TopTop
Begin typing your search above and press return to search.

'കിട്ടിയതിലും അധികം വാക്‌സിന്‍ ഡോസുകള്‍ ഉപയോഗിച്ചു; ഇത് കാര്യക്ഷമതയുടെ ലേറ്റസ്റ്റ് വേര്‍ഷന്‍ കേരള മോഡല്‍, നമ്മുടെ നേഴ്‌സുമാരെ സമ്മതിക്കണം'

കിട്ടിയതിലും അധികം വാക്‌സിന്‍ ഡോസുകള്‍ ഉപയോഗിച്ചു; ഇത് കാര്യക്ഷമതയുടെ ലേറ്റസ്റ്റ് വേര്‍ഷന്‍ കേരള മോഡല്‍, നമ്മുടെ നേഴ്‌സുമാരെ സമ്മതിക്കണം

കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിച്ച കോവിഡ് വാക്‌സിനുകളില്‍ 'വേസ്റ്റേജ് ഫാക്ടര്‍' ആയുള്ള അധിക ഡോസ് കൂടി ഫലപ്രദമായി ഉപയോഗിച്ച നേഴ്‌സുമാര്‍ക്ക് അഭിനന്ദനങ്ങളുമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കണക്കുകള്‍ ഏറ്റെടുത്താണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കോവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം അറിയിക്കുന്നത്. കേരളത്തിന് ലഭിച്ച 73,38,806 ഡോസ് വാക്‌സിനൊപ്പം 'വേസ്റ്റേജ് ഫാക്ടര്‍' ആയ അധിക ഡോസ് ഉള്‍പ്പെടെ 74,24,164 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഓരോ വാക്‌സിന്‍ വയലിനകത്തും 'വേസ്റ്റേജ് ഫാക്ടര്‍' എന്ന നിലയില്‍ ഒരു ഡോസ് അധികമുണ്ടാകാറുണ്ട്. അതും നമ്മള്‍ പാഴാക്കിയില്ല. ആരോഗ്യപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് നേഴ്‌സുമാരുടെ അതീവശ്രദ്ധയാണ് ഇത്തരമൊരു നേട്ടത്തിന് കാരണമായതെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. വാക്‌സിന്‍ തുള്ളിപോലും നഷ്ടമാകാതെ മില്ലിലിറ്റര്‍, മില്ലിഗ്രാം ലെവലില്‍ ചെറിയ അളവുകളില്‍ അത്രത്തോളം ബുദ്ധിമുട്ട് സഹിച്ച് ഉപയോഗിച്ച നമ്മുടെ നേഴ്‌സുമാരെ സമ്മതിക്കണമെന്നാണ് ശാസ്ത്രപ്രചാരകനായ ഡോ. വൈശാഖന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് കാര്യക്ഷമതയുടെ ലേറ്റസ്റ്റ് വേര്‍ഷന്‍ കേരള മോഡല്‍ എന്നായിരുന്നു ഡോ. ഷിംന അസീസ് ഫേസ്ബുക്കില്‍ എഴുതിയത്.


ഡോ. വൈശാഖന്‍ തമ്പിയുടെ കുറിപ്പ്

വാക്‌സിന്‍ സ്റ്റോക്ക് വരുമ്പോള്‍ wastage factor എന്ന പേരില്‍ പത്ത് ഡോസിന് ഒരെണ്ണം വെച്ച് അധികം ഉണ്ടാകാറുണ്ട് എന്നും, അതും കൂടി ചേര്‍ത്താണ് കേരളത്തിലെ നഴ്‌സുമാര്‍ ആളുകള്‍ക്ക് കുത്തിവെച്ചതെന്നും മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനത്തില്‍ നിന്നാണ് അറിഞ്ഞത്.

