ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മലയാള വിഭാഗം പിഎച്ച്ഡി പ്രവേശനത്തില്‍ സംവരണ അട്ടിമറി. എസ്എഫ്ഐ നേതാവിന് ക്രമവിരുദ്ധമായി പ്രവേശനം നല്‍കിയെന്ന് ആരോപണം. സംവരണ ചട്ടങ്ങള്‍ പാലിക്കാതെയാണ് പിഎച്ച്ഡി പ്രവേശനം നടപ്പാക്കിയിരിക്കുന്നതെന്ന് സര്‍വ്വകലാശാല എസ് സി എസ് ടി സെല്‍ അന്വേഷണ റിപ്പോര്‍ട്ട്. മലയാള വിഭാഗം മേധാവി പിഎച്ച്ഡി പ്രവേശന വിഷയത്തില്‍ വീഴ്ച വരുത്തിയെന്നും വിദ്യാര്‍ഥിയുടെ പ്രവേശനത്തിനായി സര്‍വകലാശാല സംവരണ ചട്ടങ്ങള്‍ അട്ടിമറിച്ചുവെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാല്‍ കോടതി നിര്‍ദ്ദേശ പ്രകാരമാണ് വിദ്യാര്‍ഥിനിക്ക് പ്രവേശനം നല്‍കിയതെന്നാണ് സര്‍വകലാശാല അധികൃതരുടെ പ്രതികരണം.
എസ്എഫ്ഐ നേതാവിന് വേണ്ടി സംവരണ ചട്ടങ്ങള്‍ അട്ടിമറിച്ചു എന്നാണ് ദളിത് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരുടെ ആരോപണം. ഇവര്‍ നല്കിയ പരാതിയിലാണ് എസ്എസി എസ്ടി സെല്‍ അന്വേഷണം നടത്തിയത്. പരാതിക്കാരനായ അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ കോര്‍ഡിനേറ്റര്‍ കെ ദിനു പറയുന്നു ' പി എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പരാതികള്‍ ഉര്‍ന്നിരുന്നു. സര്‍വകലാശാല നോട്ടിഫൈ ചെയ്ത എണ്ണത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ എടുക്കണമെങ്കില്‍ നിര്‍ബന്ധമായും ആ വിദ്യാര്‍ഥികള്‍ക്ക് ജെ ആര്‍എഫ് വേണമെന്നാണ് ചട്ടം. എന്നാല്‍ അതിനെ മറികടന്നാണ് രണ്ട് പേരെ റിസേര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. അട്ടിമറി സാധ്യത മനസ്സിലാക്കിയാണ് എസ് സി എസ് ടി സെല്ലില്‍ പരാതി നല്‍കിയത്.' ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ പി എച്ച് ഡി മലയാള വിഭാഗത്തില്‍ 10 സീറ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. കഴിഞ്ഞ നവംബറില്‍ നടന്ന പ്രവേശന പരീക്ഷയില്‍ ജയിച്ച 25 പേരും ജെആര്‍എഫ് ലഭിച്ച 19 പേരും ഒരു ടീച്ചര്‍ കാന്‍ഡിഡേറ്റും ഉള്‍പ്പെടെ 45 പേരുടെ ലിസ്റ്റ് ആണ് സര്‍വകലാശാല പ്രസിദ്ധീകരിച്ചത്. ഡിസംബര്‍ 16ന് ഇതില്‍ 10 പേരെ മലയാള വിഭാഗം റിസര്‍ച്ച് കമ്മിറ്റി ഗവേഷണത്തിനായി തിരഞ്ഞെടുക്കുകയും ഗവേഷണ അധ്യാപകരെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് 10 സീറ്റുകള്‍ക്ക് പുറമെ മൂന്ന് ജെആര്എഫുകാരേയും ജെആര്‍എഫ് ഇല്ലാത്ത രണ്ട് പേരേയും ഉള്‍പ്പെടുത്തി അഞ്ച് സീറ്റ് കൂടി ഉള്‍പ്പെടുത്താന്‍ റിസര്‍ച്ച് കമ്മിറ്റി തീരുമാനിക്കുകയും അവര്‍ക്ക് അംഗീകാരം നല്കാന് സര്‍വകലാശാലയോട് ആവശ്യപ്പെടുകയും ചെയ്തു. മലയാള വിഭാഗം തലവൻ ഡോ. വി എ വത്ലന് സര്‍വകലാശാലക്ക് ഇത് സംബന്ധിച്ച് കത്ത് നല്കി. എന്നാല്‍ കത്തില്‍ റിസര്‍ച്ച് കമ്മിറ്റി മിനുട്സില്‍ രേഖപ്പെടുത്താത്ത ചില വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും റിസര്‍ച്ച് കമ്മിറ്റി മിനുട്സ് തെറ്റായി വ്യാഖ്യാനിച്ചാണ് വകുപ്പ് മേധാവി സര്‍വകലാശാലയെ വിവരം ധരിപ്പിച്ചതെന്നും എസ് സി, എസ് ടി സെല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ' അനുവദിക്കപ്പെട്ട