനുള്ള അവസരമായി സര്‍ക്കാരും സിപിഎമ്മും അതിനെ കാണുകയായിരുന്നു. എന്നാല്‍ ജനശക്തിയാണ് അധികാര ശക്തിയേക്കാള്‍ വലുതെന്ന്, ജനങ്ങളുടെ ഇച്ഛാശക്തിയാണ് വലുതെന്ന് പിന്നീടുള്ള കാര്യങ്ങള്‍ തെളിയിച്ചു. ഹിന്ദുത്വത്തെ തകര്‍ക്കാന്‍ വേണ്ടി മാത്രമാണ് കോടതിവിധി നടപ്പാക്കാന്‍ തീരുമാനിക്കുന്നത്. അല്ലാതെ അവിടെപ്പോയ ഒരു സ്ത്രീയും സ്വന്തം ഇച്ഛാശക്തിയനുസരിച്ച് പോയതല്ല. സര്‍ക്കാര്‍ കോടതി വിധിയെ ദുരുപയോഗം ചെയ്ത് തെറ്റായ മാര്‍ഗത്തിലൂടെ കടന്ന് അവകാശം സ്ഥാപിക്കുകയാണുണ്ടായത്. അധികാര ശക്തിയെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചു. ഹിന്ദുത്വത്തോടുളള പ്രതികാര സമീപനത്തോടെ നിന്നയാളുകള്‍ക്ക് തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കി. സര്‍ക്കാര്‍ നിലപാടുകളേട് അനുകൂലമായി ചിന്തിക്കുന്ന സംവിധാനമല്ല സമൂഹത്തിലുള്ളതെന്നും ധര്‍മ്മത്തിനാണ് ശക്തിയെന്നും അതിനെ പരാജയപ്പെടുത്താന്‍ സര്‍ക്കാരിന്റെ ബലം പോരെന്നും അവര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
പാര്‍ട്ടിക്കകത്തുള്ളവരും സര്‍ക്കാര്‍ സമീപനത്തോട് അനുകൂലമായിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് വഴങ്ങിയില്ല. അവര്‍ക്ക് രാഷ്ട്രീയമായ വലിയ അടി നേരിട്ടു. അണികളില്‍ പലരും തന്നെ എതിരായി. ജനവികാരം എതിരായി. . ധിക്കാരപരമായ പെരുമാറിയതിന് ശേഷം വീടുവീടാന്തരം കയറി കാമ്പയിന്‍ നടത്താന്‍ പോലും സാധിക്കാത്ത തരത്തില്‍ സിപിഎമ്മിന് തിരിച്ചടിയും പ്രതിരോധവുമുണ്ടായി. പക്ഷെ അതിന്റെ ഗുണഫലം കിട്ടിയത് ഹിന്ദു സമൂഹത്തിനാണ്. പലപ്പോഴായി ശ്രമിച്ചിട്ടും ഒന്നിച്ച് നിര്‍ത്തുക എന്നത് സംഘത്തിനോ മറ്റ് സംഘടനകള്‍ക്കോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പലപ്പോഴും പല കാരണങ്ങളാല്‍ വിഘടിച്ച് നിന്നുരുന്ന ഹൈന്ദവസമൂഹത്തെ ഒന്നിച്ച് അണി നിരത്താന്‍ ശബരിമല വിഷയം ഉണ്ടാക്കിയ ഹിന്ദുബോധത്തിന് കഴിഞ്ഞു. വിശ്വാസത്തെ, ആചാരത്തെ ചോദ്യം ചെയ്താല്‍ ഒന്നിച്ച് നില്‍ക്കുമെന്ന് ഹൈന്ദവ സമൂഹം തെളിയിച്ച കാലഘട്ടം കൂടിയാണിത്.
ഇത്രയും അനുകൂലമായ അവസ്ഥ ഹൈന്ദവ സമൂഹത്തിനോ സംഘത്തിനോ ഉണ്ടായിട്ടില്ല. ഞങ്ങള്‍ ചിന്തിക്കുന്നതിനപ്പുറത്തായിരുന്നു ഹിന്ദു ജനങ്ങളില്‍ നിന്നുണ്ടായത്. ഈ വര്‍ഷവും സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറാതെ പഴയ സമീപനം തുടര്‍ന്നാല്‍ ഞങ്ങളും തയ്യാറായിത്തന്നെയാണ്. ഏത് തരത്തില്‍ അത് നേരിടാമെന്ന് ആലോചനയിലാണ്. പ്രതിഷേധങ്ങള്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും", ആര്‍ എസ് എസ് നേതാവ് നയം വ്യക്തമാക്കി.


Next Story

Related Stories