Top

വത്തിക്കാൻ നീതി കാട്ടിയില്ലെന്ന് സിസ്റ്റർ ലൂസി, കേസ് പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടിയെന്ന് മഠത്തിന്റെ മുന്നറിയിപ്പ്

വത്തിക്കാൻ നീതി കാട്ടിയില്ലെന്ന് സിസ്റ്റർ ലൂസി, കേസ് പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടിയെന്ന് മഠത്തിന്റെ മുന്നറിയിപ്പ്

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ (എഫ്സിസി സന്ന്യാസി സഭ) നിന്നും പുറത്താക്കിയ തീരുമാനം വത്തിക്കാന്‍ അംഗീകരിച്ചതിനു പിന്നാലെ, സി. ലൂസി കളപ്പുരയ്ക്കെതിരെ ക്രിമനല്‍ കേസ് ഭീഷണിയുമായി എഫ്സിസി നേതൃത്വം. അന്യായമായി മഠത്തില്‍ പൂട്ടിയിട്ടെന്നു കാണിച്ച് സി. ലൂസി നല്‍കിയ പൊലീസ് കേസുകള്‍ പിന്‍വലിക്കണമെന്നാണ് സന്ന്യാസി സഭയുടെ ആവശ്യം. അല്ലാത്തപക്ഷം സി. ലൂസിക്കെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്നാണ് ഭീഷണി. എഫ്സിസി സുപ്പീരിയര്‍ ജനറല്‍ സി. ആന്‍ ജോസഫ് നല്‍കിയ കത്തിലാണ് മുന്നറിയിപ്പ് . ഇത്തരമൊരു കത്ത്, തന്നെ മാനസികമായി തളര്‍ത്തി മഠത്തില്‍ നിന്നും ഏതുവിധേനയും പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അവരതില്‍ പരാജയപ്പെടുകയേയുള്ളൂവെന്നുമാണ് സി. ലൂസി പ്രതികരിച്ചു. താൻ നൽകിയ പരാതിയിൽ വത്തിക്കാൻ്റെ നടപടി ഏകപക്ഷീയമാണെന്നും നിയമ പോരാട്ടം തുടരുമെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

2019 ഓഗസ്റ്റ് 19 നാണ് സി. ലൂസി കളപ്പുര, കാരയ്ക്കമാല എഫ്സി കോണ്‍വെന്റിലെ മുറിയില്‍ തന്നെ അകാരണമായി പൂട്ടിയിട്ടൂവെന്നു കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മഠം അധികൃതരെ വിളിച്ചു വരുത്തി സി. ലൂസിയെ പുറത്തിറക്കുകയായിരുന്നു. അന്യായമായി തടങ്കലില്‍ വച്ചു എന്ന പേരിലാണ് പോലീസ് സി. ലൂസിയുടെ പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ പരാതി പിന്‍വലിക്കണമെന്നാണ് സുപ്പീരിയര്‍ ജനറലിന്റെ ആവശ്യം. ലൂസി നല്‍കിയത് കള്ളപ്പരാതിയാണെന്നു സ്ഥാപിക്കാനുള്ള എല്ലാ തെളിവുകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നാണ് സുപ്പീരിയര്‍ ജനറല്‍ പറയുന്നത്. എഫ് സി സി കോണ്‍ഗ്രിഗേഷനെ മനഃപൂര്‍വം കരിവാരി തേയ്ക്കാന്‍ സി. ലൂസി നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയാണ് ഈ കേസ് എന്നും അതിനാല്‍ പരാതി പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നുമാണ് ആവശ്യം. തനിക്ക് തെറ്റ് പറ്റിയതാണെന്നും എഫ്സിസി നേതൃത്വത്തോട് ക്ഷമ ചോദിക്കുന്നുവെന്നുമുള്ള കാര്യം മുഴുന്‍ പത്രദൃശ്യമാധ്യമങ്ങളിലൂടെയും പരസ്യമായി ഏറ്റു പറയണമെന്നും നിബന്ധനയുണ്ട്. അല്ലാത്തപക്ഷം സി. ലൂസിയെ കോടതിയില്‍ നേരിടും. തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ് ലൂസി ചെയ്തിരിക്കുന്നതെന്നും സഭ നേതൃത്വം സിസ്റ്റര്‍ ലൂസിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

'ഇത്തരം മുന്നറിയിപ്പുകളോ ഭീഷണികളോ തന്നെ തളര്‍ത്തില്ലെന്നാണ് സി. ലൂസി കളപ്പുരയുടെ പ്രതികരണം. ഏതുവിധേനയും തന്നെ പുറത്താക്കാനുള്ള വഴികളാണ് നോക്കുന്നത്. മാനസികമായി തളര്‍ത്തുകയാണ് ലക്ഷ്യം. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സുപ്പീരിയര്‍ ജനറല്‍ നല്‍കിയ കത്തിലെ വരികള്‍ ഹൃദയം തകര്‍ക്കുന്നതാണ്. ഇത്രയും കാലം ഈ സന്ന്യാസി സഭയില്‍ ഉണ്ടായിരുന്നൊരാളാണ് ഞാന്‍. ആ എന്നോട് എത്ര ക്രൂരമായാണ് അവര്‍ പെരുമാറുന്നതെന്ന് മനസിലാക്കാന്‍ സുപ്പീരിയര്‍ ജനറലിന്റെ കത്ത് വായിച്ചാല്‍ മാത്രം മതി'
; സി. ലൂസി പറയുന്നു. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍നിന്നും പുറത്താക്കിയ തീരുമാനത്തിനെതിരായി സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാനും തള്ളിയ സാഹചര്യത്തില്‍ കത്തോലിക്ക സഭയുടെ ചട്ടങ്ങള്‍ക്കു പുറത്തുള്ള നീതിന്യായ വ്യവസ്ഥയെ സമീപിച്ചു പോരാടാനാണ് സി. ലൂസി കളപ്പുര തയ്യാറെടുക്കുന്നത്.
'ഒരു പൗരന് അവകാശങ്ങളുണ്ട്, അത് സംരക്ഷിക്കപ്പെടണം. അതിനുവേണ്ടി ഈ രാജ്യത്തെ നീതിന്യായ കോടതിയെ സമീപിക്കും. എന്തുവന്നാലും മഠം വിട്ട് പോകില്ല. ഞാന്‍ ഈ മഠത്തില്‍ തന്നെ താമസിക്കും. കുറ്റക്കാരിയല്ലെന്ന ബോധ്യമുള്ളിടത്തോളം സഭയിലെ പ്രമാണികള്‍ക്കു മുന്നില്‍ തോറ്റുകൊടുക്കുകയുമില്ല. ഈ പ്രമാണികള്‍ തങ്ങള്‍ക്ക് താത്പര്യമില്ലാത്തവരെയെല്ലാം പുറത്താക്കുന്നതാണ് പതിവ്. എന്റെ സന്ന്യാസ സഭയില്‍ നിന്നും മറ്റ് സന്ന്യാസ സഭകളില്‍ നിന്നും അധികാരികളുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറാകാത്തവരെ കള്ള ആരോപണങ്ങള്‍ ചുമത്തി പാപികളാക്കി ചിത്രീകരിച്ച് പുറത്താക്കിയതിന്റെ എത്രയെത്ര