TopTop
Begin typing your search above and press return to search.

അവര്‍ ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിട്ടും ഞാന്‍ പോയില്ല; രാജ്യസഭ സീറ്റ് ജോസ് കെ. മാണിക്ക് കൊടുത്തത് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന്; പിജെ കുര്യന്‍ വെളിപ്പെടുത്തുന്നു

അവര്‍ ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിട്ടും ഞാന്‍ പോയില്ല; രാജ്യസഭ സീറ്റ് ജോസ് കെ. മാണിക്ക് കൊടുത്തത് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന്; പിജെ കുര്യന്‍ വെളിപ്പെടുത്തുന്നു

കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കിയ നടപടി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഉചിതമായ തീരുമാനമാണോ? വാദങ്ങള്‍ പലവിധമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമായൊരു നിലപാട് ഇക്കാര്യത്തില്‍ പറയാതിരിക്കുമ്പോള്‍ യുവ നേതാക്കളാകട്ടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും കൈയടിക്കുകയുമാണ്. എന്നാല്‍ മുന്‍ കേന്ദ്ര മന്ത്രിയും ദീര്‍ഘകാലം രാജ്യസഭാ ഉപാധ്യക്ഷനുമൊക്കെയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യാന് ഇക്കാര്യത്തില്‍ ചിലത് പറയാനുണ്ട്. പാര്‍ട്ടിയെയോ മുന്നണിയെയോ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ അല്ല താന്‍ ചെയ്യുന്നതും തന്റെ വ്യക്തപരമായ അഭിപ്രായങ്ങളാണ് പങ്കുവയ്ക്കുന്നതെന്നും അറിയിച്ചുകൊണ്ട് ജോസ് കെ മാണി-യുഡിഎഫ് ബന്ധവിച്ഛേദത്തില്‍ പി ജെ കുര്യന്‍ അഴിമുഖവുമായി സംസാരിക്കുന്നു.

? ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കിയ യുഡിഎഫ് തീരുമാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ എങ്ങനെ നോക്കികാണുന്നു?

യുഡിഎഫ് തീരുമാനത്തെ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യില്ല. പക്ഷേ, ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ നിന്നും പോകാതിരിക്കുന്നതായിരുന്നു നല്ലത്. പോകാതിരിക്കുന്നതായിരുന്നു ജോസ് കെ മാണിക്കും നല്ലത്, ജോസ് കെ മാണി പോകാതിരിക്കുന്നതായിരുന്നു യുഡിഎഫിനും നല്ലത്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നെനിക്കറിയില്ല. ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ എനിക്കറിയില്ല. യുഡിഎഫിന്റെ ക്രെഡിബിലിറ്റി പോകും എന്നതുകൊണ്ടാണ് ഇങ്ങനെയയൊരു തീരുമാനം എന്ന് ഉമ്മന്‍ ചാണ്ടിയുടെ സ്‌റ്റേറ്റ്മെന്റ് ചാനലില്‍ കണ്ടിരുന്നു.

? ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫ്-എന്‍ഡിഎ മുന്നണിയിലേക്ക് പോകുമെന്ന് കരുതുന്നുണ്ടോ?

ജോസ് കെ മാണിക്ക് ഒറ്റയ്ക്ക് കേരളത്തില്‍ പിടിച്ചു നില്‍ക്കാനാകില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ജോസ് കെ മാണി വിഭാഗത്തിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. ഏതെങ്കിലും മുന്നണിയില്‍ ചേര്‍ന്നേ പറ്റൂ. യുഡിഎഫിനൊപ്പം നില്‍ക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. മറ്റ് രണ്ടു മുന്നണികളെയും സ്വീകരിക്കാന്‍ ജോസ് കെ മാണിയുടെ കൂടെയുള്ള കേരള കോണ്‍ഗ്രസ് അണികള്‍ക്ക് കഴിയില്ല. അണികളില്‍ കൂടുതലും ഒരു ആന്റി-എല്‍ഡിഎഫ് ആയിട്ടുള്ളവരാണ്. പക്ഷേ, ഒരിടത്തുമില്ലാതെ ഒറ്റയ്ക്ക് പിടിച്ചു നില്‍ക്കാന്‍ അവര്‍ക്ക് പറ്റില്ല.

?യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് ഇനിയാ മുന്നണിയില്‍ എങ്ങനെ തുടരാന്‍ കഴിയുമെന്നാണ്? ജോസ് കെ മാണി വിഭാഗത്തെ വേണ്ടായെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞു കഴിഞ്ഞല്ലോ?

