TopTop

Exclusive: പുസ്തകം പിൻവലിക്കാതെ ചിന്നത്തമ്പിയ്ക്കും മുരളീധരനും ഇടമലക്കുടിയില്‍ പ്രവേശനമില്ല, പാര്‍ട്ടി പറഞ്ഞാലും ഊരുവിലക്ക് പിന്‍വലിക്കില്ല: സിപിഎം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗോവിന്ദരാജ്

Exclusive: പുസ്തകം പിൻവലിക്കാതെ ചിന്നത്തമ്പിയ്ക്കും മുരളീധരനും ഇടമലക്കുടിയില്‍ പ്രവേശനമില്ല, പാര്‍ട്ടി പറഞ്ഞാലും ഊരുവിലക്ക് പിന്‍വലിക്കില്ല: സിപിഎം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗോവിന്ദരാജ്

ഇടമലക്കുടിയിൽ പി കെ മുരളീധരനും പി വി ചിന്നത്തമ്പിയ്ക്കും എതിരെ ഊരുവിലക്ക് നിലവിലുണ്ടെന്നും ചിന്നത്തമ്പി പറഞ്ഞുകൊടുത്ത വിവരങ്ങളെ അടിസ്ഥാനമാക്കി മുരളീധരൻ രചിച്ച പുസ്തകം പിൻവലിച്ച് ക്ഷമായാചനം ചെയ്യാതെ മുതുവാൻ ആദിവാസി വിഭാഗക്കാർ മാത്രം ഉൾക്കൊള്ളുന്ന പഞ്ചായത്തിൽ ഇരുവരേയും കയറ്റുന്ന പ്രശ്‌നമില്ലെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സി പി എം നേതാവുമായ വി ഗോവിന്ദരാജ്. "സമുദായ നിയമങ്ങൾ തെറ്റിക്കുന്നവർക്ക് എതിരെ ഊരുവിലക്ക് ഏർപ്പെടുത്തുന്നത് ഞങ്ങൾ മുതുവാന്മാരുടെ ആചാരമാണ്. കാലങ്ങളായി ചെയ്തുവരുന്നതുമാണ്. ഇടമലക്കുടിയിലെ മൊത്തം ഇരുപത്തിയെട്ട് കുടികളിലെ ഊരുമൂപ്പന്മാർ എന്റെ സാന്നിധ്യത്തിൽ യോഗം ചേർന്നാണ് അവരെ ഊരുവിലക്കിയത്. വിലക്കിയ കാര്യം ഞാൻ തന്നെയാണ് അവരെ അറിയിച്ചത്. സൊസൈറ്റിക്കുടിയിലെ പഞ്ചായത്ത് ഹാളിൽ നടന്ന മൂപ്പന്മാരുടെ യോഗത്തിൽ അവരെ അവരുടെ ഭാഗം പറയാൻ വിളിച്ചിരുന്നതാണ്. വന്നില്ല. ആര് പറഞ്ഞാലും പുസ്തകം പിൻവലിക്കാതെ ശിക്ഷാനടപടിയിൽ നിന്നും പിന്നോട്ടില്ല,'' അഴിമുഖത്തിന്‌ നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ഗോവിന്ദരാജ് പറഞ്ഞു.

ഊരുവിലക്ക് നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും അല്ലേയെന്ന് ചോദിച്ചപ്പോൾ ഈ വിഷയത്തിൽ മുതുവാൻ സമൂഹ അംഗം എന്ന നിലയിൽ സമൂഹത്തിന്റെ തീരുമാനത്തിനൊപ്പം ഉറച്ചു നിൽക്കും എന്നായിരുന്നു മറുപടി. "ഇതിൽ പാർട്ടിയും രാഷ്ട്രീയവും പഞ്ചായത്തും സർക്കാരുമില്ല. ഊരുവിലക്കുന്നതിന് മുൻപ് പാർട്ടിയോട് ചോദിക്കേണ്ട കാര്യമില്ല. ചോദിച്ചിട്ടുമില്ല. കോൺഗ്രസ്സും ബി ജെ പി യും അടക്കമുള്ള പാർട്ടികളിൽ പ്രവർത്തിക്കുന്ന മുതുവാന്മാരുണ്ട്. എല്ലാവരും ഒറ്റക്കെട്ടാണ്. കളക്ടറോ പൊലീസോ മന്ത്രി തന്നെ പറഞ്ഞാലോ മൂപ്പന്മാരുടെ തീരുമാനം മാറില്ല. അനാചാരം ഒക്കെ ആയിരിക്കാം. പക്ഷെ എനിക്ക് വലുത് സമുദായമാണ്. അതിലെ കൂട്ടായ തീരുമാനമാണ്,'' കേരളത്തിലെ ഏക ആദിവാസി ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡണ്ടായ ഗോവിന്ദരാജ് പറഞ്ഞു.