പത്ത് സീറ്റുകളിലേക്കും ഗവേഷകരെ തിരഞ്ഞെടുത്തു. കൂടാതെ അഞ്ച് പേര്‍ക്ക് കൂടി പി എച്ച് ഡി പ്രവേശനം നല്‍കാമെന്ന് ഡോക്ടറല്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുകയും ആ അഞ്ച് പേരെ കൂടി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ അഞ്ച് പേരുള്‍പ്പെടെ 15 പേരുടെ ലിസ്റ്റ് അംഗീകരിക്കാവുന്നതാണ്. ഇവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കുവാനുള്ള ഗൈഡുമാരെ നിശ്ചയിച്ച് കഴിഞ്ഞിട്ടുണ്ട്.' എന്നാണ് വകുപ്പ് മേധാവി സര്‍വകലാശാല അധികൃതരെ കത്തിലൂടെ അറിയിച്ചത്. സര്‍വകലാശാലയുടെ അനുമതി തേടേണ്ടതിന് പകരം തീരുമാനം അറിയിക്കുകയായിരുന്നു എന്ന ആരോപണമാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ വിവരാവകാശ നിയമ പ്രകാരം സര്‍വകലാശാലയ്ക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും 20 ദിവസങ്ങള്‍ക്ക് ശേഷമാണ് മറുപടി ലഭിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു. എന്നാല്‍ അതേസമയം സര്‍വകലാശാല ചട്ടങ്ങള്‍ മറികടന്ന് പ്രവേശനം നല്കിയ വിദ്യാര്‍ഥി വിവരാവകാശ പ്രകാരം നല്കിയ അപേക്ഷയ്ക്ക് ഒരു ദിവസത്തിനുള്ളില്‍ മറുപടി നല്‍കിയെന്നും ഇവര്‍ ആരോപിക്കുന്നു. ഈ ആരോപണം ശരിവക്കുന്നതാണ് എസ് സി എസ് ടി സെല്‍ അന്വേഷണ റിപ്പോര്‍ട്ട്. വൈസ് ചാന്‍സലറുടെ ഓഫീസില്‍ നിന്ന് വിദ്യാര്‍ഥിക്ക് അന്ന് തന്നെ മറുപടി നല്‍കണം എന്ന് അക്കാദമിക് സെക്ഷന്‍ ഓഫീസറോട് നിര്‍ദ്ദേശിച്ചു എന്നും വി സി യുടെ ഓഫീസില്‍ നിന്നുള്ള നിര്‍ബന്ധത്താല്‍ അന്ന് തന്നെ അക്കാദമിക് വിഭാഗം സെക്ഷന്‍ ഓഫീസര്‍ മറുപടി നല്‍കുകയും ചെയ്തു എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് പ്രവേശനം നേടിയ വിദ്യാര്‍ഥിയോടുള്ള സര്‍വകലാശാല അധികൃതരുടെ പ്രത്യേക താത്പര്യമാണ് വെളിവാക്കുന്നതെന്നാണ് ദളിത് വിദ്യാര്‍ഥി സംഘടനകളുടെ ആരോപണം. അഞ്ച് പേര്‍ക്ക് അധികമായി പ്രവേശനം നല്കിയാല് അതില്‍ അഞ്ചാമത്തെയാള്‍ എസ് സി, എസ് ടി വിഭാഗത്തില്‍ നിന്നുള്ള ആളായിരിക്കണം എന്ന ചട്ടം പാലിച്ചില്ല എന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. 15 പേരുടെ ലിസ്റ്റാണ് റിസര്‍ച്ച് കമ്മിറ്റി അംഗീകരിച്ചത് എന്ന വാദമെടുത്താല്‍ അതില്‍ അവസാനത്തെ മൂന്ന് പേര് എസ് സി, എസ് ടി വിഭാഗത്തില്‍ പെടുന്നവരായിരിക്കണം. എന്നാല്‍ അതും പാലിക്കപ്പെട്ടിട്ടില്ല. ജെ ആര് എഫ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സൂപ്പര്‍ ന്യൂമററി വ്യവസ്ഥയില്‍ പ്രവേശനം നല്കുന്നതൊഴിച്ചാല് നോട്ടിഫിക്കേഷനില്‍ പറഞ്ഞിരിക്കുന്ന എണ്ണത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കുവാന് പാടില്ലായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എസ് സി, എസ് ടി വിദ്യാര്‍ഥിക്ക് അര്‍ഹതപ്പെട്ട സീറ്റിലാണ് യൂണിവേഴ്സിറ്റി യൂണിയന് സെക്രട്ടറിയായിരുന്ന എസ്എഫ്ഐ നേതാവിന് പ്രവേശനം നല്‍കിയിരിക്കുന്നതെന്ന് വൈസ് ചാന്‍സലറെ നേരില്‍ കണ്ട് ബോധ്യപ്പടുത്തിയിട്ടും അതിന്മേല് യാതൊരു നടപടിയും ഇതേവരെ ഉണ്ടായില്ല എന്ന് മറ്റ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സംവരണ ചട്ടങ്ങള്‍ അട്ടിമറിച്ച് പ്രവേശനം നല്കിയ വിദ്യാര്‍ഥി, പി എച്ച് ഡി പ്രവേശന പരീക്ഷയില്‍ താന്‍ ഒന്നാം റാങ്കുകാരിയാണെന്നും തനിക്ക് പ്രവേശനം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് വിദ്യാര്‍ഥി സര്‍വകലാശാലയ്ക്ക് നല്കിയ കത്തും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തനിക്ക് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് ഉണ്ടായിട്ടും പരീക്ഷയിലെ മാര്‍ക്ക് പരിഗണിക്കാതെയാണ് ആദ്യ ലിസ്റ്റ് തയ്യാറാക്കിയതെന്ന് ആരോപിച്ചിരുന്നു. വിദ്യാര്‍ഥിയുടേയും സര്‍വകലാശാലയുടേയും വാദങ്ങള്‍ പരിഗണിച്ച ഹൈക്കോടതി വിദ്യാര്‍ഥി നല്കിയ അപേക്ഷ പരിഗണിക്കാവുന്നതാണെന്നും അതിലെ തീരുമാനം വിദ്യാര്‍ഥിയെ അറിയിക്കണമെന്നും ഉത്തരവിട്ടു. പരാതിക്കാരി സര്‍വകലാശാലയുടെ തീരുമാനത്തില്‍ തൃപ്തയല്ലെങ്കില്‍ നിയമത്തിനനുസൃതമായി തര്‍ക്ക പരിഹാരം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ കോടതി ഉത്തരവനുസരിച്ചാണ് വിദ്യാര്‍ഥിക്ക് സര്‍വകലാശാല പി എച്ച് ഡി പ്രവേശനം നല്‍കിയതെന്ന് വൈസ് ചാന്‍സലര്‍ ധര്‍മ്മരാജ് അടാട്ട് പ്രതികരിച്ചു. ചട്ടങ്ങള്‍ അട്ടിമറിച്ചാണ് പ്രവേശനം നല്‍കിയതെന്നത് തെറ്റായ വിവരമാണ്. കോടതിയുടെ നിര്‍ദ്ദേശം പരിഗണിച്ച് പ്രവേശനം നല്‍കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കോടതി നിര്‍ദ്ദേശം സര്‍വകലാശാല തെറ്റായി വ്യാഖ്യാനിച്ച് വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കുകയായിരുന്നു എന്നാണ് പരാതിക്കാരുടെ വാദം. 'പരാതിക്കാരി യൂണിവേഴ്സിറ്റിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുക എന്നാണ് ഹൈക്കോടതി പറഞ്ഞത്. എന്നാല്‍ ഇക്കാര്യം മലയാളം വിഭാഗം അധികൃതരോട് പോലും കൂടിയാലോചിക്കാതെയാണ് സംവരണ ചട്ടത്തിന് വിരുദ്ധമായിട്ട് വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കിയിട്ടുള്ളത്. ഇത് സംവരണ സീറ്റാണെന്ന് സര്‍വകലാശാലയ്ക്ക് കോടതിയില്‍ ബോധിപ്പിക്കാമായിരുന്നു.' ഇത് സംബന്ധിച്ച് പ്രതികരണമറിയാന്‍ മലയാള വിഭാഗം മേധാവിയെ ബന്ധപ്പെട്ടിരുന്നുവെങ്കിലും പ്രതികരണം ലഭ്യമായില്ല. പി എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ട് എസ് സി എസ് ടി സെല്‍ സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി. 15 പേരെ തിരഞ്ഞെടുത്തപ്പോള്‍ എസ് സി എസ് ടി വിഭാഗത്തിനുണ്ടായ നഷ്ടം നികത്തുവാന്‍ ആ വിഭാഗത്തില്‍ നിന്നും ഇന്റര്‍വ്യൂവിന് ഹാജരായവരില്‍ നിന്നും വീണ്ടും ഇന്റര്‍വ്യൂ നടത്തി ഒരാള്‍ക്ക് പ്രവേശനം നല്‍കണം എന്നാണ് പ്രഥമ നിര്‍ദ്ദേശം. ഇനി മുതല്‍ റിസര്‍ച്ച് കമ്മിറ്റിില് അംഗങ്ങള്‍ മാര്‍ക്ക് ഇടുകയും അതനുസരിച്ച് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷനായി ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യണം. ഫോള്‍സ് നമ്പറിട്ട് മാത്രം സര്‍വകലാശാല പ്രവേശന പരീക്ഷാ പേപ്പറുകള്‍ മൂല്യ നിര്‍ണയം നടത്തുവാന്‍ നല്‍കുക എന്നീ നിര്‍ദ്ദേശങ്ങളും എസ് സി എസ് ടി സെല്‍ സര്‍വകലാ ശാലയ്ക്ക് കൈമാറി.