ഉദാഹരണങ്ങളാണ് ഉള്ളത്. അധികാരികളുടെ ഇഷ്ടം സമ്പാദിച്ചു നിന്നില്ലെങ്കില്‍ പുറത്താക്കുമെന്നാണ് നിയമം എഴുതി വച്ചിരിക്കുന്നതെങ്കില്‍ ആ നിയമം പൊളിച്ചെഴുതണം. ഞാന്‍ അംഗീകരിക്കില്ലത്. എന്നെ എന്തുവന്നാലും പുറത്താക്കണമെന്ന വാശിയിലായിരുന്നല്ലോ ഇവിടെയുള്ളവര്‍. എന്റെ സന്ന്യാസി സഭയിലും പുറത്തുള്ളവരുമൊക്കെ അതിനുവേണ്ടി ചരടുവലികള്‍ നടത്തി. ഇവിടെ നിന്നും വലിയ തോതില്‍ വത്തിക്കാനില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ എന്റെ അപ്പീല്‍ തള്ളിക്കളഞ്ഞത്. അപ്പീല്‍ കൊടുത്തത് ഞാനാണ്, പരാതിക്കാരിയും ഞാനാണ്. എന്നിട്ട് എന്നെ കേള്‍ക്കാനോ എന്റെ ഭാഗത്ത് ന്യായമുണ്ടോയെന്ന് അന്വേഷിക്കാനോ ഒരു നീക്കവും ഉണ്ടായില്ല. ഇതിനു പിന്നില്‍ കേരളത്തിലെ സഭാ നേതൃത്വങ്ങളുടെ, ആത്മീയ നേതൃത്വങ്ങളുടെ, സന്ന്യാസ സഭ നേതൃത്വങ്ങളുടെ ശക്തമായ ഇടപെടല്‍ ഉണ്ട്. അവരെ മാത്രമെ വത്തിക്കാനും കേട്ടിട്ടുള്ളൂ. എന്നെ പുറത്താക്കിക്കൊണ്ടുള്ള എഫ് സിസി നേതൃത്വത്തിന്റെ ഉത്തരവിനെതിരേയുള്ള അപ്പീലാണ് വത്തിക്കാന് കൊടുത്തത്. ഓഗസ്റ്റില്‍ കൊടുത്ത അപ്പീലിന് കിട്ടുന്ന ആദ്യത്തെ പ്രതികരണം അത് തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന അറിയിപ്പ് മാത്രമാണ്. ഇതിനിടയില്‍ എന്തെങ്കിലും അന്വേഷണങ്ങളോ വിവരം ശേഖരിക്കലോ നടന്നോ എന്നുപോലും എനിക്കറിയില്ല. ഒരാള്‍ പോലും ഇതിന്റെ പേരില്‍ എന്നെ ബന്ധപ്പെട്ടിട്ടില്ല. വത്തിക്കാനില്‍ നിന്നും ആരെങ്കിലും വന്ന് എന്നെ കാണുകയോ പറയാനുള്ളത് കേള്‍ക്കുകയോ ചെയ്യുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ മാനന്തവാടി രൂപതയില്‍ നിന്നെങ്കിലും ഒരു അന്വേഷണ സംഘത്തെ നിയോഗിക്കായിരുന്നല്ലോ. അവര്‍ക്ക് കാരയ്ക്കാമല വരെ വന്നു പോകുന്നതിന് വലിയ ചെലവൊന്നും വരില്ലായിരുന്നല്ലോ. പരാതി കൊടുത്തയാളുടെ ഭാഗം കേള്‍ക്കാതെ ഒരു തീര്‍പ്പ് കല്‍പ്പിക്കുകയെന്നു പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്. അങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചാല്‍ അതിനെന്ത് മൂല്യമാണ് നല്‍കാനാവുക? അതുകൊണ്ട് തന്നെ വത്തിക്കാന്റെ ഉത്തരവ് ഞാന്‍ അവഗണിക്കുന്നു. എന്റെ അപ്പീല്‍ തള്ളിക്കൊണ്ട് വത്തിക്കാന്‍ പറയുന്നത് ഞാന്‍ കുറ്റക്കാരിയാണെന്നാണ്. അക്കാര്യം ബോധ്യപ്പെട്ടിരിക്കുന്നുവെന്ന് എഴുതിയാണ് എന്റെ അപ്പീല്‍ തള്ളിക്കളഞ്ഞുകൊണ്ടുള്ള കടലാസുകള്‍ അയച്ചിരിക്കുന്നത്. അതായത്, ഇവിടെയുള്ളവര്‍ പറഞ്ഞതു മാത്രം വിശ്വസിച്ച് എന്നെ കുറ്റക്കാരിയാക്കിയിരിക്കുന്നു. ഞാനത് അംഗീകരിക്കണമെന്നാണോ? വത്തിക്കാന്‍ അപ്പീല്‍ തള്ളിയതുകൊണ്ട് മഠത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചാല്‍ ഇറങ്ങിക്കൊടുക്കില്ല. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു വീട്ടില്‍ നിന്നും മാതാപിതാക്കളെ മക്കള്‍ നിങ്ങളിനി ഇവിടെ താമസിക്കേണ്ടെന്നു പറഞ്ഞു പുറത്താക്കിയാല്‍ മാതാപിതാക്കള്‍ ഇറങ്ങിക്കൊടുക്കണമെന്നാണോ? കോടതി പറയുമോ പുറത്താക്കിക്കോളാന്‍? മഠത്തില്‍ നിന്നും പുറത്താക്കിയാല്‍ തന്നെ ഞാന്‍ എങ്ങോട്ട് പോകുമെന്നു കൂടി പറഞ്ഞു താ? ആരാണ്, എവിടെയാണ് എനിക്ക് അഭയം തരുന്നത്? കുറേപ്പേര്‍കൂടിച്ചേര്‍ന്ന് നിന്നെ പുറത്താക്കിയിരിക്കുന്നു, നീ ഇനി മുതല്‍ മഠത്തില്‍ ഉണ്ടാകരുതെന്ന് പറഞ്ഞാല്‍ അത് നിങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ പോരാ എന്നു ഞാന്‍ പറയും. അവര്‍ പറഞ്ഞതുകൊണ്ട് ഞാനീ മഠത്തില്‍ നിന്നും പുറത്താകുന്നില്ല. ഇവിടെ തന്നെ തുടര്‍ന്നും താമസിക്കും. എന്നെക്കാള്‍ മുന്നേ പുറത്താകേണ്ട പലരും ഉണ്ട്. അവരൊക്കെ പുറത്താകട്ടെ, എന്നിട്ട് എന്റെ കാര്യം ആലോചിക്കാം. എന്നെ ബലമായി പുറത്താക്കാനാണ് ശ്രമമെങ്കില്‍ നേരിടാന്‍ ഒരുക്കമാണ്'
. ലൂസി നിലപാട് വിശദീകരിച്ചു.
വത്തിക്കാനില്‍ നിന്നും അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ സി. ലൂസിയുടെ മുന്നില്‍ കത്തോലിക്ക സഭ നിയമങ്ങള്‍ നല്‍കുന്ന ഏക ആവസരം കത്തോലിക്കാ സഭയുടെ പരമോന്നത കോടതിയായ വത്തിക്കാനിലെ സിഞ്ഞത്തൂര അപ്പസ്തോലിക്കയെ (supreme tribunal of the segnatura apostolica) സമീപിക്കുകയെന്നതാണ്. അപ്പീല്‍ തള്ളിയ തീരുമാനം ഉണ്ടായ ഒക്ടോബര്‍ 14 മുതല്‍ അടുത്ത 15 ദിവസത്തിനുള്ളില്‍ സുപ്രീം ട്രൈബ്യൂണലിനെ സമീപിക്കണം. നിലവിലെ സാഹചര്യത്തില്‍ ഇവിടെയും സി. ലൂസിക്ക് പ്രതികൂലമായ തീരുമാനമേ ഉണ്ടാകാന്‍ സാധ്യതയുള്ളു. അതുകൊണ്ട് തന്നെ ഈ മാസം അവസാനത്തോടെ സി. ലൂസിക്ക് കാരയ്ക്കാമലയിലെ എഫ്സി കോണ്‍വെന്റില്‍ നിന്നും ഇറങ്ങേണ്ടി വരും. ഇതിനെതിരേയാണ് സിവില്‍ കോടതികളെ സമീപിക്കാന്‍ സി. ലൂസി തയ്യാറെടുക്കുന്നത്.