മൈക്ക് കെട്ടി അനൗൺസ് ചെയ്തും നോട്ടീസ് അടിച്ചും ഊരുവിലക്കിയാൽ മാത്രമേ ഊരുവിലക്കാവൂ എന്നും ഇത് വ്യക്തികൾ തമ്മിലുള്ള തർക്കമായി മാത്രമേ കാണേണ്ടതുള്ളൂ എന്നുമുള്ള കിർത്താഡ്‌സ് ഗവേഷകനും മന്ത്രി എ കെ ബാലന്റെ ഓഫീസിലെ ഉദ്യോഗസ്ഥനുമായ മണിഭൂഷന്റെ നിലപാട് ഗോവിന്ദരാജ് തള്ളി. "ഞങ്ങളുടെ നാട്ടിൽ ഊരുവിലക്ക് ഇങ്ങനെയാണ്. മൂപ്പന്മാർ ചേർന്ന് തീരുമാനമെടുക്കും. ഒരു മുതുവാനും വിലക്കപ്പെട്ടവരോട് മിണ്ടുക പോലുമില്ല. അവരുടെ ഒരു കാര്യത്തിലും ഇടപെടില്ല. ശവസംസ്‌കാരം പോലും നടത്തില്ല,'' അദ്ദേഹം പറഞ്ഞു.

"കൊല്ലും തിന്നും എന്നൊക്കെ ഏതെങ്കിലും മുതുവാൻ ദേഷ്യത്തിൽ അവരോടു പറഞ്ഞിരിക്കും. ഞങ്ങൾ കൊല്ലില്ല. തിന്നുകയുമില്ല. വിലക്കപ്പെട്ടവരെ ബഹിഷ്കരിക്കും. അവരോടു ഒരു ഇടപാടിനും പോകില്ല. മുരളി മാഷ് പുസ്തകം പിൻവലിച്ചാൽ വിലക്ക് മാറ്റാൻ ഞാൻ മുൻകൈ എടുക്കും,'' പ്രസിഡന്റ് പറഞ്ഞു. ചിന്നത്തമ്പിയുടെ കൂടെ ജീവിക്കുന്നിടത്തോളം കാലം അയാളുടെ ഭാര്യയും ബഹിഷ്കരണം നേരിടണം. പുസ്തകം തങ്ങളുടെ വംശശുദ്ധിയെ ചോദ്യം ചെയ്യുന്നു എന്നതാണ് ഗോവിന്ദരാജിന്റെ വാദം.

"മധുരയിൽ നിന്നും പലായനം ചെയ്തു കാട്ടിൽ ചിതറിപ്പോയ ഉന്നത വർഗമാണ് തങ്ങൾ. ആ തങ്ങളെ മന്നാന്മാർ, ഊരാളികൾ, തേവന്മാർ, നായ്ക്കന്മാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഒന്നിച്ചു ചേർന്നുണ്ടായ ഒരു സങ്കലിത വർഗമായി ചിത്രീകരിച്ചു. അതിലാണ് പ്രശ്നം. മുതുവാൻ കുലത്തിന്റെ അഭിമാനമാണ് ചോദ്യം ചെയ്യപ്പെട്ടത്. ഒന്നോ രണ്ടോ വരികളിലെ ഇതുള്ളൂ. ബാക്കി എല്ലാം ഞങ്ങളെപ്പറ്റി നല്ല കാര്യങ്ങളാണ്. പക്ഷെ ആ വരികൾ ഞങ്ങൾക്ക് പൊറുക്കാൻ ആകില്ല. ഇങ്ങനെയും ഐതിഹ്യമുണ്ട് എന്ന് മാഷ് പറഞ്ഞിട്ടേയുള്ളു. പക്ഷെ മൂപ്പന്മാരുടെ തീരുമാനത്തെ എനിക്ക് ധിക്കരിക്കാൻ ആകില്ല.പുസ്തകം ഇറങ്ങിയിട്ട് വർഷങ്ങളായി. ഒരു മാസമേ ആയുള്ളൂ അതിൽ ഞങ്ങൾ കുഴപ്പം കണ്ടിട്ട്. നൂറടികുടിയിലെ ഒരു ട്രൈബൽ പ്രൊമോട്ടർ ആണ് അത് ഞങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയത്. ഇടമലക്കുടിയിൽ മാത്രമല്ല മുതുവാന്മാർ എവിടെയുണ്ടോ അവിടെയെല്ലാം ഊരുവിലക്ക് ഉണ്ടാകും. ചിന്നത്തമ്പിക്കും കുടുംബത്തിനും ഇടമലക്കുടിയിൽ താമസിക്കാമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പുസ്തകം പിൻവലിക്കാതെ ഊരിൽ കയറ്റുന്ന പ്രശ്നമില്ല എന്നാണ് മൂപ്പന്മാർ തീരുമാനിച്ചിരിക്കുന്നത്. താമസിക്കാൻ പോലീസ് സഹായവുമായി വന്നാൽ ഒരു സഹായമോ സഹകരണമോ ഞങ്ങളിൽ നിന്നും കിട്ടില്ല. ഇടമലക്കുടിയിൽ മുതുവാന്മാർ അല്ലാതെ ആരുമില്ല. ആരുടേയും സഹായമില്ലാതെ അങ്ങനെ ജീവിക്കാൻ അവർക്കു ബുദ്ധിമുട്ട് ആകും.''