ഒരു ഡോസ് എന്നാല്‍ 0.5 ml ആണെന്നാണ് മനസ്സിലാക്കുന്നത്. അപ്പോള്‍ ഒരു വയലില്‍ 10 ഡോസ് എന്ന കണക്കിന്, കൃത്യം 5 ml എന്നതിന് പകരം 5.5 ml ഉണ്ടാകും. ഒരല്പം പോലും പോകാതെ ഇത് മൊത്തം പലതവണയായി സിറിഞ്ചില്‍ നിറയ്ക്കാന്‍ കഴിഞ്ഞാല്‍ ഇതില്‍ നിന്നും 11 ഡോസ് വലിച്ചെടുത്ത് കുത്തിവെക്കാം. ചുരുക്കിപ്പറഞ്ഞാല്‍ കിട്ടിയതിലും കൂടുതല്‍ ഡോസുകള്‍ നമ്മള്‍ ഉപയോഗിച്ചു എന്നര്‍ത്ഥം! ലബോറട്ടറിയില്‍ മില്ലിലിറ്റര്‍, മില്ലിഗ്രാം ലെവലില്‍ ചെറിയ അളവുകളില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് പരിചയമുള്ള ആള്‍ എന്ന നിലയില്‍, ഇത് ചെയ്യാന്‍ എത്രത്തോളം ബുദ്ധിമുട്ടാണെന്നറിയാം. നമ്മുടെ നഴ്‌സുമാരെ സമ്മതിക്കണം!

മാര്‍ച്ച് 1 മുതല്‍ കേരളത്തില്‍ വാക്‌സിനേഷന്‍ തുടങ്ങി. ഇലക്ഷന്‍ ഡ്യൂട്ടിയുടെ ഭാഗമായി മാര്‍ച്ച് 16-ന് വാക്‌സിനെടുക്കാന്‍ തിരുവനന്തപുരത്തെ വാക്‌സിനേഷന്‍ സെന്ററില്‍ ചെല്ലുമ്പോള്‍ അവിടെ ഒരു തിരക്കുമില്ല. അതിനും ദിവസങ്ങള്‍ മുന്നേ പോയ ചില സുഹൃത്തുക്കള്‍ പറഞ്ഞത്, 'അവിടെ ഒരു പട്ടിക്കുഞ്ഞ് പോലും ഇല്ലാ' എന്ന മട്ടിലാണ്. അന്നെല്ലാം നമ്മുടെ മുതിര്‍ന്ന പൗരരും, അവരുടെ ബന്ധുക്കളും എന്തെല്ലാമോ ഭയങ്കര തിരക്കിലായിരുന്നു. ഒടുവില്‍ കേസുകളുടെ എണ്ണം കൂടാന്‍ തുടങ്ങിയപ്പോള്‍, സംഗതി വഷളാണ് എന്ന് തോന്നിയപ്പോള്‍, ദാ എല്ലാവര്‍ക്കും ഒരുമിച്ച് വാക്‌സിന്‍ വേണം. പിന്നെ വാക്‌സിനേഷന്‍ സെന്ററില്‍ തള്ളായി, തള്ളയ്ക്ക് വിളിയായി! പഠിപ്പിക്കുന്ന പിള്ളേരുള്‍പ്പടെ കുറേ ചെറുപ്പക്കാര് വാക്‌സിനേഷന്‍ സെന്ററുകളില്‍ കാല്‍ക്കാശിന്റെ പ്രയോജനമില്ലാതെ പണിയെടുക്കുന്നുണ്ട്. അവരില്‍ പലരും പല തവണ തെറിയും അസഭ്യവും കേട്ടതായി അറിയാം.

ഇതും കൂടി പരിഗണിച്ചാല്‍, നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെ പൂവിട്ട് തൊഴുതാല്‍ പോലും അധികമാവില്ല.

ഡോ. ഷിംന അസീസിന്റെ കുറിപ്പ്

കാര്യക്ഷമതയുടെ ലേറ്റസ്റ്റ് വേര്‍ഷന്‍ കേരള മോഡല്‍ കാണണോ...!

കോവിഡ് വാക്‌സിന്‍ 'വയല്‍' എന്ന് വിളിക്കുന്ന ആ കുഞ്ഞു കുപ്പിയില്‍ നിന്ന് സിറിഞ്ചിലെടുത്ത് കുത്തുമ്പോള്‍ സ്വാഭാവികമായി നഷ്ടപ്പെട്ടേക്കാവുന്ന ചെറിയ അളവു കൂടി അധികമായി എപ്പോഴും അതില്‍ നല്‍കും.