പ്രശ്‌നം പരിഹരിച്ചാല്‍ തിരിച്ചു വരാവുന്നതെയുള്ളൂവെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നതായി കണ്ടൂ. എന്തായാലും ജോസ് കെ മാണി യുഡിഫില്‍ തന്നെ നില്‍ക്കുന്നതാണ് അദ്ദേഹത്തിനും യുഡിഎഫിനും നല്ലത്. എനിക്കിതാണ് പറയാനുള്ളത്. മറ്റ് രണ്ടു മുന്നണികളെയും സ്വീകരിക്കാന്‍ ആ പാര്‍ട്ടിയുള്ളവര്‍ക്ക് കഴിയില്ല.

?ജോസ് കെ മാണിക്കൊപ്പം അധികം പേരുണ്ടാകുമോ? അങ്ങനെയൊരു ആശ്വാസം കോണ്‍ഗ്രസിനും യുഡിഎഫിനും സ്വഭാവികമായും കാണുമായിരിക്കില്ലേ?

ജോസഫ് സാറിന്റെ കൂടെയും ആളുണ്ട്, ജോസ് കെ മാണിക്കൊപ്പവുമുണ്ട്. ആളില്ലെന്നൊന്നും പറയാന്‍ കഴിയില്ല. പൊളിറ്റിക്കലായിട്ടല്ല, ഒബജക്ടീവ് ആയാണ് ഞാന്‍ പറയുന്നത്.

? ഒരു സീനിയര്‍ നേതാവ് എന്ന നിലയില്‍ ഈ പ്രശ്‌നത്തില്‍ എപ്പോഴെങ്കിലും ഇടപെട്ടിരുന്നോ?

സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെട്ടു നില്‍ക്കുന്നൊരാളല്ല ഞാന്‍. ദേശീയ രാഷ്ട്രീയത്തിലായിരുന്നു. എം പി അല്ലാതായതോടെ ഇപ്പോള്‍ എന്റെ ജില്ലയ്ക്കുള്ളിലെ കാര്യങ്ങളില്‍ മാത്രമാണ് ഇടപെടുന്നത്. എനിക്കങ്ങനെ ഒതുങ്ങി നില്‍ക്കാനാണ് താത്പര്യം. അതുകൊണ്ട് തന്നെ കേരള കോണ്‍ഗ്രസ് എം - യുഡിഎഫ് തര്‍ക്കത്തില്‍ ഞാനിതുവരെ ഇടപെട്ടിട്ടില്ല. ഇടപെടേണ്ട സാഹചര്യവും വന്നിട്ടില്ല. എങ്കിലും ഞാന്‍ വ്യക്തിപരമായി പറയുന്ന കാര്യം, ഈ പ്രശ്‌നം പരിഹരിച്ചു പോകണമായിരുന്നുവെന്നാണ്, വെട്ടിമുറിച്ച് കളയരുതായിരുന്നു. ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു, ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.

? കെ എം മാണിയുള്ള സമയത്താണ് ഇങ്ങനെയൊരു സാഹചര്യം വന്നെങ്കില്‍ തന്നെ യുഡിഎഫ് ഇതുപോലൊരു തീരുമാനം എടുക്കുമായിരുന്നുവെന്നു കരുതുന്നുണ്ടോ?

മാണി സാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നല്ലോ. മാണി സാറിനെ മുന്നണിയില്‍ നിന്നും പുറത്താക്കുന്ന കാര്യമൊന്നും യുഡിഎഫ് ചിന്തിക്കില്ല. മാണി സാര്‍ പോയതോടെ പാര്‍ട്ടിയുടെ പ്രഭാവം പോയി. അദ്ദേഹത്തിന്റെ വ്യക്തിത്വവും നേതൃത്വപാടവവുമൊന്നും ഇപ്പോഴത്തെ നേതാക്കന്മാര്‍ക്ക് ആര്‍ക്കുമില്ല.

? താങ്കളെ വെട്ടിയാണ് ജോസ് കെ മാണി രാജ്യസഭ എം പി ആയത്. എന്നിട്ടും ജോസ് കെ മാണിയെ കൂടെ നിര്‍ത്തണമെന്നാണ് താങ്കള്‍ പറയുന്നത്. അതെന്തുകൊണ്ടാണ്?