എന്നാല്‍, സി. ലൂസിയെ ഏതുവിധത്തിലായാലും സന്ന്യാസി സഭയില്‍ നിന്നും നിലവില്‍ താമസിച്ചു വരുന്ന മഠത്തില്‍ നിന്നും പുറത്താക്കുക തന്നെ ചെയ്തിരിക്കുമെന്നുമാണ് എഫ്സിസി സുപ്പീരിയര്‍ ജനറല്‍ വ്യക്തമാക്കുന്നത്. മഠത്തില്‍ നിന്നും പുറത്താക്കിയാല്‍ എങ്ങനെ ജീവിക്കുമെന്ന സി.ലൂസിയുടെ ആശങ്കയില്‍ കഴമ്പില്ലെന്നും എഫ്സിസി നേതൃത്വം പറയുന്നു. 'മാസം 50,000 രൂപ ശമ്പളം വാങ്ങുന്ന അധ്യാപികയാണ് നിലവില്‍ സി. ലൂസി കളപ്പുര. സന്ന്യാസി സഭയിലെ അംഗങ്ങളെല്ലാവരും തന്നെ അവരുടെ വേതനം സഭ നേതൃത്വത്തിന് നല്‍കണമെന്നതാണ് നിയമമെങ്കിലും 2017 ഡിസംബര്‍ മുതല്‍ സി. ലൂസി ഒരു രൂപ പോലും നല്‍കുന്നില്ല. കണക്കു കൂട്ടി നോക്കിയാല്‍ 2017 ഡിസംബര്‍ മുതല്‍ ഇതുവരെയുള്ള ശമ്പളത്തുകയായി 10,50,000 രൂപ സി. ലൂസിയുടെ കൈവശം കാണും. താമസവും ഭക്ഷണവും മഠത്തില്‍ സൗജന്യമായി കിട്ടുമെന്നതിനാല്‍ ഇതില്‍ ഭൂരിഭാഗം തുകയും ലൂസിയുടെ കൈയില്‍ തന്നെയിരിക്കും. കാര്‍ വാങ്ങിയതിന്റെ ലോണ്‍ ഇനത്തില്‍ പോയ തുക കിഴിച്ചാലും ആറുലക്ഷത്തോളം രൂപയെങ്കിലും നിലവില്‍ ലൂസിയുടെ കൈവശം ഇപ്പോള്‍ ഉണ്ടാകും. റിട്ടയര്‍ ചെയ്യുന്നതുവരെ അമ്പതിനായിരത്തില്‍ കുറയാത്ത ശമ്പളം കിട്ടിക്കൊണ്ടിരിക്കും. വിരമിക്കുന്ന സമയത്ത് എല്ലാ ആനുകൂല്യങ്ങളുമായി 15 ലക്ഷമെങ്കിലും വേറെ കിട്ടും. ഇതുകൂടാതെയാണ് പെന്‍ഷന്‍ തുകയായി മാസം 28,000 രൂപയെങ്കിലും കിട്ടുന്നത്. സാമ്പത്തിക ഉപരിവര്‍ഗത്തിലാണ് സി. ലൂസി ഉള്‍പ്പെടുന്നത്. വയനാട്ടിലെ മൊത്തം സാമ്പത്തിക സ്ഥിതി വച്ചു നോക്കുമ്പോള്‍ ഏറ്റവും സുരക്ഷിതയായി ജീവിക്കുന്നൊരാള്‍. അങ്ങനെയുള്ള സി. ലൂസിക്ക് മഠത്തില്‍ നിന്നും പോയാലും എല്ലാ സൗകര്യത്തോടെയും ജീവിക്കാം. ഇത് കൂടാതെ കുടുംബ സ്വത്തില്‍ നിന്നും ഒരു പങ്ക് കിട്ടും. ലൂസിയുടെ പിതാവിന് 25 ഏക്കറോളം ഭൂസ്വത്ത് ഉണ്ടെന്നാണ് അറിവ്. ഇതില്‍ നിന്നും രണ്ടേക്കര്‍ ഭൂമിയെങ്കിലും ലി. ലൂസിക്ക് ചോദിച്ചു വാങ്ങിക്കാം. ഇത്രയും സാമ്പത്തിക ഭദ്രതയുള്ള ഒരാള്‍ക്ക് മഠത്തില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞാല്‍ ഒരു അപ്പാര്‍ട്ട്മെന്റ് വാങ്ങിയോ, അതല്ലെങ്കില്‍ ഏതെങ്കിലും വനിത ഹോസ്റ്റലിലോ മറ്റെവിടെയെങ്കിലും പേയിംഗ് ഗസ്റ്റ് ആയോ നില്‍ക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. മാത്രമല്ല, സി. ലൂസിയുടെ മാതാവ് ജീവിച്ചിരിപ്പുണ്ട്. അവരുടെ അടുക്കലേക്ക് പോകാം. ഭാവി ജീവിതം എങ്ങനെയായിരിക്കണമെന്ന് മാതാവുമായി ആലോചിച്ച് തീരുമാനിക്കാനുള്ള സാഹചര്യവുമുണ്ട്. അതുകൊണ്ട് മഠത്തില്‍ നിന്നും പുറത്താക്കിയാല്‍ താന്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് പ്രസക്തയില്ല'
; എഫ് സി സി മദര്‍ സുപ്പീരിയര്‍ സി. അന്‍ ജോസഫ് സി. ലൂസിക്ക് എഴുതിയ കത്തിലാണ് ഇത്തരത്തിലുള്ള ന്യായീകരണങ്ങള്‍ ഉള്ളത്.

'മഠത്തില്‍ നിന്നും പുറത്താക്കിയാല്‍ തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സി. ലൂസിയുടെ ആവശ്യത്തെയും മദര്‍ സുപ്പീരിയര്‍ തള്ളിക്കളയുന്നുണ്ട്. സി. ലൂസിയെ പഠിപ്പിക്കുകയും ജോലി വാങ്ങിക്കൊടുക്കുകയും ചെയ്തത് എഫ്സിസിയാണ്. ഇപ്പോള്‍ അമ്പതിനായരം രൂപ ശമ്പളം കിട്ടുന്ന ജോലിയും എഫ്സിസി യുടെസഹായം കൊണ്ട് കിട്ടിയതാണ്. ലൂസിയെ പഠിപ്പിക്കാനും ഇത്ര നാളും ഭക്ഷണം നല്‍കാനും വസ്ത്രങ്ങള്‍ നല്‍കാനുമൊക്കെ പണം ചെലവാക്കിയത് എഫ്സിസി യാണ്. ഈ പണം തങ്ങള്‍ തിരിച്ചു ചോദിക്കുന്നില്ല. എഫ്സിസി ഒരു ബാങ്ക് അല്ല. ഡെപ്പോസിറ്റ് ചെയ്യാനും പോകുമ്പോള്‍ പലിശ സഹിതം അത് തിരിച്ചു വാങ്ങിച്ചുകൊണ്ടുപോകാനും'
; സി. ലൂസിക്ക് എഴുതി കത്തില്‍ മദര്‍ സുപ്പീരിയര്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളാണിത്.
തുടര്‍ച്ചയായി അച്ചടക്കലംഘനം കാണിക്കുകയും മേലധികാരികളെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് മൂന്നു തവണ മുന്നറിയിപ്പ് നോട്ടീസ് നല്‍കിയ ശേഷമാണ് 2019 മേയ് 11-ന് കൂടിയ എഫ്‌സിസി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സി. ലൂസി കളപ്പുരയെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. ഈ തീരുമാനം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി (അപ്പസ്റ്റോലിക് നൂണ്‍ഷിയോ) മുഖാന്തരം വത്തിക്കാനിലെ പൗരസ്ത്യസഭകളുടെ പ്രീഫെക്ട് ലിയനാര്‍ദോ സാന്ദ്രിയുടെ മുന്നില്‍ എത്തിക്കുകയും വത്തിക്കാന്‍ ലി. ലൂസിയെ പുറത്താക്കാനുള്ള എഫ്‌സിസി ജനറല്‍ കൗണ്‍സില്‍ തീരുമാനം അംഗീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് 2019 ഓഗസ്റ്റ് ഏഴാം തീയതി എഫ്സിസി നേതൃത്വം സി.ലൂസിയെ കോണ്‍ഗ്രിഗേഷനില്‍ നിന്നും പുറത്താക്കിയതായി കാണിച്ചുകൊണ്ട് ഉത്തരവ് നല്‍കി. പ്രസ്തുത ഉത്തരവ് കിട്ടി പത്തു ദിവസത്തിനകം തിരുവസ്ത്രം ഊരി ഉത്തരവാദിത്വപ്പെട്ടവരെ ഏല്‍പ്പിച്ച് നിലവില്‍ താമസിച്ചു വരുന്ന മാനന്തവാടിയിലെ കാരയ്ക്കാമല എഫ്സിസി കോണ്‍വെന്റില്‍ നിന്നും ഇറങ്ങിക്കൊടുക്കണമെന്നായിരുന്നു ആവശ്യം.