അതായത് അഞ്ച് മില്ലി വരുന്ന വയലില്‍ ഏതാണ്ട് അഞ്ചര മില്ലിയോളം കാണും. ഒരാള്‍ക്ക് കോവിഡ് വാക്‌സിന്‍ കൊടുക്കാന്‍ ഈ അര മില്ലി മതി. കേരളത്തിലെ മിടുമിടുക്കികളും മിടുമിടുക്കന്മാരുമായ നഴ്‌സുമാര്‍ അങ്ങേയറ്റം സൂക്ഷ്മതയോടെ കുത്തിവയ്പ് നടത്തിയപ്പൊള്‍ ഈ അധിക തുള്ളികള്‍ കൂടെ ചേര്‍ത്ത് എണ്‍പത്തിഏഴായിരത്തി മുന്നൂറ്റി അമ്പത്തി എട്ട് പേര്‍ക്ക് കൂടെ വാക്‌സിന്‍ നല്‍കിയിരിക്കുന്നു.

കേരള ആരോഗ്യ രംഗത്തെ ആ പോരാളികള്‍ക്ക് ഇറുക്കിപ്പിടിച്ച് ഉമ്മകള്‍....

അഭിമാനമാണ് നിങ്ങള്‍....

ഡോ. സുനില്‍ പി.കെയുടെ കുറിപ്പ്

കോവിഡ് വാക്സിന്റെ വേസ്റ്റേജ് ശരാശരി പത്തുശതമാനം എന്നാണ് കണക്കാക്കിയിട്ടുള്ളത്.അതായത് പത്ത് ഡോസുള്ള ഒരു വാക്സിൻ വയ്ലിൽ ഒരു ഡോസ് പാഴാകാം എന്നർത്ഥം.ഇത്തരത്തിലുള്ള വേസ്റ്റേജ് ഒഴിവാക്കാൻ ഒരു ഡോസ് അധികം ഓരോ വാക്സിൻ വയലിലും നിർമ്മാണ കമ്പനി ചേർക്കുന്നുണ്ട്.

പക്ഷേ നമ്മുടെ കേരളത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരും മറ്റ് നേഴ്സുമാരും വാക്സിൻ കുത്തിവെപ്പ് നൽകുന്നതിൽ അഗ്രഗണ്യരാണ്.

ഒരു തുള്ളി വാക്സിൻ പോലും പാഴാക്കാതെ അത്യന്തം സൂക്ഷ്മതയോടെ അവർ പ്രതിരോധ കുത്തിവെപ്പുകൾ നൽകിയപ്പോൾ, കേന്ദ്രത്തിൽ നിന്നും ലഭിച്ച 73,38,806 ഡോസ് വാക്സിൻ നൽകപ്പെട്ടത് 74,26,164 പേർക്കാണ്.

അവരുടെ സൂക്ഷ്മത മൂലം അധികമായി നൽകാനായത് ഒരു ലക്ഷത്തോളം വാക്സിൻ ഡോസുകൾ !

സാമ്പത്തിക നേട്ടം മാത്രമല്ല ഇത് സമ്മാനിച്ചത്.കടുത്ത വാക്സിൻ ക്ഷാമകാലത്ത് ഒരു ലക്ഷത്തോളം മലയാളികളാണ് ഇതുവഴി അധികമായി രോഗ പ്രതിരോധം നേടിയത്.

ഈ വാക്സിനേഷൻ യജ്ഞത്തിന്റെ ഭൂരിഭാഗവും ആരോഗ്യ വകുപ്പിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരാണ് നൽകിയത്.സ്വകാര്യ മേഖലയിലെ നേഴ്സുമാരും ഈ യജ്ഞത്തിൽ ആത്മാർത്ഥതയോടെ പങ്കുചേർന്നു.

നിങ്ങളെ പറ്റി ഓർത്ത് ഏറെ അഭിമാനമുണ്ട്.നിങ്ങളുടെ ഏറെ നാളായുള്ള ആത്മസമർപ്പണം ഫലം കാണുക തന്നെ ചെയ്യും.

കൊറോണയെ അതിജീവിക്കുന്ന നിമിഷത്തിന് നമ്മൾ ഏറ്റവും കടപ്പെട്ടിരിക്കുക എണ്ണമറ്റ സഹന പർവ്വങ്ങളിലൂടെ കടന്നുവന്ന നിങ്ങളുടെ ആത്മാർത്ഥമായ പരിശ്രമങ്ങളോട് തന്നെയായിരിക്കും.

സ്നേഹാഭിവാദ്യങ്ങൾ❤️

ഡോ.സുനിൽ. പി.കെNext Story

Related Stories