എന്റെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭ സീറ്റ് ജോസ് കെ മാണിക്കാണ് കൊടുത്തത്. അന്നും ഞാന്‍ ജോസിനെ അറ്റാക്ക് ചെയ്യാന്‍ പോയിട്ടില്ല. ജോസ് എം പി ആയതിന്റെ പിറ്റേ ആഴ്ച്ച കോട്ടയത്ത് ഒരു പള്ളിയുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനത്തില്‍ ഞാനും ജോസും പങ്കെടുത്തിരുന്നു. അവിടെവച്ച് ഞാന്‍ പറഞ്ഞത് ജോസ് കെ മാണി കേന്ദ്രമന്ത്രിയായി കാണണമെന്നതാണ് എന്റെ ആഗ്രഹമെന്നായിരുന്നു. എനിക്ക് ജോസിനോട് യാതൊരു പ്രശ്‌നവുമില്ല. ജോസ് എടുത്ത തീരുമാനമായിരുന്നില്ലല്ലോ അത്. ആ തീരുമാനം എടുത്തത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും കൂടിയെടുത്ത തീരുമാനം. അവര്‍ മൂന്നുപേരും കൂടിയാണ് കേന്ദ്ര നേതൃത്വത്തോട് സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കണമെന്നു പറയുന്നത്. ഉമ്മന്‍ ചാണ്ടിയും രമേശും കുഞ്ഞാലിക്കുട്ടിയും ഏകാഭിപ്രായത്തില്‍ പറഞ്ഞതുകൊണ്ടാണ് ആ തീരുമാനം സമ്മതിച്ചതെന്നു ഹൈക്കമാന്‍ഡില്‍ നിന്നും ഞാന്‍ മനസിലാക്കുകയും ചെയ്തു. അവര്‍ മൂന്നുപേരും ചെയ്തതിന് ഞാനെന്തിനാണ് ജോസ് കെ മാണിയോട് വിരോധം വയ്ക്കുന്നത്. ഒരു രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് യുഡിഎഫ് ഓഫര്‍ ചെയ്താല്‍ അവരെന്തിനാണത് വേണ്ടായെന്ന് വയ്ക്കുന്നത്.

? രാജ്യസഭയില്‍ അവസരം നിഷേധിക്കപ്പെട്ടത് എന്തെങ്കിലും നഷ്ടമുണ്ടാക്കിയിട്ടുണ്ടോ?

എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് ഏകകണ്ഠമായി എന്നെ രാജ്യസഭ ഉപാധ്യക്ഷനാക്കാന്‍ തീരുമാനം എടുത്തിരുന്നതാണ്. രാജ്യസഭ സീറ്റ് നിഷേധിക്കപ്പെട്ടതുകൊണ്ടാണത് നടക്കാതെ പോയത്. എല്ലാവര്‍ക്കും സ്വീകാര്യനായൊരാളായിരുന്നു ഞാന്‍.

? താങ്കളെ മാറ്റി ജോസിന് സീറ്റ് കൊടുത്തത് ഇപ്പോള്‍ അബദ്ധമായെന്നു കോണ്‍ഗ്രസിനും യുഡിഎഫിനും തോന്നുന്നുണ്ടാകുമോ?

അബദ്ധമായോ എന്ന് ആ തീരുമാനം എടുത്തവരാണ് ആലോചിക്കേണ്ടത്. ഉമ്മന്‍ ചാണ്ടിയാണ് നേതൃത്വം കൊടുത്തത്. മറ്റുരണ്ടു പേരും യോജിച്ചു. മൂന്നു പേരും ഒരുപോലെ പങ്കാളികളാണ്. ഇനിയത് പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ കാര്യങ്ങളാണ്.

? ജോസ് കെ. മാണി എന്‍ഡിയിലേക്ക് പോയാല്‍ യുഡിഎഫിന് ഒരു പാര്‍ലമെന്റ് അംഗത്തെയാണ് നഷ്ടമാകുന്നത്. എന്‍ഡിഎയ്ക്ക്, പ്രത്യേകിച്ച് ബിജെപിക്ക് കേരളത്തിലടക്കം അതൊരു നേട്ടവുമാകും.

മറ്റൊരു മുന്നണിയിലേക്ക് പോയാല്‍ യുഡിഎഫിന് ഒരു എം പി പോകും. അത് യാഥാര്‍ത്ഥ്യമാണ്. നേരത്തെ വീരേന്ദ്ര കുമാറിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്.

? ജോസ് കെ മാണിക്ക് പകരം പി ജെ കുര്യന്‍ ആയിരുന്നു വീണ്ടും രാജ്യസഭയിലെത്തിയിരുന്നുവെങ്കില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും അവരുടെ പ്രതിനിധിയെ നഷ്ടപ്പെടില്ലായിരുന്നുവെന്ന് ഉറപ്പാണോ?

അങ്ങനെ പോകാനായിരുന്നുവെങ്കില്‍ എന്നേ എനിക്ക് പോകാമായിരുന്നു. എനിക്കവര്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തതാണ്. അവര്‍ക്കൊപ്പം പോയിരുന്നുവെങ്കില്‍ ഇന്നു ഞാന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരിക്കും. അത്തരം വാഗ്ദാനങ്ങളില്‍ ഒരിക്കലും വീണിട്ടില്ല. ഇനി വീഴുകയുമില്ല.


രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories