Top

ശബരിമല യുവതി പ്രവേശനം വിലക്കുന്ന 1955-56ലെ വിജ്ഞാപനം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ച് വാങ്ങി

ശബരിമല യുവതി പ്രവേശനം വിലക്കുന്ന 1955-56ലെ വിജ്ഞാപനം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ച് വാങ്ങി

ശബരിമല യുവതി പ്രവേശനം വിലക്കുന്ന 1955-56ലെ വിജ്ഞാപനം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചോദിച്ച് വാങ്ങി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് വിലക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 1955-ലും 1956-ലും ഇറക്കിയ വിജ്ഞാപനം ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരം സുപ്രിംകോടതിക്ക് കൈമാറി.

ഈ വിജ്ഞാപനം കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആയിരുന്നു ചീഫ് ജസ്റ്റിസ് ആദ്യം ആവശ്യപ്പെട്ടത്. വിജ്ഞാപനങ്ങളുടെ പൂര്‍ണ രൂപം ഇല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു. ഒക്ടോബര്‍ ആദ്യ വാരം തന്നെ വിജ്ഞാപനങ്ങളുടെ പകര്‍പ്പ് കോടതിക്ക് ലഭിച്ചുവെന്നാണ് വിവരം.

ശബരിമല യുവതി പ്രവേശന വിലക്ക് സാധൂകരിക്കാന്‍ ഭരണഘടനാ ബെഞ്ചിലെ അംഗം ആയിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഏറ്റവും അധികം ഉദ്ധരിച്ചിരുന്നത് 1955 ലും 1956 ലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്ത് ഇറക്കിയ ഈ വിജ്ഞാപനങ്ങളെ ആയിരുന്നു. എന്നാല്‍ ഈ വിജ്ഞാപനങ്ങള്‍ ഭരണഘടനാ വിരുദ്ധം ആണെന്ന നിലപാടായിരുന്നു ബെഞ്ചിലെ മറ്റ് നാല് അംഗങ്ങള്‍ സ്വീകരിച്ചത് .

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടുത്തമാസം നവംബര്‍ 17ന് വിരമിക്കും. അതിന് മുമ്പ് ശബരിമല യുവതി പ്രവേശന കേസിലെ പുന:പരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ നിന്ന് വിധി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ജഡ്ജസ് ലൈബ്രറി വിജ്ഞാപനങ്ങളുടെ പകര്‍പ്പ് ചീഫ് ജസ്റ്റിസിന് കൈമാറി എന്നാണ് റിപ്പോര്‍ട്ട്.

ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധിക്ക് എതിരെ നല്‍കിയ പുന:പരിശോധന ഹര്‍ജികളില്‍ വാദം കേട്ട ഭരണഘടന ബെഞ്ചില്‍ പുതുതായി ഉള്‍പ്പെട്ട അംഗമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്.


Next Story

Related Stories