"ചിന്നത്തമ്പിയുടെ രണ്ടു പെൺമക്കളുടെയും ഭർത്താക്കന്മാർ യോഗത്തിൽ പങ്കെടുത്തിരുന്നു. അവരുടെ കൂടെ സമ്മതത്തിലാണ് ഊരുവിലക്ക്. പഞ്ചായത്ത് ഹാൾ ഊരുവിലക്കൽ യോഗത്തിനു വിട്ടുകൊടുത്തു എന്നതിൽ കാര്യമില്ല. ആനശല്യം ഉള്ളതിനാൽ ആളുകൾക്ക് സുരക്ഷിതമായി ഇരിക്കാൻ സ്ഥലം നൽകിയതാണ്. അവർ ബുക്ക് പിൻവലിച്ചിട്ടു വരട്ടെ. എന്നാൽ പ്രശ്നങ്ങൾ തീരും. ചിന്നത്തമ്പി പറഞ്ഞു കൊടുക്കാതെ പുറത്തു നിന്നുള്ള മാലയരയ വിഭാഗക്കാരനായ മുരളി മാഷ് ഇതെഴുതില്ല. മാഷ് നല്ലയാളാണ്. ഞങ്ങൾക്ക് വേണ്ടി ഒരുപാടു കഷ്ടപ്പെട്ടതുമാണ്. അതുകൊണ്ട് കാര്യമില്ലല്ലോ. സമുദായത്തിന്റെ അഭിമാനം അഭിമാനമാണ്. പഞ്ചായത്തിലും നാട്ടിലുമുള്ള അഴിമതി കേസുകളിൽ അവർ പരാതികൾ അയക്കുന്നത് കൊണ്ടുള്ള പ്രതികാരം ഇതിൽ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. അത് പറഞ്ഞവരോട് ചോദിക്കണം,''ണ്. അവർ ബുക്ക് പിൻവലിച്ചിട്ടു വരട്ടെ. എന്നാൽ പ്രശ്നങ്ങൾ തീരും. ചിന്നത്തമ്പി പറഞ്ഞു കൊടുക്കാതെ പുറത്തു നിന്നുള്ള മാലയരയ വിഭാഗക്കാരനായ മുരളി മാഷ് ഇതെഴുതില്ല. മാഷ് നല്ലയാളാണ്. ഞങ്ങൾക്ക് വേണ്ടി ഒരുപാടു കഷ്ടപ്പെട്ടതുമാണ്. അതുകൊണ്ട് കാര്യമില്ലല്ലോ. സമുദായത്തിന്റെ അഭിമാനം അഭിമാനമാണ്. പഞ്ചായത്തിലും നാട്ടിലുമുള്ള അഴിമതി കേസുകളിൽ അവർ പരാതികൾ അയക്കുന്നത് കൊണ്ടുള്ള പ്രതികാരം ഇതിൽ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. അത് പറഞ്ഞവരോട് ചോദിക്കണം,'' ഗോവിന്ദരാജ് പറഞ്ഞു.

Also Read: പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഊരുവിലക്കി; ഉത്തരേന്ത്യയില്‍ അല്ല, കേരളത്തില്‍

Also Read: ഊരുവിലക്ക് നേരിടുന്ന ഭർത്താവിന് നീതി തേടി തിരുവനന്തപുരത്ത് എത്തിയ ഇടമലക്കുടിയിലെ നിരക്ഷരയായ ആദിവാസി സ്ത്രീയുടെ ഒരു ദിവസംNext Story

Related Stories