പുറത്താക്കല്‍ ഉത്തരവിനെതിരെ അപ്പീൽ നൽകിയിൽ സാധാരണ ഉണ്ടാവാറുള്ളതിനെക്കാൾ വേഗത്തിൽ തീർപ്പ് കൽപ്പിക്കപ്പെട്ടുവെന്നും ആരോപണമുണ്ട്. അപ്പീലിൽ തീര്‍പ്പുണ്ടാകുന്നതുവരെ പുറത്താക്കിയ നടപടി താത്കാലികമായി മരവിപ്പിച്ച് നിര്‍ത്തും. ആ കാലയളവോളം മഠത്തില്‍ തുടരുകയും ചെയ്യാം. ഇതുപ്രകാരമാണ്, പുറത്താക്കല്‍ തീരുമാനം അംഗീകരിച്ച ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍(പൗരസ്ത്യ തിരുസംഘം) പ്രീഫെക്ടിന്റെ മുന്നില്‍ തന്നെ സി. ലൂസി കളപ്പുറ അപ്പീല്‍ നല്‍കിയത്. സാധാരണ ഗതിയില്‍ അപ്പീല്‍ നല്‍കി ആറു മാസമെങ്കിലും കഴിഞ്ഞാണ് വത്തിക്കാനില്‍ നിന്നും തീരുമാനം വരുന്നതെങ്കിലും സി. ലൂസി ഓഗസ്റ്റില്‍ നല്‍കിയ അപ്പീലില്‍ വെറും രണ്ടു മാസം കഴിയുമ്പോഴെ തീരുമാനം വന്നിരിക്കുകയാണ്. തനിക്ക് പ്രതികൂലമായ തീരുമാനം ഇത്രവേഗത്തില്‍ വന്നതുകൊണ്ടാണ് വത്തിക്കാന്റേത് ഏകപക്ഷീയമായ നടപടിയാണെന്നു സി. ലൂസി കുറ്റപ്പെടുത്തുന്നത്. തനിക്കു വേണ്ടി മാത്രമല്ല, തനിക്കു മുന്‍പേ സഭ മേലാളന്മാരും അവരുടെ ഇഷ്ടക്കാരും ചേര്‍ന്ന് കുറ്റവാളികളാക്കി പുറത്താക്കിയവര്‍ക്കും ഇതേ അനുഭവം നേരിടേണ്ടി വന്നേക്കാവുന്നവര്‍ക്കും കൂടിയാണ് തന്റെ പോരാട്ടം പുതിയ വഴികളിലൂടെ തുടരുന്നതെന്നു കൂടി സിസറ്റർ ലൂസി അഴിമുഖത്തോട് പറഞ്ഞു. .
സി. ലൂസി കളപ്പുരയെ പുറത്താക്കാനുള്ള തീരുമാനം വന്നതു മുതല്‍ ശക്തമായ പ്രതിഷേധം വിശ്വാസികള്‍ക്കിടയില്‍ നിന്നും ആല്‍മായ സംഘടനകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. വിവിധ സാമൂഹ്യ-പൗരാവകാശസംഘടനകളും സി. ലൂസിക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് രംഗത്തുണ്ട്. കഴിഞ്ഞ ദിവസം എറണാകുളം വഞ്ചി സ്‌ക്വയറില്‍ സി. ലൂസിക്ക് ഐക്യദാര്‍ഢ്യം അറിയിക്കാന്‍ വലിയ ജനപിന്തുണയോടെ സമ്മേളനം നടക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വത്തിക്കാനും സി. ലൂസിക്കെതിരേ നിലപാട് എടുത്തിരിക്കുന്നത്. മഠത്തില്‍ നിന്നും സി. ലൂസിയെ പുറത്താക്കുമെന്ന് സന്ന്യാസി സമൂഹത്തിന്റെ നേതൃത്വവും എന്തുവന്നാലും താന്‍ ഇറങ്ങിക്കൊടുക്കില്ലെന്ന് സി. ലൂസിയും ഉറച്ച നിലപാടുകള്‍ സ്വീകരിച്ചിരിക്കെ കേരള കത്തോലിക്ക സഭയെ വീണ്ടും പ്രക്ഷുബ്ദമാക്കുന്ന ദിവസങ്ങളായിരിക്കും വരാനിരിക്കുന്നത്.


Next Story

Related Stories