സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപ്പിടിത്തത്തിന് പിന്നാലെ സുരക്ഷ വർദ്ധിപ്പിക്കാൻ 11 നിർദേശങ്ങളുമായി സർക്കാർ നിയോഗിച്ച വിദഗ്ദ സമിതി. സമിതി തലവനും ദുരന്തനിവാരണസമിതി കമ്മീഷണറുമായ ഡോ. എ കൗശികൻ ചീഫ് സെക്രട്ടറിക്ക് നല്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചുണ്ടിക്കാട്ടുന്നത്.
തീപ്പിടിത്തമുണ്ടായ, പൊതുഭരണവകുപ്പിന്റെ പൊളിറ്റിക്കൽ പ്രോട്ടോക്കോൾ വിഭാഗത്തിലെ ഫയലുകൾ അന്വേഷണം കഴിയുന്നത് വരെ നീക്കരുതെന്നാണ് ഇതിൽ പ്രധാനം. സമിതി മുന്നോട്ട് വയ്ക്കുന്ന 11 ശുപാർശകളും നടപ്പാക്കണമെന്നും ഡോ. എ കൗശികൻ ആവശ്യപ്പെടുന്നു. ബുധനാഴ്ച വൈകിട്ടാണ് കൗശികൻ റിപ്പോർട്ട് സമർപ്പിച്ചത്.
പ്രധാന നിർദേശങ്ങൾ-
1. അന്വേഷണം കഴിയുന്നത് വരെ ജിഎഡി, അഥവാ പൊതുഭരണവകുപ്പിന്റെ പൊളിറ്റിക്കൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്ന് ഒരു ഫയലും അകത്തേക്കോ പുറത്തേക്കോ കൊണ്ടുവരരുത്.
2. ഓഫീസിനകത്ത് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവി സ്ഥാപിക്കണം. നിലവിൽ ഓഫീസിന് പുറത്ത് മാത്രമാണ് സിസിടിവി ഉള്ളത്.
3. സുരക്ഷ ഉറപ്പിക്കാൻ 24 മണിക്കൂറും ഇവിടെ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം. ഇതിൽ ഒരു തരത്തിലും ഇളവ് പാടില്ല.
4. തീപ്പിടിത്തമുണ്ടായ സമയം വരെയുള്ള എല്ലാ ഫയലുകളും ഇ- ഫയലുകളായോ എന്ന് കൃത്യമായി പരിശോധിക്കണം. പുറത്തുള്ള സിസിടിവി ദൃശ്യങ്ങളെല്ലാം സൂക്ഷിച്ചിട്ടില്ലേ എന്ന് ഉറപ്പാക്കണം.
5. ഇ - ഫയൽ- കടലാസ് ഫയലുകൾ എന്നിവ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ പ്രതിബദ്ധതയുള്ള, വിശ്വാസ്യതയുള്ള ഒരു സംഘം ഉദ്യോഗസ്ഥരുടെ സഹായം തേടണം.
6. ഭാഗികമായി കത്തിയിട്ടുള്ള കടലാസ് ഫയലുകൾ സ്കാൻ ചെയ്ത് സൂക്ഷിക്കണം. ഭാവിയിൽ ഏതെങ്കിലും അന്വേഷണ ഏജൻസി ചോദിച്ചാൽ അത് നൽകാനാകണം എന്നിങ്ങനെയാണ് ശുപാർശകളിലെ പ്രധാന നിർദേശങ്ങൾ.
തീപ്പിടിത്തം ആസൂത്രിതമല്ലെന്നാണ് വിഷയം പരിശോധിക്കുന്ന പോലീസ് സംഘത്തിന്റെയും വിലയിരുത്തല്‍. എന്നാല്‍ പ്രത്യേക പൊലീസ് സംഘം സ്ഥലത്ത് നിന്ന് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും. ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്കായി അയക്കുന്നതിന് വേണ്ടിയാണ് ഈ നടപടി. ഫോറൻസിക് ഫലം വരുന്ന മുറയ്ക്കായിരിക്കും അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കുക.